പ്രശ്‌നകാരണം നീക്കിക്കളയാം! – Shalom Times Shalom Times |
Welcome to Shalom Times

പ്രശ്‌നകാരണം നീക്കിക്കളയാം!

ഒരു ഏകദിന ധ്യാനത്തില്‍ ദൈവവചനം പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് ഹൃദയത്തിന്റെ ഉള്ളില്‍നിന്ന് ഒരു ശബ്ദം പുറത്തേക്ക് വരുന്നത്. ജനത്തോട് പരിശുദ്ധാത്മാവ് ശക്തമായി സംസാരിക്കുന്ന ഒരു അനുഭവം: ”നമ്മുടെ ഓരോരുത്തരുടെയും ദുഃഖത്തിന്റെയും പരാജയത്തിന്റെയും നിരാശയുടെയും കാരണം ജോലിയില്ലാത്തതല്ല, സമ്പത്ത് ഇല്ലാത്തതല്ല, കുടുംബ പ്രതിസന്ധികള്‍ അല്ല, പരിശുദ്ധാത്മാഭിഷേകത്തിന്റെ കുറവാണ്!”

ഈ വാക്കുകള്‍ ഞാന്‍പോലും അറിയാതെ എന്നില്‍നിന്ന് വന്നതാണ്. ആ സമയത്ത് എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനുശേഷം ഒരു പുതിയ ഉണര്‍വ് ആ സമൂഹത്തില്‍ വ്യാപരിക്കുന്നത് കണ്ടു. വീട്ടില്‍ എത്തിയപ്പോള്‍ ആത്മാവ് നല്‍കിയ ആ സ്വര്‍ഗീയദൂത് ഞാന്‍ ധ്യാനിച്ചു. പരിശുദ്ധാത്മാഭിഷേകത്തിന്റെ കുറവാണ്
ദുഃഖത്തിന്റെയും പരാജയത്തിന്റെയും കാരണം.

പരിശുദ്ധാത്മാഭിഷേകത്തിന്റെ നിറവാണ് ആനന്ദത്തിന്റെയും സമാധാനത്തിന്റെയും വിജയത്തിന്റെയും കാരണം. തുടര്‍ന്ന് പരിശുദ്ധാത്മാവ് എന്നെ ഒരു വചനത്തിലേക്ക് നയിച്ചു. അപ്പോസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ 13-ാം അധ്യായത്തില്‍ അന്ത്യോഖ്യയില്‍ സുവിശേഷം പ്രസംഗിച്ച പൗലോസിനെതിരെയും ശിഷ്യര്‍ക്കെതിരെയും യഹൂദര്‍ പീഡനം ഇളക്കി വിട്ടു. അവരെ ആ നാട്ടില്‍ നിന്ന് പുറത്താക്കി. വചനം പറയുന്നു..
അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 13/51,52- ”അവര്‍ തങ്ങളുടെ പാദങ്ങളിലെ പൊടി അവര്‍ക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്ക് പോയി. ശിഷ്യന്മാര്‍ ആനന്ദത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവരായി.” പീഡനത്തിന്റെയും ഞെരുക്കത്തിന്റെയും മധ്യേ പൗലോസും കൂട്ടുകാരും ആനന്ദത്താല്‍ നിറഞ്ഞു, കാരണം യഥാര്‍ത്ഥ ആനന്ദത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവ് അവരില്‍ നിറഞ്ഞു നിന്നിരുന്നു.

