പ്ലസ് ടു കഴിഞ്ഞ് പുതിയ കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് ശ്രമിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്ന ഒരു ആഗ്രഹം, ചെല്ലുന്ന ക്യാമ്പസില്‍ ഈശോയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു. എനിക്കുമുന്‍പേ കോളേജില്‍ പഠിക്കാന്‍ പോയ ചേട്ടന്‍ വീട്ടില്‍ വരുമ്പോള്‍ ജീസസ് യൂത്തില്‍ ചേര്‍ന്നതിനെക്കുറിച്ചും അവിടത്തെ പരിപാടികളെക്കുറിച്ചുമൊക്കെ പറയുന്നതുകേട്ടപ്പോഴാണ് എനിക്കും അങ്ങനെ എന്തെങ്കിലുമൊക്കെ ഈശോയ്ക്ക് വേണ്ടി ചെയ്യണമെന്ന ആഗ്രഹമുണ്ടായത്.
അങ്ങനെ ഞാന്‍ പഠിക്കാനായി മലബാറിലുള്ള ഒരു കോളേജില്‍ എത്തി. അവിടെ ചെന്നപ്പോള്‍ ഈ ആഗ്രഹമൊക്കെ മെല്ലെമെല്ലെ പോയിത്തുടങ്ങി. പ്രാര്‍ത്ഥനയൊക്കെ നിന്നുപോയി. പള്ളിയില്‍ ഞായറാഴ്ചമാത്രം പോകും, അതും അല്പം വൈകി എത്തുന്നവിധത്തില്‍. അങ്ങനെ എല്ലാം താറുമാറായി. മറ്റ് പരാജയങ്ങള്‍ വേറെയും.
ഇടയ്ക്കുവച്ച് ഒരു ദൈവാനുഭവമുണ്ടായി. അതിനുശേഷം പ്രാര്‍ത്ഥനയും പള്ളിയുമൊക്കെ ഗൗരവത്തിലെടുത്തു. ജീസസ് യൂത്തിന്റെ ഒരു പ്രോഗ്രാമിനുശേഷം എന്റെ ഒപ്പമുള്ള കൂട്ടുകാരെയും കൂട്ടി ഒരു പ്രെയര്‍ ഗ്രൂപ്പ് ഉണ്ടാക്കണമെന്ന ആഗ്രഹം ശക്തമായി. അങ്ങനെ ഞാന്‍ ക്യാമ്പസില്‍ തിരിച്ചെത്തി ശ്രമമാരംഭിച്ചു. എല്ലാ ആഴ്ചയിലും അരമണിക്കൂര്‍ മുടങ്ങാതെ പ്രെയര്‍ഗ്രൂപ്പ് വേണമെന്ന് പറഞ്ഞ് അന്നുതന്നെ ഒരു ദിവസമൊക്കെ തീരുമാനിച്ച് ഗ്രൂപ്പ് കൂടാന്‍ ഞങ്ങള്‍ ഒരുങ്ങി. ഏഴ് പേരോടാണ് ഇക്കാര്യം പറഞ്ഞൊത്തത്.
വലിയ ആവേശത്തോടെ പ്രെയര്‍ ഗ്രൂപ്പിനായി ആദ്യദിവസം പോയി. പക്ഷേ ആകെ ഞാന്‍ മാത്രമേ അന്ന് എത്തിയുള്ളൂ. പക്ഷേ ഞാന്‍ പിന്നോട്ട് പോയില്ല. മൂന്ന് മാസത്തോളം ഒറ്റയ്ക്കുതന്നെ തുടര്‍ന്നു. വരുമെന്ന് പ്രതീക്ഷിച്ച് മറ്റ് ഏഴുപേര്‍ക്കായി ഇട്ട കാലിയായ ഏഴ് കസേരകളുമായി മുടങ്ങാതെ ഒറ്റയ്‌ക്കൊരു പ്രെയര്‍ ‘ഗ്രൂപ്പ്!’ കണ്ടവര്‍ക്കും കേട്ടവര്‍ക്കും ഇത് തമാശയായി മാറി. പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ വന്നിരുന്ന അമ്മച്ചിമാര്‍ക്ക് സഹതാപം തോന്നി കാലിയായ കസേരകളില്‍ വന്നിരുന്ന് എന്നെ പിന്തുണയ്ക്കാന്‍വരെ തുടങ്ങി.
