കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ 1939-ല്‍ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു ജോര്‍ജ് ഡാന്റ്‌സിഗ്. ഗണിതശാസ്ത്രക്ലാസ് നടക്കുന്നതിനിടെ എന്തോ കാരണത്താല്‍ അവന് അല്പസമയം ക്ലാസില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ പോയി. ശ്രദ്ധ മാറിയ സമയത്ത് അധ്യാപകന്‍ ബോര്‍ഡില്‍ രണ്ട് ചോദ്യങ്ങള്‍ എഴുതിയിട്ടിരുന്നു. അത് ഹോംവര്‍ക്കായി നല്കിയതായിരിക്കും എന്ന് കരുതി പിന്നീട് ഉത്തരം കണ്ടെത്താമെന്ന ചിന്തയോടെ ജോര്‍ജ് അത് പകര്‍ത്തിയെടുത്തു.
പിന്നീട് ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ അവ വളരെ വിഷമകരമാണെന്ന് അവന് മനസിലായി. പക്ഷേ അവന്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു, ലൈബ്രറിയില്‍ അനേകം റഫറന്‍സുകള്‍ നോക്കി പഠിച്ചു. ഒടുവില്‍ ഉത്തരം കണ്ടെത്തി.
എന്നാല്‍ അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അധ്യാപകന്‍ അതെക്കുറിച്ച് ചോദിച്ചില്ല. അതിനാല്‍ അവന് ആകാംക്ഷയായി. ഒരു ദിവസം അവന്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു, ”സര്‍, നല്കിയിരുന്ന അസൈന്‍മെന്റിനെക്കുറിച്ച് ചോദിക്കാത്തതെന്താണ്?”
”അത് നിര്‍ബന്ധമായി ചെയ്യാനുള്ളതായിരുന്നില്ലല്ലോ. ശാസ്ത്രമോ ശാസ്ത്രജ്ഞരോ ഇതുവരെ ഉത്തരം കണ്ടെത്താത്ത ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് ഉദാഹരണം നല്കുകയായിരുന്നു ഞാന്‍!”
ജോര്‍ജ് ഡാന്റ്‌സിഗ് ഒന്നുഞെട്ടി, ”പക്ഷേ ഞാന്‍ ഉത്തരം കണ്ടെത്തിയല്ലോ!” അധ്യാപകന്‍ അമ്പരപ്പോടെ അത് നോക്കി. സമയമെടുത്ത് വിശദമായി പരിശോധിച്ചു. ഉത്തരങ്ങള്‍ ശരിയായിരുന്നു. പിന്നീട് അതിലൊരെണ്ണം ഗണിതശാസ്ത്രജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
വാസ്തവത്തില്‍ ആരും ഒരിക്കലും ഇതിന്റെ ഉത്തരം കണ്ടെത്തിയിട്ടില്ല എന്ന് അധ്യാപകന്‍ പറഞ്ഞത് ജോര്‍ജ് കേള്‍ക്കാതിരുന്നതിനാലാണ് അവന്‍ അതിന് ഉത്തരം കണ്ടെത്തിയത്. ഉത്തരം കണ്ടെത്താനാവില്ല എന്ന മുന്‍വിധിയോടെ ശ്രമിച്ചിരുന്നെങ്കില്‍ വിജയിക്കില്ലായിരുന്നു.
നമ്മുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടുമ്പോഴും ഇത് ഓര്‍ക്കണം. ആരും ഒരിക്കലും ഇതിന് ഉത്തരം കണ്ടെത്തിയിട്ടില്ലെങ്കിലും നാം പ്രാര്‍ത്ഥിക്കുകയും അധ്വാനിക്കുകയും ചെയ്യുമ്പോള്‍ ദൈവം പരിഹാരം കണ്ടെത്തിത്തരും. ചെങ്കടലിനുമുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ച ഇസ്രായേല്‍ജനം ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല അതിനു നടുവിലൂടെ ഒരു വഴി ഉണ്ടെന്ന്. എന്നാല്‍ ചെങ്കടലിനുനടുവിലൂടെയും വഴി തുറക്കാന്‍ ദൈവത്തിനുകഴിയും.
”നിങ്ങള്‍ക്ക് യാതൊന്നും അസാധ്യമായിരിക്കുകയില്ല” (മത്തായി 17/21).