ഒരു നുള്ളു സ്‌നേഹം തരുമോ? – Shalom Times Shalom Times |
Welcome to Shalom Times

ഒരു നുള്ളു സ്‌നേഹം തരുമോ?

ഒരു കാലഘട്ടത്തില്‍ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ കൂട്ടത്തില്‍ ഏറെ തലയെടുപ്പോടെ മുന്നിട്ടുനിന്നിരുന്ന ഒരു ഗാനത്തിന്റെ ആദ്യവരികളാണ്:
”ഒരു നുള്ളു സ്‌നേഹം തരുമോ
ഒരു മാത്രയെന്നെ തൊടുമോ?” എന്നുള്ളത്. ഒരു നുള്ളു സ്‌നേഹത്തിനുവേണ്ടിയും സ്‌നേഹത്തില്‍ കുതിര്‍ന്ന ഒരു തൂവല്‍സ്പര്‍ശനത്തിനുവേണ്ടിയുമുള്ള മനുഷ്യഹൃദയത്തിന്റെ തീവ്രമായ ദാഹത്തിന്റെ പ്രതിഫലനമാണ് ഈ ഗാനത്തിന്റെ വരികളില്‍ നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുക.

എല്ലാവരും ഉണ്ടായിരിക്കെ ആരും ഇല്ലാത്തവനെപ്പോലെ, അല്ലെങ്കില്‍ ആരും ഇല്ലാത്തവളെപ്പോലെ ജീവിക്കേണ്ടിവരുക, എല്ലാ സൗഭാഗ്യങ്ങളുടെയും നടുവില്‍ ഒന്നുമില്ലാത്തവനെപ്പോലെ അല്ലെങ്കില്‍ ഇല്ലാത്തവളെപ്പോലെ ജീവിക്കേണ്ടിവരിക എന്നത് ജീവിതത്തില്‍ കനത്ത മരുഭൂമി അനുഭവങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന അനേകരുടെ ഇന്നത്തെ യഥാര്‍ത്ഥ അവസ്ഥ. എന്നാല്‍ നമുക്ക് ചുറ്റും ജീവിക്കുന്ന നമ്മുടെ സഹജീവികള്‍ക്കുനേരെ നാം ഹൃദയപൂര്‍വം വച്ചുനീണ്ടുന്ന ഒരു നുള്ളു സ്‌നേഹത്തിന് അല്ലെങ്കില്‍ സാന്ത്വനത്തിന്റെ ഒരു തൂവല്‍സ്പര്‍ശനത്തിന് ചുട്ടുപൊള്ളുന്ന വലിയ മരുഭൂ അനുഭവത്തിന്റെ തീവ്രതയില്‍ സൗഖ്യത്തിന്റെയും സമാശ്വാസത്തിന്റെയും വലിയ നീരൊഴുക്കുകള്‍ പുറപ്പെടുവിക്കുവാനുള്ള കഴിവുണ്ട്. തിരുവചനം ഇപ്രകാരം പറയുന്നു ”സൃഷ്ടപ്രപഞ്ചം മുഴുവന്‍ ദൈവമക്കളുടെ വെളിപ്പെടുത്തലിനുവേണ്ടി ആകാംക്ഷപൂര്‍വം കാത്തിരിക്കുന്നു. അത് വ്യര്‍ത്ഥതയ്ക്ക് അടിപ്പെട്ടുമിരിക്കുന്നു” (റോമാ 8/19).

