സ്‌നാക്‌സ് ബോക്‌സിലെ കത്ത്‌ – Shalom Times Shalom Times |
Welcome to Shalom Times

സ്‌നാക്‌സ് ബോക്‌സിലെ കത്ത്‌

എന്റെ മകന്റെ മൂന്നാം ക്ലാസിലെ വാര്‍ഷിക പരീക്ഷാസമയം. പഠിച്ച് നല്ല മാര്‍ക്ക് വാങ്ങാനുള്ള അവന്റെ പരിശ്രമങ്ങള്‍ കണ്ട് എനിക്ക് വളരെയേറെ സന്തോഷം തോന്നി. അവസാനത്തെ പരീക്ഷയുടെ ദിവസം ഞാന്‍ ഒരു പേപ്പറില്‍ ഇങ്ങനെ എഴുതി: ”എന്റെ മോനേ… നീ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കുന്നുണ്ട്… ഇതൊക്കെ കാണുമ്പോള്‍ അമ്മയ്ക്ക് നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ! ഒത്തിരി ഒത്തിരി സ്‌നേഹത്തോടെ… അമ്മ.” ഈ പേപ്പര്‍ മകന്റെ സ്‌നാക്‌സ് ബോക്‌സില്‍ അവന്‍ കാണാതെ വെച്ചു.
അവനെ സ്‌കൂളിലേക്ക് വിട്ടതിനു ശേഷം പരീക്ഷ കഴിഞ്ഞ് അവന്‍ സ്‌നാക്‌സ് ബോക്‌സില്‍ ഈ പേപ്പര്‍ കാണുന്നതും വായിക്കുന്നതും പുഞ്ചിരിക്കുന്നതുമെല്ലാം ഞാന്‍ ഭാവനയില്‍ കണ്ടു. അവന്‍ കൂട്ടുകാരെയും ടീച്ചേഴ്‌സിനെയും എല്ലാം ഈ പേപ്പര്‍ കാണിക്കുമെന്നും അവരും സന്തോഷിക്കുമെന്നും ഒക്കെയാണ് ഞാന്‍ കരുതിയത്.

എന്നാല്‍, സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ അവന്റെ മുഖത്ത് പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷം അല്ലാതെ വേറെ ഭാവവ്യത്യാസങ്ങള്‍ ഒന്നും കണ്ടില്ല. വീട്ടിലെത്തി കുറെ സമയം കഴിഞ്ഞിട്ടും അവന്‍ ഒന്നും പറയാതെ ആയപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു: ”മോനേ, നിന്റെ സ്‌നാക്‌സ് ബോക്‌സില്‍ എന്തെങ്കിലും സര്‍പ്രൈസ് കണ്ടിരുന്നോ?” ഇത് കേട്ടപ്പോള്‍ തെല്ല് പരിഭവത്തോടെ അവന്‍ മറുപടി പറഞ്ഞു: ”സാധാരണ വയ്ക്കുന്ന സ്‌നാക്‌സ് അല്ലാതെ ഒന്നും പുതിയതുണ്ടായില്ലല്ലോ. പരീക്ഷയുടെ അവസാന ദിവസം ആയതുകൊണ്ട് ബിസ്‌ക്കറ്റ് എങ്കിലും അമ്മയ്ക്ക് വയ്ക്കാമായിരുന്നു.”

ഇത്രയും കേട്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. ഞാന്‍ ഒരുപാട് സ്‌നേഹത്തോടെ എഴുതിവെച്ച പേപ്പര്‍ ഇനി അവന് കിട്ടിയിട്ടുണ്ടാകില്ലേ? ഞാന്‍ വീണ്ടും ചോദിച്ചു: ”അമ്മ ഒരു പേപ്പര്‍ അതില്‍ വച്ചിരുന്നത് കണ്ടിരുന്നോ?”
”അതോ? അത് ഞാന്‍ എന്റെ പോക്കറ്റില്‍ വച്ചിരുന്നു. അലക്കാനുള്ളതില്‍ പെട്ടുകാണും.”
അവന്റെ ആ മറുപടിയില്‍ എനിക്ക് കരച്ചിലാണ് വന്നത്. അത്യധികം സ്‌നേഹത്തോടെയും പ്രതീക്ഷയോടെയും ഞാന്‍ എഴുതിവച്ച കാര്യങ്ങള്‍ക്ക് ഇത്ര വിലയേ അവന്‍ നല്‍കുന്നുള്ളൂ എന്ന് ചിന്തിച്ച നിമിഷത്തില്‍ വിശുദ്ധ ബൈബിള്‍ എന്റെ മുമ്പില്‍ തെളിഞ്ഞു. ഒരുപാട് സ്‌നേഹത്തോടെയും പ്രതീക്ഷയോടെയും ദൈവം തന്റെ മക്കള്‍ക്കായി എഴുതിയ വിശുദ്ധ ഗ്രന്ഥത്തിലെ ആ വരികള്‍ക്ക് ‘ഈ ഞാന്‍’ എത്ര പ്രാധാന്യം നല്‍കുന്നുണ്ട്? ദൈവം നമ്മോട് സംസാരിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിലൂടെയാണെന്ന് പലതവണ കേട്ട് തഴമ്പിച്ച എനിക്ക് ദൈവസ്‌നേഹ ബോധ്യത്തോടെ വിശുദ്ധഗ്രന്ഥം കയ്യിലെടുക്കാനും, വായിക്കുവാനും, അതിലൂടെ ദൈവത്തിന്റെ സ്വരം ശ്രവിക്കാനും കടമയില്ലേ?

ഓ! പരിശുദ്ധാത്മാവേ! ദൈവസ്‌നേഹം അനുഭവിച്ചുകൊണ്ട് വിശുദ്ധ ഗ്രന്ഥത്തിലെ ദൈവസ്വരത്തിനായി കാതോര്‍ക്കാനും, ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ദൈവമക്കളായ ഞങ്ങളെ ഓരോരുത്തരെയും അങ്ങ് സഹായിക്കണമേ.

ലിന്റി ജെ. ഊക്കന്‍