ദൈവത്തിന് പ്രസാദകരമായ ഒരു ജീവിതം നയിക്കുക എന്നതാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം. എന്നാല്‍ എങ്ങനെയാണ് ദൈവത്തെ പ്രസാദിപ്പിക്കുന്നത്? അത് ബാഹ്യമായ ചില പ്രവൃത്തികള്‍മൂലമോ അനുഷ്ഠാനങ്ങള്‍കൊണ്ടോ അല്ല, പ്രത്യുത മനസിന്റെ നവീകരണംവഴി രൂപാന്തരീകരണം പ്രാപിച്ച ശരീരങ്ങളെത്തന്നെ ദൈവത്തിന് ഒരു സജീവബലിയായി സമര്‍പ്പിക്കുമ്പോഴാണ് സംഭവിക്കുന്നത്. ഇക്കാര്യം വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നമ്മെ അനുസ്മരിപ്പിക്കുന്നുണ്ടല്ലോ (റോമാ 12/1-2). ദൈവം എപ്പോഴും നോക്കുന്നത് ദൈവഭക്തന്റെ ഹൃദയത്തിലേക്കാണ്, അവന്റെ മനോഭാവത്തിലേക്കാണ്.
ഇക്കാര്യത്തില്‍ നമുക്കൊരു റോള്‍മോഡലുണ്ട്. അത് സങ്കീര്‍ത്തകനായ ദാവീദാണ്. എന്റെ ഹൃദയത്തിനിണങ്ങിയ ഒരു വ്യക്തിയെ ദാവീദില്‍ ഞാന്‍ കണ്ടെത്തിയിരിക്കുന്നു എന്ന് ദൈവം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ. പല പ്രലോഭനങ്ങള്‍ക്കും പാപത്തിന്റെ വശീകരണങ്ങള്‍ക്കും അടിമപ്പെട്ടിട്ടും ദാവീദ് എങ്ങനെ ദൈവത്തിന്റെ പ്രീതി ആര്‍ജിച്ചു എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യംതന്നെ.
ഞാന്‍ കണ്ടെത്തിയ ആ രഹസ്യം നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ദാവീദ് തന്റെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു കൊച്ചുപ്രാര്‍ത്ഥനയുണ്ട്. അത് അദ്ദേഹത്തിന്റെ ഹൃദയത്തില്‍നിന്നും അധരങ്ങളില്‍നിന്നും നിരന്തരം ഉയര്‍ന്നുവന്നിരുന്നു. അതിശക്തമായ പാപസാഹചര്യങ്ങളില്‍ ജീവിക്കുന്ന, ആഗ്രഹിക്കാതിരുന്നിട്ടും പല പാപപ്രലോഭനങ്ങളിലും അകപ്പെട്ടുപോകുന്ന നമുക്കും ആ പ്രാര്‍ത്ഥന വളരെ പ്രയോജനപ്രദമാകും. വിശുദ്ധ പൗലോസ് ശ്ലീഹാ സൂചിപ്പിക്കുന്ന മനസിന്റെ നവീകരണത്തിന് ദാവീദ് ചൊല്ലിയിരുന്ന ഈ പ്രാര്‍ത്ഥന ഏറെ സഹായകരമാകും, തീര്‍ച്ച.
ദാവീദ് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ”എന്റെ അഭയശിലയും വിമോചകനുമായ കര്‍ത്താവേ, എന്റെ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്ടിയില്‍ സ്വീകാര്യമായിരിക്കട്ടെ” (സങ്കീര്‍ത്തനം 19/14). ഈ പ്രാര്‍ത്ഥന ഒന്നു വിശകലനം ചെയ്യുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. അദ്ദേഹം പൂര്‍ണമായും ദൈവത്തില്‍ ശരണപ്പെട്ടിരുന്നു. മനുഷ്യന്റെ അധ്വാനംകൊണ്ട് നേടിയെടുക്കാവുന്നതല്ല വിശുദ്ധി. അത് ദൈവത്തിന്റെ കൃപയും ദാനവുമാണ്. അതിനാല്‍തന്നെ വീഴാതെ താങ്ങിനിര്‍ത്തുന്ന അഭയശിലയായി അദ്ദേഹം ദൈവത്തെ കാണുന്നു. ദൈവത്തിന്റെ കൃപ ഉണ്ടെങ്കില്‍ മാത്രമേ പ്രലോഭനസാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സാധിക്കൂ. ഇനി, പാപത്തില്‍ വീണുപോയാലും വിഷമിക്കേണ്ട. അനുതാപത്തോടെ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് പാപങ്ങള്‍ ഏറ്റുപറഞ്ഞാല്‍ മതി. കാരണം അവിടുന്ന് മനുഷ്യന്റെ വിമോചകനാണ്. യഥാര്‍ത്ഥ സ്വാതന്ത്ര്യം ദൈവത്തിന് മാത്രമേ നല്‍കുവാന്‍ കഴിയുകയുള്ളൂ.