ഒരു ഭാര്യ പറഞ്ഞ സംഭവം
ആ ഭാര്യയും ഭര്‍ത്താവും പുതുതായി കുടുംബജീവിതത്തിലേക്കു കടന്നുവന്നവരല്ല. രണ്ടുപേരും നവീകരണധ്യാനമൊക്കെ കൂടി ഒരുക്കത്തോടുകൂടി കുടുംബജീവിതത്തിലേക്ക് കാലെടുത്തുവച്ചവര്‍. രണ്ടുപേരും നല്ല പ്രാര്‍ത്ഥനാജീവിതമുള്ളവര്‍. രണ്ടുപേരും കര്‍ഷകകുടുംബങ്ങളില്‍നിന്നും ഉള്ളവര്‍. എങ്കിലും അഭ്യസ്ഥവിദ്യര്‍. ഇപ്പോഴും രണ്ടുപേരും കര്‍ഷക പശ്ചാത്തലങ്ങളില്‍ ജീവിക്കുന്നവര്‍. അവര്‍ക്കു കുട്ടികളില്ല.
ഭാര്യ മീന തന്റെ ദുഃഖം പങ്കുവച്ചു. ”ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പൊരിഞ്ഞ സ്‌നേഹം അങ്ങോട്ടുമിങ്ങോട്ടുമുണ്ട്. മോശമില്ലാത്ത പ്രാര്‍ത്ഥനാജീവിതവുമുണ്ട്. പക്ഷേ ഫലത്തില്‍ വരുമ്പോള്‍ രണ്ടുപേര്‍ക്കും അത് അനുഭവിക്കാന്‍ പറ്റുന്നില്ല. മാത്രമല്ല പ്രതീക്ഷിച്ചിട്ടും കിട്ടാതെപോയ സ്‌നേഹത്തെക്കുറിച്ചും പരിഗണനയെക്കുറിച്ചുമുള്ള പരിഭവവും പരാതിപറച്ചിലുമൊക്കെയാണ്.

ചിലപ്പോഴൊക്കെ വലിയ തമ്മില്‍ത്തല്ലില്‍വരെ എത്തിച്ചേരുന്നു. പലപ്പോഴും ആ തമ്മില്‍ത്തല്ലലിന്റെ മുറിവുണങ്ങാന്‍തന്നെ നീണ്ട ഒരു കാലഘട്ടം വേണ്ടിവരുന്നു. ചേച്ചി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. എന്റെ ജോളിച്ചായന്‍ ഒത്തിരി നല്ലവനാ. പക്ഷേ ഉള്ളിലുള്ള സ്‌നേഹം വേണ്ടപ്പോള്‍ വേണ്ട രീതിയില്‍ പ്രകടിപ്പിക്കാന്‍ അങ്ങേര്‍ക്കറിയത്തില്ല. ഞാനതെക്കുറിച്ച് പരിഭവവും ചെറിയ തോതില്‍ പരാതിയും പറഞ്ഞാല്‍ അങ്ങേര് പണ്ടുകാലത്ത് പഠിച്ചുവച്ച പുസ്തകത്തില്‍ വായിച്ച തത്വങ്ങളും പ്രമാണങ്ങളും മുഴുവന്‍ വിളമ്പും. അങ്ങനെ എന്റെ പരാതി അസ്ഥാനത്താണെന്നു സമര്‍ത്ഥിക്കും. ഫിലോസഫിയും തത്വവും പറഞ്ഞാല്‍ കിട്ടാതെപോയ സ്‌നേഹത്തിനുപകരമാകുമോ ചേച്ചീ.

