മക്കളെ ഈശോയുടെ ചങ്ക് ഫ്രണ്ട്‌സ് ആക്കണോ..? – Shalom Times Shalom Times |
Welcome to Shalom Times

മക്കളെ ഈശോയുടെ ചങ്ക് ഫ്രണ്ട്‌സ് ആക്കണോ..?

ആറ് മക്കളുടെ അമ്മയാണ് ഞാന്‍. എല്ലാ മാതാപിതാക്കളെയുംപോലെതന്നെ എന്റെ മക്കള്‍ ആത്മീയമായി വളരണമെന്ന് ഞാനും ആഗ്രഹിച്ചു. അവര്‍ ഭൂമിയുടെ ഉപ്പും ലോകത്തിന് വെളിച്ചവും ക്രിസ്തുവിന്റെ പരിമളവുമാകണം… അവരെല്ലാവരും വിശുദ്ധരാകണം. എന്റെ ഏറ്റവും വലിയ ആഗ്രഹം ”ഞാനും എന്റെ കുടുംബവും കര്‍ത്താവിനെ സേവിക്കും” (ജോഷ്വാ 24/15).

മാതാപിതാക്കളെന്ന നിലയില്‍ അവരെ ദൈവഭയത്തില്‍ വളര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ഞാനും ഭര്‍ത്താവും ചെയ്തു. അവരെ ദൈവവചനം പഠിപ്പിച്ചു, ധ്യാനങ്ങളില്‍ പങ്കെടുക്കാന്‍ അയച്ചു, അനുദിനം അവര്‍ക്കൊപ്പം ദിവ്യബലിക്ക് പോയി, കുടുംബപ്രാര്‍ത്ഥന മുടങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചു, വിശുദ്ധരുടെ ജീവിതകഥകള്‍ പറഞ്ഞുകൊടുത്തു, അങ്ങനെയങ്ങനെ സാധിക്കുന്നതെല്ലാം ചെയ്തു.
കുഞ്ഞായിരുന്നപ്പോള്‍ അവര്‍ നന്നായി സഹകരിക്കുമായിരുന്നു, ഞങ്ങള്‍ പറയുന്നതെല്ലാം ചെയ്യുമായിരുന്നു. പക്ഷേ വലുതാവുംതോറും അവരുടെ ഇഷ്ടങ്ങളും അവരുടെ തെരഞ്ഞെടുപ്പുകളും മാറാന്‍ തുടങ്ങി. ആത്മീയ കാര്യങ്ങളില്‍ വലിയ താത്പര്യമില്ലാതായി.

അവര്‍ ഞങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാതായപ്പോള്‍, പ്രാര്‍ത്ഥനയില്‍ താത്പര്യമില്ലാതായപ്പോള്‍, എനിക്ക് മടുപ്പ് തോന്നി, അവരോട് അസ്വസ്ഥത തോന്നി. ഞാന്‍ എപ്പോഴും പരാതിപ്പെടുന്ന അമ്മയായി. അവരെന്ത് ചെയ്താലും സന്തുഷ്ടയാകാത്ത, കൂടുതല്‍ സമയവും അവരെ വിമര്‍ശിക്കുന്ന അമ്മയായി ഞാന്‍ മാറി.
മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ച യജമാനനായിട്ടാണ് എനിക്ക് എന്നെക്കുറിച്ചുതന്നെ തോന്നിയത്. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും മുന്തിരിയില്‍നിന്ന് കാട്ടുമുന്തിരിപ്പഴംമാത്രമാണ് കിട്ടിയത്.

യജമാനന്‍ ചോദിക്കുന്നു, ”ഞാന്‍ ചെയ്തതിലേറെ എന്താണ് ചെയ്യേണ്ടിയിരുന്നത്?” (ഏശയ്യാ 5/4). ഈ ചോദ്യവുമായി ഞാന്‍ കര്‍ത്താവിനെ സമീപിച്ചു. ”കര്‍ത്താവേ, ഇനിയും ഞാനെന്താണ് ചെയ്യേണ്ടത്?” അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു. ആ കരച്ചിലിനിടെ ചോദിച്ചു, ”കുട്ടികളെ വളര്‍ത്തുന്നതില്‍ എവിടെയാണ് ഞങ്ങള്‍ക്ക് തെറ്റുപറ്റിയത്?” കര്‍ത്താവ് എന്നെ നയിക്കാന്‍ തുടങ്ങി.

