ഒരു സുഹൃത്തുമായുള്ള സംഭാഷണത്തില്‍ ഈശോ എന്നെ, എന്റെ ജീവിതത്തെ, തിരഞ്ഞെടുക്കുന്നതായി കാണിക്കുന്നു എന്ന് വെളിപ്പെട്ടുകിട്ടി. വിദ്യാര്‍ത്ഥികള്‍ക്കായി, കുഞ്ഞുങ്ങള്‍ക്കായി എന്റെ ജീവിതത്തില്‍ വലിയ തീരുമാനങ്ങള്‍, വലിയ പദ്ധതികള്‍ ഈശോയ്ക്കുണ്ട് എന്നും പറഞ്ഞു.
ചെറുപ്പംമുതല്‍ പള്ളിയുടെ ബുള്ളറ്റിനുകളിലും വേദപാഠ ക്ലാസുകളിലും ഗായകസംഘത്തിലും യുവജനകൂട്ടായ്മകളിലും വളരെ സജീവമായിരുന്ന ഞാന്‍ അധ്യാപകജോലിയുടെ തിരക്കുകള്‍ക്കിടയില്‍ എന്റെ പ്രാര്‍ത്ഥനാജീവിതത്തിനപ്പുറം സമൂഹത്തിനും സഭയ്ക്കുംവേണ്ടി എന്റെ സമയത്തിന്റെ ഓഹരി നല്‍കാന്‍ മറന്നിരിക്കുന്നു എന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു അപ്പോള്‍. ഇന്നൊരു വലിയ സ്‌കൂളിന്റെ ഹയര്‍ സെക്കന്ററി ഗണിത അധ്യാപകനായ ഞാന്‍ എങ്ങനെ അവിടെവരെ എത്തി എന്നും ഈശോ കൈപിടിച്ചു നടത്തിയത് എങ്ങനെയെന്നും നിങ്ങളോടു പങ്കുവച്ചില്ലെങ്കില്‍ എന്റെ ഈശോ എന്നെ തിരിച്ചുവിളിച്ചതെന്തിന് എന്നുള്ളതിന്റെ പ്രസക്തി മാഞ്ഞുപോകും.
ജീവിതകഥ തുടങ്ങുന്നത് ഒരു ഗ്രാമത്തിലാണ്. ഇലക്ട്രീഷ്യനായ അപ്പച്ചന്‍, തയ്യല്‍ക്കാരിയായ അമ്മ, എന്നെക്കാള്‍ ഏഴര വയസ് താഴെ ഒരു അനിയന്‍. അപ്പന്‍ വളരെ കര്‍ക്കശക്കാരനായിരുന്നു. പരീക്ഷയില്‍ മാര്‍ക്കു കുറയുന്ന സമയങ്ങളില്‍ എന്റെ വീട്ടില്‍ അപ്പച്ചന്‍ അത് പ്രത്യേകരീതിയിലാണ് കൈകാര്യം ചെയ്തിരുന്നത്. രണ്ട് കസേര മുഖാഭിമുഖം ഇടും. ഒന്നില്‍ അപ്പച്ചന്‍ ഇരിക്കും, മറ്റേതില്‍ ഞാന്‍. പിന്നെ കോടതിയില്‍ ഇരിക്കുന്നപോലെ ചോദ്യംചെയ്യല്‍. ചിലപ്പോള്‍ ചങ്കുപൊട്ടും. ‘പഠിച്ചിട്ട് കിട്ടാത്തതിന് ഞാന്‍ എന്തു ചെയ്യാനാ അപ്പാ’ എന്ന ദയനീയ ഭാവത്തില്‍ ഇരുന്ന് കരഞ്ഞ കണ്ണുകളാല്‍ അമ്മയെ നോക്കുമ്പോള്‍ അമ്മ വന്ന് അവസാനം ആശ്വസിപ്പിക്കും.
