എന്റെ അടുത്ത ബന്ധുക്കളായ രണ്ടു കുട്ടികളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണദിവസം. വീട്ടില്‍ നടന്ന സ്‌നേഹവിരുന്നിനിടെ ഈ കുട്ടികളുടെ പിതാവ് ഒരു സംഭവത്തെക്കുറിച്ച് പങ്കുവച്ചു. പ്രഥമദിവ്യകാരുണ്യസ്വീകരണത്തിന് നമസ്‌കാരങ്ങള്‍ പഠിക്കുന്നതിനുപുറമേ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം മുഴുവനും സ്വന്തം കയ്യരക്ഷരത്തില്‍ എഴുതിക്കൊണ്ടുവരണമെന്നും അതാണ് അന്നേദിവസം കാഴ്ചവയ്പ്പിനായി സമര്‍പ്പിക്കുന്നത് എന്നും മേല്‍നോട്ടം വഹിച്ച സിസ്റ്റേഴ്‌സ് കുട്ടികളോട് പറഞ്ഞിരുന്നു.
എഴുതുവാനുള്ള ദിവസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യദിവസങ്ങളില്‍ അല്പം അശ്രദ്ധ വന്നു. എങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ കൊണ്ടുപിടിച്ച് എഴുതി. കൈ വേദനിച്ചാലും നിര്‍ത്താതെ രണ്ടുപേരും ദിവസവും എഴുതിപ്പോന്നു. ആദ്യകുര്‍ബാന സ്വീകരണത്തിന് വെറും മൂന്നുദിവസങ്ങള്‍ക്കുമുമ്പേ പ്രയത്‌നം വളരെ കഠിനമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവരുടെ ഡാഡിയും മമ്മിയും ഇതെല്ലാം മനസിലാക്കുന്നുണ്ടായിരുന്നു.
ഒടുവില്‍ ഡാഡിക്ക് മക്കളോട് ദയ തോന്നി ഒരു സൂത്രവിദ്യ പറഞ്ഞുകൊടുത്തു. ഇനി എഴുതാനുള്ള അധ്യായങ്ങള്‍ നിങ്ങള്‍ എഴുതണ്ട. ഇത്രയും എഴുതിയല്ലോ, നല്ലത്. പുതിയൊരു ടെക്‌നിക്ക് ഉണ്ട്. എഴുതാന്‍ ബാക്കിയുള്ളതെല്ലാം ഫീഡ് ചെയ്ത് ഒരു സ്‌പെഷ്യല്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ ഇവര്‍ എഴുതിയതുപോലുള്ള കയ്യക്ഷരത്തില്‍ പ്രിന്റ് വരും. അപ്രകാരം ചെയ്യാമെന്ന് കരുതി ഡാഡിയും മമ്മിയും മക്കളോട് ഇക്കാര്യം പറഞ്ഞു.
അവര്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടുമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ മക്കള്‍ രണ്ടുപേരും ഈ ഉപദേശം തള്ളിക്കളഞ്ഞു. ”എന്തു സൂത്രം ചെയ്താലും, മറ്റാരും കണ്ടുപിടിച്ചില്ലെങ്കിലും, ഈശോ അറിയും. ഈശോയെ കബളിപ്പിക്കുന്നതിന് ശിക്ഷ കിട്ടും. കൂടാതെ, ഈശോയ്ക്ക് കാഴ്ചവയ്ക്കാനായാണ് ഇത് ചെയ്യുന്നത്. കാഴ്ചവയ്പ് വിശുദ്ധമായിരിക്കണം. ഇത് ഞങ്ങള്‍ വൈദികന്റെ അടുത്ത് കൊടുക്കുമ്പോള്‍ ഭയംകൊണ്ട് കൈ വിറയ്ക്കാനും സാധ്യതയുണ്ട്.”
മൂത്തമകള്‍ ഇക്കാര്യത്തെക്കുറിച്ച് കുറച്ചുകൂടി വാചാലയായി, ”കായേന്‍ ബലിയര്‍പ്പിച്ചത് ശുദ്ധമായിരുന്നില്ല. അതിനാല്‍ കായേന്റെ ബലി ഈശോ സ്വീകരിച്ചില്ല.”
ഡാഡിക്ക് മക്കളെക്കുറിച്ച് വലിയ അഭിമാനവും സന്തോഷവും തോന്നി. കഠിനപ്രയത്‌നത്തിലൂടെ നല്കപ്പെട്ട വചനഭാഗം എഴുതി പൂര്‍ത്തീകരിച്ച അവര്‍ക്ക് ഡാഡി സ്‌നേഹസമ്മാനങ്ങളും നല്‍കി. മക്കളെക്കുറിച്ച് സത്യസന്ധമായി നടത്തിയ ആ ലഘുപ്രസംഗം കഴിഞ്ഞപ്പോള്‍ കയ്യടികളോടെയാണ് സ്വന്തക്കാരും അയല്‍വാസികളും അഭിനന്ദനം അറിയിച്ചത്.
മറ്റാരും മനസിലാക്കാന്‍ സാധ്യതയില്ലെങ്കിലും സൂത്രം കാണിച്ച് ഈശോയെ കബളിപ്പിക്കില്ലെന്ന് ആ കുട്ടികള്‍ തീരുമാനമെടുത്തു. അപ്രകാരം ദൈവസന്നിധിയില്‍ വിശ്വസ്തത പുലര്‍ത്താനും നിര്‍മലമായ കാഴ്ചവയ്പ് നടത്താനും അവര്‍ക്ക് കഴിഞ്ഞു. ഈശോയ്ക്ക് നല്കുന്നതെല്ലാം ഇതുപോലെ നിര്‍മലമായി നല്കുവാന്‍ നമുക്ക് ശ്രമിക്കാം. കാരണം നമ്മുടെ ഉദ്ദേശ്യശുദ്ധിയെ ദൈവം എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ”ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങള്‍ മനസിലാക്കണമേ!” (സങ്കീര്‍ത്തനങ്ങള്‍ 139/23).