വീണ്ടും അഭിഷേകം ചെയ്യും – Shalom Times Shalom Times |
Welcome to Shalom Times

വീണ്ടും അഭിഷേകം ചെയ്യും

പുറംലോകം കണ്ടിട്ടില്ലാത്ത ഒരു സന്യാസിനി. അവര്‍ ഒരിക്കലും മഠത്തിന്റെ സുപ്പീരിയര്‍ ആയിട്ടില്ല. നന്നായി എഴുതാനും വായിക്കാനുംപോലും അറിയില്ല. ഇങ്ങനെയുള്ള ഫൗസ്റ്റീന എന്ന സന്യാസിനിയെയാണ് ദൈവം അവിടുത്തെ വലിയ ദൗത്യത്തിനായി കണ്ടെത്തിയത്. എന്നിട്ട് അവിടുന്ന് പറയുകയാണ്: ‘എനിക്ക് വളരെ അത്യാവശ്യമായി ദൈവകരുണയുടെ സന്ദേശം ലോകം മുഴുവന്‍ അറിയിക്കാനുണ്ട്, നീ അത് അറിയിക്കണം.’
സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലിനെയാണ് ഇക്കാര്യം അറിയിച്ചിരുന്നതെങ്കില്‍ അവരുടെ അധികാര സ്വാധീനം ഉപയോഗിച്ച് ഈ സന്ദേശം പെട്ടെന്ന് ലോകത്തെ അറിയിക്കാമായിരുന്നു. അതുമല്ലെങ്കില്‍, ലോകം മുഴുവന്‍ എത്തിക്കേണ്ട ഈ സന്ദേശം മാര്‍പാപ്പയ്ക്ക് നല്കിയാലോ? എന്തെളുപ്പമാണ്, ഒരു ചാക്രികലേഖനം ഇറക്കിയാല്‍ മതിയല്ലോ. അതോടെ ദൈവകരുണയെക്കുറിച്ച് ലോകം മുഴുവന്‍ അറിയും. പക്ഷേ കര്‍ത്താവ് കണ്ടെത്തിയത് ഈ പാവപ്പെട്ട സന്യാസിനിയെയാണ്.

”എന്റെ മകളേ, എന്റെ കരുണയെപ്പറ്റി ഞാന്‍ നിന്നോട് പറയുന്ന ഓരോ വാചകവും എഴുതുന്നതില്‍ തീക്ഷ്ണതയുള്ളവളായിരിക്കുക. എന്തെന്നാല്‍, അവ ഓരോന്നും വളരെയധികം ആത്മാക്കള്‍ക്ക് പ്രയോജനം ലഭിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1142).

വത്തിക്കാന്‍ കണ്ടെത്തിയ പാഷണ്ഡത
അവള്‍ കര്‍ത്താവ് നല്‍കിയ കരുണയുടെ സന്ദേശം ഡയറിക്കുറിപ്പായി എഴുതിവച്ചു. ഈ ഡയറിക്കുറിപ്പുകളെല്ലാം വത്തിക്കാന്‍ പരിശോധിച്ചു. എന്നാല്‍ ആദ്യം പരിശോധിച്ചവര്‍ക്ക് അത് പാഷണ്ഡതയായിട്ടാണ് തോന്നിയത്. അതിനാല്‍ വത്തിക്കാന്‍ അംഗീകാരം നല്കിയില്ല. പിന്നീട് പോളണ്ടില്‍ നിന്നുള്ള കരോള്‍ വോയ്റ്റീവ കര്‍ദിനാളായപ്പോള്‍ സി.ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകള്‍ ശ്രദ്ധാപൂര്‍വകമായ പരിശോധനയ്ക്ക് വിധേയമായി. ദൈവത്തില്‍നിന്നുള്ള യഥാര്‍ത്ഥ കരുണയുടെ സന്ദേശങ്ങള്‍തന്നെയാണ് അതെന്ന് അദ്ദേഹത്തിന് ബോധ്യമായി. അദ്ദേഹം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായപ്പോള്‍ ദൈവകരുണയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ മുന്‍കൈയെടുക്കുയും ചെയ്തു. 1993-ല്‍ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചതും അദ്ദേഹംതന്നെ.