പിന്നെയങ്ങോട്ട് ഒന്നും രണ്ടും പറഞ്ഞ് വഴക്കാകും, തമ്മിലടിയാകും. അവസാനം അദ്ദേഹമെന്നോട് ചോദിക്കും – എന്റെ മീനേ, എന്താ നിന്റെ പ്രശ്‌നം? നിനക്കിവിടെ എന്തിന്റെ കുറവാ? ചിന്തിച്ചുനോക്ക്. എന്റെ യഥാര്‍ത്ഥ പ്രശ്‌നം ഒരു നുള്ളു സ്‌നേഹത്തിനുവേണ്ടിയുള്ള പ്രശ്‌നമാണെന്ന് എത്ര പറഞ്ഞാലും അങ്ങേര്‍ക്ക് തിരിയില്ല ചേച്ചി. ഞങ്ങളിങ്ങനെ തമ്മിലടിച്ചുതന്നെ ജന്മം തീര്‍ക്കുമെന്നാ തോന്നുന്നത്…” മീന പറഞ്ഞുനിര്‍ത്തി. ഞാനും നിസഹായതയോടെ ക്രൂശിതരൂപത്തിലേക്ക് നോക്കി ഈശോയോട് ഇപ്രകാരം ചോദിച്ചു: ”എന്റെയീശോയേ, ഞാനെന്തു ചെയ്യും? ഇവരുടെ യഥാര്‍ത്ഥ പ്രശ്‌നം ഭാര്യക്ക് നല്‍കേണ്ട ഒരു നുള്ളു സ്‌നേഹത്തിനുവേണ്ടിയുള്ള പ്രശ്‌നമാണെന്ന് ഇവളുടെ ജോളിച്ചായനോട് ഞാനെന്തുപറഞ്ഞ് മനസിലാക്കിക്കൊടുക്കും?”

മറ്റൊരു ഭാര്യ പറഞ്ഞ കഥ
ഇതും കാര്‍ഷിക പശ്ചാത്തലത്തില്‍നിന്നുള്ള ദമ്പതികള്‍. ഷേര്‍ളിയും ജോണിക്കുട്ടിയും. രാവിലെ നാലുമണിക്ക് ഉണരണം. അപ്പനും അമ്മയും അനിയന്മാരും അനിയത്തിമാരും എല്ലാമുള്ള ഒരു വലിയ കുടുംബം. രാവിലെ ഞങ്ങള്‍ ഞാനും ചേട്ടായിയും ഒരുമിച്ചുചേര്‍ന്ന് ഒരു ജപമാല ചൊല്ലും. കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ എന്റെ ചേട്ടായിയുടെ തലയിലാണ്. ഞങ്ങള്‍ ഒത്തൊരുമിച്ചുനിന്നാലേ, കുടുംബത്തെ ഒരു നിലയില്‍ എത്തിക്കാനാവൂ.
ചേട്ടായി രാവിലെതന്നെ പറമ്പിലെ പണികള്‍ക്കായി ഇറങ്ങും. ഞാന്‍ അടുക്കളയിലേക്കും തിരിയും. വലിയൊരു കുടുംബത്തിനുവേണ്ടത് വച്ചുവിളമ്പണം. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളാണ്. അപ്പനും അമ്മയ്ക്കും സ്‌പെഷ്യല്‍ ഉണ്ടാക്കണം. ഞാന്‍ പലപ്പോഴും വല്ലാതെ മടുത്തുപോകാറുണ്ട്. വീട്ടിലുള്ള എല്ലാവരുടെയും തുണികള്‍ അലക്കണം. അടിച്ചുവാരണം. നൂറുനൂറുകൂട്ടം പണികള്‍. പക്ഷേ എനിക്കൊരു പരാതിയും തോന്നാറില്ല. കാരണം ചേട്ടായിക്കെന്നോട് നല്ല സ്‌നേഹവും കരുതലുമാണ്.

