അന്ന് മോര്‍ണിംഗ് ഡ്യൂട്ടി ആണ്. പന്ത്രണ്ട് മണിക്കൂര്‍ ഷിഫ്റ്റ്. രോഗികളുടെ ഉത്തരവാദിത്വം ഹാന്‍ഡ് ഓവര്‍ ചെയ്ത് നൈറ്റ് ഷിഫ്റ്റിലെ നഴ്‌സുമാര്‍ പോയി. ഇനി രോഗികളുടെ മുറികളില്‍ ചെന്ന് അവരോടു ഗുഡ് മോര്‍ണിംഗ് പറഞ്ഞു എന്നെ പരിചയപ്പെടുത്തണം. അവരുടെ കാര്യങ്ങള്‍ ചോദിച്ചറിയണം. തുടര്‍ന്ന് ലഭിക്കാനിരിക്കുന്ന ചികിത്സാകാര്യങ്ങള്‍ വ്യക്തമായി പറയണം. നാല് രോഗികളെയാണ് എനിക്കു ലഭിച്ചിരിക്കുന്നത്.
മൂന്ന് രോഗികളുമായി സംസാരിച്ച ശേഷം നാലാമത്തെ മുറിയിലേക്ക് കയറിച്ചെന്നു. കട്ടിലില്‍ ചാരി ഇരിക്കുന്ന വൃദ്ധനായ മനുഷ്യന്‍. മലയാളിയാണ്. ശ്വാസതടസംമൂലം ഓക്‌സിജനില്‍ ആണ്. ന്യൂമോണിയയുണ്ട്. മുഖമാകെ വാടിത്തളര്‍ന്നിരിക്കുന്നു. ഞാന്‍ മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ അദ്ദേഹത്തിന് എന്റെ മുഖം വ്യക്തമല്ല. ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ ഞാന്‍ മലയാളിയാണെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിനത് ആശ്വാസമായി. ആശുപത്രിയില്‍ വന്നിട്ട് മൂന്നുദിവസം ആയെന്നും ഇതുവരെ ഉറങ്ങിയില്ലെന്നും അദ്ദേഹം അറിയിച്ചു. ഓക്‌സിജന്‍ മാസ്‌ക് കാരണം ചുണ്ടും വായും എല്ലാം വരണ്ടു പൊട്ടുന്നപോലെ.
ഓക്‌സിജന്‍ മാസ്‌കിന്റെ ഇലാസ്റ്റിക് ബാന്‍ഡ് തുടര്‍ച്ചയായി അമര്‍ന്ന് അതിന്റെയും വേദന. എനിക്ക് മരുന്നുകളൊന്നും ശരിയായി നല്‍കുന്നില്ല എന്നുതോന്നുന്നു; അദ്ദേഹം ആകുലപ്പെട്ടു.
അദ്ദേഹത്തിന്റെ ഉള്ളം കയ്യിലേക്ക് ഞാന്‍ എന്റെ കരം ചേര്‍ത്ത് പിടിച്ചു. ഒന്നും ഭയപ്പെടാന്‍ ഇല്ലെന്നും മരുന്നുകള്‍ എല്ലാം കൃത്യമായി നല്‍കുന്നുണ്ടെന്നും ഉറപ്പു നല്‍കി. കഴിക്കുന്ന ഓരോ മരുന്നുകളും എന്തിനുവേണ്ടിയാണെന്ന് മനസ്സിലാക്കി കൊടുത്തു. നിരാശയും ഭയവും അല്പം വഴിമാറിയ പോലെ…
ഡോക്ടറെ ഫോണില്‍ വിളിച്ചു. രോഗിയുടെ കാര്യങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന് സ്‌കിന്‍ ഡ്രൈ ആകാതിരിക്കാനുള്ള ഓയിന്റ്‌മെന്റുകള്‍ കൊണ്ടു വന്നു പുരട്ടിക്കൊടുത്തു. ഓക്‌സിജന്‍ മാസ്‌കിന്റെ ബാന്‍ഡ് അമര്‍ന്ന് വേദന ഉണ്ടാകാതിരിക്കാന്‍ പഞ്ഞി കൊണ്ട് സപ്പോര്‍ട്ട് നല്‍കി. ഇന്ന് എന്തായാലും ഉറങ്ങിക്കോളും എന്ന് ആശ്വസിപ്പിച്ചു. അക്രൈസ്തവനാണ് അദ്ദേഹം. അല്‍പ സമയം അദ്ദേഹത്തിന് വേണ്ടി കരങ്ങള്‍ വച്ച് പ്രാര്‍ത്ഥിച്ചു. ‘യേശുവേ എന്നോട് കരുണ തോന്നണമേ’ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് കിടന്നുകൊള്ളാന്‍ ധൈര്യം നല്‍കി. ഓരോ മണിക്കൂറിലും ഞാന്‍ അദ്ദേഹത്തിനടുത്തു പോയി നോക്കുമായിരുന്നു. ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ശാന്തമായി ഉറങ്ങുന്നത് കാണാന്‍ കഴിഞ്ഞു.
