ഞാനും ഭാര്യയും പല ധ്യാനങ്ങളില്‍ പങ്കെടുത്തപ്പോഴൊക്കെ കൗണ്‍സിലിംഗ് സമയങ്ങളില്‍ ഒരു പ്രത്യേകസന്ദേശം ആവര്‍ത്തിച്ച് ലഭിച്ചിരുന്നു. ബിസിനസ് തുടങ്ങുന്നതിന് ഈശോ അവസരം നല്‍കുന്നുണ്ട്. അനുകൂല സാഹചര്യം വരുമ്പോള്‍ തുടങ്ങണം, ഇതായിരുന്നു സന്ദേശം. പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും ഇക്കാര്യം ദൈവഹിതമാണോ എന്ന് ഉറപ്പു വരുത്തി.
വര്‍ഷങ്ങള്‍ക്ക് ശേഷം അനുകൂല സാഹചര്യം വന്നപ്പോള്‍ ചെറിയ രീതിയില്‍ ബിസിനസ് തുടങ്ങി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വ്യവസായവകുപ്പിന്റെ സഹായത്തോടുകൂടി ലോണ്‍ ലഭിക്കുകയും ബിസിനസ് വികസിപ്പിക്കുകയും ചെയ്തു. ലോണ്‍ ലഭിച്ചതിന് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഗവണ്‍മെന്റ് അനുവദിച്ച സബ്‌സിഡി തുക ബാങ്കില്‍ എത്തിയെങ്കിലും ലോണ്‍ അക്കൗണ്ടിലേക്ക് 3 വര്‍ഷത്തിന് ശേഷമേ വരുകയുള്ളൂ എന്നറിഞ്ഞു. സര്‍ക്കാറിന്റെ രണ്ട് വകുപ്പിലെ ഉദ്യോഗസ്ഥര്‍ യൂണിറ്റ് സന്ദര്‍ശിച്ച് അവരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ലോണിലേക്ക് സബ്‌സിഡി തുക വരുന്നത്.
മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ അനുബന്ധ വകുപ്പുകളില്‍ അന്വേഷിക്കാന്‍ പറഞ്ഞു. ഒരു വകുപ്പില്‍ അന്വേഷിക്കുമ്പോള്‍ മറ്റൊരിടത്ത് എന്ന് പറയും. അവിടത്തെ ഉദ്യോഗസ്ഥരെ വിളിക്കുമ്പോള്‍ വേറെ വകുപ്പിലാണ് എന്ന് പറയും. ഇങ്ങനെ തുടരവേ അക്കൂട്ടത്തില്‍ ഒരാള്‍ ഞങ്ങളോട് ഒരു വിവരം പറഞ്ഞു, നിലവിലെ സാഹചര്യത്തില്‍ സബ്‌സിഡി സംബന്ധമായ പേപ്പര്‍ വര്‍ക്കുകളോ യൂണിറ്റ് വിസിറ്റിംഗോ എട്ട് വര്‍ഷമായി നടക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ കോടതിയുടെ സ്‌പെഷ്യല്‍ ഓര്‍ഡര്‍ പ്രകാരമോ അല്ലെങ്കില്‍ ഉയര്‍ന്ന രാഷ്ട്രീയ സ്വാധീനമോ ഉപയോഗിച്ച് ശ്രമിച്ചുനോക്കുക.
