പ്രഭാതത്തില്‍ കിട്ടിയ വിജയം – Shalom Times Shalom Times |
Welcome to Shalom Times

പ്രഭാതത്തില്‍ കിട്ടിയ വിജയം

ഏകദേശം മുപ്പത്തിയഞ്ചു വര്‍ഷംമുമ്പ് എന്റെ മക്കള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം. ഒരിക്കല്‍, അധ്യാപക-രക്ഷാകര്‍തൃ യോഗത്തിനിടെ ഒരു അധ്യാപകന്‍ തന്റെ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: ”ഞങ്ങള്‍ അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും മക്കള്‍ നന്നായി പഠിക്കുന്നത് ഞങ്ങള്‍ പഠിപ്പിച്ചിട്ടാണെന്ന് എല്ലാവുരം കരുതുന്നു. അതല്ല സത്യം. ഞങ്ങള്‍ക്ക് സ്‌കൂളില്‍ പോകാന്‍, ഓഫീസില്‍ പോകാന്‍, വീട്ടിലെ പണികള്‍ തീര്‍ക്കാന്‍, അന്നത്തെ ജോലികള്‍ക്കുവേണ്ടി ഒരുങ്ങാന്‍, രാവിലെ നേരത്തേതന്നെ ഉണരണം. മക്കളും ഞങ്ങളെക്കണ്ട് നേരത്തേ എഴുന്നേല്‍ക്കുന്നു. ഞങ്ങള്‍ വീട്ടിലെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മക്കള്‍ പഠിക്കുന്നു. അങ്ങനെ ഞങ്ങളുടെ ഭവനത്തില്‍, ജീവിതത്തില്‍, ഒരു ക്രമവും ചിട്ടയും കൈവരുന്നു. അതാണ് ഞങ്ങളുടെ മക്കള്‍ പഠനത്തില്‍ വിജയിക്കുന്നതിന്റെ രഹസ്യം.”

എനിക്ക് ഈ നിര്‍ദേശം വളരെ ആകര്‍ഷകമായി തോന്നിയതിനാല്‍ ഞങ്ങളുടെ വീട്ടിലും ഈ കാര്യം നടപ്പിലാക്കാന്‍ കുടുംബാംഗങ്ങളുടെ സഹകരണം ആവശ്യപ്പെട്ടു. കുറച്ചു വിഷമം പറഞ്ഞെങ്കിലും തുടങ്ങിയിട്ട് ബുദ്ധിമുട്ടാണെങ്കില്‍ നിര്‍ത്താമെന്ന എന്റെ നിര്‍ദേശത്തില്‍ ഞങ്ങള്‍ രാവിലെ 5.30-ന് അലാറംവച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങി. ഞങ്ങളുടെ പ്രവര്‍ത്തനമേഖലകള്‍ ദൈവത്തിന് സമര്‍പ്പിച്ച് പരിശുദ്ധാത്മാവിന്റെ അഭിഷേകവും തിരുരക്തത്തിന്റെ സംരക്ഷണവും യാചിച്ച് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് ഞങ്ങളെ സമര്‍പ്പിച്ച് ബഹുമാനപ്പെട്ട ആബേലച്ചന്‍ രചിച്ച പ്രഭാത പ്രാര്‍ത്ഥനയോടെ ത്രികാല ജപവും ചൊല്ലി ഞങ്ങള്‍ ആരംഭിച്ചു. ഹൃദ്യമായ ഒരു അനുഭവമായിരുന്നു അത്. ഞങ്ങളുടെ ദിവസങ്ങള്‍ക്ക് ഒരു ക്രമവും ചിട്ടയും കൈവന്നു. മക്കള്‍ പഠിപ്പില്‍ മുന്നേറുകയും അന്നത്തെ സാഹചര്യത്തിനനുസരിച്ച് മോശമല്ലാത്ത വിജയം കൈവരിക്കുകയും ചെയ്തു. ചില്ലറ മുടക്കങ്ങള്‍ ഇടയ്ക്ക് ഉണ്ടായെങ്കിലും ഞങ്ങളുടെ വീട്ടില്‍ ഇന്നും ഈ ശീലം തുടര്‍ന്നുവരുന്നു.

ബഹുമാനപ്പെട്ട മാത്യു വയലാമണ്ണില്‍ അച്ചന്റെ മെയ് ഒന്ന് ‘ഡെയ്‌ലി ബ്ലെസിങ്ങ്’ പ്രോഗ്രാമില്‍ ഒരാളുടെ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. അറിയപ്പെടുന്ന സമ്പന്നനായ ഒരു മനുഷ്യനോട് അഭിമുഖസംഭാഷണം നടത്തിയ ആള്‍ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. നിങ്ങളുടെ ബിസിനസ് സാമ്രാജ്യം എങ്ങനെയാണ് ഇത്രമാത്രം വളര്‍ന്നത്, എങ്ങനെയാണ് പതിനായിരക്കണക്കിന് വരുന്ന ജോലിക്കാരെ നിയന്ത്രിച്ചുകൊണ്ടുപോകുന്നത് എന്നൊക്കെ.
അദ്ദേഹം മറുപടി പറഞ്ഞു: ”ഞാന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്റെ എല്ലാ കാര്യങ്ങളും ദൈവത്തില്‍ അര്‍പ്പിച്ചുകൊണ്ടാണ് ദിവസങ്ങള്‍ തുടങ്ങുന്നത്. അതാണ് എന്റെ ജീവിതത്തിന്റെ വിജയരഹസ്യം.”
ജ്ഞാനം 16/27-28 വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നു: ”അഗ്നിയില്‍ നശിക്കാത്തത് അരുണോദയത്തില്‍ ഉരുകി. ഇത് മനുഷ്യന്‍ സൂര്യോദയത്തിന് മുമ്പുണര്‍ന്ന് പുലര്‍കാല വെളിച്ചത്തില്‍ അങ്ങേക്ക് കൃതജ്ഞതയര്‍പ്പിക്കുകയും അങ്ങയോട് പ്രാര്‍ത്ഥിക്കുകയും വേണം എന്നതിന്റെ വിജ്ഞാപനം ആയിരുന്നു.” ഇസ്രായേല്‍ക്കാര്‍ക്കായി മരുഭൂമിയില്‍ വര്‍ഷിക്കപ്പെട്ട മന്നയാണ് പരാമര്‍ശ വിഷയം.
പ്രഭാതത്തില്‍ ഉണര്‍ന്ന് പ്രാര്‍ത്ഥനയോടെ ദിവസം ആരംഭിക്കുക. വിജയകരമായ ജീവിതത്തിന്റെ രഹസ്യങ്ങളിലൊന്ന് അതാണ്.

ജോസ് ഫിലിപ്പ്