വാസ്തവത്തില്‍, വിശുദ്ധ ഫൗസ്റ്റീന തന്റെ ജീവിതം ഈ സന്ദേശത്തിനായി ബലികഴിച്ചു എന്നുപറയാം. ആരും തുണയായി നില്ക്കാന്‍ ഇല്ലാത്തപ്പോഴും അവള്‍ ഈ സന്ദേശത്തിനായി ഉറച്ചുനിന്നു, സഹിക്കാന്‍ തയാറായി. വ്യക്തിപരമായ താല്‍പര്യങ്ങളില്ലാതെ, സ്വപ്നങ്ങളില്ലാതെ, ഈശോ നല്‍കിയ സന്ദേശങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കുന്നതിനുവേണ്ടി സഹനത്തിന് സ്വയം വിട്ടുകൊടുത്തു. ”(ദൈവകരുണയുടെ) ഛായാചിത്രത്തില്‍നിന്ന് ഒഴുകുന്ന ദൈവമഹത്വത്തെ ഞാനിന്ന് ദര്‍ശിച്ചു. പരസ്യമായി പറയുന്നില്ലെങ്കിലും അനേകം ആത്മാക്കള്‍ കൃപകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. എല്ലാത്തരത്തിലുമുള്ള കഷ്ടപ്പാടുകള്‍ ഇത് അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും, ഇതുമൂലം ദൈവം മഹത്വപ്പെട്ടുകൊണ്ടിരിക്കുന്നു; സാത്താന്റെയും ദുഷ്ടമനുഷ്യരുടെയും പ്രയത്‌നങ്ങള്‍ തകര്‍ക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. സാത്താന്റെ കോപത്തിനുപരിയായി ലോകം മുഴുവന്‍ ദൈവകരുണ വിജയം വരിക്കുകയും, എല്ലാ ആത്മാക്കളാലും ആരാധിക്കപ്പെടുകയും ചെയ്യും” (ഡയറി 1789).
എന്തുകൊണ്ട് ഫൗസ്റ്റീനയെ തിരഞ്ഞെടുത്തു?

സഹിക്കാന്‍ മനസുള്ളവര്‍ക്ക് മാത്രമേ സുവിശേഷ ശുശ്രൂഷ ചെയ്യാന്‍ സാധിക്കൂ. സുഖകരമായി ജീവിച്ചുകൊണ്ട് നമുക്ക് ദൈവരാജ്യത്തിന്റെ ശുശ്രൂഷയില്‍ അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ല. ജീവന്‍ കൊടുക്കാതെ വിലയുള്ള ജീവിതം സ്വന്തമാക്കാന്‍ സാധിക്കില്ല. ഫൗസ്റ്റീന വിലകൊടുക്കുവാന്‍ തയാറായി, ഉരുകിത്തീരാന്‍ തയാറായി. അങ്ങനെയുള്ളവരെയാണ് ദൈവം തിരഞ്ഞെടുക്കുക. ‘എന്റെ ദൗത്യം പൂര്‍ത്തീകരിക്കാന്‍വേണ്ടി എന്തുമാത്രം ഈ മകന്‍/മകള്‍ സഹിക്കുന്നു’- അതു നോക്കിയിട്ടാണ് കര്‍ത്താവ് സുവിശേഷവേല ഏല്പിക്കുന്നത്.

ഇവ പിന്തിരിപ്പിക്കരുത്
നമ്മുടെ കഴിഞ്ഞകാലത്തെ കുറവുകള്‍ പ്രശ്‌നമല്ല, കഴിവുകളോ വിദ്യാഭ്യാസ യോഗ്യതയോ പ്രശ്‌നമല്ല, പ്രായക്കൂടുതലോ കുറവോ കര്‍ത്താവിന് പ്രശ്‌നമല്ല, ദൈവത്തിനായി സമ്പൂര്‍ണമായി സമര്‍പ്പിക്കാനുള്ള മനസുണ്ടായാല്‍ മാത്രം മതി. അതിനാല്‍ കഴിഞ്ഞകാലത്തെ വിഷമങ്ങളെല്ലാം ഈശോയ്ക്ക് കൊടുത്ത് പ്രാര്‍ത്ഥിക്കാം. വേണ്ടതുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിന്റെ ഇച്ഛാഭംഗവും അവസരങ്ങള്‍ ലഭിക്കാത്തതിന്റെ സങ്കടവുമെല്ലാം നമുക്കുണ്ടായിരിക്കാം. അതൊന്നും നമ്മെ പിന്നോട്ട് വലിക്കരുത്. ”കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും” (ഏശയ്യാ 43/18-19).
ദൈവമാണ് നമ്മെ വിളിച്ചത്. അവിടുന്ന് നമ്മെ മാനിക്കുന്നു… അവിടുത്തേക്ക് നമ്മെ ആവശ്യവുമുണ്ട്. അതിനാല്‍ കര്‍ത്താവ് നമ്മെ വീണ്ടും അഭിഷേകം ചെയ്യും.

ഷെവ. ബെന്നി പുന്നത്തറ