പരിശുദ്ധ ത്രിത്വത്തില്‍ നിശ്ചലമായ ഭക്തി – Shalom Times Shalom Times |
Welcome to Shalom Times

പരിശുദ്ധ ത്രിത്വത്തില്‍ നിശ്ചലമായ ഭക്തി

ദിവ്യസ്‌നേഹത്തിന്റെ മൂലസ്രോതസായ പരിശുദ്ധ ത്രിത്വം – പിതാവും പുത്രനും പരിശുദ്ധാത്മാവും – ഇത് ഒരു മതപരമായ സിദ്ധാന്തമല്ല, മറിച്ച് ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയസ്പന്ദനമാണ്. ഹൃദയതാളമാണ്. ഈ ദിവ്യസംഗമം മനുഷ്യന്റെ ഹൃദയത്തില്‍ പതിയുമ്പോള്‍, അത് ആ ആത്മാവിനെ ദൈവത്താല്‍ നിറയുന്ന ഒരു ഉപാസനാകേന്ദ്രമാക്കി മാറ്റുന്നു. ആത്മാവില്‍ ജീവിച്ചുകൊണ്ട് കഴിയുന്ന ഒരു ദിവ്യാനുഭവം. ഇത്തരം ദൈവിക അനുഭവങ്ങളുടെ ഉജ്വലമായ ഒരു ദീപശിഖയാണ് മോണ്‍. സി.ജെ. വര്‍ക്കിയച്ചന്‍. അദ്ദേഹത്തിന്റെ ജീവിതം – ദിവ്യകാരുണ്യത്തില്‍നിന്നുള്ള മൗനധ്യാനംപോലെ – പരിശുദ്ധ ത്രിത്വത്തില്‍ ആഴമായി അലിഞ്ഞുചേര്‍ന്നിരുന്നു.

പിതാവില്‍നിന്നാണ് സൃഷ്ടി, പുത്രനിലൂടെയാണ് രക്ഷ, പരിശുദ്ധാത്മാവിലൂടെയാണ് വിശുദ്ധീകരണം (1 കോറിന്തോസ് 8/6). ഈ വചനം അദ്ദേഹത്തിന്റെ ആത്മീയ സന്ദേശത്തിന്റെയും ജീവിതവഴിയുടെയും ആധാരശിലയായിരുന്നു. ഇവയൊക്കെയും നമ്മെ ദൈവികമായ സൗന്ദര്യത്തിലേക്ക് ആകര്‍ഷിക്കുന്നു. ഈ ത്രിത്വത്തില്‍ ഭക്തി ചൊരിയുമ്പോള്‍, ഓരോ വിശ്വാസിയും അവരുടെ ആത്മീയജീവിതത്തില്‍ ഒരു ദിവ്യശാന്തിയും ആനന്ദവും അനുഭവിക്കുന്നു.

മോണ്‍. സി.ജെ. വര്‍ക്കിയച്ചന് പിതാവിന്റെ സാന്നിധ്യം ഒരു സുരക്ഷിതമായ അഭയംപോലെ അനുഭവപ്പെട്ടിരുന്നു. ഓരോ പ്രഭാത പ്രാര്‍ത്ഥനയിലും നീണ്ട ധ്യാനസമയങ്ങളിലും കരുണാപൂര്‍ണമായ സേവനപ്രവര്‍ത്തനങ്ങളിലും ദൈവത്തെ അദ്ദേഹം ഒരു കനിവുള്ള പിതാവായി നേരിട്ട് അനുഭവിച്ചു. അനാഥര്‍ക്കും പരിത്യക്തരായവര്‍ക്കുംവേണ്ടി നടത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, മനുഷ്യഹൃദയത്തില്‍ സ്‌നേഹത്തിന്റെ മുഖമായി പിതാവിനെ പകര്‍ത്തിയിരിക്കുന്നു. ”നിന്റെ നാമം വിശുദ്ധീകരിക്കപ്പെടുമാറാകട്ടെ” (മത്തായി 6/9). അദ്ദേഹത്തിന്റെ ഓരോ പരിശുദ്ധ കര്‍മത്തിന്റെയും സ്‌നേഹപൂര്‍ണമായ തുടക്കം ഇവിടെയാണ്.