ധൂര്‍ത്തപുത്രന്റെ പിതാവിനെയാണ് കാണിച്ചുതന്നത്. അവിടുന്ന് പറഞ്ഞു, ”ഈ പിതാവില്‍നിന്ന് പഠിക്കുക. എത്ര സ്‌നേഹത്തോടും ക്ഷമയോടുംകൂടിയാണ് മകന്‍ വരാനായി അദ്ദേഹം കാത്തിരുന്നത്.”
അവിടുന്ന് തുടര്‍ന്നു, ”ഇങ്ങനെയാണ് എന്റെ ഹൃദയം. എന്നെ അനുകരിക്കുക.”
ആ സമയംമുതല്‍ ഞാനും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, ”ഈശോയേ എന്റെ ഹൃദയം അങ്ങേ ഹൃദയംപോലെയാക്കണേ; സ്‌നേഹവും അലിവും നിറഞ്ഞ ഹൃദയം.”
സ്‌നേഹത്തില്‍ വളരാന്‍ എന്നെത്തന്നെ എന്തുമാത്രം എളിമപ്പെടുത്തണമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മക്കളുടെ മാറ്റത്തിനുവേണ്ടി എന്തുമാത്രം ഞാന്‍ പ്രാര്‍ത്ഥിച്ചോ, അത്രമാത്രം എന്റെ കുറവുകള്‍ അവിടുന്ന് വെളിപ്പെടുത്തിത്തരാന്‍ തുടങ്ങി.

തുടര്‍ന്ന് അവിടുന്ന് എനിക്കൊരു വചനം നല്കി, ”അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു”(യോഹന്നാന്‍ 17/19). മക്കള്‍ക്കായി എന്താണ് ഇനിയും ചെയ്യേണ്ടതെന്ന് എനിക്ക് കൃത്യമായി മനസിലായി. അവരുടെ കുറവുകളില്‍നിന്ന് എന്റെ കുറവുകളിലേക്ക് എന്റെ ശ്രദ്ധ മാറി. ഈ മാറ്റം കൂടുതല്‍ അലിവ് കാണിക്കാനും ക്ഷമ പുലര്‍ത്താനും അവരില്‍നിന്ന് അമിതമായി പ്രതീക്ഷിക്കാതിരിക്കാനും എന്നെ സഹായിച്ചു.

എങ്കിലും ഇപ്പോഴും, ചില സമയങ്ങളില്‍ പ്രത്യാശ നഷ്ടപ്പെടാറുണ്ട്, ഞങ്ങള്‍ വിചാരിക്കുന്നതുപോലെയൊന്നും അവര്‍ ചെയ്യാതാകുമ്പോള്‍ അസ്വസ്ഥയാകാറുണ്ട്. അതിന് പരിഹാരം ഈശോ ഒരു വചനത്തിലൂടെയാണ് നിര്‍ദേശിച്ചത്, ഏശയ്യാ 44/3: ”വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്റെ സന്തതികളുടെമേല്‍ എന്റെ ആത്മാവും നിന്റെ മക്കളുടെമേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും.”
അതൊരു മികച്ച ആശയമാണ്. അതിനാല്‍ ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടാല്‍ അതിന്റെ ഫലമായി എന്റെ മക്കളും പരിശുദ്ധാത്മാവിനെ സ്വീകരിക്കും. ഇത് കൂടുതല്‍ എളുപ്പമുള്ളതായി തോന്നി. മക്കളില്‍ പരിശുദ്ധാത്മാവ് നിറയാന്‍ പ്രാര്‍ത്ഥിക്കുന്നതിനെക്കാളേറെ എന്നില്‍ ആത്മനിറവിനായി പ്രാര്‍ത്ഥിക്കുക. മക്കളില്‍ ആത്മാഭിഷേകത്തിനായി ഇത് എന്റെ സൂത്രവാക്യമായി.

