സങ്കടങ്ങള്‍ക്ക് മരുന്ന് കിട്ടിയപ്പോള്‍… – Shalom Times Shalom Times |
Welcome to Shalom Times

സങ്കടങ്ങള്‍ക്ക് മരുന്ന് കിട്ടിയപ്പോള്‍…

ദൈവം വളര്‍ത്തിയ കുട്ടിയാണ് ഞാന്‍. ഇടുക്കിയിലെ സാധാരണക്കാരനായ ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ചു. കുടിയേറ്റ ഗ്രാമത്തില്‍ ജനിച്ച ഏതൊരാളുടെയുംപോലെ അനിശ്ചിതത്വവും കഷ്ടപ്പാടും പട്ടിണിയും ഒക്കെ ഞങ്ങളെയും ബാധിച്ചിരുന്നു. ഒപ്പം ഉരുള്‍പൊട്ടലിന്റെയും കാട്ടുതീയുടെയും വന്യമൃഗങ്ങളുടെയും ഭീഷണിയും.
1992-ല്‍ പതിനേഴാമത്തെ വയസില്‍ പ്രീഡിഗ്രികൊണ്ട് പഠനം അവസാനിപ്പിച്ച് ഞാന്‍ എന്റെ കുടുംബത്തിന്റെ നാഥനാകേണ്ടിവന്നു. അപ്പന്‍ രോഗിയായിരുന്നു. വിശപ്പ്, രോഗം എന്ന രണ്ടു വെല്ലുവിളികളെ നേരിടുകയെന്ന ഉത്തരവാദിത്വം എന്റേതായി. ഏകസഹോദരി അപ്പോഴേക്കും ഈ ലോകം ഉപേക്ഷിച്ചുപോയിരുന്നു. ഉണ്ടായിരുന്ന രണ്ട് ജ്യേഷ്ഠന്മാര്‍ പില്‍ക്കാലത്ത് അപ്രത്യക്ഷരായി, ഇതുവരെ തിരികെ വന്നിട്ടില്ല.

കന്നുകാലിനോട്ടം, കരിമ്പു വെട്ടി ശര്‍ക്കരയാക്കുന്ന പണി, പത്രവിതരണം, മൊസൈക് പോളിഷിംഗ്, കശാപ്പു കടയിലെ കണക്കെഴുത്ത്, റബര്‍കടയിലെ കണക്കന്‍, വര്‍ക്ക്‌ഷോപ്പില്‍ പണി, പഠനം, പള്ളിയിലെ കപ്യാര്‍ ശുശ്രൂഷ, സെയില്‍സ്മാന്‍, മേസ്തിരിമാര്‍ക്കൊപ്പം മൈക്കാട് പണി തുടങ്ങി ചെയ്യാവുന്ന പണികളെല്ലാം ചെയ്തു നാലുവര്‍ഷം.
1996 ആയപ്പോഴേക്കും ജീവിതത്തിന്റെ അലച്ചില്‍ എന്നെ അതിതീവ്രമായ നിരാശയിലേക്ക് നയിച്ചു. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത ജീവിതം. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. തോല്‍ക്കുന്നവര്‍ കളി നിര്‍ത്തി പോകുന്നത് സ്വാഭാവികമാണ്. എന്റെ വീട്ടില്‍ത്തന്നെ ഞാനത് കണ്ടിട്ടുണ്ട്. ഞാന്‍ ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിത്തുടങ്ങിയിരുന്നു. അപ്പോഴാണ് കളി നിയന്ത്രിക്കുന്ന റഫറിയുടെ റോളില്‍ ദൈവം കയറി ഇടപെടുന്നത്. കോതമംഗലം രൂപതയിലെ യുവജനപ്രസ്ഥാനമായ യുവദീപ്തിയുടെ ഡയറക്ടറായിരുന്ന ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലുമായുള്ള കണ്ടുമുട്ടല്‍. ”കര്‍ത്താവ് എന്നെ സഹായിച്ചിരുന്നില്ലെങ്കില്‍ എന്റെ പ്രാണന്‍ പണ്ടേ മൃതരുടെ ദേശത്ത് എത്തുമായിരുന്നു” (സങ്കീര്‍ത്തനങ്ങള്‍ 94/17).