ക്രിസ്തുവില്‍നിന്നായിരുന്നു അദ്ദേഹത്തിന് പ്രചോദനവും ശക്തിയും ദാര്‍ശനികതയും. കുരിശിന്റെ വഴിയില്‍ ക്രിസ്തുവിനൊപ്പംചേര്‍ന്ന് നിരവധി തവണ മോണ്‍. സി.ജെ. വര്‍ക്കി തന്റെ ജീവിതയാത്ര നടത്തി. ദുഃഖിക്കുന്നവരുടെ മുഖത്ത് ക്രിസ്തുവിന്റെ മുഖം കണ്ടു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം, അജപാലന പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ കരുണയും സ്‌നേഹവും വിശ്വാസികളിലേക്കെത്തിച്ചത്.

ക്രിസ്തുവിന്റെ മുഖം കാണാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം – ദുഃഖിതരിലും രോഗികളിലും ഒറ്റപ്പെട്ടവരിലും കുരിശിന്റെ വഴി അദ്ദേഹത്തിന്റെ ജീവിതമാര്‍ഗമായിരുന്നു. ക്രിസ്തുവിന്റെ കര്‍മവും വാക്കുകളും അദ്ദേഹത്തിന്റെ ദൈനംദിന പ്രതിബദ്ധതയുടെയും ധ്യാനത്തിന്റെയും ഊര്‍ജമായിരുന്നു.
”ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു” (യോഹ. 14:6). ഈ വചനം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ അനുനാദിക്കുന്ന ദൈവികരാഗമായിരുന്നു. വചനപ്രഘോഷണത്തിലൂടെയും പാസ്റ്ററല്‍ ശുശ്രൂഷയിലൂടെയും സ്പിരിച്വല്‍ ഷെയറിംഗിലൂടെയും അദ്ദേഹം തന്റെ ജീവിതത്തില്‍ ക്രിസ്തുവിന്റെ കരുണയെ തെളിയിച്ചു. വിശ്വാസികളില്‍ ആത്മീയ ഉണര്‍വ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിയുകയുണ്ടായി.

പരിശുദ്ധാത്മാവിന്റെ ശാന്തസാന്നിധ്യമാണ്, അദ്ദേഹത്തില്‍ ആത്മാവ് നിറഞ്ഞിരുന്നതിന്റെ രഹസ്യം. സന്ധ്യാസമയത്തില്‍ കനിവോടെ പതിയുന്ന തിരിപോലെ, അദ്ദേഹം പരിശുദ്ധാത്മാവിന്റെ വിവേകത്തില്‍ തന്റെ വഴികളൊരുക്കിയിരുന്നു. ആരാധനകളില്‍, പ്രതീക്ഷകളില്‍, പ്രതിസന്ധികളില്‍പോലും പരിശുദ്ധാത്മാവിന്റെ ശബ്ദം കേള്‍ക്കാന്‍ അദ്ദേഹം പഠിച്ചു. ”സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്ക് നയിക്കും” (യോഹന്നാന്‍ 16/13). ഈ വചനത്തിന്റെ മൃദുശബ്ദം അദ്ദേഹത്തിന്റെ ജീവിതമാകെ നിറഞ്ഞിരുന്നു. ഗലാത്ത്യര്‍ 5/22 -ല്‍ പറയുന്ന ആത്മാവിന്റെ ഫലങ്ങള്‍ – സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, നന്മ, വിശ്വാസം, വിനയം, സ്വയംനിയന്ത്രണം – എല്ലാം അദ്ദേഹത്തിന്റെ ഭാവങ്ങളിലും പ്രവര്‍ത്തനങ്ങളിലും തിളങ്ങുകയും ചെയ്തിരുന്നു.