ഞാന്‍ മടുത്തു എന്നു തോന്നുമ്പോള്‍ അപ്പന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് എന്റെ അടുത്തുവരും. എന്നോട് ഒത്തിരി സ്‌നേഹത്തോടുകൂടി ചോദിക്കും – ”മോളേ, നീ വല്ലാതെ കഷ്ടപ്പെടുന്നുണ്ട് അല്ലേ. എനിക്കത് നന്നായി മനസിലാകുന്നുണ്ട്. ഞാന്‍ സഹായിക്കണോ? മടിക്കാതെ പറഞ്ഞോളൂ. ഞാന്‍ അല്പം കെറുവ് ഭാവിച്ച് മുഖം കറുപ്പിച്ചുനിന്നുകൊണ്ടു പറയും. വേണ്ടേ വേണ്ട. എന്നിട്ടുവേണം അപ്പന്റെയും അമ്മയുടെയും വായിലിരിക്കുന്നതു മുഴുവന്‍ കേള്‍ക്കാന്‍. അവനൊരു പെങ്കോന്തനാണ്, പെമ്പിറന്നോത്തീടെ പുറകെനിന്നു മാറുകയില്ല എന്നൊക്കെ. ചേട്ടായി ചേട്ടായിയുടെ പറമ്പിലെ പണി ചെയ്താല്‍ മതി. ഞാനിവിടുത്തെയും. ഈ വീട്ടില്‍ ഇതേ നടക്കൂ. അപ്പോള്‍ ചേട്ടായി എന്നെ ചങ്കോടു ചേര്‍ത്തുനിര്‍ത്തിയിട്ട് ഇപ്രകാരം പറയും: പോട്ടെടീ, കാര്‍ന്നോന്മാരുള്ള വീടല്ലേ. ഇവിടെ നമുക്കൊത്തിരി പരിമിതികളുണ്ട്. പക്ഷേ അതെല്ലാം പിന്നീട് വലിയ നന്മയ്ക്കായി ദൈവം മാറ്റും.

സത്യം പറയട്ടെ ചേച്ചീ, അതോടുകൂടി എന്റെ സര്‍വ പരാതികളും പമ്പകടക്കും. പിന്നെയങ്ങോട്ട് ഒരു ജെസിബിയുടെ കരുത്താണെനിക്ക്. സര്‍വ പണികളും നാലിരട്ടി ശക്തിയോടെ ചെയ്തുതീര്‍ക്കും. കുടുംബത്തില്‍ ഓരോരുത്തര്‍ക്കും വേണ്ടതെല്ലാം ഒത്തിരി സ്‌നേഹത്തോടെ ഇരട്ടിപ്പങ്ക് അഭിഷേകത്തോടെ ചെയ്തുകൊടുക്കും. ഒത്തിരി കഷ്ടപ്പാടുണ്ടെങ്കിലും സന്തോഷം തിരതല്ലുന്ന കുടുംബമായി ഞങ്ങളുടെ കുടുംബം നിലനില്‍ക്കുന്നു. ചേച്ചി കേള്‍ക്കണേ, എന്റെ ചേട്ടായി ഇടയ്ക്കിടക്ക് ആരും കാണാതെ പാത്തും പതുങ്ങിയും എനിക്ക് നല്‍കുന്ന ആ ഒരു നുള്ളുസ്‌നേഹത്തിന്റെ ശക്തി വളരെ വലുതാണ്. ആ ഒരു നുള്ളു സ്‌നേഹമാണ് ഞങ്ങളുടെ കുടുംബത്തെ പല പ്രശ്‌നങ്ങളുടെയും പരാധീനതകളുടെയും നടുവില്‍ സന്തുഷ്ട കുടുംബമാക്കി നിലനിര്‍ത്തുന്നത്. പല ഭര്‍ത്താക്കന്മാര്‍ക്കും ഇക്കാര്യം തീരെ അറിയത്തില്ല ചേച്ചീ.”

