കൊടുങ്കാറ്റിനെ ചെറുക്കാന്‍… – Shalom Times Shalom Times |
Welcome to Shalom Times

കൊടുങ്കാറ്റിനെ ചെറുക്കാന്‍…

പ്രശസ്ത സുവിശേഷശുശ്രൂഷകനായ ജോര്‍ജ് ആഡംസ്മിത്ത് ഒരിക്കല്‍ ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും മനോഹരമായ വൈസ്‌ഹോണ്‍ കൊടുമുടി കയറാന്‍ പോയി. ഒരു ഗൈഡും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വളരെ പണിപ്പെട്ട് അവര്‍ ആ കൊടുമുടിയുടെ ഉച്ചിയിലെത്തി. പെട്ടെന്ന് അതിശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിക്കുവാന്‍ തുടങ്ങി. ഉടന്‍ ഗൈഡ് വിളിച്ചുപറഞ്ഞു: ‘മുട്ടിന്മേല്‍ നില്‍ക്കൂ.’ ഒന്നും മനസിലായില്ലെങ്കിലും സ്മിത്ത് ഗൈഡിനെ അനുസരിച്ചു. കൊടുങ്കാറ്റ് ശമിച്ചപ്പോള്‍ ഗൈഡ് വിശദീകരിച്ചു; ‘കൊടുങ്കാറ്റ് ശക്തമായി വീശുമ്പോള്‍ നിവര്‍ന്നുനിന്നാല്‍ അത് നമ്മെയും കൊണ്ടുപോകും. അഗാധഗര്‍ത്തത്തില്‍ വീഴാനിടയുണ്ട്. ഈ കൊടുങ്കാറ്റിനെ തരണംചെയ്യാനുള്ള ഏകപോംവഴി മുട്ടിന്മേല്‍ നില്‍ക്കുക എന്നതാണ്.’

വളരെയധികം ഉള്‍ക്കാഴ്ച ഈ സംഭവം നല്‍കുന്നുണ്ട്. അപ്രതീക്ഷിതമായ പല കൊടുങ്കാറ്റുകളും നമ്മുടെ ജീവിതത്തിലും വീശാറുണ്ടല്ലോ. എന്താണ് കാരണമെന്ന് എന്നൊന്നും നമുക്ക് മനസിലാവുകയില്ല. അത് ഒരു മാരകരോഗത്തിന്റെ അറിവായിരിക്കാം, പ്രതീക്ഷിക്കാത്ത ഒരു പരാജയമോ അപമാനമോ ആകാം. അല്ലെങ്കില്‍ സാമ്പത്തികമേഖലയിലോ കുടുംബങ്ങളിലോ ഉള്ള ഒരു പ്രതിസന്ധി ആയിരിക്കാം. നമ്മെ നിരാശയുടെ അഗാധഗര്‍ത്തത്തിലേക്ക് തള്ളിയിടാന്‍ കെല്പുള്ളവയാണ് ആഞ്ഞടിക്കുന്ന ഈ കൊടുങ്കാറ്റുകളൊക്കെ. എങ്ങനെ ഇതിനെ നേരിടാം? ഒറ്റ മാര്‍ഗമേയുള്ളൂ. സര്‍വശക്തനായ ദൈവത്തിന്റെ മുമ്പില്‍ മുട്ടുമടക്കി പ്രാര്‍ത്ഥിക്കുക.

അവിടുന്ന് നമ്മുടെ കാര്യം മനോഹരമായി നോക്കിക്കൊള്ളും. സങ്കീര്‍ത്തകന്റെ ജീവിതചര്യ ശ്രദ്ധിക്കാം. അദ്ദേഹം എപ്രകാരമാണ് സര്‍വസംഹാരിയായ കൊടുങ്കാറ്റിനെ നേരിട്ടത്? ”വിനാശത്തിന്റെ കൊടുങ്കാറ്റ് കടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ ശരണം പ്രാപിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 57/1). തള്ളക്കോഴി തന്റെ ചിറകിന്‍കീഴില്‍ തന്റെ കുഞ്ഞുങ്ങളെ സൂക്ഷിക്കുന്നതുപോലെതന്നെ ദൈവം ഒരു പോറലും ഏല്‍ക്കാതെ നമ്മെയും സംരക്ഷിക്കും.