കോടതിയുടെ സ്‌പെഷ്യല്‍ ഓര്‍ഡര്‍ വാങ്ങാന്‍ സാമ്പത്തിക ചെലവ് ഉള്ളതിനാല്‍ ഞങ്ങള്‍ ആ വഴി വേണ്ടെന്ന് തീരുമാനിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ശ്രമിച്ചുനോക്കി. പക്ഷേ ഒരു ഫലവും ഉണ്ടായില്ല. സബ്‌സിഡി തുക കിട്ടാത്തതിനാല്‍ ഞങ്ങള്‍ക്ക് അക്കാലത്ത് എല്ലാ മാസവും ലോണ്‍ തിരിച്ചടയ്ക്കണം. അടവ് മുടങ്ങിയാല്‍ സബ്‌സിഡി തുക തിരിച്ച് ഗവണ്‍മെന്റിലേക്ക് പോകും. ലോണ്‍ തിരിച്ചടവ് വളരെ പ്രയാസകരമായിരുന്നു. ഞങ്ങള്‍ ആകെ വിഷമസന്ധിയിലായി. ലോണ്‍ അടവ് മുടങ്ങിയാല്‍ സബ്‌സിഡി തുക തിരികെ പോകുമോ എന്ന് ഭയമായിരുന്നു. ഉദ്യോഗസ്ഥരെ മാറിമാറി വിളിക്കുമ്പോഴെല്ലാം ഞങ്ങള്‍ക്ക് നിരാശജനകമായ മറുപടികളാണ് ലഭിച്ചിരുന്നത്.
ഈ സമയത്താണ് തലശ്ശേരി അതിരൂപതയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് തോമാപുരത്ത് വെച്ച് നടക്കുന്നത്. അതിനു മുന്നോടിയായി നൂറ്റൊന്ന് ദിവസത്തെ നിത്യാരാധന ഞങ്ങളുടെ ഇടവകയില്‍ ക്രമീകരിക്കപ്പെട്ടു. 101 ദിവസത്തെ നിത്യാരാധനയില്‍ ഞങ്ങള്‍ കുടുംബസമേതം പങ്കെടുക്കുന്നുണ്ടായിരുന്നു. ഗവണ്‍മെന്റില്‍നിന്ന് ഒരു അനുകൂലതീരുമാനം ഉണ്ടാകണമെന്നും എത്രയും വേഗത്തില്‍ സബ്‌സിഡി തുക ലഭിക്കണമെന്നും ആയിരുന്നു ഞങ്ങളുടെ പ്രാര്‍ത്ഥന മുഴുവന്‍. ഈ സമയത്തും ഞങ്ങള്‍ ഓരോ വകുപ്പിലും അന്വേഷിക്കുമ്പോള്‍ ഇന്ന് തുടങ്ങും നാളെ തുടങ്ങും എന്ന് പറയുന്നതല്ലാതെ യാതൊരു ഫലവുമില്ല.
നിത്യാരാധന തുടങ്ങി ഏകദേശം 50 ദിവസങ്ങള്‍ പിന്നിട്ടു. ചിലപ്പോള്‍ ഞങ്ങള്‍ ബാങ്കില്‍ വിളിച്ച് പേപ്പര്‍ വര്‍ക്ക് എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുമായിരുന്നു. പതിവുപോലെ ഒരു ചൊവ്വാഴ്ച ബാങ്കിലേക്ക് വിളിച്ചപ്പോള്‍ ഞങ്ങളെ ഞെട്ടിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ മറുപടിയാണ് ബാങ്കില്‍നിന്ന് ലഭിച്ചത്. അവര്‍ പറഞ്ഞു, ”നിങ്ങളോട് ആ കാര്യം പറയാന്‍ മറന്നുപോയി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ സബ്‌സിഡി തുക നിങ്ങളുടെ ലോണിലേക്ക് വന്ന് ലോണ്‍ ക്ലോസ് ആയിട്ടുണ്ട്.”
യൂണിറ്റ് വിസിറ്റ് നടത്താതെ എല്ലാവര്‍ക്കും സബ്‌സിഡി കിട്ടി തുടങ്ങിയോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറയുകയാണ്, ”ഇല്ല, ഇത് നിങ്ങള്‍ക്ക് മാത്രം എങ്ങനെയോ സംഭവിച്ചതാണ്. എന്തോ കമ്പ്യൂട്ടര്‍ തനിയെ പ്രവര്‍ത്തിച്ച് നടന്നതാണ്!”
