സുഖിപ്പിക്കാത്ത ‘സുവിശേഷം’ – Shalom Times Shalom Times |
Welcome to Shalom Times

സുഖിപ്പിക്കാത്ത ‘സുവിശേഷം’

സുവിശേഷം എന്നാല്‍ സദ്‌വാര്‍ത്തയാണ് എന്ന് നമുക്കറിയാം. സുവിശേഷം എന്നതിന്റെ ഗ്രീക്ക് പദമാണ് ഏവന്‍ഗേലിയോന്‍. ഈ വാക്ക് ഏവന്‍ഗേലിയം എന്ന വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്താണ് ഏവന്‍ഗേലിയം? ക്രിസ്തുവിന്റെ മനുഷ്യാവതാരകാലത്ത് ലോകം ഭരിച്ചിരുന്ന റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിമാര്‍ പുറപ്പെടുവിക്കുന്ന കല്പനയുടെ തലക്കെട്ടാണ് ‘ഏവന്‍ഗേലിയം.’ അതിന്റെ അടിക്കുറിപ്പായി തുടര്‍ന്ന് വായിക്കേണ്ടത് ‘രാജ്യം ഭരിക്കുന്ന ചക്രവര്‍ത്തിയുടെ വിളംബരം!

അത് തിരുത്തുവാനോ കൂട്ടുവാനോ കുറയ്ക്കുവാനോ അറിയപ്പെടേണ്ട രീതിയില്‍ അറിയിക്കുവാതിരിക്കുവാനോ സാധിക്കില്ല. നടപ്പിലാക്കുന്നതിനും അനുസരിക്കുന്നതിനും മാത്രമുള്ളതാണ് അത്. പ്രജകളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും രാജ്യത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിക്കും ആയിട്ടുള്ളതാണ് ഈ കല്പന. അതായത് ഒരു ഏവന്‍ഗേലിയം പുറപ്പെടുവിച്ചാല്‍ അതുവഴി വരുത്തേണ്ട മാറ്റം എല്ലാവരും തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വരുത്തിയിരിക്കും. അല്ലാത്തവര്‍ രാജ്യദ്രോഹികളും ചക്രവര്‍ത്തിയുടെ ശത്രുക്കളുമായി മുദ്ര കുത്തപ്പെടും. കൊട്ടാരവാസികള്‍ക്കോ ഭരണാധിപന്മാര്‍ക്കോ സൈന്യത്തിനോ മന്ത്രിമാര്‍ക്കുപോലുമോ ആ ഏവന്‍ഗേലിയം അനുസരിക്കുക എന്നതല്ലാതെ മറ്റ് യാതൊരു മാര്‍ഗവുമില്ല.

സുവിശേഷം എഴുതപ്പെട്ടപ്പോള്‍ അതിന് പിതാക്കന്മാര്‍ കൊടുത്ത തലക്കെട്ട് ഏവന്‍ഗേലിയോന്‍ എന്നാകാന്‍ കാരണം പരിശുദ്ധാത്മാവ് ആയിരിക്കണം. ഇത് രാജ്യം ഭരിക്കുന്ന ചക്രവര്‍ത്തിമാരുടെ കല്പനപോലെയല്ല. അതുക്കുംമുകളില്‍ ചക്രവര്‍ത്തിയെയും രാജ്യത്തെയും സൃഷ്ടിച്ച പ്രപഞ്ചനാഥന്റെ കല്പനയാണ്. ഓരോ മനുഷ്യനും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതും അനുസരിക്കുവാനല്ലാതെ ചോദ്യം ചെയ്യുവാനോ തര്‍ക്കിക്കുവാനോ ഒഴിവാക്കുവാനോ സാധിക്കാത്തതു മായ നിത്യജീവന്റെ വചസുകളാണ്. സാധാരണക്കാരന്‍ മുതല്‍ മാര്‍പാപ്പ വരെ എല്ലാവര്‍ക്കും ബാധകമായ രക്ഷാസന്ദേശവുമാണ്. വെള്ളം ചേര്‍ക്കാതെ, മായം കലര്‍ത്താതെ, ഒഴികഴിവില്ലാതെ അനുദിന ജീവിതത്തില്‍ പകര്‍ത്തേണ്ടതാണ്.

എന്നാല്‍, ശരീരത്തിന്റെ ഉന്നതിയും ഭൗതികജീവിതത്തിന്റെ നേട്ടങ്ങളും ലോകസുഖങ്ങളും മാത്രം ലക്ഷ്യം വച്ചിരിക്കുന്നവര്‍ക്ക് നമ്മുടെ കര്‍ത്താവീശോമിശിഹായുടെ ഏവന്‍ഗേലിയോന്‍ കഠിനമെന്ന് തോന്നും, കയ്‌പേറിയ മരുന്നായി അനുഭവപ്പെടും. ”നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അത് ദൈവത്തിന്റെ ശക്തിയത്രേ” (1 കോറിന്തോസ് 1/18).
ലോകസുഖം പരിഗണിക്കുന്നവര്‍ സുവിശേഷത്തിന് അനുസൃതമായി ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ഉപദേശം കിട്ടുമ്പോള്‍ അത് സൗകര്യപൂര്‍വം മറക്കും. ക്ഷമിക്കുവാനും പൊറുക്കുവാനും രമ്യതപ്പെടുവാനും ഒക്കെയുള്ള നിര്‍ദേശം വചനത്തില്‍നിന്ന് ലഭിക്കുമ്പോള്‍ ‘അത് എനിക്കുള്ളതല്ല’ എന്നുപറഞ്ഞ് തള്ളും. അപരനെ കരുതണം, അന്യനെ സ്‌നേഹിക്കണം, ദാനം ചെയ്യണമെന്നൊക്കെ വായിക്കുമ്പോള്‍ ‘എനിക്ക് അതിനുമാത്രമൊന്നുമില്ല’ എന്ന് ആശ്വസിക്കും. എന്നാല്‍ ”നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക…” (മത്തായി 19/21) എന്നാണ് വചനം പറയുന്നത്.

പക്ഷേ, ‘നിന്നെ ഞാന്‍ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു, നീ കഴുകനെപ്പോലെ ചിറകടിച്ചുയരും, പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല’ എന്നൊക്കെ വായിക്കുമ്പോള്‍ അവര്‍ സന്തോഷിക്കും. ഇതിന്റെ ആദ്യഭാഗം അനുസരിക്കുന്നവര്‍ക്കുള്ള മറുപടിയാണ് രണ്ടാംഭാഗം എന്ന തിരിച്ചറിവില്ലാത്തവര്‍ സുഖിപ്പിക്കുന്ന സുവിശേഷത്തിന്റെ പ്രചാരകരാകുന്നു. നമുക്ക് ‘സുഖിപ്പിക്കുന്ന സുവിശേഷ’ത്തിന്റെയല്ല നിത്യജീവന്റെ വചസായ സുവിശേഷത്തിന്റെ പ്രചാരകരാകാം.

പോള്‍ മാത്യു