ഉച്ചഭക്ഷണ സമയമായപ്പോള്‍ അദ്ദേഹത്തെ വിളിച്ചെഴുന്നേല്‍പ്പിക്കുകയാണുണ്ടായത്. ‘അങ്കിള്‍ നന്നായി ഉറങ്ങിയല്ലോ’ എന്ന ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു മറുപടി. ഭക്ഷണവും മരുന്നും കഴിപ്പിച്ചശേഷം ഞാന്‍ വീണ്ടും മറ്റ് രോഗികളുടെ അടുത്തേക്ക് പോയി. പിന്നീട് അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നപ്പോള്‍ അദ്ദേഹത്തിന് ചെറിയ പരിഭവം: ”മോള്‍ എന്താ ഇത്രയും നേരം ആയിട്ടും വരാതിരുന്നത്? മുഖം കാണുന്നില്ലെങ്കിലും മോള്‍ അടുത്ത് വരുമ്പോള്‍ വല്ലാത്ത ആശ്വാസം തോന്നുന്നു.”
നാലുമണിയോടെ എക്‌സ്‌റേ എടുത്തു. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞതായി എക്‌സ്‌റേയില്‍ കാണാം. തലേ ദിവസത്തെ എക്‌സ്‌റേ അത്ര ശുഭകരമായിരുന്നില്ല. ആറ് മണിയായപ്പോള്‍ ഞാന്‍ വീണ്ടും അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നു. അദ്ദേഹം ബെഡില്‍ വിരല്‍ കൊണ്ട് എന്തോ തുടര്‍ച്ചയായി എഴുതുന്നു. ‘എന്താ എഴുതുന്നത്’ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം അവിശ്വസനീയമായിരുന്നു. ‘യേശുവേ എന്നോടു കരുണ തോന്നണമേ’ എന്ന് പറഞ്ഞുകൊണ്ട് കട്ടിലില്‍ തുടര്‍ച്ചയായി കുരിശടയാളം വരയ്ക്കുകയാണത്രേ.
‘നന്നായി നോക്കിക്കോളണം’
ഈശോ അദ്ദേഹത്തിന് നല്‍കിയ ബോധ്യം ആയിരിക്കും ആരും പറയാതെ കുരിശടയാളം ആവര്‍ത്തിച്ചു വരയ്ക്കാന്‍ പ്രേരണയായത്. ഡ്യൂട്ടി കഴിഞ്ഞു യാത്ര പറയാന്‍ ചെന്നു. മകളെ പിരിയുന്ന പിതാവിനെപ്പോലെ സങ്കടം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു, ”മോള്‍ക്ക് ഇത്ര പെട്ടെന്ന് പോകാറായോ?” പന്ത്രണ്ടു മണിക്കൂര്‍ കഴിഞ്ഞെന്ന് അദ്ദേഹത്തിനും എനിക്കും തോന്നിയില്ല. രാത്രി ഷിഫ്റ്റിന് വന്ന നഴ്‌സിനോട് എന്റെ അങ്കിളിനെ നന്നായി നോക്കിക്കോളണം എന്ന് അദ്ദേഹത്തിന്റെ മുന്‍പില്‍ വച്ച് പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞു. ഒരിക്കല്‍ക്കൂടി അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ വീട്ടിലേക്കു പോയി.
മൂന്ന് ദിവസം എനിക്ക് അവധിയായിരുന്നു. അദ്ദേഹത്തെ പോയി കാണണം എന്നുണ്ടായിരുന്നു. പക്ഷേ സാധിച്ചില്ല. അടുത്ത ദിവസം ജോലിക്കായി ചെന്നപ്പോള്‍ ആദ്യം ഓടി ചെന്നത് അദ്ദേഹത്തിന്റെ കട്ടിലിനരികിലേക്കാണ്. അവിടെ അദ്ദേഹം ഇല്ല. കമ്പ്യൂട്ടര്‍ തുറന്നു നോക്കിയപ്പോള്‍ അദ്ദേഹം ഡിസ്ചാര്‍ജ് ആയിരിക്കുന്നു! ഇതെങ്ങനെ ഇത്രയും പെട്ടെന്ന് സംഭവിച്ചു?!
അപ്പോഴാണ് ഞാന്‍ ഹാന്‍ഡ് ഓവര്‍ കൊടുത്ത നഴ്‌സ് അരികിലേക്ക് വന്നത്. അന്ന് ഞാന്‍ പോയ ശേഷം അദ്ദേഹം സംസാരിച്ചത് മുഴുവന്‍ എന്നെക്കുറിച്ചായിരുന്നു എന്നും അവള്‍ ഒരു കുഞ്ഞു മാലാഖയാണെന്നും അദ്ദേഹം പറഞ്ഞുവത്രേ. നേരം വെളുക്കാറായപ്പോള്‍ ഓക്‌സിജന്‍ അല്‍പസമയം മാറ്റിവച്ച് നോക്കിയിരുന്നു. അപ്പോള്‍ ശ്വാസകോശത്തിലെ ഓക്‌സിജന്‍ ലെവല്‍ താഴാതെ തുടരുന്നുണ്ടായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നെഞ്ചിന്റെ എക്‌സ്‌റേയില്‍ അസാധാരണമായ പുരോഗതി കണ്ടു. രക്തപരിശോധനകളും ശുഭകരമായിരുന്നു. അതുകൊണ്ടാണ് പെട്ടെന്ന് ഡിസ്ചാര്‍ജ് ആയത്. ആശുപത്രി വിട്ടു പോകുമ്പോള്‍ നിന്നെ അന്വേഷിച്ചു. കാണാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ടായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈശോയുടെ കരുതലും സ്‌നേഹവും ഓര്‍ത്തപ്പോള്‍ സന്തോഷത്തിന്റെ കണ്ണുനീര്‍ നിറഞ്ഞൊഴുകി.
ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം രാവിലെ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് തിരിച്ചു വരുമ്പോള്‍ അദ്ദേഹത്തെ ഓര്‍മ്മ വന്നു. ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിച്ചു. പ്രാതല്‍ വാങ്ങിക്കാന്‍ ഒരു റെസ്റ്റോറന്റില്‍ കയറി. ഭക്ഷണം ഓര്‍ഡര്‍ കൊടുത്തിട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ എനിക്ക് പരിചിതമായ മുഖം. അതെ, അദ്ദേഹംതന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ദിവസത്തേക്ക് എനിക്ക് പ്രിയപ്പെട്ടതായ വ്യക്തി. എഴുന്നേറ്റ് അദ്ദേഹത്തിനടുത്തേക്കു ചെന്നു. എന്നെ ഓര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം അല്പം പരിഭ്രമിച്ചു. മാസ്‌ക് ഇല്ലാതെ എന്റെ മുഖം അദ്ദേഹം കണ്ടിട്ടില്ലല്ലോ. ഞാന്‍ പറഞ്ഞു, ”രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് യേശുവിനോടു പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ നഴ്‌സാണ് ഞാന്‍.” അദ്ദേഹം ഭക്ഷണം കഴിക്കുന്നത് പെട്ടെന്ന് നിര്‍ത്തി. മനോഹരമായി ഉറക്കെ ചിരിച്ചു. ചുറ്റും ഇരിക്കുന്നവര്‍ ശ്രദ്ധിക്കുന്നുണ്ട്.