എന്റെ സങ്കടം ഞാന്‍ എന്റെ വേദപാഠക്ലാസിലെ ടീച്ചറോടു പറഞ്ഞു. എന്റെ ആറാം ക്ലാസിലെ ടീച്ചര്‍. ടീച്ചര്‍ എന്നോട് പഠിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്, നിന്നെ സഹായിക്കാന്‍ ഒരാളുണ്ട് എന്നു പറഞ്ഞു. ഞാന്‍ ചോദിച്ചു ആരാണെന്ന്? ഈശോയുടെ അമ്മ, പരിശുദ്ധ ദൈവമാതാവ്. ”മോന്‍ എല്ലാ ദിവസവും ജപമാല ചൊല്ലണം. ഈശോ മോന്റെ ജീവിതത്തില്‍ ഇടപെടും.” സന്തോഷമായി, വലിയ സന്തോഷം.
അങ്ങനെ ആറാം ക്ലാസിലെ ഓണപ്പരീക്ഷ മുതല്‍ ജപമാല ചൊല്ലിത്തുടങ്ങി, എല്ലാ ദിവസവും മുടങ്ങാതെ മുറിയില്‍ ഒരു കുഞ്ഞു പ്രാര്‍ത്ഥനാസ്ഥലമുണ്ടാക്കി. എന്നാല്‍ ക്രിസ്മസ് പരീക്ഷയ്ക്കും മാര്‍ക്കൊന്നും കൂടിയില്ല. ഗണിതമായിരുന്നു എന്റെ ഏറ്റവും വലിയ ശത്രു. ഞാന്‍ വീണ്ടും ടീച്ചറോടു പറഞ്ഞു. ടീച്ചര്‍ എന്നോടു വിശ്വാസം കൈവിടാതെ നിരന്തരം പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു.
അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു മറ്റു വിഷയങ്ങളിലെല്ലാം നല്ല മാര്‍ക്കുണ്ട്. കണക്കുമാത്രം എന്നെ കൈവിടും. എന്നാലും ഞാന്‍ ജപമാല മുറുകെ പിടിച്ചു. അങ്ങനെ ഏഴാം ക്ലാസും എട്ടാം ക്ലാസും കഴിഞ്ഞു. ഗണിതം പഴയപോലെതന്നെ. അങ്ങനെയിരിക്കെ ഒമ്പതാം ക്ലാസില്‍ എന്റെ കണക്കുടീച്ചര്‍ മാറി. പുതിയ ടീച്ചര്‍ പഠിപ്പിക്കുന്നതെല്ലാം നന്നായി മനസിലാകാന്‍ തുടങ്ങി. ഓണപ്പരീക്ഷയായി. എല്ലാ പരീക്ഷകളും കഴിഞ്ഞു. മനസില്‍ പേപ്പര്‍ കിട്ടുമ്പോള്‍ അപ്പച്ചന്റെ കോടതിയിലെ കരച്ചില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ കണക്കുടീച്ചര്‍ ക്ലാസില്‍ വന്നു. കൈയില്‍ ഒരു കെട്ടു പേപ്പര്‍ ഉണ്ട്. മനസ് പടാ പടാ ഇടിച്ചുതുടങ്ങി. ടീച്ചര്‍ എന്റെ സുഹൃത്തുക്കളുടെ പേരുകള്‍ വായിച്ച് മാര്‍ക്ക് കൊടുത്തുതുടങ്ങി. എന്റെ അവസ്ഥ വിവരിക്കാനാകില്ല. തല കറങ്ങുന്നതുപോലെ, കരച്ചില്‍ വരുന്നപോലെ. ടീച്ചര്‍ എന്റെ പേരു വിളിച്ചു. ഞാന്‍ പതിയെ ചെന്നു. ടീച്ചര്‍ എന്റെ പേപ്പര്‍ ഉയര്‍ത്തി കുട്ടികളോട് പറഞ്ഞു: മറ്റുള്ളവരുടെ ഉത്തരങ്ങള്‍പോലെയല്ല. ഇവന്റെ ഉത്തരകടലാസിന് ഒരു പ്രത്യേകതയുണ്ട്. ‘ദൈവമേ, ഇനി എനിക്ക് വല്ല പൂജ്യം മാര്‍ക്കാണോ കിട്ടിയത്.’ കൂട്ടുകാര്‍ കളിയാക്കി ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു. പെട്ടെന്നുതന്നെ ടീച്ചര്‍ പറഞ്ഞുതുടങ്ങി. നമ്മുടെ പരീക്ഷാപേപ്പറില്‍ ഞാന്‍ പഠിപ്പിക്കാത്ത ഭാഗത്തുനിന്ന് ഒരു ചോദ്യംകൂടി ഉണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടുള്ള ആ ചോദ്യത്തിന് ഉത്തരം എഴുതിയത് ഇവന്‍ മാത്രമാണ്. 33 മാര്‍ക്കുണ്ട് അമ്പതില്‍. എന്റെ കണ്ണ് നിറയാന്‍ തുടങ്ങി. എന്നെ നോക്കി സുഹൃത്തുക്കള്‍ കയ്യടിക്കുന്നു. എല്ലാവരും സന്തോഷത്തില്‍ ചിരിക്കുന്നു. ഞാനും അറിയാതെ ചിരിച്ചു.