ഇനി ഷേര്‍ളി സംസാരിക്കട്ടെ
ഇനിയങ്ങോട്ട് ഷേര്‍ളി സംസാരിക്കട്ടെ. എന്നെ സ്‌നേഹിക്കുന്ന എന്റെ ഭര്‍ത്താവിന്റെ നിസാരമായൊരു ആഗ്രഹംപോലും കണ്ടില്ലെന്നു ഗൗനിക്കാന്‍ എന്നെക്കൊണ്ടാവില്ല. എന്റെ ഭര്‍ത്താവ് എന്റെമേല്‍ അനുസരണവും വിധേയത്വവും ഒരിക്കലെങ്കിലും അടിച്ചേല്‍പിക്കാറില്ല. ഞാന്‍ ഭര്‍ത്താവ്, നീ ഭാര്യ. ഞാന്‍ കല്‍പിക്കും, നീ അനുസരിച്ചുകൊള്ളണം എന്നൊരു പിടിവാശി അദ്ദേഹത്തിന് തീരെയില്ല. പക്ഷേ എന്തെങ്കിലും ഒരു കാര്യത്തില്‍ എന്റേതില്‍നിന്നും തികച്ചും ഭിന്നാഭിപ്രായമാണ് അദ്ദേഹത്തിനുള്ളതെന്ന് എനിക്ക് മനസിലായാല്‍ ഞാനൊരിക്കലും അതിനോട് എതിരിടാനോ മത്സരിക്കാനോ പോകാറില്ല. ഞാന്‍ പൂര്‍ണമായും അദ്ദേഹം പറയുന്നത് അനുസരിക്കും. അങ്ങനെ അദ്ദേഹത്തിന് വിധേയപ്പെടുന്നത് ഒരടിമത്തമായോ സ്ത്രീപാരതന്ത്ര്യമായോ എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്നിരുന്നാലും ഞാന്‍ പറഞ്ഞതുതന്നെയാണ് യഥാര്‍ത്ഥ ശരി എന്ന് എനിക്കു തോന്നിയാലും ഞാന്‍ അടികൂടാന്‍ പോകാറില്ല. മാറിയിരുന്ന് നിശബ്ദമായി പ്രാര്‍ത്ഥിക്കും. അങ്ങനെ ചെയ്യുമ്പോള്‍ അത്ഭുതകരമായ വിധത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവിന്റെ മുമ്പില്‍ വിധേയപ്പെടുന്നത് ഏതു ഭാര്യക്കും ആനന്ദകരമായ ഒരനുഭവമാണെന്നാണ് എനിക്ക് തോന്നുന്നത്. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ മറ്റുള്ളവരോട് പറയാറുള്ള ഒരു വാക്കുണ്ട് ‘ചേട്ടായിയോട് ഒന്നു ചോദിക്കട്ടെ, എന്നിട്ടു ഞാന്‍ തീരുമാനം പറയാം” എന്ന്. സ്വയം കാര്യങ്ങള്‍ തീരുമാനിച്ച് ചെയ്യാനുള്ള കഴിവില്ലായ്മകൊണ്ടല്ല ഞാന്‍ ഇങ്ങനെ പറയുന്നത്. പരസ്പരം വിധേയപ്പെടുന്ന ഭാര്യാഭര്‍തൃബന്ധത്തില്‍ അങ്ങനെയാണ് വേണ്ടതെന്ന് കര്‍ത്താവിന്റെ സ്വരം എന്റെ കാതുകളില്‍ പറയുന്നതുകൊണ്ടാണ്. അതൊരിക്കലും ഒരു സ്ത്രീപാരതന്ത്ര്യമായി സങ്കല്‍പിക്കാനേ എനിക്കു കഴിയുന്നില്ല. ഭാര്യ ഭര്‍ത്താവിന് എല്ലാ കാര്യത്തിലും വിധേയയായിരിക്കണമെന്ന് വിശുദ്ധ ലിഖിതങ്ങളിലൂടെ കര്‍ത്താവ് പറയുന്നത് ഈയൊരു അര്‍ത്ഥത്തിലാണെന്ന് എനിക്ക് തോന്നുന്നു. തന്നെ സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവിന് വിധേയപ്പെടാതിരിക്കാന്‍ സുബോധമുള്ള ഏതു ഭാര്യക്കാണ് കഴിയുക?

ഇനി ഞാനൊന്നു കുറിച്ചുകൊള്ളട്ടെ
എഫേസോസ് 5/22 മുതലുള്ള വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നു ”ഭാര്യമാരേ നിങ്ങള്‍ കര്‍ത്താവിന് എന്നതുപോലെ ഭര്‍ത്താക്കന്മാര്‍ക്ക് വിധേയരായിരിക്കുവിന്‍” (എഫേസോസ് 5/22). എന്നാല്‍ ഭര്‍ത്താക്കന്മാരോടു പറയുന്നത് ”ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കുവാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം” (എഫേസോസ് 5/25) എന്നാണ്. 28-ാം വചനത്തില്‍ പറയുന്നു ”ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നതുപോലെ സ്‌നേഹിക്കണം.”

