സ്ത്രീകളോടുള്ള ഈശോയുടെ സമീപനം വിശുദ്ധ ഗ്രന്ഥത്തിലൂടെ വായിച്ചെടുക്കാം. യഹൂദ പാരമ്പര്യത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനോ ഏതെങ്കിലും വിധത്തിലുള്ള സ്വാതന്ത്ര്യം അനുഭവിക്കാനോ കഴിയുമായിരുന്നില്ല. കോടതികളില്‍പ്പോലും അവരുടെ വാക്കുകള്‍ക്കു സ്വീകാര്യത ലഭിച്ചിരുന്നില്ല. പുരുഷ മേധാവിത്വത്തിന് കീഴില്‍ അടയ്ക്കപ്പെട്ട നിസ്സഹായ ജീവിതങ്ങള്‍ ആയിരുന്നു യഹൂദ സ്ത്രീകളുടേത് എന്നുപറയാം.
യഹൂദ റബ്ബിമാര്‍ സ്ത്രീകളുമായി സംസാരിക്കുക പതിവല്ല. എന്നിട്ടും യേശു പലപ്പോഴും പൊതുസ്ഥലങ്ങളില്‍ വച്ച് സ്ത്രീകളോട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
സമരിയക്കാരി
സമരിയക്കാരി സ്ത്രീയെ കണ്ടു സംസാരിക്കുക എന്ന ലക്ഷ്യത്തോടെ കിലോമീറ്ററുകള്‍ നടന്ന് അവളെ കാത്തിരിക്കുന്ന യേശുവിനെ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ കാണാം. അവളുടെ തകര്‍ന്നു കിടന്ന ജീവിതത്തെ അവന്‍ കണ്ടു. അവളുടെ ഹൃദയം നേടാന്‍വേണ്ടി മാത്രമായൊരു യാത്ര. യേശു ഒരു സ്ത്രീയോട് സംസാരിക്കുന്നതു കണ്ട് ശിഷ്യര്‍ അത്ഭുതപ്പെട്ടെങ്കിലും ആരും അവനോടു ഒന്നും ചോദിച്ചില്ല. നിയമാനുഷ്ഠാനങ്ങള്‍ക്കും പതിവു രീതികള്‍ക്കും മുകളില്‍ ആയിരുന്നു യേശുവിന്റെ സ്‌നേഹം. അവളുടെ ഹൃദയം മാത്രമല്ല സമരിയ പട്ടണത്തിലെ അനേക ഹൃദയങ്ങളെയും അവളിലൂടെ യേശു നേടിയെടുത്തു. സമരിയാക്കാരി സ്ത്രീ ആ നാടിന്റെ മിഷനറി ആയി.
മഗ്ദലന മറിയം
റബ്ബിമാരുടെ പാദത്തിങ്കല്‍ ഇരിക്കാന്‍ അനുവദിക്കപ്പെട്ടിരുന്നത് പുരുഷന്മാരായ ശിഷ്യരായിരുന്നു. ആ നാളുകളിലാണ് ലാസറിന്റെ സഹോദരിയായ മറിയത്തെ തന്റെ പാദത്തിനരികില്‍ ഇരുന്ന് തന്നെ ശ്രവിക്കാന്‍ യേശു അനുവദിച്ചത്. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു എന്നും അത് ഒരിക്കലും അവളില്‍നിന്ന് എടുക്കപ്പെടുകയില്ല എന്നുമാണ് യേശു പറഞ്ഞുവച്ചത്.
”ഒരു വലിയ ജനക്കൂട്ടവും കരയുകയും മുറവിളി കൂട്ടുകയും ചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു” (ലൂക്കാ 23/27). അവരില്‍ കരയുകയും മുറവിളി കൂട്ടുകയും ചെയ്തിരുന്ന സ്ത്രീകളെ ഈശോ ആശ്വസിപ്പിക്കുന്നുണ്ട്. തന്റെ കൂടെ മൂന്ന് വര്‍ഷം ജീവിച്ച ശിഷ്യന്മാര്‍ ഭയപ്പെട്ടു ഓടിയൊളിച്ചപ്പോഴും കുറെ സ്ത്രീകള്‍ യേശുവിനൊപ്പം കാല്‍വരിയാത്ര പൂര്‍ത്തിയാക്കി. കാഴ്ച (യേശുവിന്റെ കുരിശുമരണം) കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം മാറത്തടിച്ചുകൊണ്ട് മടങ്ങി പോയി. ”അവന്റെ പരിചയക്കാരും ഗലീലിയില്‍നിന്ന് അവനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്നു” (ലൂക്കാ 23/48-49).
