ഞങ്ങള്‍ ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. വീടിന്റെ മുന്‍വശത്തുള്ള അയല്‍വാസി മദ്യം വിറ്റിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് മദ്യപിക്കുവാന്‍ വരുന്നവരെ കാണുമ്പോള്‍ ഞാന്‍ അസ്വസ്ഥയാകുമായിരുന്നു. എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്ന് ചിന്തിക്കും. പക്ഷേ ഒന്നും ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. മരുന്നുകടയില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിന്റെ തുച്ഛശമ്പളത്തില്‍ നല്ല വീട് പണിയുവാന്‍ കഴിയുമായിരുന്നില്ല. മക്കള്‍ക്ക് നല്ല ഭക്ഷണം, വിദ്യാഭ്യാസം- ഒന്നും നല്‍കുവാനും സാധിച്ചില്ല. വളരെ കഷ്ടതയിലായിരുന്നു ജീവിതം.
അതിനെക്കാള്‍ എന്നെ വിഷമിപ്പിച്ചത് മദ്യം വില്ക്കുന്ന അയല്‍വാസി നിമിത്തമുള്ള അസ്വസ്ഥതകളാണ്.
അതില്‍നിന്ന് രക്ഷപ്പെടാനായി ഞാന്‍ ഒരുപാട് ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. എപ്പോഴും ഞാന്‍ പൂജ ചെയ്യുമായിരുന്നു. ആരോഗ്യവും കുറയുവാന്‍ തുടങ്ങി. കുടുംബത്തില്‍ എന്നും പ്രശ്‌നങ്ങളും അസ്വസ്ഥതയുമായിരുന്നു. മക്കള്‍ക്കു ഭക്ഷണംപോലും ഉണ്ടാക്കാതെയായി. എന്താണ് അമ്മയ്ക്ക് സംഭവിച്ചത് എന്ന് മക്കള്‍ ചിന്തിക്കാന്‍ തുടങ്ങി. പക്ഷേ ആര്‍ക്കും എന്റെ പ്രശ്‌നം മനസിലാകുമായിരുന്നില്ല. കാരണം എന്റെ പ്രശ്‌നങ്ങള്‍ പുറമേയ്ക്ക് കാണാവുന്ന തരത്തിലുള്ളതായിരുന്നില്ല. അതിനാല്‍ത്തന്നെ ഞാന്‍ പൂജകള്‍ തുടര്‍ന്നു.
അയല്‍വാസി ഞങ്ങളെ പല വിധത്തിലും ഉപദ്രവിക്കുന്നത് പതിവ്. പക്ഷേ, നാട്ടിലെ ഗുണ്ടയായിരുന്നതുകൊണ്ട് കൗണ്‍സിലറും നാട്ടുകാരും എല്ലാം അദ്ദേഹത്തിന്റെകൂടെയായിരുന്നു. ഒരു ദിവസം ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോയെങ്കിലും ഫലമുണ്ടായില്ല. അവര്‍ ഞങ്ങളുടെ വാക്കുകള്‍ ശ്രദ്ധിച്ചുപോലുമില്ല.
വീണ്ടും വീണ്ടും ആ മനുഷ്യന്‍ മദ്യപിച്ചുവരുന്നത് കാണുമ്പോള്‍ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. പതിവുപോലെ, ശ്വാസം മുട്ടുന്ന അവസ്ഥ. ഞാന്‍ പൂജകള്‍ ചെയ്യുന്ന ആളെ വിളിച്ചുവരുത്തി. അദ്ദേഹം പൂജകള്‍ക്കായി പണം ആവശ്യപ്പെട്ടു. അത് നല്കിയാല്‍ എനിക്ക് രക്ഷ കിട്ടും എന്ന് പറഞ്ഞു. എന്തുവേണമെങ്കിലും ചെയ്യാന്‍ ഞാന്‍ തയാറായിരുന്നു. ഭര്‍ത്താവിന്റെ ചെറിയ ശമ്പളത്തില്‍നിന്നുപോലും ഈ ആവശ്യത്തിനായി ഞാന്‍ പിടിച്ചുവാങ്ങി. എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളായതല്ലാതെ ഒരു ഉപകാരവുമുണ്ടായില്ല.
പുസ്തകത്തിലെ പൂജാരി!
ഞാന്‍ പ്രാര്‍ത്ഥിച്ചും ഉപവസിച്ചും മടുത്തു. അങ്ങനെയൊരു ദിവസം ഞാന്‍ ഇളയ മകനെ പഠിപ്പിക്കുകയായിരുന്നു. അവന്റെ പുസ്തകത്തില്‍ ഒരു പൂജാരിയെപ്പോലെ തോന്നിപ്പിക്കുന്ന ഒരാളുടെ ചിത്രം കണ്ടു. അതാരാണെന്ന് ഞാന്‍ മകനോട് ചോദിച്ചു. ”ഇത് യേശുവാണ്, അമ്മയ്ക്കറിയില്ലേ?” എന്നായിരുന്നു അവന്റെ മറുപടി.