ബിസിനസ് നടക്കുന്ന യൂണിറ്റ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് പേപ്പറുകള്‍ മുഴുവന്‍ ബോംബെയില്‍ ഉള്ള ഹെഡ് ഓഫീസിലേക്ക് അപ്ലോഡ് ചെയ്ത് അയച്ച് അവിടെനിന്ന് ഇത് പാസായി വന്നെങ്കില്‍ മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളൂ എന്നാണ് നേരത്തേ പറഞ്ഞിരുന്നത്.
ലോണ്‍ തീര്‍ന്നതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ സ്ഥിരം വിളിക്കുന്ന ഉദ്യോഗസ്ഥനെ വിളിച്ചു. ഞങ്ങള്‍ ഈ കാര്യം പറയുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ മറുപടി വരുന്നത് ഇങ്ങനെ: ”ഇതുവരെ ഒരു നടപടിയും ആയിട്ടില്ല, ഉടന്‍തന്നെ ആകും.”
ഉടന്‍തന്നെ ഞങ്ങള്‍ പറഞ്ഞു, ”സബ്‌സിഡി തുക ഞങ്ങള്‍ക്ക് കിട്ടി എന്ന് പറയാനാണ് വിളിച്ചത്!”
”ഇത് നല്ല തമാശയാണല്ലോ. അത് എങ്ങനെ ലഭിക്കാനാണ് ഇവിടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഒന്നും ഇതുവരെ തുടങ്ങാതെ?”
സംഭവിച്ച കാര്യം ഞങ്ങള്‍ അയാളോട് പറഞ്ഞു. അപ്പോള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ”ഇത് വേറെ ആരോടും പറഞ്ഞേക്കരുത്.”
അതിലും ഉയര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ച് പറഞ്ഞപ്പോള്‍, ”അത് നിങ്ങളുടെ തോന്നലാണ്. ഒന്നുകൂടി ബാങ്കില്‍ വിളിച്ച് അന്വേഷിക്കുക. കാരണം ഇതുവരെയും നിങ്ങളെപ്പോലുള്ള ഒരാളുടെയും നടപടി തുടങ്ങിയിട്ടില്ല. തുടങ്ങിയാലും നിങ്ങളുടെ യൂണിറ്റ് ഉദ്യോഗസ്ഥന്‍ വന്നുനോക്കി റിപ്പോര്‍ട്ട് ബോംബെയിലുള്ള ഹെഡ് ഓഫീസില്‍ പോയി അവിടെനിന്ന് പാസായി വന്നെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സബ്‌സിഡി ലഭിക്കുകയുള്ളൂ.”
സത്യത്തില്‍ എന്താണ് സംഭവം?
അയാള്‍ പറഞ്ഞതിന്‍പ്രകാരം ഞങ്ങള്‍ ബാങ്കില്‍ ചെന്ന് ‘സത്യത്തില്‍ ഞങ്ങളുടെ ലോണ്‍ ക്ലോസായോ’ എന്ന് മാനേജരോട് ചോദിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച് ഏതോ കംപ്യൂട്ടര്‍ തനിയെ പ്രവര്‍ത്തിച്ചെന്നോണം തലേ ശനിയാഴ്ച വെളുപ്പിന് 2.35ന് (വെള്ളിയാഴ്ച രാത്രി) ഞങ്ങളുടെ സബ്‌സിഡി തുക ലോണ്‍ അക്കൗണ്ടിലേക്ക് വന്ന് ലോണ്‍ ക്ലോസ് ആവുകയാണ് ഉണ്ടായത്!
ഞങ്ങള്‍ പിന്നീട് ആലോചിച്ചപ്പോള്‍ മനസിലായി, നിത്യാരാധനയോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രിയില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനയുടെ സമയത്ത് ഈശോ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച അത്ഭുതമാണ് ഇതെന്ന്.
ആ രാത്രിജാഗരണപ്രാര്‍ത്ഥനയില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്തത് മര്‍ക്കോസ് 6/45 മുതലുള്ള വചനഭാഗം ആയിരുന്നു. യേശു വെള്ളത്തിനു മീതേ നടന്ന് ശിഷ്യന്മാരുടെ അടുത്തേക്ക് ചെല്ലുന്ന ഭാഗം.