അതിനുശേഷം മക്കളില്‍ ഏറെ മാറ്റം കണ്ടു. എങ്കിലും ഈ സൂത്രവാക്യം വിജയകരമാകാത്ത സമയങ്ങളുണ്ട്. അപ്പോഴെല്ലാം ഏശയ്യാ 54/13 തിരുവചനപ്രകാരം ഞാന്‍ അവിടുന്നില്‍ ശരണപ്പെടും, ”കര്‍ത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും, അവര്‍ ശ്രേയസാര്‍ജിക്കും.”
ഒരിക്കല്‍ മക്കള്‍ക്കായി ഒന്നാം സങ്കീര്‍ത്തനം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു…
”… നീര്‍ച്ചാലിനരികെ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണ് അവന്‍; അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു…”
എങ്കിലും എനിക്കൊരു സംശയം വന്നു, എന്റെ മക്കള്‍ നീര്‍ച്ചാലിനരികെ നട്ട വൃക്ഷങ്ങളാണോ, ജീവജലത്തിന്റെ ഉറവയായ അങ്ങയുടെ അരികില്‍ വരുന്നില്ലെങ്കില്‍ അവരെങ്ങനെയാണ് ഫലം ചൂടുക?….
ഉത്തരമായി എന്റെ ഹൃദയത്തില്‍ ഒരു സ്വരം കേട്ടു, ”നിനക്ക് എന്തുകൊണ്ട് ആ നീര്‍ച്ചാലായിക്കൂടാ?”

എസെക്കിയേല്‍ 47 പറയുന്നു, ”നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങള്‍ പറ്റം ചേര്‍ന്ന് ജീവിക്കും. അവിടെ ധാരാളം മത്സ്യങ്ങളും ഉണ്ടായിരിക്കും. കാരണം, കടലിലെ വെള്ളം ശുദ്ധീകരിക്കുന്നതിനാണ് നദി അങ്ങോട്ട് ഒഴുകുന്നത്. അങ്ങനെ നദി ഒഴുകുന്നിടത്തെല്ലാം ജീവന്‍ നിറഞ്ഞുനില്ക്കും… നദിയുടെ ഇരുകരകളിലും എല്ലാത്തരം ഫലവൃക്ഷങ്ങളും വളരും. അവയുടെ ഇലകള്‍ വാടിക്കൊഴിയുകയോ അവ ഫലം നല്കാതിരിക്കുകയോ ഇല്ല. അവയ്ക്കുവേണ്ട ജലം വിശുദ്ധസ്ഥലത്തുനിന്ന് ഒഴുകുന്നതുകൊണ്ട് മാസംതോറും പുത്തന്‍ഫലം പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകള്‍ രോഗശമനത്തിനും ഉപകരിക്കുന്നു.”
നമുക്കും ആ നദിപോലെയായി മാറാം. അതുവഴി നമ്മുടെ മക്കള്‍ നദീതീരത്ത് നില്ക്കുന്ന ഇലകൊഴിയാത്തതും യഥാകാലം ഫലം നല്കുന്നതുമായ വൃക്ഷംപോലെ വളരട്ടെ, എല്ലാ മാസവും നല്ല ഫലങ്ങള്‍ നല്കുന്ന വൃക്ഷംപോലെയാകട്ടെ.

നമുക്ക് പ്രാര്‍ത്ഥിക്കാം, കര്‍ത്താവേ, എന്റെ മക്കള്‍ എവിടെയായിരുന്നാലും അവരിലേക്ക് ഒഴുകുന്ന ആ നീര്‍ച്ചാലായി മാറ്റണമേ. അങ്ങനെ അവരെപ്പോഴും നീര്‍ച്ചാലിനരികെ നില്ക്കുന്ന വൃക്ഷങ്ങളായി മാറട്ടെ.
നീര്‍ച്ചാലായി മാറിയ, കൃപനിറഞ്ഞ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യവും നമുക്ക് ചോദിക്കാം. അമ്മയുടെ സാന്നിധ്യത്താല്‍ എലിസബത്ത്മാത്രമല്ല ഉദരത്തിലായിരുന്ന കുഞ്ഞും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. അമ്മയ്‌ക്കൊപ്പം നമുക്ക് സഞ്ചരിക്കാം, അതുവഴി നാംമാത്രമല്ല നമ്മുടെ മക്കളും പരിശുദ്ധാത്മാവിനാല്‍ നിറയും.

ഷെര്‍ലി ജോസി