രണ്ട് മിനിറ്റിനകം വന്ന ഫോണ്‍കോള്‍ – Shalom Times Shalom Times |
Welcome to Shalom Times

രണ്ട് മിനിറ്റിനകം വന്ന ഫോണ്‍കോള്‍

വര്‍ഷങ്ങളായി സിംഗപ്പൂരില്‍ ഒരു ഗവണ്‍മെന്റ് കമ്പനിയില്‍ ചെറിയ ജോലി ആയിരുന്നു ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. പ്രമോഷന്‍ ആഗ്രഹിച്ചെങ്കിലും ഒന്നും ശരിയായില്ല. വേറെ ജോലിക്ക് ശ്രമിച്ചിരുന്നു, പക്ഷേ കിട്ടിയതുമില്ല. അങ്ങനെയിരിക്കെ 2021-ല്‍ കൊവിഡ് വന്നതോടെ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്.
ഏറെനാള്‍ അങ്ങനെ തുടരവേ, യാദൃശ്ചികമായി കോട്ടയത്തുള്ള ഒരു സിസ്റ്ററുമായി ഫോണില്‍ സംസാരിക്കാന്‍ ഇടവന്നു. എനിക്ക് പരിചയമുള്ള ഒരാളുടെ മകള്‍ക്ക് അവരുടെ സ്‌കൂളില്‍ അഡ്മിഷന്‍ വേണമായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഞാന്‍ സിസ്റ്ററിന്റെ ഫോണ്‍നമ്പര്‍ തേടിയെടുത്ത് വിളിച്ചത്. സിസ്റ്ററുമായി എനിക്ക് നേരിട്ട് പരിചയമില്ലായിരുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സിസ്റ്റര്‍ കൃത്യമായി പറഞ്ഞുതന്നു. തുടര്‍ന്ന്, സിസ്റ്ററിന് പരിചയമുള്ള ഒരു കുടുംബത്തെക്കുറിച്ച് പറഞ്ഞു. അവര്‍ സാമ്പത്തികമായി വളരെ വിഷമത്തിലാണ്, പ്രാര്‍ത്ഥിക്കണം.

എനിക്ക് അവരുടെ പേരോ നാടോ ഒന്നും അറിയില്ല. സിസ്റ്റര്‍ എന്നോട് സഹായമൊന്നും ചോദിച്ചതുമില്ല. പക്ഷേ, ഞാന്‍ മനസ്സില്‍ തീരുമാനമെടുത്തു, ‘ആ കുടുംബത്തെ സഹായിക്കും.’
തീരുമാനത്തിലൂടെ മഹത്വം
ഏതാണ്ട് രണ്ട് മിനിറ്റ് കഴിഞ്ഞുകാണും, എനിക്ക് ഓഫീസില്‍നിന്ന് മാനേജറുടെ കോള്‍! എപ്പോഴും അദ്ദേഹം ഇമെയില്‍ വഴിയാണ് കാര്യങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ ഇത്തവണ നേരിട്ട് വിളിച്ചിരിക്കുന്നു, എന്തായിരിക്കും കാര്യം? അതൊക്കെ ചിന്തിച്ചുകൊണ്ടാണ് ഞാന്‍ ഫോണില്‍ സംസാരിച്ചുതുടങ്ങിയത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് വിശ്വസിക്കാനായില്ല, ”നിങ്ങളെ ഐടി ടീമിന്റെ മാനേജര്‍ ആക്കാന്‍ തീരുമാനിച്ചിരിക്കുന്നു, ആ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണോ?!”