നമ്മുടെയൊക്കെ ഒരു പ്രശ്‌നമാണ്, നാം ആഗ്രഹിക്കാത്ത, അല്ലെങ്കില്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുപോകുന്നു, വിചാരിക്കുന്നു എന്നത്. അത് അശുദ്ധി നിറഞ്ഞ ചിന്തകളാകാം, നമ്മെ ഭാരപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഉല്‍ക്കണ്ഠ നിറയ്ക്കുന്ന വിചാരങ്ങളാകാം, അല്ലെങ്കില്‍ നമ്മെ വേദനിപ്പിച്ചവരെക്കുറിച്ചുള്ള ക്ഷമിക്കാന്‍ പറ്റാത്ത ചിന്തകളാകാം. ഇതെല്ലാം നമ്മെ തളര്‍ത്തുകയും നമ്മുടെ ഹൃദയത്തെ മലിനപ്പെടുത്തുകയും അതിന്റെ നിഷ്‌ക്കളങ്കത നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതിനന് ഒരു പ്രതിവിധി ദാവീദ് നിര്‍ദേശിക്കുന്നു. നമ്മുടെ വിചാരങ്ങളുടെ കടിഞ്ഞാണ്‍ ദൈവത്തെത്തന്നെ ഏല്‍പിക്കുക. അതുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചത് ‘എന്റെ ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്ടിയില്‍ സ്വീകാര്യമാകട്ടെ’ എന്ന്.
കോപം വരുമ്പോള്‍ നാം ആഗ്രഹിക്കാത്ത വാക്കുകള്‍ നമ്മുടെ പ്രിയപ്പെട്ടവരോട് പറഞ്ഞുപോകുന്നു. പ്രത്യേകിച്ചും ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സംസാരത്തിലാണ് ഇത് കൂടുതലായും സംഭവിക്കുന്നത്. പറഞ്ഞുകഴിഞ്ഞാല്‍ അത് പ്രിയപ്പെട്ടവരെ വേദനിപ്പിച്ചു എന്ന് കാണുമ്പോള്‍ നാം ഇങ്ങനെ ചിന്തിക്കും; ”ശ്ശേ, വേണ്ടായിരുന്നു.’ ഇത് സംഭവിക്കാതിരിക്കാന്‍ ഒരു മുന്‍കരുതല്‍ പ്രാര്‍ത്ഥന സൂക്ഷിച്ചാല്‍ മതി! ദൈവത്തോട് നിരന്തരം ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക: ‘എന്റെ അധരങ്ങളിലെ വാക്കുകള്‍ അങ്ങയുടെ ദൃഷ്ടിയില്‍ സ്വീകാര്യമായിരിക്കട്ടെ.’ ഒരു പ്രാര്‍ത്ഥനയ്ക്കും ദൈവം മറുപടി നല്‍കാതിരിക്കുകയില്ല. അനുനിമിഷമുള്ള ഈ കൊച്ചുപ്രാര്‍ത്ഥന നമ്മുടെ ഹൃദയത്തെയും അധരങ്ങളെയും വിശുദ്ധീകരിക്കും, സംശയമില്ല.