”ഉവ്വ്, എനിക്കറിയാം. പക്ഷേ കാര്യമായി അറിയില്ല,” ഞാന്‍ മറുപടി നല്കി.
”അമ്മ യേശുവിനോട് പ്രാര്‍ത്ഥിക്ക്. അവിടുന്ന് ഉറപ്പായും അമ്മ പറയുന്നത് കേള്‍ക്കും. പ്രശ്‌നങ്ങള്‍ക്ക് മറുപടി തരും.”
അവന്‍ പറഞ്ഞതുകേട്ട് ഞാന്‍ ഉപവാസമെടുത്ത് യേശുവിനോട് പ്രാര്‍ത്ഥിച്ചു. അന്ന് ഒരു ഞായറാഴ്ചയായിരുന്നു. അതുകഴിഞ്ഞ് ഞാന്‍ പൂജാരിയ്ക്കടുത്തേക്ക് പോയി. അപ്പോള്‍ വെള്ളവസ്ത്രം ധരിച്ച ഒരു മനുഷ്യന്‍ അരികില്‍ നില്‍ക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. ‘കുഞ്ഞേ, നീ ഇവിടെനിന്ന് വേഗം പോവുക. അല്ലെങ്കില്‍ ഇവര്‍ നിന്നെ കൊല്ലും’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
പക്ഷേ ഞാന്‍ ആ മനുഷ്യനോട് പറഞ്ഞുകൊണ്ടിരുന്നു, ”നിങ്ങളാരാണ്, എന്തിനാണ് എന്റെ പിന്നാലെ വരുന്നത്? ഞാനിവിടെനിന്ന് പോകാം. പക്ഷേ ഇതെന്റെ വഴിയാണ്. ”
പൂജാരിയുടെ കൂടെയുള്ള ആളുകള്‍ എന്നോട് ‘ഭ്രാന്താണോ, സ്വയം സംസാരിക്കുന്നുണ്ടല്ലോ’ എന്നെല്ലാം ചോദിച്ചുകൊണ്ടിരുന്നു. വെള്ളവസ്ത്രധാരിയെ എനിക്കുമാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ എന്നും എനിക്ക് മനസിലായി. പ്രകാശിക്കുന്ന മുഖമായിരുന്നു അദ്ദേഹത്തിന്റേത്, ഒരു മിന്നല്‍പ്പിണര്‍പോലെ… വെള്ള അങ്കിയാണ് ധരിച്ചിരുന്നത്.
”കുഞ്ഞേ വീട്ടില്‍പ്പോകുക, അല്ലെങ്കില്‍ അവര്‍ നിന്നെ കൊല്ലും” എന്ന് ആ മനുഷ്യന്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ ഞാന്‍ അപ്പോഴും പൂജാരിയും കൂട്ടാളികളും പറയുന്നത് ശ്രദ്ധിച്ചു. ഒടുവില്‍ പൂജാരി പറഞ്ഞതെല്ലാം കേട്ട് ഞാന്‍ വീട്ടിലേക്ക് മടങ്ങി.
പിറ്റേ ദിവസം രാവിലെ വീണ്ടും വീട്ടില്‍ വഴക്കും പ്രശ്‌നങ്ങളുമുണ്ടായി. ആകെ അസ്വസ്ഥയായ ഞാന്‍ മരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. വീണ്ടും പൂജാരിയ്ക്കടുത്തേക്ക് പോയി. അദ്ദേഹം പറഞ്ഞത് ശ്മശാനത്തിലേക്ക് പോകാനാണ്. ശ്മശാനത്തില്‍ എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു, അവിടെയിരുന്ന് സ്വസ്ഥമായിക്കൊള്ളാന്‍. അവിടെനിന്ന് പോകരുതെന്നും പറഞ്ഞു. ‘ഞാനിവിടെ സ്വസ്ഥമായി ഇരിക്കട്ടെ’ എന്ന് പറഞ്ഞ് അവിടെ വിശ്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. മരിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയായിരുന്നു എന്റെ മനസില്‍.
ആ സമയം എന്റെയരികില്‍ വീണ്ടും വെള്ളയങ്കിയണിഞ്ഞ ആള്‍ വന്നു, ”എന്റെയരികിലേക്ക് വരിക, ഞാന്‍ നിന്നെ രക്ഷിക്കാം. എന്റെ പിന്നാലെ വരിക, ഞാന്‍ നിന്നെ രക്ഷിച്ചുകൊള്ളാം. എന്റെ കരം പിടിക്കുക!”