യേശുവിനെ സംസ്‌കരിച്ചശേഷം ശവകുടീരത്തിലേക്ക് അതിരാവിലെ ആഴ്ചയുടെ ഒന്നാം ദിവസം മഗ്ദലന മറിയം കടന്നു ചെന്നു. ശൂന്യമായ കല്ലറമാത്രമേ കാണാന്‍ സാധിച്ചുള്ളൂ എങ്കിലും ആ വാര്‍ത്ത ശിഷ്യരെ അറിയിക്കാന്‍ അവള്‍ ഓടി. പത്രോസും യോഹന്നാനും കച്ച കണ്ടു മടങ്ങി. എന്നിട്ടും കല്ലറയ്ക്ക് വെളിയില്‍ തന്റെ യേശുവിനെ കാണായ്കയാല്‍ മറിയം കരഞ്ഞു കൊണ്ട് അവിടെത്തന്നെ നിന്നു. കൂടെ നടന്നവരെങ്കിലും കച്ച കണ്ടു മടങ്ങിയ ശിഷ്യര്‍ക്കല്ല മറിച്ചു കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ട് നിന്ന മഗ്ദലന മറിയത്തിനാണ് ഉത്ഥിതനായ യേശു ആദ്യം പ്രത്യക്ഷപ്പെട്ടത്.
യേശുവിന്റെ രക്ഷാകരദൗത്യത്തിന്റെ സുപ്രധാന സന്ദേശമായ ഉയിര്‍പ്പ് അപ്പസ്തോലന്മാരോട് പ്രഘോഷിക്കാന്‍ അവിടുന്ന് തിരഞ്ഞെടുത്തയച്ചത് ഒരു സ്ത്രീയെയാണ്, മഗ്ദലേന മറിയം. അതിനാല്‍ അവള്‍ അപ്പസ്‌തൊലരുടെ അപ്പസ്‌തോല എന്ന് സഭയില്‍ അറിയപ്പെടുന്നു. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ പ്രഘോഷിച്ച ആദ്യത്തെ സുവിശേഷകയാണ് അവള്‍.
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണം എന്നാണ് നിയമം അനുശാസിക്കുന്നത്. മാനുഷിക നിയമങ്ങള്‍ക്കു മുകളില്‍ സമൂഹത്തിനു മുന്‍പില്‍ അപമാനഭാരം പേറുന്ന സ്വന്തം ജീവന്‍ നഷ്ടപ്പെടാന്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥ യേശുവിന്റെ കരുണാര്‍ദ്രനയനങ്ങളെയും ഹൃദയത്തെയും ജ്വലിപ്പിച്ചു. അവിടുത്തെ കരുണയും സ്‌നേഹവും അവളുടെമേലുള്ള വിധിയെ രക്ഷയാക്കി മാറ്റി.
ബഥാനിയായില്‍വച്ച് തൈലാഭിഷേകം ചെയ്ത പാപിനിയായ സ്ത്രീയെ തന്നെ സ്പര്‍ശിക്കാനും പാദങ്ങളില്‍ ചുംബിക്കാനും യേശു അനുവദിച്ചു. അവിടെ കൂടിയിരുന്നവര്‍ അവളുടെ പാപത്തിലേക്കു മാത്രം നോക്കിയപ്പോള്‍ ഈശോ അവളുടെ ഹൃദയത്തിലെ സ്‌നേഹത്തിലേക്ക് നോക്കി. ഇവള്‍ അധികം സ്‌നേഹിച്ചതുകൊണ്ട് ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നുവെന്ന് അവിടുന്ന് അരുളിച്ചെയ്തു. അധികസ്‌നേഹം പാപങ്ങളെ അവിടുത്തെ കണ്ണുകളില്‍നിന്ന് മറയ്ക്കുന്നു എന്ന സത്യം പാപിനിയായ സ്ത്രീയിലൂടെ യേശു വെളിപ്പെടുത്തി.