ശിഷ്യന്‍മാരുടെ നിലവിളിയില്‍ യേശുവിന്റെ മനസ്സലിഞ്ഞു. മനുഷ്യര്‍ക്ക് അസാധ്യമായത് യേശുവിന് സാധ്യമാണന്ന് കാണിച്ചു കൊടുത്തു. യേശു ഒരു വാക്കു പറഞ്ഞപ്പോള്‍ കാറ്റ് ശമിച്ചു, കടല്‍ ശാന്തമായി. അവിടുന്ന് ഒരു വാക്ക് പറഞ്ഞപ്പോള്‍ ജീവനുള്ളവ അനുസരിക്കുന്നതിനേക്കാള്‍ ചിട്ടയോടെ ജീവനില്ലാത്ത കാറ്റും കടലും അനുസരിച്ചു.
എന്റെ പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു, ”യേശുവേ, നീ ഒരു വാക്ക് പറഞ്ഞ് ആ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കൊണ്ടോ, രാഷ്ട്രീയക്കാരെക്കൊണ്ടോ ഞങ്ങളുടെ സബ്‌സിഡിക്കുള്ള നടപടി എടുപ്പിക്കണം.” അവരിലൂടെ ഒരു നടപടി ഉണ്ടാകും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ യേശു ഞാന്‍ ചിന്തിച്ചതിതിനെക്കാള്‍ ഉന്നതമായ രീതിയിലാണ് പ്രവര്‍ത്തിച്ചത്. ആ ജാഗരണ പ്രാര്‍ത്ഥന സമയത്ത് ദിവ്യകാരുണ്യ ഈശോ ഞങ്ങള്‍ക്ക് വേണ്ടി ജീവനില്ലാത്ത ആ കംപ്യൂട്ടറിലൂടെ പ്രവര്‍ത്തിച്ചു എന്ന് ഞാന്‍ മനസിലാക്കുന്നു.
അതുകൊണ്ടാണ് തീര്‍ത്തും അസാധ്യമായ ഒരു കാര്യം ഞങ്ങള്‍ക്ക് സാധിച്ചു കിട്ടിയത്. ലൂക്ക 18/27 പറയുന്നതുപോലെ ”മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.”
സബ്‌സിഡി ലഭിച്ച് നാലുമാസങ്ങള്‍ക്ക് ശേഷമാണ് ഞങ്ങളുടെ യൂണിറ്റ് വിസിറ്റിങ്ങിന് വന്നത്. അതും കഴിഞ്ഞ് രണ്ടു മാസങ്ങളെടുത്തു, സബ്‌സിഡിക്കായുള്ള പേപ്പര്‍ ബാങ്കില്‍ ലഭിക്കാന്‍. മാത്രവുമല്ല ഈ നടപടിക്രമങ്ങളെല്ലാം കൂടി ആറുമാസത്തോളമെടുത്താണ് ഞങ്ങളുടെ ഫോണ്‍ നമ്പറില്‍ ബാങ്കില്‍നിന്നുള്ള മെസേജ് വന്നത്. അതിനുശേഷമാണ് ഔദ്യോഗികമായി ലോണ്‍ ക്ലോസ് ആയതും അതനുസരിച്ച് ഞങ്ങള്‍ക്ക് ആധാരം അടക്കമുള്ള രേഖകള്‍ തിരികെ ലഭിച്ചതും. എല്ലാം ദിവ്യകാരുണ്യനാഥന്റെ പ്രത്യേക ഇടപെടല്‍ എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ,
അസാധ്യമൊന്നും നിന്നില്‍ ഞാന്‍ കാണുന്നില്ലേ…
അധികാരത്തില്‍ നിന്നെപ്പോലാരുമില്ലേ..
ഒരു വാക്കു മതി എനിക്കതുമതിയേ…
ജോബി ജോര്‍ജ്