രണ്ടുകല്പനകളാണ് ദൈവാത്മാവ് ദമ്പതികള്‍ക്ക് നല്‍കുന്നത്. ബഹുമാനിക്കുക, ആദരിക്കുക, വിധേയപ്പെട്ടിരിക്കുക എന്ന് ഭാര്യമാരോട് കല്പിക്കുമ്പോള്‍ സ്വന്തം ശരീരത്തെ എന്നതുപോലെ ഭാര്യയെ സ്‌നേഹിക്കുക എന്നാണ് ഭര്‍ത്താക്കന്മാരോടു കല്പിക്കുന്നത്. ഈ രണ്ടു കല്പനകളും അഭേദ്യമാംവിധം ബന്ധപ്പെട്ടാണിരിക്കുന്നത്. എന്നിരുന്നാലും പുരുഷന്മാരോടാണ് ആദ്യം കല്പിക്കേണ്ടിയിരുന്നത് എന്ന് ഒരു സ്ത്രീയായ എനിക്ക് തോന്നുന്നു. കാരണം തന്നെ ജീവനുതുല്യം സ്‌നേഹിക്കുന്ന, പൊതിഞ്ഞുപിടിച്ചു സംരക്ഷിക്കുന്ന ഒരു ഭര്‍ത്താവിനെ സ്‌നേഹിക്കാതിരിക്കാനും ബഹുമാനിക്കാതിരിക്കാനും ആദരിക്കാതിരിക്കാനും സാധാരണഗതിയില്‍ സുബോധമുള്ള ഒരു സ്ത്രീയ്ക്കും കഴിയുകയില്ല എന്നാണ് സ്ത്രീഹൃദയമുള്ള സ്ത്രീ മാത്രമായ എന്റെ അഭിപ്രായവും അനുഭവവും.

സ്വന്തം ഭാര്യയെ വരച്ച വരയില്‍ നിര്‍ത്തുവാന്‍ നിങ്ങള്‍ അവളുടെ സ്ത്രീത്വത്തെ ആദരിക്കുകയും അവളെ സ്വന്തമായി കരുതി സ്‌നേഹിക്കുകയും ചെയ്താല്‍ മാത്രംമതി. സ്ത്രീ സ്‌നേഹം അഭിലഷിക്കുമ്പോള്‍ പുരുഷന്‍ അനുസരണവും വിധേയത്വവും ആദരവും അഭിലഷിക്കുന്നു. പക്ഷേ നിങ്ങളാഗ്രഹിക്കുന്ന അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും പൂര്‍ണതയിലേക്ക് അവളെ കൈപിടിച്ചുയര്‍ത്താന്‍ നിങ്ങളാല്‍ സ്‌നേഹിക്കപ്പെടുന്നു എന്ന അനുഭവതലം അവള്‍ക്കനിവാര്യമാണ്. അവളൊരുപക്ഷേ പലവട്ടം നിങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ സന്നദ്ധതയുള്ളവളായിരിക്കും.