മേല്‍പറഞ്ഞത് വിചാരങ്ങളെയും വാക്കുകളെയും വിശുദ്ധീകരിക്കുവാനുള്ള മാര്‍ഗമാണ്, പ്രാര്‍ത്ഥനയാണ്. ഇനി പ്രവൃത്തിയുടെ കാര്യമെടുക്കാം. ചിലപ്പോള്‍ ദൈവഹിതത്തിന് വിരുദ്ധമായ പ്രവൃത്തികള്‍ നാം ചെയ്യുന്നു. അത് ബോധപൂര്‍വമല്ല. ചെയ്തശേഷം നമുക്കൊരു ഖേദചിന്തയുണ്ടാകും, ഒരു മനഃസാക്ഷിക്കടി. ഞാന്‍ എന്റെ ദൈവത്തെ വേദനിപ്പിച്ചല്ലോ എന്ന ഒരു ചിന്ത നമ്മെ ഭാരപ്പെടുത്തുവാന്‍ തുടങ്ങും. അത് ഒരുപക്ഷേ ഒരു കുറ്റബോധത്തിലേക്ക്, മനസിനെ തളര്‍ത്തുകയും നിര്‍വീര്യമാക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നയിക്കുവാന്‍ സാധ്യതയുണ്ട്. എന്താണ് ഇതിനൊരു പോംവഴി? ദാവീദിന് അതിനും ഒരു ലളിതമായ പ്രാര്‍ത്ഥനയുണ്ട്: ”അറിയാതെ പറ്റുന്ന വീഴ്ചകളില്‍നിന്ന് എന്നെ വിശുദ്ധീകരിക്കണമേ” (സങ്കീര്‍ത്തനങ്ങള്‍ 19/12). ഈ പ്രാര്‍ത്ഥന നമ്മുടെ മനഃസാക്ഷിയെ കഴുകുന്ന ഒരു സ്‌നാനംപോലെയാണ്. പ്രാര്‍ത്ഥിക്കുന്ന മകനോട്/മകളോട് പിതാവ് കരുണ കാണിക്കാതിരിക്കുമോ? നമ്മുടെ മനസ് വീണ്ടും മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും.
രോഗങ്ങള്‍ വരാതിരിക്കുവാന്‍ നാം വാക്‌സിനേഷന്‍ എടുക്കാറുണ്ടല്ലോ. അതൊരു മുന്‍കരുതലാണ്. ആത്മീയജീവിതത്തിലും ഇപ്രകാരമുള്ള വാക്‌സിനേഷന്‍ എടുക്കുന്നത് നമ്മുടെ ആത്മാവിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കും. ദൈവത്തെ കൂടുതല്‍ വേദനിപ്പിക്കുന്നത് മനഃപൂര്‍വം ചെയ്യന്ന തെറ്റുകളാണ്. ദൈവത്തെ അറിഞ്ഞിട്ടും ദൈവസ്‌നേഹം അനുഭവിച്ചറിഞ്ഞിട്ടും ദൈവകല്പനങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നു. ഇത് ദൈവത്തെ കൂടുതല്‍ വേദനിപ്പിക്കും. അധികം നഷ്ടപ്പെട്ടവനില്‍നിന്ന് അധികം ആവശ്യപ്പെടും എന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. അതിനാല്‍ ദൈവത്തെ കൂടുതല്‍ അടുത്ത് അറിയുവാന്‍ കൃപ ലഭിച്ചവര്‍ കൂടുതല്‍ വലിയ ജാഗ്രത പുലര്‍ത്തണം. അതിന് നമ്മള്‍ എടുക്കേണ്ട ആത്മീയ വാക്‌സിനേഷന്‍ ഈ പ്രാര്‍ത്ഥനയാണ്: ”ബോധപൂര്‍വം ചെയ്യുന്ന തെറ്റുകളില്‍നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ” (സങ്കീര്‍ത്തനങ്ങള്‍ 19/13). പ്രാര്‍ത്ഥിക്കുന്ന മക്കള്‍ക്ക് പിതാവ് ആ കൃപ നല്‍കും, ശക്തി നല്‍കും. പ്രലോഭനങ്ങളില്‍പ്പെടാതെ അവിടുന്ന് കാത്തുകൊള്ളും. നമ്മുടെ പാദങ്ങള്‍ കല്ലില്‍ തട്ടിയാലും നാം വീഴുകയില്ല. പിതാവിന്റെ ശക്തമായ കരങ്ങള്‍ നമ്മെ താങ്ങുന്നു.
വിശുദ്ധിയില്‍ ജീവിക്കുക എന്നത് ഒട്ടും ശ്രമകരമല്ല, വളരെ എളുപ്പമാണ് എന്ന് നമുക്ക് ദാവീദിന്റെ പ്രാര്‍ത്ഥന അനുധാവനം ചെയ്യുമ്പോള്‍ ബോധ്യമാകും. അത് ഒരു പ്രാര്‍ത്ഥനയായി അങ്ങേക്ക് സമര്‍പ്പിക്കുവാനും എന്നെ അനുഗ്രഹിച്ചാലും. ദൈവവഴിയിലൂടെ മാത്രം നടന്ന് ഞങ്ങള്‍ക്ക് എപ്പോഴും മാതൃക നല്‍കിയ പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി ഇപ്പോള്‍ പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
കെ.ജെ. മാത്യു