അങ്ങനെ കോഴ്‌സ് കഴിഞ്ഞു. ഒരാളെപ്പോലും പകരം കണ്ടെത്താനാകാതെയും ഒരാളെപ്പോലും പ്രെയര്‍ ഗ്രൂപ്പില്‍ ചേര്‍ക്കാനാകാതെയും വെറും ഒരു തോല്‍വിയായി അക്കാര്യം അവിടെ അവസാനിച്ചു.
പിന്നീട് നടന്നതെന്താണെന്നോ? ഞാന്‍ ജോലി കിട്ടി അവിടെനിന്നും മാറിപ്പോയി. ജോലിചെയ്യുന്ന സ്ഥാപനത്തോട് ചേര്‍ന്ന് ഇതുപോലെതന്നെ മറ്റൊരു പ്രെയര്‍ ഗ്രൂപ്പ് ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് ഒരുക്കുകയായി. ആദ്യ ആഴ്ചയില്‍ നടന്ന ആദ്യത്തെ പ്രെയര്‍ ഗ്രൂപ്പിലേക്ക് കര്‍ത്താവ് കൊണ്ടുവന്നത് എത്ര പേരെയാണെന്നറിയാമോ? കൃത്യം ഏഴുപേരെ. ”ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാന്‍ ഞാന്‍ ത്രോവാസില്‍ ചെന്നപ്പോള്‍ കര്‍ത്താവില്‍ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു” (2 കോറിന്തോസ് 2/12). അന്ന് പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വിതുമ്പിവിതുമ്പി കരയുകയായിരുന്നു. കഴിഞ്ഞ നാളുകളില്‍ നടന്നതെല്ലാം കര്‍ത്താവ് കണ്ടിരുന്നല്ലോ എന്നോര്‍ത്തായിരുന്നു പ്രധാനമായും കരഞ്ഞത്.
പഠനത്തിനും ജോലിക്കുമായി പല മേഖലകളില്‍ ഉള്ളവരാണ് നാം. അല്ലെങ്കില്‍ അതിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നവരാകും. നമ്മള്‍ എവിടെയാണോ, അവിടെ കര്‍ത്താവിനുവേണ്ടി എന്തെങ്കിലും ചെയ്യണം. സാഹചര്യം അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വചനം പങ്കുവയ്ക്കണം. രണ്ടാമതായി, കാര്യം ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, വിജയത്തെക്കാള്‍ ഉപരിയായി കര്‍ത്താവ് പരിശോധിച്ചുനോക്കുന്നത് നമ്മുടെ ആത്മാര്‍ത്ഥതയും വിശ്വസ്തതയുമാണ്. നാണംകെടാന്‍, കഷ്ടപ്പെടാന്‍, എളിമപ്പെടാന്‍ അവസരം അവിടുന്ന് ഒരുക്കും.
ഓര്‍ക്കുക, വിജയമല്ല പ്രധാനപ്പെട്ടത് – വിശ്വസ്തതയാണ് പ്രധാനപ്പെട്ടത്. വിശുദ്ധ മദര്‍ തെരേസ ഇങ്ങനെ പറഞ്ഞുവയ്ക്കുന്നുണ്ട്, ”വിജയി ആകാനല്ല, വിശ്വസ്തനാവാനാണ് ദൈവം നമ്മെ വിളിക്കുന്നത്.”
”ലഭിച്ചത് സര്‍വ്വപ്രധാനമായി കരുതി നേടിയെടുത്തവ മുറുകെപ്പിടിച്ച് മുന്‍പോട്ട് പോവുക. എന്റെ മകനേ നീ യേശുക്രിസ്തുവിന്റെ കൃപാവരത്തില്‍നിന്നു ശക്തി സ്വീകരിക്കുക. അനേകം സാക്ഷികളുടെ മുമ്പില്‍വച്ചു നീ എന്നില്‍നിന്നു കേട്ടവ, മറ്റുള്ളവരെക്കൂടി പഠിപ്പിക്കാന്‍ കഴിവുള്ള വിശ്വസ്തരായ ആളുകള്‍ക്കു പകര്‍ന്നുകൊടുക്കുക. യേശുക്രിസ്തുവിന്റെ നല്ല പടയാളിയെപ്പോലെ കഷ്ടപ്പാടുകള്‍ സഹിക്കുക”’
(2 തിമോത്തേയോസ് 2/1-3).
ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM