എന്റെ ചെറുപ്പകാലത്താണ് ഈ സംഭവം നടന്നത്, ഏകദേശം 55 വര്‍ഷങ്ങള്‍ക്കുമുമ്പ്. എന്റെ സ്വന്തക്കാരില്‍പെട്ട ഒരു മേരിയാന്റി (അവിവാഹിത) രോഗിയായി. കടുത്ത ശാരീരിക ക്ഷീണം. തലചുറ്റല്‍, വിളര്‍ച്ച, വയറ് കാരണംകൂടാതെ വീര്‍ത്തുവീര്‍ത്തു വരുന്നു. ഞങ്ങളുടെ നാട്ടില്‍ അന്ന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയുണ്ടായിരുന്നു. ആന്റിയെ വീട്ടുകാര്‍ ആരുടെയോ നിര്‍ദേശപ്രകാരം ചീഫ് ഫിസിഷ്യനെ കാണിച്ചു. ഫിസിഷ്യന്‍ ഒരു പരിശോധനയ്ക്കുശേഷം ആന്റിയെ സര്‍ജന്റെ അടുത്തേക്കു പറഞ്ഞുവിട്ടു.
ആ സര്‍ജന്‍ ഒരു നല്ല ഡോക്ടറായിരുന്നു. തന്റെ അടുത്തുവരുന്ന രോഗികളെ പൂര്‍ണമായും സുഖപ്പെടുത്തി പറഞ്ഞയക്കുവാന്‍വേണ്ടി എന്തു ത്യാഗവും സഹിക്കുവാന്‍ സന്നദ്ധതയുള്ളവന്‍. ഡോക്ടര്‍ അന്നത്തെ കാലത്ത് നിലവിലുള്ള എല്ലാ ടെസ്റ്റുകളും നടത്തി. വിവിധതരം സ്‌കാനിംഗുകളൊന്നും അന്നില്ല. സാമാന്യം ഭേദപ്പെട്ട സാധാരണ ഹോസ്പിറ്റലുകളില്‍ എക്‌സ് റേ മാത്രം നിലവിലുണ്ട്. ഡോക്ടര്‍ എക്‌സ് റേയിലൂടെ രോഗനിര്‍ണയം നടത്തി. കിട്ടിയ റിപ്പോര്‍ട്ടനുസരിച്ച് ആന്റിയുടെ ഗര്‍ഭപാത്രത്തില്‍ വലിയൊരു ട്യൂമറുണ്ട്. അടിയന്തിരമായ ശസ്ത്രക്രിയ അനിവാര്യം.
ശസ്ത്രക്രിയ വളരെ റിസ്‌ക് നിറഞ്ഞതായിരുന്നു. ഉള്ളിലുള്ള ട്യൂമറിന്റെ വലുപ്പക്കൂടുതല്‍കൊണ്ട് ഒരുപക്ഷേ ഗര്‍ഭപാത്രംകൂടി എടുത്തുമാറ്റേണ്ടി വന്നേക്കാം. ഡോക്ടര്‍ ഇക്കാര്യം നേരത്തെതന്നെ രോഗിയെയും കുടുംബക്കാരെയും അറിയിച്ചു. അങ്ങനെ സംഭവിച്ചാല്‍ രോഗിക്ക് ജീവിതത്തിലൊരിക്കലും ഒരമ്മയാകാന്‍ പറ്റില്ല. വിവരങ്ങള്‍ കേട്ട ആന്റി വിങ്ങിവിങ്ങി കരഞ്ഞു. വീട്ടുകാരും കൂടെക്കരഞ്ഞു. പക്ഷേ ഡോക്ടര്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു, ”കരയാതിരിക്കുക, മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. ദൈവം തീര്‍ച്ചയായും സഹായിക്കും. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി പ്രയത്‌നിക്കും, സഹോദരിക്കൊരു ജീവിതംതരാന്‍.”
അങ്ങനെ ഓപ്പറേഷന്‍ തിയതി തീരുമാനിച്ചു. സര്‍ജറി നടത്തുന്ന ദിവസത്തിലെ ആദ്യത്തെ സര്‍ജറി ആന്റിയുടേതായിരുന്നു. വേറെയും അടിയന്തിര സര്‍ജറികളുണ്ട് ആ ദിവസം. രോഗിയുടെയും വീട്ടുകാരുടെയും സമ്മതപത്രം എഴുതി വാങ്ങിച്ചു. ഓപ്പറേഷന്‍ തിയറ്റര്‍ ഒരുക്കി. സര്‍ജറി തുടങ്ങി. വയറു കീറിപ്പിളര്‍ന്നപ്പോഴാണ് ഡോക്ടര്‍ക്ക് മനസിലായത് രോഗിയുടെ വയറ്റില്‍ ഒരു മുഴ മാത്രമല്ല അതിന്റെ അടിയിലായി വേറെ മൂന്നോളം മുഴകള്‍കൂടിയുണ്ട്. ഈ മുഴകള്‍ എക്‌സ്‌റേ റിപ്പോര്‍ട്ടില്‍ തീരെ വ്യക്തമായിരുന്നില്ല. പക്ഷേ ആ കേസ് വേഗത്തില്‍ത്തന്നെ പരിഹരിക്കാം – ഗര്‍ഭപാത്രത്തോടെ അതു പുറത്തെടുത്താല്‍.
പക്ഷേ അപ്പോള്‍ തകര്‍ന്നുപോകുന്നത് ഒരു രോഗിയുടെ മംഗല്യസ്വപ്നങ്ങളായിരിക്കും. രോഗിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ഡോക്ടറുടെ ഓര്‍മയിലേക്ക് കടന്നുവന്നു. അദ്ദേഹം കണ്ണുകളടച്ചു പ്രാര്‍ത്ഥിച്ചു. പിന്നീട് താന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ കൈപിടിച്ചുകൊണ്ട് ഒറ്റയ്ക്ക് ഒരു പോരാട്ടം. കാരണം സര്‍ജറിയില്‍ തന്റെ സഹായിയാകേണ്ട ഡോക്ടര്‍ അടിയന്തിര കാരണങ്ങളാല്‍ അന്നു ലീവായിരുന്നു. രണ്ടുമണിക്കൂര്‍കൊണ്ട് തീരേണ്ട സര്‍ജറി തീര്‍ന്നപ്പോള്‍ ഏഴുമണിക്കൂറെടുത്തു. സര്‍ജറി വലിയ വിജയമായിരുന്നു!!
പക്ഷേ… തിയേറ്ററിനു പുറത്ത് വലിയൊരു ഭൂകമ്പം ഉരുണ്ടുകൂടുകയായിരുന്നു. ഡോക്ടറുടെ പിടിപ്പുകേടുകൊണ്ട് രോഗിക്കെന്തോ സംഭവിച്ചു. അതുകൊണ്ടാണ് ഡോക്ടറും നഴ്‌സുമാരും പുറത്തുവരാത്തത് എന്നുപറഞ്ഞ് ആകപ്പാടെ ബഹളം. നാട്ടുകാരും വീട്ടുകാരുമുണ്ട് കൂട്ടത്തില്‍. ഗര്‍ഭപാത്രത്തില്‍ മുഴയല്ലായിരുന്നു, കുട്ടിയായിരുന്നു എന്നു പറഞ്ഞ് ചില വിവരദോഷികള്‍. അവിഹിത ഗര്‍ഭം മറയ്ക്കാനുള്ള ശ്രമത്തിലാണ് പൈസ വാങ്ങി ഒരുമ്പെട്ട ഡോക്ടറും ആശുപത്രി അധികൃതരും എന്നുപറഞ്ഞ് വേറൊരു കൂട്ടര്‍. എന്തായാലും തൊട്ടടുത്ത് പോലീസ് സ്റ്റേഷനുണ്ടായിരുന്നതുകൊണ്ടും തക്കസമയത്ത് പോലീസ് ഇടപെട്ടതുകൊണ്ടും ഡോക്ടര്‍ ദേഹോപദ്രവമേല്‍ക്കാതെ രക്ഷപെട്ടു.
പക്ഷേ ഒരു പാവപ്പെട്ട യുവതിക്ക് കഠിന പരിശ്രമത്തിലൂടെ ജീവിതം തിരികെ വാങ്ങിക്കൊടുത്ത ആ ഡോക്ടര്‍ കഠിനമായി പൊതുജനത്താല്‍ തെറ്റിദ്ധരിക്കപ്പെട്ടു. ആ ദിവസം നടക്കേണ്ടിയിരുന്ന മറ്റു സര്‍ജറികള്‍ മുടങ്ങിയതുകൊണ്ട് ആ രോഗികളുടെ വീട്ടുകാരും ആശുപത്രി അധികൃതരുംവരെ അസ്വസ്ഥരായിത്തീര്‍ന്ന് അദ്ദേഹത്തെ പഴിചാരി. സംഗതികളുടെ യഥാര്‍ത്ഥ അവസ്ഥയറിഞ്ഞ മറ്റുചില ഡോക്‌ടേഴ്‌സ് അദ്ദേഹത്തോടു ചോദിച്ചു, ”താനെന്തിനാടോ ഇത്രമാത്രം റിസ്‌ക് എടുത്ത് വെറുതെ അടി മേടിക്കുവാന്‍ പോയത്. ഇക്കാലത്ത് ആത്മാര്‍ത്ഥതക്കൊന്നും യാതൊരു വിലയുമില്ല. ഭാവിയിലെങ്കിലും താന്‍ പ്രാക്ടിക്കലായിത്തീരണം. രോഗി ചത്താലും ജീവിച്ചാലും സമയത്ത് സര്‍ജറി തീര്‍ക്കണം.”
പക്ഷേ, ആ ഡോക്ടറെ എന്നും നന്ദിയോടെയോര്‍ത്ത് അദ്ദേഹത്തിനുവേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരുവളുണ്ട്. അത് മേരിയാന്റി ആയിരുന്നു. മേരിയാന്റി വിവാഹിതയായി, രണ്ടു കുട്ടികളുടെ അമ്മയായി. ഇന്ന് സ്വസ്ഥമായ കുടുംബജീവിതം നയിക്കുന്നു! നന്മനിറഞ്ഞ ഒരു ഡോക്ടറാണ് അതിനിടയാക്കിയത്.
യേശു… ഉത്തമനായ ഒരു ഡോക്ടര്‍!!
ലോകം കണ്ടതില്‍വച്ച് ഏറ്റവും ഉത്തമനായ ഡോക്ടര്‍ യേശുക്രിസ്തുതന്നെ. തന്റെ അടുത്തുവരുന്നവരെ രക്ഷിക്കുവാനും സൗഖ്യപ്പെടുത്തുവാനുംവേണ്ടി എന്തു ത്യാഗവും ഏറ്റെടുക്കുന്നവന്‍! എത്ര സമയവും പാഴാക്കുന്നവന്‍! ഏശയ്യാ 53/5 ല്‍ അവനെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു ”നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി അവന്‍ ക്ഷതമേല്‍പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചിരിക്കുന്നു.” താന്‍ ചികിത്സിക്കുന്ന രോഗിക്കുവേണ്ടി, സ്വയം മുറിവുകള്‍ ഏറ്റെടുത്തുകൊണ്ട് തന്നില്‍ അഭയം പ്രാപിച്ചിരിക്കുന്ന രോഗിയെ സുഖപ്പെടുത്തുന്ന യേശുവിനെപ്പോലെ വേറൊരു ഡോക്ടറും ഈ ഭൂമിയിലില്ല. അതാണ് യേശുവെന്ന ദിവ്യവൈദ്യന്റെ ഏറ്റവും വലിയ സവിശേഷത.
മുറിവേറ്റതും രോഗഗ്രസ്തവുമായ ഈ ലോകത്തെ സുഖപ്പെടുത്തുവാനായി മുറിയപ്പെടുവാനായി അവന്‍ തന്നെത്തന്നെ വിട്ടുകൊടുത്തു. ”അവന്‍ ദൈവമായിരുന്നിട്ടും ദൈവവുമായിട്ടുള്ള സമാനത മുറുകെ പിടിക്കേണ്ട ഒരു കാര്യമായി പരിഗണിക്കാതെ, ദാസന്റെ രൂപം സ്വീകരിച്ച് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണംവരെ അതെ, കുരിശുമരണംവരെ തന്നെത്തന്നെ താഴ്ത്തി. ആകയാല്‍ ദൈവം അവനെ ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു” (ഫിലിപ്പി 2/6-10).
തന്റെ അടുത്തേക്കുവന്ന ഓരോ രോഗിയെയും ഓരോ സവിശേഷമായ രീതിയിലൂടെയാണ് സൗഖ്യപ്പെടുത്തിയത്. ചിലരെ ഒരു വാക്കുകൊണ്ട്, ചിലരെ ഒരു നോക്കുകൊണ്ട്, ചിലരെ ഒരു സ്പര്‍ശനത്തിലൂടെ, ചിലരെ ഒരു ചേര്‍ത്തുപിടിക്കല്‍കൊണ്ട്, ചിലരെ ശക്തിമത്തായ ഒരു ആജ്ഞയിലൂടെ. എല്ലാവരെയും വിവിധങ്ങളും സവിശേഷങ്ങളുമായ വിധത്തിലൂടെയാണ് അവിടുന്നു സുഖപ്പെടുത്തി ജീവന്റെ സമൃദ്ധിയിലേക്ക് കൊണ്ടുവന്നത്. നായിനിലെ വിധവയുടെ മകനെയും ബാലികയെയും തന്റെ സ്‌നേഹിതനായ ലാസറിനെയുമെല്ലാം ഒറ്റ വാക്കിലൂടെയാണ് മരിച്ചവരില്‍നിന്നും ഉയിര്‍പ്പിച്ച് ജീവന്റെയും സൗഖ്യത്തിന്റെയും സമൃദ്ധിയിലേക്ക് കൊണ്ടുവരുന്നത്.
പക്ഷേ മറ്റു പലര്‍ക്കുംവേണ്ടി അവരെ സൗഖ്യത്തിലേക്ക് നയിക്കാന്‍ അവിടുന്ന് ഏറെ സമയം ചെലവിടുന്നത് കാണാന്‍ കഴിയും. മര്‍ക്കോസ് 8/22-26 ല്‍ കാണുന്ന അന്ധയാചകനെ അവിടുന്ന് കൈക്കുപിടിച്ച് ഗ്രാമത്തിനു വെളിയില്‍ കൊണ്ടുപോയി. അവന്റെ കണ്ണുകളില്‍ തുപ്പിയശേഷം അവന്റെമേല്‍ കൈകള്‍ വച്ചുകൊണ്ട് ചോദിക്കുന്നു, നീ എന്തെങ്കിലും കാണുന്നുണ്ടോ? ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. അവര്‍ മരങ്ങളെപ്പോലെയിരിക്കുന്നു. നടക്കുന്നതായും കാണുന്നു. വീണ്ടും യേശു അവന്റെ കണ്ണുകളില്‍ കൈകള്‍ വച്ചുകൊണ്ട് അവനു കാഴ്ച തിരിച്ചുകൊടുക്കുന്നു. അപ്പോള്‍ അവന്‍ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു!
ഇവിടെ ഒരു ചോദ്യമുയരുന്നു. എന്തുകൊണ്ടാണ് യേശു ഇവനെ സുഖപ്പെടുത്തുവാന്‍ ഇത്രയേറെ സമയവും പ്രയത്‌നവും ചെലവഴിക്കുന്നത് എന്ന്. ദൈവംതന്നെയായ അവന്റെ ഒറ്റവാക്കുപോരായിരുന്നോ അവനെ സുഖപ്പെടുത്തുവാന്‍? അതിനുള്ള ഉത്തരം യേശുവിനുമാത്രമേ അറിയൂ.
വീണ്ടും ലാസറിന്റെ ശവകുടീരത്തിങ്കല്‍ ചെന്നുനിന്ന് കണ്ണുനീര്‍ പൊഴിക്കുന്ന യേശുവിനെ നോക്കി പൊതുജനം ചോദിക്കുന്നു, ”അന്ധന്റെ കണ്ണുതുറന്ന ഈ മനുഷ്യന് ഇവനെ മരണത്തില്‍നിന്നും രക്ഷിക്കുവാന്‍ കഴിയുമായിരുന്നില്ലേ?” (യോഹന്നാന്‍ 11:37). ഈ ചോദ്യം തികച്ചും ന്യായവുമായിരുന്നു. ലാസര്‍ രോഗിയായപ്പോഴേ അവന്റെ സഹോദരിമാര്‍ യേശുവിനെ വിവരമറിയിച്ചിരുന്നു. ”ഗുരോ, നീ സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു” ദയവായി വന്നു സുഖപ്പെടുത്തിയാലും എന്ന്. പക്ഷേ, അവന്‍ ലാസര്‍ മരിക്കാന്‍ കാത്തിരിക്കുന്നു! മരിച്ചഴുകാന്‍വേണ്ടി കാത്തിരിക്കുന്നു!! ലാസറിന്റെ നാലുദിവസം പിന്നിട്ട, മരിച്ചഴുകിയ ജഡമുള്ള ശവകുടീരത്തിങ്കല്‍ അവനെത്തുന്നുവെങ്കിലും നീണ്ട ഒരു സമയമെടുത്താണ് അവനെ കല്ലറയില്‍നിന്നും പുറത്തുകൊണ്ടുവരുന്നത്.
മാത്രമല്ല കല്ലറയുടെ മുഖത്തെ കല്ലു മാറ്റുവാനും അവന്റെ വാക്കുകേട്ട് ജീവനുള്ളവനായി പുറത്തുവന്ന ലാസറിന്റെ കെട്ടുകള്‍ അഴിക്കുവാനും അവിടുന്ന് ചുറ്റും കൂടിയിരുന്നവരുടെ സഹായം ആവശ്യപ്പെടുന്നു. ദൈവംതന്നെയായ അവന് ഒറ്റവാക്കുപോരായിരുന്നുവോ ലാസറിനെ സൗഖ്യപ്പെട്ടവനും ജീവനുള്ളവനുമായി പുറത്തുകൊണ്ടുവരുവാനും എന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കാം. ഞാനും ഒരു കാലഘട്ടത്തില്‍ അങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ട്. മാത്രമല്ല ഒരത്ഭുതം പ്രവര്‍ത്തിക്കുവാന്‍വേണ്ടി ഇത്രയേറെ നീണ്ട സമയം അവിടുത്തേക്കെടുക്കണമായിരുന്നുവോ? ഇതെല്ലാം മനുഷ്യന്റെ പാകതയെത്താത്ത ചിന്തകള്‍! എന്നാല്‍ ദൈവം പറയുന്നു ”എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ” (ഏശയ്യാ 55/8-9).
മുറിവേറ്റവന്‍ നല്‍കുന്ന സൗഖ്യം!