സമാധാനത്തോടെ പോവുക എന്ന് പറയുമ്പോള്‍ നീ എന്നെ ഹൃദയത്തില്‍ കൊണ്ടു പോവുക എന്നാണ് ഈശോ ആവശ്യപ്പെട്ടത്. കാരണം, ”അവന്‍ നമ്മുടെ സമാധാനമാണ്” (എഫേസോസ് 2/14).
നായിനിലെ വിധവ
”അവന്‍ നഗരകവാടത്തിനടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തു കൊണ്ടു വരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന്‍… അവളെക്കണ്ട് മനസ്സലിഞ്ഞ് കര്‍ത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ” (ലൂക്കാ 7/12-13). നായിന്‍ പട്ടണത്തിലെ വിധവയ്ക്കുവേണ്ടി യേശുവിനോട് ആരും ഒന്നും ആവശ്യപ്പെട്ടില്ല. അവളെ കണ്ടപ്പോള്‍ അവിടുത്തെ മനസ്സലിഞ്ഞു. ഭര്‍ത്താവും മകനും നഷ്ടപ്പെട്ട ആ സ്ത്രീയുടെ വേദനയും നിസ്സഹായാവസ്ഥയും മരണത്തിനുമേല്‍ അത്ഭുതം ചെയ്യാന്‍ ഈശോയെ നിര്‍ബന്ധിച്ചു. മരിച്ചവന് ജീവന്‍ നല്‍കി അമ്മയുടെ കരങ്ങളില്‍ ഏല്പിക്കുന്ന യേശു.
രക്തസ്രാവക്കാരി
12 വര്‍ഷം രക്തസ്രാവം മൂലം കഷ്ടതയനുഭവിച്ചിരുന്ന, ആര്‍ക്കും സുഖപ്പെടുത്താന്‍ കഴിയാതിരുന്ന സ്ത്രീ. അവള്‍ യേശുവിന്റെ പിന്നിലൂടെ വന്ന് വസ്ത്രത്തിന്റെ വിളുമ്പില്‍ വിശ്വാസത്തോടെ സ്പര്‍ശിച്ചു. അവള്‍ അവനെ സ്പര്‍ശിച്ചപ്പോള്‍ തത്ക്ഷണം രക്തസ്രാവം നിലച്ചു. ”ആരോ എന്നെ സ്പര്‍ശിച്ചു. എന്നില്‍നിന്നും ശക്തി നിര്‍ഗ്ഗമിച്ചിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു” (ലൂക്കാ 8/46). അവളുടെ വിശ്വാസം സ്പര്‍ശിച്ചത് വസ്ത്രത്തെയല്ല യേശുവിന്റെ ഹൃദയത്തെയാണ്. ആ വിശ്വാസം അവനില്‍നിന്ന് സൗഖ്യശക്തിയെ നിര്‍ഗളിപ്പിച്ചു.
നിന്നെ സുഖപ്പെടുത്താനോ നിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ ആര്‍ക്കും കഴിയില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും രക്തസ്രാവക്കാരി സ്ത്രീയെപ്പോലെ വിശ്വാസത്താല്‍ അവന്റെ ഹൃദയത്തെ ഒന്ന് തൊടുക… ഏതു ജനക്കൂട്ടത്തിനിടയിലും അവനില്‍നിന്ന് നിന്നിലേക്ക് മാത്രമായി ഒരു ശക്തി പുറപ്പെടും.
അഭിഷേകത്തിന്റെ സ്ത്രീ
യേശുവിന് ഭൂമിയില്‍ അവതരിക്കാന്‍ സ്വര്‍ഗം തിരഞ്ഞെടുത്ത സ്ത്രീ പരിശുദ്ധ കന്യകാമറിയം ആയിരുന്നു. പരിശുദ്ധാത്മശക്തി അവളില്‍ ആവസിച്ചു. പരിശുദ്ധ അമ്മയുടെ സാമീപ്യവും അഭിവാദനവും മൂലം എലിസബത്തും ഉദരത്തിലുള്ള ശിശുവും പരിശുദ്ധാത്മാവില്‍ നിറഞ്ഞു.