ഉടനെ അദ്ദേഹം ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞു, ”ഞാന്‍ രോഗിയായി കിടന്നപ്പോള്‍ എന്നെ അച്ഛനെപ്പോലെ ശുശ്രൂഷിച്ച മകള്‍ ആണ്. ഇന്ന് ഇവള്‍ വാങ്ങിക്കുന്നത് എന്ത് തന്നെയാണെങ്കിലും അതിന്റെ പണം ഞാന്‍ തരും.” അദ്ദേഹം അതീവസന്തോഷവാനായി കാണപ്പെട്ടു. സ്‌നേഹത്തോടെ ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകളെ നിരസിച്ചു. കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചു. പാഴ്സല്‍ വാങ്ങി പുറത്തിറങ്ങി നടന്നകലുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ എനിക്ക് നേരെ നീളുന്നുണ്ടായിരുന്നു. നഴ്‌സ് എന്ന ജോലി ചെയ്യാന്‍ ഈശോ എന്നെ അനുവദിക്കുന്നത് ഈശോയുടെ ഒരുപാടു സ്വപ്നങ്ങള്‍ നിറവേറ്റാനാണല്ലോ എന്ന് ഓര്‍ത്തു.
മനോവയെ ഓര്‍ക്കണം
ദാന്‍ ഗോത്രജനായ മനോവയുടെ പുത്രനായാണ് സാംസന്റെ ജനനം. വന്ധ്യയായ തന്റെ ഭാര്യ ഒരു പുത്രനെ പ്രസവിക്കും എന്ന ദൈവികദൂത് ലഭിച്ചപ്പോള്‍, ജനിക്കാനിരിക്കുന്ന ശിശുവിനുവേണ്ടി ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയിക്കണമെ എന്നാണ് മനോവ പ്രാര്‍ത്ഥിച്ചത്.
മനോവ നമ്മുടെ അനുദിന ജീവിതത്തിനു വെല്ലുവിളിയാണ്. ദൈവത്തെ സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്ക് അവിടുത്തെ പകരാനും ദൈവഹിതം നിറവേറ്റാനുമുള്ള ദൈവവിളി ഓരോ മനുഷ്യാത്മാവിനും ഉണ്ട്. ദിനവും നമ്മെക്കുറിച്ചുള്ള ഈശോയുടെ ഹിതം വെളിപ്പെടുത്തിത്തരണമേ എന്ന് പ്രാര്‍ത്ഥിക്കാം. ആ പ്രാര്‍ത്ഥനക്കുത്തരമായി നമ്മുടെ ഓരോ ദിനവും ദൈവഹിതമനുസരിച്ചു പരിശുദ്ധാത്മാവ് ക്രമീകരിക്കും. ”ദൈവത്തിന്റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ” (1 കോറിന്തോസ് 7/17).
അവിടുത്തെ സ്വപ്‌നത്തിലേക്ക് നടന്നു കയറുമ്പോള്‍ വീഴ്ചകളുണ്ടാകാം. സഞ്ചാരദിശകള്‍ മാറിപ്പോയേക്കാം. എങ്കിലും നഷ്ടധൈര്യരാകരുത്. സകല ശക്തിയും നഷ്ടപ്പെട്ട സാംസണ്‍ ദൈവകരുണക്കായി നിലവിളിച്ചപ്പോള്‍ നഷ്ടപ്പെടുത്തി കളഞ്ഞതിനെക്കാള്‍ ദൈവികശക്തി സാംസണില്‍ നിറഞ്ഞു. നഷ്ടപ്പെട്ടുപോയതിനെ ഓര്‍ത്ത് ഭാരപ്പെടാതെ ഈശോയുടെ കരുണയിലേക്കും സ്‌നേഹത്തിലേക്കും ഓടിക്കയറാം. ഇരട്ടി അഭിഷേകം നല്കാന്‍ അവന്റെ കരങ്ങള്‍ എന്നും തുറന്നിരിക്കുന്നു. അങ്ങനെ എന്നെക്കുറിച്ചുള്ള ഈശോയുടെ സ്വപ്നങ്ങള്‍ അവിടുത്തോട് ചേര്‍ന്ന് പൂവണിയട്ടെ.
നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം- ഈശോയേ… എന്നെ അഭിഷേകം ചെയ്യണമേ, രൂപാന്തരപ്പെടുത്തണമേ, ഉപയോഗിക്കണമേ.
ആന്‍ മരിയ ക്രിസ്റ്റീന