പക്ഷേ ആ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും തലത്തിലേക്ക് അവളെ നയിക്കുവാന്‍ നിങ്ങളാല്‍ സ്‌നേഹിക്കപ്പെടുന്നു എന്ന അനുഭവം അവള്‍ക്ക് ഏറെ അനിവാര്യമായ ഒരു സംഗതിയാണ്. ആ സ്‌നേഹം നിഷേധിക്കപ്പെടുന്നിടത്തോളംകാലം അവള്‍ ഈ ഭൂമിയില്‍ ഒരു പ്രശ്‌നക്കാരിയാണ്. നിങ്ങള്‍ പ്രശ്‌നക്കാരികളായി കണക്കുകൂട്ടി പുറംതള്ളി മാറ്റിനിര്‍ത്തിയിരിക്കുന്ന പല ഭാര്യമാരുടെയും ധിക്കാരസ്വഭാവത്തിനുപിന്നില്‍ നിങ്ങളില്‍നിന്നും ലഭിക്കാതെ പോയതും നിങ്ങള്‍ കൊടുക്കുവാന്‍ കല്പിക്കപ്പെട്ടതുമായ ആ ഒരു നുള്ളു സ്‌നേഹത്തിന്റെ ഉത്തരിപ്പുകടമുണ്ട് എന്ന് ഒന്നു തിരിച്ചറിയണമേ എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സുഭാഷിതങ്ങളുടെ പുസ്തകത്തില്‍ ഭൂമിക്ക് അസഹ്യമായ നാലു കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ മൂന്നാമത്തെ കാര്യം ”സ്‌നേഹിക്കപ്പെടാത്ത ഭാര്യയാണ്” (സുഭാഷിതങ്ങള്‍ 30/23). അത് ഭൂമിക്ക് അത്രമേല്‍ അസഹ്യമായ കാര്യമാണ് എന്ന് തിരുവചനങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. ഭാര്യ ഭര്‍ത്താവിന് വിധേയയായിരിക്കുക എന്നത് ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും തികച്ചും സ്വീകാര്യവും നീതിയുക്തവുമായ കാര്യമാണ്. അത് ഞങ്ങള്‍ അംഗീകരിക്കുകയും സര്‍വാത്മനാ വിധേയപ്പെടുകയും ചെയ്യുന്നു.

പക്ഷേ ഭാര്യമാര്‍ക്ക് ഇതുപോലെതന്നെയോ അതിലധികമോ സുപ്രധാനമായ ഒരു കാര്യം പറയാനുണ്ട്. അത് ഭാര്യയെ സ്‌നേഹിക്കാനും അവളുടെ സ്ത്രീത്വത്തെ ആദരിക്കാനും തയാറല്ലാത്തവര്‍ മുന്‍പറഞ്ഞ വിധേയത്വം സ്ത്രീയില്‍നിന്നും ആവശ്യപ്പെടാതിരിക്കട്ടെ എന്നതാണത്. അങ്ങനെയുള്ളവര്‍ വിവാഹിതരാകാതിരിക്കട്ടെ എന്നാണ് ഭാര്യമാരായ ഞങ്ങളുടെ ഏകകണ്ഠമായ അഭിപ്രായം. ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍പോലെ അത്രമേല്‍ പരസ്പരപൂരകമായി നിലകൊള്ളേണ്ടതായ ഒന്നാണ് ഭാര്യയോടുള്ള സ്‌നേഹവും ഭര്‍ത്താവിനോടുള്ള ആദരപൂര്‍ണമായ വിധേയത്വവും.

ഏതെങ്കിലും ഒരു വശം തന്നെയേ ഉള്ളൂവെങ്കില്‍ ആ നാണയം അതില്‍ത്തന്നെ അപൂര്‍ണവും അസാധുവുമാണ്. ”സത്യാത്മാവ് വന്നുകഴിയുമ്പോള്‍ അവന്‍ നമ്മെ സത്യത്തിന്റെ പൂര്‍ണതയിലേക്ക് നയിക്കും” (യോഹന്നാന്‍ 16/13) എന്ന തിരുവചനം നമ്മുടെ സഭാപഠനങ്ങളിലും സഭാത്മക ജീവിതത്തിലും കുടുംബജീവിതത്തിലും യാഥാര്‍ത്ഥ്യമായിത്തീരട്ടെ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം. ഒരേസമയം ഭാര്യയും അമ്മയും ദൈവജനത്തിന്റെ മധ്യസ്ഥയും അഭിഭാഷകയുമായ പരിശുദ്ധ മറിയം നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കട്ടെ ആമ്മേന്‍. ‘പ്രയ്‌സ് ദ ലോര്‍ഡ്’ ‘ആവേ മരിയ’