എന്തിനെന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരം കിട്ടി! – Shalom Times Shalom Times |
Welcome to Shalom Times

എന്തിനെന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരം കിട്ടി!

ഫാ. ഡാന്‍ റീഹില്‍ പങ്കുവച്ച സംഭവം. ദൈവവുമായുള്ള ബന്ധം ആഴപ്പെടുത്തുന്നതിനുള്ള ഇഗ്നേഷ്യന്‍ ധ്യാനത്തിനായി ഒരു വൈദികന്‍ വന്നു. ഡാനച്ചനാണ് അദ്ദേഹത്തെ സഹായിക്കേണ്ടിയിരുന്നത്. ദൈവസ്‌നേഹത്തെക്കുറിച്ച് ധ്യാനിക്കാന്‍ സഹായിക്കുന്നതിനിടയിലെപ്പോഴോ ഡാനച്ചന്‍ ചോദിച്ചു, ”ജീവിതത്തിലെ ഏറ്റവും മോശം നിമിഷം ഏതായിരുന്നു?”
ആ വൈദികന്‍ പെട്ടെന്നാണ് ഉത്തരം നല്കിയത്, ”ഓ, ആ ചോദ്യത്തിന് ഉത്തരം പറയാന്‍ എളുപ്പമാണ്. എന്റെ കുടുംബം മുഴുവന്‍ കൊല്ലപ്പെട്ട ദിവസം!”
ഡാനച്ചന്‍ പെട്ടെന്ന് സ്തബ്ധനായി. ആ വൈദികന്‍ തുടര്‍ന്നു, ”ആ ദാരുണസംഭവം നടന്നപ്പോള്‍ മൂന്ന് ദിവസത്തേക്ക് ഞാന്‍ ഒളിച്ചിരുന്നു. പിന്നീട് രക്ഷാകര്‍മത്തിന് എത്തിയവര്‍ എന്നെ രക്ഷപ്പെടുത്തിയപ്പോള്‍ മനസില്‍ ഉയര്‍ന്ന പരാതിയും ചോദ്യവും ഇതായിരുന്നു, ദൈവമേ എന്തിനാ എന്നെ ഇത്തരം വേദനയിലൂടെ കടത്തിവിട്ടത്? എന്നെക്കൂടി ഇല്ലാതാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു!”

പെട്ടെന്നുതന്നെ അച്ചന് ഉത്തരം കിട്ടി. തമ്പുരാന്‍ സംസാരിച്ചു, ”അതിനുകാരണം മറ്റൊന്നുമല്ല. നീയൊരു വൈദികനാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. നീയെന്റെ കരുണയുടെ ശുശ്രൂഷ ചെയ്യണം!”
‘അത് വലിയ കാര്യംതന്നെയാണല്ലോ! എന്നിട്ട് ശുശ്രൂഷ ചെയ്തുതുടങ്ങിയോ’ എന്ന് ഡാന്‍ അച്ചന്‍ ചോദിച്ചപ്പോള്‍ ഉവ്വെന്നായിരുന്നു മറുപടി.
അങ്ങനെ ശുശ്രൂഷ ചെയ്ത് തുടങ്ങാന്‍ എന്തൊക്കെ ചെയ്യേണ്ടിവന്നെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറയുകയാണ്, ”ഓ, അത് സിംപിളായിരുന്നു, എന്റെ കുടുംബത്തെ മുഴുവന്‍ ക്രൂരമായി കൊലപ്പെടുത്തിയ ആളോട് ക്ഷമിക്കുകമാത്രം ചെയ്താല്‍മതിയായിരുന്നു!!”

കുരിശില്‍ കിടന്നുകൊണ്ട് ഈശോ പ്രാര്‍ത്ഥിച്ചത് ഓര്‍ക്കുക, ”പിതാവേ, അവരോട് ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല”(ലൂക്കാ 23/34). ഇപ്പോള്‍ എവിടെപ്പോയി അച്ചന്‍ ശുശ്രൂഷ ചെയ്ത് സംസാരിച്ചാലും ഒട്ടേറെ ആത്മാക്കള്‍ക്ക് ക്ഷമിക്കാനുള്ള കൃപ ലഭിക്കുന്നുവത്രേ.
എത്ര ശക്തവും സുന്ദരവുമാണ് ദൈവത്തിന്റെ രക്ഷാകരപദ്ധതി! മുറിവേറ്റ സൗഖ്യദായകന്‍, The Wounded Healer! അത് ഈശോയുടെ വ്യതിരിക്തതയാണ്, ഈശോയെ അനുഗമിക്കുന്ന ക്രിസ്ത്യാനിയുടെയും. ഈശോയെ നോക്കി സൗഖ്യം നേടാനും സൗഖ്യദായകരായി മാറാനും നമുക്ക് സാധിക്കട്ടെ

ഫാ. ജോസഫ് അലക്‌സ്