അല്പനാള്‍മുമ്പ് ഒരു ദൈവാലയത്തില്‍ വചനശുശ്രൂഷ തുടങ്ങുന്നതിന് ഒരുങ്ങുന്ന സമയം. കൂട്ടുകാരന്‍ എന്റെ അടുത്തേക്ക് ദുഃഖത്തിലും നിരാശയിലും നിറഞ്ഞ ഒരു സഹോദരിയെ കൊണ്ടുവരികയാണ്. ജറുസലേമില്‍നിന്ന് എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരെ കുറിച്ച് വചനം പറയുന്നുണ്ടല്ലോ- ”അവര്‍ മ്ലാനവദനരായി നിന്നു” (ലൂക്കാ 24/17).
അതായിരുന്നു ആ സഹോദരിയുടെയും അവസ്ഥ. പ്രത്യാശയുടെയും വിശ്വാസത്തിന്റെയും ഒരു തരി വെട്ടം പോലും ആ മുഖഭാവങ്ങളില്‍ ഇല്ല. അവര്‍ തന്റെ വേദനകള്‍ പങ്കുവച്ചു, വീട്ടില്‍ ഒരു സമാധാനവുമില്ല, രണ്ടു മക്കളും മദ്യപാനികളാണ്, ഒരു ദിവസംപോലും കരയാതെ ഉറങ്ങിയിട്ടില്ല. ഞാന്‍ പരിശുദ്ധാത്മാവിനോട് ആലോചന ചോദിച്ചു, ‘എന്ത് പ്രാര്‍ത്ഥനയാണ് അല്ലെങ്കില്‍ ഏത് വചനമാണ് ഇവര്‍ക്ക് നല്‍കേണ്ടത്?’ ആത്മാവ് നല്കിയ ചിന്ത ഇതായിരുന്നു, ”ഇവര്‍ക്ക് വേണ്ടത് പ്രത്യേകമായ ഒരു പ്രാര്‍ത്ഥന രീതി അല്ല, എന്നെത്തന്നെയാണ്.”

അതിനാല്‍ ഞാന്‍ ആ സഹോദരിയോട് പറഞ്ഞു, ”വിശ്വാസത്തോടെ, ദാഹത്തോടെ, ശുശ്രൂഷയില്‍ പങ്കെടുക്കുക. വചനം കേട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ കര്‍ത്താവിന്റെ ആത്മാവ് സഹോദരിയെ സ്പര്‍ശിക്കും.”
വലിയ ആത്മനിറവോടെ ശുശ്രൂഷയില്‍ ആ സഹോദരി പങ്കെടുക്കുന്നത് ഞാന്‍ കണ്ടു. അടുത്ത മാസം ആ സഹോദരി സാക്ഷ്യം പറയാന്‍ മുന്നിലേക്ക് വന്നു. ഞാന്‍ മുഖത്തേക്ക് നോക്കി, ദൈവസാന്നിധ്യം നിറഞ്ഞ ചൈതന്യമുള്ള മുഖം. ഒരു ചെറിയ പുഞ്ചിരി മുഖത്തുണ്ട്.

ആ സഹോദരി വലിയ ആത്മനിറവോടെ ജനത്തോട് പറഞ്ഞു, ”ശുശ്രൂഷയില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഞാന്‍ ഒരു ദര്‍ശനം കണ്ടു. യേശുക്രിസ്തു ചുവന്ന ഷാള്‍ അണിഞ്ഞ് എന്റെ വീടിന്റെ ഗേറ്റ് കടന്ന് വരുന്നു. ശുശ്രൂഷക്കുശേഷം വലിയ സന്തോഷത്തോടെയാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങിപ്പോയത്. അതിനുശേഷം അല്പം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് ആണ്‍മക്കളും മദ്യപാനം നിര്‍ത്തി. അതിനുമുപരി ഞാനിപ്പോള്‍ യഥാര്‍ത്ഥ ആനന്ദവും സമാധാനവും അനുഭവിക്കുന്നു!” പരിശുദ്ധാത്മാവിന്റെ അഭിഷേകം ആ സഹോദരിയെ പിന്നീട് ഒരു ശുശ്രൂഷകയായി ഉയര്‍ത്തി.

പരിശുദ്ധാത്മ നിറവ് നമ്മിലേക്ക് അത്ഭുതങ്ങളും വിജയങ്ങളും കൊണ്ടുവരും. അതിനായി നമുക്ക് ദാഹത്തോടെ പ്രാര്‍ത്ഥിക്കാം. ”നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍” (യോഹന്നാന്‍ 20/22).

ജസ്റ്റിന്‍ പുളിക്കന്‍