പന്തക്കുസ്താ ദിവസം സമാഗതമാകുന്നതിനു മുന്‍പ് അപ്പസ്‌തോലന്മാര്‍ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും സഹോദരരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു. യേശുവിന്റെ മരണശേഷം ഭീതിയിലാണ്ടിരുന്ന ശിഷ്യന്മാര്‍ അവിടുത്തെ സ്വര്‍ഗാരോഹണത്തിന് സാക്ഷ്യം വഹിച്ചശേഷം എന്ത് ചെയ്യണം എന്നറിയാതെ വലഞ്ഞപ്പോള്‍ പുതിയൊരു അഭിഷേകത്തിനായി കൂട്ടായ്മ രൂപീകരിച്ചു പ്രാര്‍ത്ഥനയില്‍ ഒരുമിച്ചു കൂട്ടാന്‍ പരിശുദ്ധ മറിയമെന്ന സ്ത്രീയെ സ്വര്‍ഗം തിരഞ്ഞെടുത്തു. കടന്നു ചെല്ലുന്നിടമെല്ലാം പരിശുദ്ധാത്മ അഭിഷേകം നിറയ്ക്കുന്നവളായി അവള്‍ മാറി.
യേശുവിന് സ്ത്രീകളോട് കൂടുതല്‍ കരുതല്‍ ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. അത് ഒരു പ്രത്യേകവിഭാഗത്തോടുള്ള പക്ഷപാതമല്ല, മറിച്ച് അവഗണിക്കപ്പെട്ടും തിരസ്‌കരിക്കപ്പെട്ടും കിടന്ന ഒരു സമൂഹത്തെ തുല്യതയിലേക്കു ഉയര്‍ത്തിക്കൊണ്ടു വരാനുള്ള തീവ്രപരിശ്രമം. ഒരു നേതാവിന്റെ ഏറ്റവും പ്രകീര്‍ത്തിക്കപ്പെടേണ്ട പ്രാഥമികഗുണം. സ്ത്രീകളെ എല്ലായിടങ്ങളിലും അവിടുന്ന് കരുതി. അവനെ ആവശ്യമുള്ള ഒരാളിലേക്കുപോലും അവിടുന്ന് ചെന്നെത്താതിരുന്നില്ല.
യേശുവിന്റെ പരസ്യജീവിതകാലത്ത് ശിഷ്യത്വം എന്നത് അവിടുത്തെ അനുഗമിക്കുക അവന്‍ ചെയ്യുന്ന പ്രവൃത്തികള്‍ കാണുക എന്നതായിരുന്നു. ഇന്ന് യേശുവിന്റെ ശിഷ്യത്വം ആവശ്യപ്പെടുന്നത് ക്രിസ്തുവിനെ അനുകരിക്കുക എന്നതാണ്. സുവിശേഷപ്രഘോഷണത്തിലും മറ്റ് ആത്മീയമേഖലകളിലും സ്ത്രീകള്‍ക്ക് പരിമിതികളുണ്ടെന്ന് വേദനിക്കുന്നവര്‍ അനേകരുണ്ടാകാം. ഓര്‍ക്കുക, യേശു നിങ്ങളുടെ കൂടെയുണ്ട്.
”എല്ലാ സ്ത്രീകളും എന്റെ അമ്മയുടെ ചെറിയ രൂപങ്ങളാണ്. ഈ ഭൂമിയില്‍ എനിക്കിനി ഒരമ്മ ഇല്ലാത്തതു കൊണ്ട് എന്റെ അമ്മയും ആയിരിക്കുക. മഗ്ദലന മറിയത്തിന്റെയും ജോണിന്റെയും സ്ഥാനം സ്വീകരിക്കുക. എന്നാല്‍ അതേ സമയംതന്നെ നീ ആയിരിക്കുകയും ചെയ്യുക” (ആത്മമിത്രം, പേജ് 18,141).
ആന്‍ മരിയ ക്രിസ്റ്റീന