അങ്ങനെ പറഞ്ഞ് ആ മനുഷ്യന്‍ എന്റെ കരം പിടിച്ച് കൊണ്ടുപോയി. ഒരു നദിക്കരയിലൂടെയാണ് പോയത്. എന്റെ മനസിലെ മരണത്തെക്കുറിച്ചുള്ള ചിന്ത മനസിലാക്കിയ മട്ടില്‍ അദ്ദേഹം എന്നോട് പറഞ്ഞു, ”കുഞ്ഞേ, നീയിത് ചെയ്യരുത്, ഇത് വലിയ പാപമാണ്. പകരം ദൈവാലയത്തിലേക്ക് പോകുക. അവിടെനിന്ന് പുറത്തുപോകരുത്.”
ദൈവാലയത്തിലെത്തിയ ഞാന്‍ അവിടെയുണ്ടായിരുന്ന സിസ്റ്റര്‍ ടെസ്‌ലി നോട് എന്റെ കഥ മുഴുവന്‍ പറഞ്ഞു. മരണത്തിന്റെ സ്ഥലത്തുനിന്ന് കര്‍ത്താവാണ് എന്നെ രക്ഷിച്ചതെന്ന് സിസ്റ്റര്‍ മനസിലാക്കിത്തന്നു. ”അത്യുന്നതങ്ങളില്‍നിന്ന് കൈനീട്ടി അവിടുന്ന് എന്നെ പിടിച്ചു. പെരുവെള്ളത്തില്‍നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു” (2 സാമുവല്‍ 22/17).
തുടര്‍ന്ന് എന്നും ഞാനവിടെ ചെന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. മനസിന് വലിയ സമാധാനം ലഭിച്ചു. തുടര്‍ന്ന് ഭര്‍ത്താവും മകനുമെല്ലാം അവിടെ വരാന്‍ ആരംഭിച്ചു. അങ്ങനെയിരിക്കേ ഒരു ദിവസം മാതാവിന്റെ സ്വരൂപത്തിനരികെനിന്ന് മടങ്ങുമ്പോള്‍ ആരോ തള്ളിയിട്ടാലെന്നപോലെ ഞാന്‍ വീണു. കൈയൊടിഞ്ഞു. ”നിന്റെ കൈയൊടിഞ്ഞല്ലോ, ഇനിയെന്തുചെയ്യും?” എന്ന് ഭര്‍ത്താവ് ചോദിച്ചു.
”ഞാന്‍ ഇനിയും ഇവിടെ വരും, ഇവിടെനിന്ന് എനിക്ക് രോഗശാന്തി ലഭിക്കും” എന്നായിരുന്നു എന്റെ മറുപടി. എന്നും മാതാവിനരികില്‍ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. എന്റെ വിശ്വാസം ശരിയായിത്തീര്‍ന്നു. ഏതാനും ദിവസങ്ങള്‍ക്കകം എന്റെ കൈ സുഖമായി. പക്ഷേ പരീക്ഷണങ്ങള്‍ വീണ്ടും വന്നു.
ഭര്‍ത്താവിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടാന്‍ തുടങ്ങി. ഡോക്ടറെ കാണിച്ചപ്പോള്‍ എക്‌സ്‌റേ എടുക്കാനായിരുന്നു നിര്‍ദേശം. അതിനായി ആശുപത്രിയില്‍ പോയ സമയത്ത് ഞാന്‍ വീണ് കാലൊടിഞ്ഞു. പ്ലാസ്റ്ററിട്ടു. നാളുകള്‍ കഴിയണം സുഖമാകാന്‍ എന്നാണ് പറഞ്ഞത്. പക്ഷേ അല്പം വിഷമിച്ചാണെങ്കിലും ഞാന്‍ ദിവസവും ദൈവാലയത്തില്‍ പോകാന്‍ തുടങ്ങി. പലരും എന്നോട് വേണ്ടെന്ന് പറഞ്ഞു. പക്ഷേ ദൈവത്തില്‍മാത്രം ആശ്രയിച്ച് ഞാന്‍ ദിവസവും ദൈവാലയത്തില്‍ പോയി. മാതാവിന്റെ അരികിലും പോയി പ്രാര്‍ത്ഥിക്കും. എന്നിട്ട് വീട്ടിലെ ജോലികളും ചെയ്യും. ഒരു മാസമായപ്പോഴേക്കുംതന്നെ എന്റെ കാല്‍ പൂര്‍ണമായി സുഖമായി. അത് അത്ഭുതകരമായിരുന്നു.