ഇതെന്റെ ജീവിതാനുഭവമാണ്. അനേക ഓര്‍മകളുണ്ട്, കര്‍ത്താവ് കണ്ണിലുണ്ണിയായി സൂക്ഷിച്ചതിന്റെ. അവയിലൊന്ന് പറയട്ടെ. 2008-ല്‍ തുടര്‍ച്ചയായ ശാരീരികക്ഷീണത്തെത്തുടര്‍ന്ന് നഗരത്തിലുള്ള ഒരു ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കായി പോയി. ഒടുവില്‍ ഗൗരവമായ ഒരു ഹൃദയരോഗമുണ്ടെന്ന് വെളിപ്പെട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച സീനിയര്‍ കാര്‍ഡിയോളജിസ്റ്റിന്റെ വളരെ ഗൗരവംപൂണ്ട മുഖം ഇപ്പോഴും മനസിലുണ്ട്. മൂന്നുമാസത്തെ പരിപൂര്‍ണ വിശ്രമം നിര്‍ദേശിക്കപ്പെട്ടു, കൂടെ ഒരു ബോക്‌സ് നിറയെ മരുന്നുകളും.

കോളജില്‍നിന്ന് ഒരു വര്‍ഷത്തെ അവധിയെടുത്തു. ഡോക്ടറിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കുമ്പോള്‍ത്തന്നെ ജീവന്റെയും മരണത്തിന്റെയും നാഥനായ ദൈവത്തില്‍ അതിലുമുപരി ആശ്രയിച്ചു. ”തന്റെ വലതുകൈയില്‍ അഭയം തേടുന്നവരെ ശത്രുക്കളില്‍നിന്ന് കാത്തുകൊള്ളുന്ന രക്ഷകാ, അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദര്‍ശിപ്പിക്കണമേ! കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്റെ നിഴലില്‍ എന്നെ മറച്ചുകൊള്ളണമേ!” (സങ്കീര്‍ത്തനങ്ങള്‍ 17/7-8). കര്‍ത്താവിന്റെ വലതുകൈയില്‍ അഭയം തേടിയ എന്നെ ഇന്നും ദൈവം സൂക്ഷിക്കുന്നു. അതെ, ദൈവം ജീവിക്കുന്നു, അവിടുന്ന് തന്റെ വാഗ്ദാനത്തില്‍ എന്നും വിശ്വസ്തനാണ്.

കഷ്ടതകളില്‍ സുനിശ്ചിതമായ തുണയായിട്ടാണ് വിശുദ്ധ ഗ്രന്ഥം ദൈവത്തെ ചിത്രീകരിക്കുന്നത്. കഷ്ടതകള്‍ എന്തിന് ദൈവം അനുവദിക്കുന്നു എന്ന് നാം ചോദിക്കേണ്ടതില്ല. അവിടുത്തോടു ചേര്‍ന്നുനില്‍ക്കുകമാത്രം ചെയ്യുക. ദൈവഭക്തന് ദൈവം നല്‍കുന്ന വിലയേറിയ ഒരു സമ്മാനം നിര്‍ഭയമായ ഒരു മനസാണ്. നാം വസിക്കുന്ന ഭൂമി ആടിയുലഞ്ഞാലും ഇളകാത്ത ഒരു മനസ്. അത് സ്വന്തമാക്കിയ ഒരു ദൈവഭക്തന്റെ സാക്ഷ്യമിതാണ്. ”ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 46/2). ആ സ്‌നേഹനിധിയുടെ കരങ്ങളില്‍ നമ്മെത്തന്നെയും നമുക്കുള്ളവരെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം:

എന്റെ അഭയമായ ദൈവമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. എന്റെ ശരണം പൂര്‍ണമായും അങ്ങയില്‍ ഞാന്‍ വയ്ക്കുന്നു. അങ്ങുതന്നെ എന്നെ എപ്പോഴും താങ്ങുകയും എല്ലാ നാളുകളിലും വഴിനടത്തുകയും ചെയ്യണമേ. എന്നിലുള്ള ഭയമെല്ലാം എടുത്തുമാറ്റി, നിര്‍ഭയമായ ഒരു മനസ് എനിക്ക് നല്‍കിയാലും. പരിശുദ്ധ അമ്മേ, ദൈവമാതാവേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

കെ.ജെ. മാത്യു