ടെലിവിഷന്‍ അഭിമുഖവും സൗഖ്യകാരണവും – Shalom Times Shalom Times |
Welcome to Shalom Times

ടെലിവിഷന്‍ അഭിമുഖവും സൗഖ്യകാരണവും

നമ്മുടെ ഈ കാലഘട്ടത്തിന്, ഒരു പുതിയ സുവിശേഷമല്ല ആവശ്യം; ഒരു പുതിയ സുവിശേഷവത്കരണ രീതിയാണ്. വായിച്ചതും കേട്ടിട്ടുള്ളതുമായ സിദ്ധാന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടല്ല; നമ്മുടെ സ്വന്തം സാക്ഷ്യം നല്‍കികൊണ്ട് തന്നെ, ഉറച്ച ബോധ്യത്തോടും ശക്തിയോടുംകൂടെ ”യേശുക്രിസ്തു ഇന്നും ജീവിക്കുന്നു”വെന്ന് നാം പ്രഘോഷിക്കണം. സുവിശേഷ പ്രഘോഷണത്തിന്റെ, സ്വാഭാവിക പരിണത ഫലങ്ങളാകേണ്ട, അത്ഭുതങ്ങളും അടയാളങ്ങളും അകമ്പടി സേവിച്ചുകൊണ്ട്, പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ നാം സുവിശേഷവത്കരണം നടത്തണം.

1977 ജൂണില്‍, മോണ്‍ട്രിയല്‍ സമ്മേളനത്തില്‍ ഒളിമ്പിക് സ്റ്റേഡിയത്തില്‍വച്ച് നടത്തപ്പെട്ട സമാപന വിശുദ്ധ കുര്‍ബാനയില്‍ 55,000 ആളുകള്‍ പങ്കെടുത്തു. കര്‍ദിനാള്‍ റോയ, ആറ് ബിഷപ്പുമാരോടും 920 വൈദികരോടുമൊപ്പം ബലിയില്‍ പങ്കുചേര്‍ന്നു. മേയര്‍ പ്രഭുവും സന്നിഹിതനായിരുന്നു.
അള്‍ത്താരയോട് ചേര്‍ന്ന് വീല്‍ചെയറില്‍ ഇരുന്നുകൊണ്ട്, നൂറിലധികം രോഗികളും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു.

രോഗികള്‍ക്കുവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സകലരും ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കെ, 11 വര്‍ഷമായി ‘സ്‌ക്ലീറോസിസ്’ എന്ന രോഗം ബാധിച്ചിരുന്ന ‘റോസ് എയ്മീ’ എന്നുപേരായ ഒരു സ്ത്രീ, അവള്‍ ഇരുന്നിരുന്ന കസേരയില്‍നിന്നും എഴുന്നേറ്റ് എല്ലാവരുടെയും മുന്നില്‍ നടക്കാന്‍ തുടങ്ങി.
പിന്നെ മറ്റൊരാള്‍ എഴുന്നേറ്റു. കുറച്ച് കഴിഞ്ഞ് വേറൊരാള്‍; വീണ്ടും വേറൊരാള്‍…. അങ്ങനെ മൊത്തം പന്ത്രണ്ട് തളര്‍വാത രോഗികള്‍ അവര്‍ ഇരുന്നിരുന്ന കസേരയില്‍നിന്നും എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി!
വികാര വിവശരായി, ജനം മുഴുവന്‍ കരയുകയും കയ്യടിക്കുകയുമായിരുന്നു. സന്തോഷംകൊണ്ടും വികാരംകൊണ്ടും മേയര്‍ പ്രഭുവും ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുകൊണ്ടിരുന്നു.

ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുമ്പോള്‍ ഒരു വ്യക്തിയും വലിയവനല്ല; ഓരോരുത്തരും ദൈവതിരുമുമ്പില്‍ എളിയവനാണ്.
പിറ്റേദിവസം ആ നഗരിയിലെ ഒരു പ്രമുഖ ദിനപത്രത്തില്‍ ഇങ്ങനെ ഒരു വാര്‍ത്ത വന്നു: ”ഒളിമ്പിക് സ്റ്റേഡിയത്തില്‍ അത്ഭുത സംഭവങ്ങള്‍ – മുടന്തര്‍ നടക്കുന്നു!”
”ശയ്യാവലംബികളായിരുന്നവര്‍ എഴുന്നേറ്റ് നടന്നു” എന്നാണ് മോണ്‍ട്രിയല്‍ പത്രം എഴുതിയത്.
‘രോഗികള്‍ സൗഖ്യം പ്രാപിക്കുന്നു’ എന്നതില്‍ അത്ഭുതമൊന്നും ഇല്ല. അവര്‍ സുഖം പ്രാപിച്ചില്ലായിരുന്നുവെങ്കിലാണ് അത്ഭുതമാവുക. യേശു തന്റെ വാഗ്ദാനം പാലിച്ചില്ലായിരുന്നുവെങ്കില്‍ അതൊരു വിചിത്ര സംഭവമായിപ്പോയേനേ.
പിറ്റേദിവസം ടെലിവിഷനില്‍ ഞാനുമായൊരു അഭിമുഖം ഉണ്ടായിരുന്നു. ചോദ്യകര്‍ത്താവ് എന്നോട് ചോദിച്ചു:
”രോഗസൗഖ്യങ്ങള്‍ എല്ലാം സംഭവിച്ചത് ആ വലിയൊരു ജനക്കൂട്ടത്തിന്റെ വികാരംമൂലവും ആളുകളുടെ കരഘോഷവുംമൂലം ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ?”

ഞാന്‍ പറഞ്ഞു:
”എങ്കില്‍പ്പിന്നെ ഫുട്‌ബോള്‍ കളിയോ ബാസ്‌കറ്റ്‌ബോള്‍ കളിയോ നടക്കുമ്പോള്‍, ഇഷ്ടപ്പെട്ട ടീം ജയിക്കുമ്പോള്‍, വികാരത്താല്‍ എന്തുകൊണ്ട് ഒരിക്കലും ഏതെങ്കിലും തളര്‍വാതരോഗി എഴുന്നേല്‍ക്കുകയോ ഏതെങ്കിലും കാന്‍സര്‍ രോഗി സൗഖ്യം പ്രാപിക്കുകയോ ചെയ്യുന്നില്ല എന്നത് നിങ്ങള്‍ എനിക്ക് വിശദമാക്കിത്തരണം?”
എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഒരേയൊരു ഉത്തരം ഇതാണ്: യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അവിടുന്ന് നമുക്ക് മധ്യേ ഇന്നും ജീവിക്കുന്നു.
മറ്റ് വിശദീകരണങ്ങള്‍ ഒന്നും നാം തേടരുത്. തേടുകയാണെങ്കില്‍ത്തന്നെ, അത് എന്നന്നേക്കുമായി നമ്മെ കുഴക്കിക്കൊണ്ടിരിക്കും.

നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ, വിസ്മയകരമായ പദ്ധതികളെക്കുറിച്ചോര്‍ക്കുമ്പോള്‍, ചിലപ്പോളെനിക്ക് ചിരി വരാറുണ്ട്. ദൈവം ഇങ്ങനെ ഒരു പാവം ഗ്രാമീണവൈദികനെ, വിവിധ രാജ്യങ്ങളില്‍നിന്നുള്ള ദൈവശാസ്ത്ര പണ്ഡിതര്‍ക്കുമുമ്പില്‍ അവരോട് സുവിശേഷം പ്രസംഗിക്കുന്നതിനുവേണ്ടി ഇരുത്തുമ്പോള്‍ ദൈവത്തിന്റെ നര്‍മബോധത്തെക്കുറിച്ച് ഞാനോര്‍ത്തു പോവുന്നു.
ഞാനവരെ പുതിയ യാതൊന്നും പഠിപ്പിക്കുന്നില്ല. ഈശോയുടെ തിരുഹൃദയത്തിന്റെ കരുണയുടെ സാക്ഷ്യം നല്‍കുകമാത്രം ചെയ്യുന്നു.

മരണകരമായ ടി.ബിയില്‍നിന്ന് കരിസ്മാറ്റിക് സംഘത്തിന്റെ പ്രാര്‍ത്ഥനയിലൂടെ അത്ഭുതകരമായി സൗഖ്യപ്പെട്ട ഫാ. എമിലിന്‍ കരിസ്മാറ്റിക് ശൈലിയില്‍ സുവിശേഷ ശുശ്രൂഷ ചെയ്യാന്‍ തുടങ്ങി. 1999-ല്‍ നിര്യാതനായ അദ്ദേഹത്തിന്റെ ‘അത്ഭുതങ്ങളേ സാക്ഷി’ എന്ന ഗ്രന്ഥത്തില്‍നിന്ന്.

ഫാ. എമിലിന്‍ ടര്‍ഡിഫ്