കോരിത്തരിപ്പിക്കുന്ന ഓര്‍മ്മ
ഇന്നും യേശു എന്നെ വിളിച്ച സംഭവം ഓര്‍ക്കുമ്പോള്‍ എനിക്ക് കോരിത്തരിക്കുന്നു. അന്ന് അവിടുത്തെ എനിക്ക് മനസിലായില്ലെങ്കിലും ഇന്ന് ഞാന്‍ അവിടുത്തെ അറിയുന്നു. അവിടുന്നാണ് ഏകസത്യദൈവം. പൂജാരിവഴി എനിക്ക് വന്നേക്കാവുന്ന അപകടങ്ങളില്‍നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു. എന്റെ ഭര്‍ത്താവ് മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമായിരുന്നു. അതില്‍നിന്നെല്ലാം അദ്ദേഹം വിമോചിപ്പിക്കപ്പെട്ടു. മരുന്നിലൂടെ മദ്യാപാനാടിമത്തത്തില്‍നിന്ന് രക്ഷപ്പെടുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ യേശുതന്നെ മരുന്നായി. എന്റെ കുടുംബത്തെ അവിടുന്ന് രക്ഷയിലേക്ക് നയിച്ചു. ജീവിതത്തിലെ കഷ്ടതകള്‍ യേശുവിനെ കണ്ടെത്താന്‍ എനിക്ക് സഹായമായി. ”ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (സങ്കീര്‍ത്തനങ്ങള്‍ 119/71).
മൂത്ത മകന്‍ ഈ വിശ്വാസത്തിലേക്ക് വരുന്നില്ലായിരുന്നു. ഞങ്ങള്‍ ഏറെ പ്രാര്‍ത്ഥിച്ചെങ്കിലും മാറ്റം കണ്ടില്ല. അത് വളരെ സങ്കടകരമായിരുന്നു. അങ്ങനെയിരിക്കേയാണ് ഞങ്ങളുടെ സ്ഥലത്ത് കേരളത്തില്‍നിന്നുള്ള മിഷനറിസഹോദരന്‍മാര്‍ വന്നത്. അവര്‍ വീട്ടില്‍ വന്ന് പ്രാര്‍ത്ഥിക്കുകയും മകനോട് തനിയെ സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് അവന്‍ ഞങ്ങളെക്കാള്‍ തീക്ഷ്ണമായ വിശ്വാസത്തിലേക്ക് വന്നു. വിശുദ്ധബലിക്ക് വരാനും തുടങ്ങി.
എന്റെ അമ്മയുടെ വയറ്റിലുണ്ടായിരുന്ന ട്യൂമറിന് സര്‍ജറി ചെയ്യാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. നെഞ്ചില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ സര്‍ജറി അപകടകരമായിരുന്നു. എന്നാല്‍ അമ്മ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യംതേടി പ്രാര്‍ത്ഥിച്ചു.
അതേത്തുടര്‍ന്ന് സര്‍ജറി നടത്താന്‍ സാധിക്കുകയും അമ്മ സൗഖ്യത്തിലേക്ക് വരികയും ചെയ്തു. എന്റെ അമ്മ പറയുന്നത് ഇങ്ങനെയാണ്, ”പരിശുദ്ധ അമ്മയില്ലെങ്കില്‍ എനിക്ക് യേശുവിന്റെ അരികില്‍ എത്താന്‍ കഴിയില്ലായിരുന്നു!” ഇന്ന് അമ്മയും മറ്റ് കുടുംബാംഗങ്ങളും സന്തോഷമായിരിക്കുന്നു.
യേശുവും മാതാവും നല്കിയ പ്രചോദനങ്ങള്‍ക്കനുസരിച്ച് നീങ്ങിയപ്പോള്‍ എനിക്കും ജോലി ചെയ്യാനുള്ള അവസരം ലഭിച്ചു. ഇന്ന് ഭര്‍ത്താവും ഞാനും മക്കളുമുള്‍പ്പെടുന്ന എന്റെ കുടുംബം മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാസഭാംഗങ്ങളാകാനും യേശു അനുഗ്രഹം നല്കി. ഞങ്ങളെ ഈ യാത്രയില്‍ സഹായിച്ച എല്ലാവരെയും കര്‍ത്താവ് അനുഗ്രഹിക്കട്ടെ.
സരിത പാസ്വാന്‍
ബംഗാള്‍ സ്വദേശിനിയാണ് സരിത. ഭര്‍ത്താവ് ഗണേഷ് പാസ്വാനും രണ്ട് മക്കളുമടങ്ങുന്നതാണ് സരിതയുടെ കുടുംബം.