ആ കോളിന്റെ ഇടയില്‍ത്തന്നെ ഞാന്‍ കരഞ്ഞുപോയി. ”എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്”(മത്തായി 25/40) എന്ന തിരുവചനം അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അനുഭവിക്കുകയായിരുന്നു. എളിയവരിലൂടെ ഈശോക്കായി ഒരു ചെറിയ സഹായം ചെയ്യാന്‍ മനസ്സില്‍ ചിന്തിച്ചയുടന്‍ ഈശോ മറ്റുള്ളവരുടെ മുന്നില്‍ എന്നെ മഹത്വപ്പെടുത്തി.
ആ സമയത്തുതന്നെ മാനേജര്‍ വിളിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഒരിക്കലും അത് ഈശോ തന്ന പ്രതിഫലമാണെന്ന് മനസ്സിലാക്കുകയില്ലായിരുന്നു. മറ്റ് മുന്‍പരിചയമൊന്നും ഇല്ലാത്ത ഞാന്‍ സിംഗപ്പൂര്‍ പോലെയുള്ള ഒരു രാജ്യത്ത് 14 പേരുള്ള ഒരു ഐടി ടീമിന്റെ മാനേജര്‍ ആയി തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ അത് കര്‍ത്താവിന്റെ അത്ഭുതകരമായ ഇടപെടല്‍ തന്നെയാണ്.

ഒരു കാര്യംമാത്രമേ ഞാന്‍ ഈശോയോട് ചോദിച്ചുള്ളൂ. ‘അങ്ങ് തന്ന ഈ ജോലി അറിയില്ല എന്ന കാരണത്താല്‍ ആരുടെയും മുന്നില്‍ തലകുനിച്ച് നില്‍ക്കാന്‍ ഇടവരുത്തരുതേ’ എന്ന്.
ആ പ്രാര്‍ത്ഥനയോടെ ജോലി തുടങ്ങി. ഏറെ പ്രശ്‌നങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഓഫീസ് അന്തരീക്ഷം. എങ്കിലും ഈശോ എന്നെ കൈവിടാതെ നടത്തി. ഒരു പ്രാവശ്യം പോലും ഒരാളുടെ മുന്നിലും തലകുനിക്കേണ്ട അവസ്ഥ വന്നില്ല. അങ്ങനെ ജോലി തുടര്‍ന്നു.

മനസുവായിച്ച കര്‍ത്താവ്
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍, എന്റെ ജോലി ഞാന്‍ നന്നായിട്ടാണോ ചെയ്യുന്നത് എന്ന ആശങ്ക ഉള്ളില്‍ കയറിക്കൂടി. ഉത്തരം അറിയാനെന്താണ് വഴി?…
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ഐ.ടി സെക്ഷന്റെ ഹെഡ് അയച്ച കത്ത് ലഭിച്ചു, അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കത്ത്! 40 അംഗങ്ങളുള്ള ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏറ്റവും നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ച നാല് വ്യക്തികളില്‍ ഒരാളായി എന്റെ പേരും അതിലുണ്ട്. എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി ഈശോ എനിക്ക് കാണിച്ചു തരികയായിരുന്നു! എന്റെ ബുദ്ധിയോ കഴിവോ അല്ല എന്റെ ഈശോ എന്നോട് കാണിച്ച ദയയും കാരുണ്യവും മാത്രമായിരുന്നു അത്.

”ദരിദ്രനോട് ദയകാണിക്കുന്നവന്‍ ഭാഗ്യവാന്‍…. അവന്‍ ഭൂമിയില്‍ അനുഹൃഹീതനായിരിക്കും” (സങ്കീര്‍ത്തനങ്ങള്‍ 41/1,2)
ഇപ്പോള്‍ ഞാന്‍ മറ്റൊരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പഴയ കമ്പനിയില്‍നിന്ന് മാറുന്ന സമയത്ത് മാനേജര്‍ പറഞ്ഞു അവരുടെ ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്ന ബെസ്റ്റ് മാനേജര്‍ ഞാനായിരുന്നു എന്ന്! ഈശോയുടെ കരുണ എന്നല്ലാതെ അതെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കുമില്ല.
എന്റെ ഈശോയേ, എല്ലാം അങ്ങയുടെ ദാനം മാത്രമാണെന്നും അങ്ങയുടെ കാരുണ്യത്തില്‍ മാത്രമാണ് എന്റെ ജീവിതമെന്നും എപ്പോഴും ഓര്‍ക്കുവാനും അതിനനുസരിച്ച് ജീവിക്കുവാനും എന്നെ പഠിപ്പിക്കണമേ. എന്നെ അങ്ങയുടെ ഒരു ഉപകരണമാക്കണമേ. എന്റെ ഈശോയ്ക്ക് ഒരായിരം സ്‌നേഹചുംബനങ്ങള്‍…

അനു ഫ്രാന്‍സിസ്