മോണ്‍. സി.ജെ. വര്‍ക്കിയച്ചന്റെ ജീവിതം പരിശുദ്ധ ത്രിത്വത്തിലേക്ക് ഉയരുന്ന ഒരു ആത്മീയ സഞ്ചാരമാണ്. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ജ്വലിച്ച ദൈവസ്‌നേഹത്തിന്റെ തീ, ഇന്നും അനേകരുടെ വിശ്വാസത്തില്‍ വെളിച്ചമായി തിളങ്ങുന്നു. ദൈവത്തെ സ്‌നേഹിക്കുകയും അതിനുവേണ്ടി പൂര്‍ണമായി ജീവിക്കുകയും ചെയ്യുന്നവന്‍ ആകുമ്പോള്‍ മനുഷ്യന്‍ ദിവ്യമായി മാറുന്നു- അതിന്റെ സാക്ഷ്യമാണ് മോണ്‍. സി.ജെ. വര്‍ക്കി.
പരിശുദ്ധ ത്രിത്വം ഒരു അനുഷ്ഠാനമല്ല, മറിച്ച് ജീവിച്ചുള്ള അനുഭവമാണ്. ദൈവത്തെ പിതാവായി വിളിക്കുന്നതും പുത്രനായി ആരാധിക്കുന്നതും ആത്മാവായി പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതും ഓരോ ദിവസവും വിശ്വാസത്തിന്റെ അതിര്‍വരമ്പുകള്‍ വീണ്ടും പുനര്‍വ്യാഖ്യാനിക്കുന്നു. പരിശുദ്ധ ശുദ്ധ ത്രിത്വത്തില്‍ വിശ്വാസംവച്ച ഓരോ ആത്മാവും ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയില്‍ ഒരു അനുഗ്രഹമായി മാറുന്നു. നമ്മുടെ ജീവിതം പരിശുദ്ധതയുടെ പ്രതിഫലനമാകുന്നു. നാം പിതാവിന്റെ മക്കളായി, പുത്രന്റെ സഹയാത്രികരായി, ആത്മാവിന്റെ വാസസ്ഥലമായി, ദൈവരാജ്യത്തിന്റെ സാക്ഷികളായി മാറുന്നു.

പരിശുദ്ധ ത്രിത്വത്തിലേക്ക് നീങ്ങി ചിന്തിക്കുക. ഒരു വൃക്ഷംപോലെ – പിതാവ് തണ്ട്, പുത്രന്‍ പച്ചില, ആത്മാവ് പൂവിന്റെ ഗന്ധം. അതില്‍ മുഴുകുമ്പോള്‍, നമ്മുടെ ജീവിതം ദൈവത്തോടൊപ്പം സംവദിക്കുന്ന ഒരു അഗാധാനുഭവമാകുന്നു. അതാണ് പരിശുദ്ധ ത്രിത്വത്തോടുള്ള ഭക്തിയുടെ ഗൗരവം. അതിന്റെ കാവ്യാത്മകത. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന ഇങ്ങനെ മധുരമായി പ്രതിധ്വനിക്കുന്നു: ”ദിവ്യത്രിത്വമേ, എന്റെ ഹൃദയം നിങ്ങളെ മാത്രം ധ്യാനിക്കട്ടെ. എന്നിലൂടെ നിങ്ങള്‍ എന്നില്‍ തെളിയട്ടെ.” ഈ വാക്കുകള്‍, മൗനത്തിലെ ഒരു സംഗീതംപോലെ, ഇന്നും വിശ്വാസികളുടെ ഹൃദയത്തില്‍ മന്ത്രിക്കുന്നു.
മോണ്‍. സി.ജെ. വര്‍ക്കിയച്ചന്റെ മാധ്യസ്ഥത്തിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെ സ്‌നേഹം നമുക്കും ആസ്വദിക്കാം.

സിസ്റ്റര്‍ ഡോ. റോസ് വരകില്‍ എംഎസ്എംഐ
ജനറല്‍ കൗണ്‍സിലര്‍