ഒത്തിരി വിസ്തരിച്ചു സങ്കടങ്ങളൊക്കെ ഞാന്‍ പറഞ്ഞതു കേട്ടശേഷം അദ്ദേഹം ബൈബിളിലെ ഒരു ഭാഗം തൊട്ടുകാണിച്ച് വായിക്കാന്‍ പറഞ്ഞു. ഞാനതു വായിച്ചു. ”ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍, തക്കസമയത്ത് അവിടുന്നു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്ക്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ് ” (1 പത്രോസ് 5/6-7). എന്നിട്ട് വൈദ്യന്‍ മരുന്നു കുറിക്കുംപോലെ പറഞ്ഞു, രാവിലെ ഉണരുമ്പോഴും വൈകിട്ട് ഉറങ്ങാന്‍ കിടക്കുമ്പോഴും ഇതു മനസില്‍ പറയണം. ഞാന്‍ ഇന്നും അതു ചെയ്യുന്നുണ്ട്. അക്ഷരം വിടാതെ അവയെല്ലാം സത്യമായി വരുന്നതു കണ്ടിട്ടുമുണ്ട്. ദൈവവചനത്തില്‍ കള്ളമില്ല.

തുടര്‍ന്ന് രണ്ടു കാര്യങ്ങള്‍ ഒരുപോലെ സംഭവിച്ചു. ഒന്ന്, ഞാന്‍ രൂപതാ യുവജന മിനിസ്ട്രിയുടെ ഭാഗമായി. രണ്ട്, ഡിഗ്രി പഠിക്കാന്‍വേണ്ടി കോളജില്‍ ചേര്‍ന്നു. സങ്കടങ്ങളില്‍ ഒന്നു കരയാനും മനസു തുറന്നു പറയാനും ഒരു നല്ല കുമ്പസാരം നടത്തുവാനും ആത്മീയ ഗുരുക്കന്മാരെ കിട്ടുക എന്നത് വലിയൊരു ഭാഗ്യംതന്നെ എന്ന് ഞാന്‍ കരുതുന്നു.
യുവജനശുശ്രൂഷാവേദികളില്‍, തിരുനാള്‍, ദുഃഖവെള്ളി പ്രസംഗങ്ങളില്‍, ധ്യാനശുശ്രൂഷകളില്‍, പേരന്റ് മീറ്റിംഗുകളില്‍, വിശ്വാസ പരിശീലന വേദികളില്‍ പ്രസംഗപീഠമിട്ടുതന്ന് അവസരങ്ങള്‍ നല്‍കി, തെറ്റുകള്‍ തിരുത്തിത്തന്ന്, തേച്ചുമിനുക്കി എന്നെ പ്രഭാഷകനാക്കി വളര്‍ത്തിയത്, എഴുത്തുപേന കൈയില്‍ വച്ചുതന്ന് എഴുത്തുകാരനാക്കിയത്, ജീവിതാനുഭവങ്ങളെ മാമോദീസ മുക്കി പ്രസംഗിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് പറഞ്ഞ് പോസിറ്റീവ് സ്പീക്കറാക്കിയത്, വചനപ്രഘോഷകനാക്കിയത് – എല്ലാം തിരുസഭയാണ്. പ്രധാനമായും ഇടുക്കി രൂപതയിലെ വൈദിക സഹോദരങ്ങളാണ്. സഭയിലൂടെ ഞാന്‍ വളര്‍ന്നു.

1996-ല്‍ 21-ാം വയസില്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ മൂന്ന് വര്‍ഷത്തേക്ക് ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. സ്വന്തമായി മുറിയെടുക്കാന്‍ പണമില്ലാത്തതുകൊണ്ട് മേസ്തിരിപ്പണിക്കാരായ മൂന്ന് തമിഴ് തൊഴിലാളികളുടെ മുറി പങ്കിട്ടു. ശനിയാഴ്ചകളില്‍ അവര്‍ക്കൊപ്പം സഹായിയായി പണിക്കു പോയിട്ടുമുണ്ട്. കോ ളേജിലേക്ക് പോകാന്‍ ഉദ്ദേശം 12 കിലോമീറ്റര്‍ ദൂരം. എസ്.റ്റി 25 പൈസ. ഒരു ദിവസം 50 പൈസ. അത്രപോലും എടുക്കാനില്ലാത്ത ദിവസങ്ങളില്‍ 24 കിലോമീറ്ററോളം നടന്നിട്ടുമുണ്ട്. അങ്ങനെ പഠിച്ചുനേടിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ള കടലാസ്.

ഒരിക്കല്‍, ചുവരിലൊട്ടിക്കുന്ന അഞ്ചുരൂപാ കലണ്ടറില്‍ കണ്ട വാചകങ്ങള്‍ പിന്നീട് ജീവിതത്തിന്റെ ആപ്തവാക്യമായി, Quitter never wins, winner never quits ശ്രമം ഉപേക്ഷിക്കുന്നയാള്‍ ഒരിക്കലും വിജയിക്കുകയില്ല; വിജയിക്കുന്നയാള്‍ ഒരിക്കലും പരിശ്രമം ഉപേക്ഷിക്കുകയുമില്ല.
പിന്നീട് പ്രൈവറ്റായി പഠനം തുടര്‍ന്നു. പാരലല്‍ കോളജ് അധ്യാപകനായും ഇടുക്കി രൂപതയുടെ സോഷ്യല്‍ വര്‍ക്ക് കോര്‍ഡിനേറ്ററായും സേവനം ചെയ്തു. വാടക വീടുകള്‍ മാറിമാറി താമസിച്ചുള്ള ആ സ്വപ്നയാത്രയില്‍ 35 വയസു പൂര്‍ത്തിയായിക്കഴിഞ്ഞ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയില്‍ എട്ടാം റാങ്ക് നേടി കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സര്‍വീസില്‍ പ്രവേശിച്ചു, 2009 നവംബറില്‍.

ഇതാണ് ദൈവം വളര്‍ത്തിയ കുട്ടിയുടെ കഥ. ഇടറിവീഴാന്‍ പോയ എല്ലായിടത്തും നീട്ടിപ്പിടിച്ച കരങ്ങളുമായി ദൈവം ഒരാളെ നിര്‍ത്തിയിരുന്നു. ”എന്റെ കാല്‍ വഴുതുന്നു എന്ന് ഞാന്‍ വിചാരിച്ചപ്പോഴേക്കും കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നെ താങ്ങിനിര്‍ത്തി” (സങ്കീര്‍ത്തനങ്ങള്‍ 94/18). ദൈവത്തോട്, തിരുസഭയോട്, വൈദികരോട്, അല്മായ സഹോദരങ്ങളോട് ഏറെ കടപ്പെട്ടുപോയ ജീവിതമാണിത്. നഷ്ടപ്പെട്ടുപോയതിനെ അന്വേഷിച്ചെത്തുന്ന ദൈവസ്‌നേഹത്തിന്റെ മഴയില്‍ നനഞ്ഞു കുതിര്‍ന്ന ജീവിതം.
പാലാ കളത്തൂര്‍ സെന്റ് മേരീസ് ഇടവകാംഗമാണ് ജോയ്. കോട്ടയം എംജി സര്‍വകലാശാലയില്‍ സെക്ഷന്‍ ഓഫീസറായി ജോലി ചെയ്യുന്നു. എഴുത്ത്, പ്രഭാഷണം എന്നീ മേഖലകളില്‍ സജീവമാണ്. ഭാര്യ: ലിന്‍സി, മക്കള്‍: ഗ്രേസ്, കൃപ.

ജോയ് മാത്യു പ്‌ളാത്തറ