അന്ന് എന്റെ വീട്ടില്‍ സന്തോഷത്തിന്റെ ദിനമായിരുന്നു. അപ്പനും അമ്മയും എന്റെ കുഞ്ഞനുജനുമെല്ലാം അന്ന് വീണ്ടും പ്രാര്‍ത്ഥനാമുറിയില്‍ ചെന്ന് ഈശോയ്ക്കും മാതാവിനും നന്ദി പറഞ്ഞപ്പോള്‍ ഞാനൊന്നു ചോദിച്ചു. ആറാം ക്ലാസില്‍ ചോദിച്ചതല്ലേ ഞാന്‍. എന്താ ഇത്ര വൈകിയത്. ഉത്തരം കിട്ടാത്തതുകൊണ്ട് ഞാന്‍ വേദപാഠക്ലാസിലെ ടീച്ചറോടുതന്നെ ചോദിച്ചു. ടീച്ചര്‍ പറഞ്ഞു ”മോനേ, കാത്തിരുന്നു കിട്ടുന്നതിന് മധുരം കൂടും.” ഈശോയ്ക്ക് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. നിന്റെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതി. അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.
സത്യമാണ്, കാലം ഏറെ കഴിഞ്ഞു. ഇന്ന് ഗണിതത്തില്‍മാത്രം മൂന്ന് ഡിഗ്രിയുണ്ട്. ഒത്തിരി സന്തോഷമുണ്ട്. ഈശോ എന്റെ കൈപിടിച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്. കരഞ്ഞ നാളുകളില്‍ സഹനത്തിന്റെ തീജ്വാലകള്‍ക്കിടയില്‍ എന്നെ അവിടുന്ന് ഉരുക്കി വാര്‍ക്കുകയായിരുന്നു. ഒരു വേദന അനുഭവിക്കാത്തവന്, ആ വേദനയെപ്പറ്റി അറിയാത്തവന്, യഥാര്‍ത്ഥത്തില്‍ അതിന്റെ മരുന്നിന്റെ വില മനസിലാകില്ലല്ലോ. ഇന്ന് എന്റെ ക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഞാന്‍ എന്റെ ഈശോയ്ക്ക് സമര്‍പ്പിക്കാറുണ്ട്.
പഠിക്കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്കുവേണ്ടി ജപമാല ചൊല്ലാറുണ്ട്. എനിക്കുറപ്പുണ്ട്, ദൈവം നമ്മെ വിളിക്കുന്നത് തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ ജീവിതവിജയം. അതാണ് യഥാര്‍ത്ഥ സുവിശേഷം. നമ്മെ അനുഗ്രഹിച്ച ഈശോയുടെ കരുണയെ പ്രകീര്‍ത്തിക്കുന്നതാണ് ഇന്നിന്റെ സുവിശേഷപ്രസംഗം. ”നിങ്ങള്‍ ലോകമെങ്ങുംപോയി, സകല സൃഷ്ടികളോടും സുവിശേഷം
പ്രസംഗിക്കുവിന്‍” (മര്‍ക്കോസ് 16/15).
അല്‍ജോ കെ. ജോണ്‍