‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ വാഴ്ത്തപ്പെട്ട എലേന ഗുയേര – Shalom Times Shalom Times |
Welcome to Shalom Times

‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ വാഴ്ത്തപ്പെട്ട എലേന ഗുയേര

ബ്രസീലില്‍നിന്നുള്ള പൗലോ മസ്തിഷ്‌കമരണത്തിലേക്ക് നീങ്ങുന്ന സമയം. അവിടത്തെ കരിസ്മാറ്റിക് പ്രാര്‍ത്ഥനാകൂട്ടായ്മയിലെ അംഗങ്ങള്‍ അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ പ്രത്യേകമാധ്യസ്ഥ്യവും അവര്‍ തേടി. മരത്തില്‍നിന്ന് വീണതിന്റെ ഫലമായി മുമ്പേതന്നെ കോമയിലായിരുന്നു പൗലോ. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുതുടങ്ങിയപ്പോഴാണ് പ്രാര്‍ത്ഥനയുടെ ഫലം വെളിപ്പെട്ടത്. അതിവേഗം ആരോഗ്യസ്ഥിതിയില്‍ പുരോഗതി പ്രാപിച്ച പൗലോ ഒരു മാസത്തിനുള്ളില്‍ത്തന്നെ ആശുപത്രി വിട്ടു. പൗലോയുടെ രോഗസൗഖ്യമെന്ന അത്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ വിശുദ്ധപദവിയിലേക്ക് ഉയരാന്‍ പോകുന്ന എലേന ഗുയേരയെക്കുറിച്ച് അറിയാം.

1835-ല്‍ ജനിച്ച എലേനയുടെ സ്വദേശം ഇറ്റലിയിലെ ലൂക്കാ ആണ്. ദുരിതങ്ങള്‍ എനിക്കുപകാരമായി, തന്മൂലം ഞാന്‍ ദൈവത്തിന്റെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ എന്ന സങ്കീര്‍ത്തകവചനം അവളുടെ ജീവിതത്തിലും അക്ഷരാര്‍ത്ഥത്തില്‍ നിറവേറി. യൗവനപ്രായത്തില്‍ത്തന്നെ ഗുരുതരമായ രോഗം ബാധിച്ചു. കിടക്കയിലായിപ്പോയ സമയത്ത് നിരാശയിലേക്ക് വഴുതിവീഴാതെ തിരുവചനം വായിച്ച് ധ്യാനിച്ച അവള്‍ സാവധാനം സഭാപിതാക്കന്‍മാരുടെ പ്രബോധനങ്ങളുടെ വായനയിലേക്കും കടന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ എലേന രോഗമുക്തി പ്രാപിച്ചു. അതേത്തുടര്‍ന്ന് റോമിലേക്ക് യാത്രയിലാണ് തനിക്ക് സവിശേഷമായ ദൈവവിളിയുണ്ടെന്ന് തിരിച്ചറിഞ്ഞത്.
പരിശുദ്ധാത്മാവിനോട് ആഴമായ ഭക്തിയും സ്‌നേഹവുമായിരുന്നു എലേനയ്ക്ക്. ‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ എന്നാണ് സഭയില്‍ അവള്‍ അറിയപ്പെടുന്നത്. പന്തക്കുസ്താ തിരുനാളിനെക്കുറിച്ച് എലേന കുറിച്ചിരിക്കുന്നത് ഇങ്ങനെ-”’പന്തക്കുസ്ത അവസാനിച്ചിട്ടില്ല. അത് എല്ലാ സമയത്തും എല്ലാ ദേശത്തും തുടരുന്നു. കാരണം തന്നെ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യര്‍ക്കും തന്നെത്തന്നെ നല്‍കാന്‍ ആത്മാവ് ആഗ്രഹിക്കുന്നു.”

ആത്മീയമായ എഴുത്തുകള്‍ എഴുതാനും അവള്‍ക്ക് സവിശേഷകൃപയുണ്ടായിരുന്നു. 1985-നും 1903-നും ഇടയില്‍ 12ലധികം കത്തുകളാണ് അവള്‍ ലെയോ പതിമൂന്നാമന്‍ പാപ്പയ്ക്ക് അയച്ചിട്ടുള്ളത്. പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നവയായിരുന്നു ആ കത്തുകള്‍. അതിന്റെ ഫലമെന്നോണം പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള മൂന്ന് രേഖകള്‍ പാപ്പ പ്രസിദ്ധപ്പെടുത്തി. 1895 ലെ പന്തക്കുസ്താ തിരുനാളിന് ഒരുക്കമായി പ്രത്യേക നൊവേന പ്രാര്‍ത്ഥന നടത്തണമെന്ന് ആവശ്യപ്പെടുന്ന രേഖയും 1897-ല്‍ പ്രസിദ്ധീകരിച്ച പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ചാക്രികലേഖനമായ ‘ഡിവിനം ഇലൂഡ് മുനൂസും’ അതില്‍ ഉള്‍പ്പെടുന്നു. ലെയോ പതിമൂന്നാമന്‍ പാപ്പയുടെ സുഹൃത്ത്, സഭയില്‍ നേരത്തേതന്നെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ ജെമ്മാ ഗല്‍ഗാനിയുടെ ഗുരുനാഥ എന്നീ നിലകളിലും എലേന ശ്രദ്ധേയയാണ്.

തന്റെ മുപ്പതുകളില്‍ത്തന്നെ എലേന ഒരു സവിശേഷസമൂഹത്തിന് ആരംഭം കുറിച്ചു. ആ സമൂഹം പിന്നീട് ഒബ്ലേറ്റ്‌സ് ഓഫ് ദ ഹോളി സ്പിരിറ്റ് എന്ന സന്യാസിനിസമൂഹമായി മാറി.
1914 ഏപ്രില്‍ 11-ന് 79 വയസ് പ്രായമുള്ളപ്പോള്‍ ‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ സ്വര്‍ഗീയസന്നിധിയിലേക്ക് യാത്രയായി. ലൂക്കായിലെ വിശുദ്ധ അഗസ്റ്റിന്റെ നാമത്തിലുള്ള ദൈവാലയത്തിലാണ് ഈ പുണ്യവനിതയുടെ കബറിടം സ്ഥിതി ചെയ്യുന്നത്.