ക്രൂശിതന്റെ മുറിവുകള്‍ സ്വന്തം ജീവിതത്തില്‍ പേറുന്ന ഏറെ സൗഖ്യശുശ്രൂഷകരുണ്ടായിട്ടുണ്ട് ഈ ഭൂമിയില്‍. ചിലര്‍ത് ഈ മുറിവുകള്‍ സ്വന്തം ശരീരത്തിലാകാം. മറ്റുചിലര്‍ക്കത് മാനസിക തലങ്ങളിലാകാം. ശരീരത്തിലും മനസിലും ഒരേപോലെ ക്രൂശിതന്റെ പഞ്ചക്ഷതങ്ങള്‍ ഏറ്റുവാങ്ങിയ ഒരു സൗഖ്യശുശ്രൂഷകനായിരുന്നു വിശുദ്ധനായ പാദ്രേപിയോ. ഞെട്ടിപ്പിക്കുന്ന സൗഖ്യശുശ്രൂഷകളിലൂടെയോ ഗംഭീര പ്രസംഗങ്ങളിലൂടെയോ അല്ല. പിന്നെയോ ക്രിസ്തുവിനോട് അത്രമേല്‍ ഐക്യപ്പെട്ടിട്ടുള്ള ദിവ്യബലിയിലൂടെയും കുമ്പസാരക്കൂട്ടിലെ വിശുദ്ധ കുമ്പസാരത്തിലൂടെയുമാണ് അദ്ദേഹം മുറിവേറ്റതും പാപഗ്രസ്തമായ ലോകത്തെ സുഖപ്പെടുത്തിയതും.
പിശാചിനാലും അവന്റെ സേനകളാലും വളരെയേറെ പീഡിപ്പിക്കപ്പെട്ട ഒരു വിശുദ്ധനായിരുന്നു അദ്ദേഹം.
ക്രിസ്തുവുമായി അഗാധമാംവിധം ഏകീഭവിച്ചുള്ള ശുശ്രൂഷയാകകൊണ്ട് വിശുദ്ധ ബലികളിലും വിശുദ്ധ കുമ്പസാരത്തിലും പലപ്പോഴും സമയനിഷ്ഠ പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തന്‍നിമിത്തവും മറ്റ് പല കാരണങ്ങള്‍കൊണ്ടും സഭാധികാരികള്‍ അദ്ദേഹത്തെ കഠിനമായി തെറ്റിദ്ധരിക്കുകയും ഏകദേശം മൂന്നു വര്‍ഷത്തോളം പരസ്യമായി കുര്‍ബാനയര്‍പ്പിക്കുന്നതും കുമ്പസാരിപ്പിക്കുന്നതും നിരോധിക്കുകയും ചെയ്തു. എന്നാല്‍ തന്റെ അഗാധമായ എളിമയും അനുസരണവും കഠിനപ്രാര്‍ത്ഥനയുംകൊണ്ട് അദ്ദേഹം ഈ കാലഘട്ടത്തെ അതിജീവിക്കുകയും വീണ്ടും പരസ്യമായി ശുശ്രൂഷ ചെയ്യാനുള്ള ദൈവകൃപയിലേക്ക് നയിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും ജീവിതകാലം മുഴുവന്‍ അദ്ദേഹം ഒരു സഹനദാസനായിരുന്നു.
ഓരോ വചനശുശ്രൂഷകനും ഒരു സൗഖ്യശുശ്രൂഷകനാണ്. കാരണം ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. ”മരുന്നോ ലേപന ഔഷധങ്ങളോ അല്ല എല്ലാവരെയും സുഖപ്പെടുത്തുന്ന അവിടുത്തെ വചനമാണ് അവരെ സുഖപ്പെടുത്തിയത്” (ജ്ഞാനം 16/12). അതുപോലെ ഓരോ വൈദ്യനും ഒരു ദൈവശുശ്രൂഷകനാണ്. മുറിവേറ്റതും രോഗഗ്രസ്തവുമായ ഈ ലോകത്തെ സൗഖ്യപ്പെടുത്തുവാനുള്ള വരവും അഭിഷേകവും ഓരോ വൈദ്യനും ദൈവം നല്‍കിയിരിക്കുന്നു. ”വൈദ്യനെ ബഹുമാനിക്കുക. നിനക്ക് അവനെ ആവശ്യമുണ്ട്. കര്‍ത്താവാണ് അവനെ നിയോഗിച്ചത്. വൈദ്യന്റെ ജ്ഞാനം അത്യുന്നതനില്‍നിന്നും വരുന്നു!” (പ്രഭാഷകന്‍ 38/1).
സ്റ്റെല്ല ബെന്നി