വീഡിയോ ഗെയിമിലൂടെ സുവിശേഷം പ്രഘോഷിക്കാം – Shalom Times Shalom Times |
Welcome to Shalom Times

വീഡിയോ ഗെയിമിലൂടെ സുവിശേഷം പ്രഘോഷിക്കാം

അന്ന് ആ വീഡിയോ ഗെയിം തുറന്നപ്പോള്‍ എന്നും കളിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി വാഹനങ്ങള്‍ക്കും കളിക്കാര്‍ക്കും ഉപയോഗിക്കുന്ന ഒരു പുതിയ ഡിസൈന്‍ (ലിവറി) ഉപയോഗിച്ച് കളിച്ചുകൂടേ എന്ന ചിന്ത പീറ്ററിനുണ്ടായി. സിം റേസിംഗ് എന്ന ഗെയിമായിരുന്നു പീറ്റര്‍ കളിച്ചുകൊണ്ടിരുന്നത്. സിമുലേറ്റര്‍ റേസിംഗ് എന്ന കമ്പ്യൂട്ടര്‍ വീഡിയോ ഗെയിമിന്റെ ചുരുക്കപ്പേരാണ് സിം റേസിംഗ്. യഥാര്‍ത്ഥ വാഹനങ്ങള്‍ ഉപയോഗിക്കുന്ന അനുഭവം നല്കുന്ന ഒരു ഗെയിം.

അന്ന് പീറ്റര്‍ തന്റെ പുതിയ ലിവറി തയ്യാറാക്കി. മഞ്ഞയും വെള്ളയും നിറങ്ങളുളള പുതിയ ഡിസൈന്‍. എന്താ ഈ ലിവറിയുടെ പ്രത്യേകത എന്നല്ലേ… കത്തോലിക്കാസഭയുടെ ഔദ്യോഗികപതാകയെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനായിരുന്നു അത്. ഈശോയുടെ തിരുമുഖത്തിന്റെയും മാര്‍പാപ്പയുടെ കിരീടത്തിന്റെയുമെല്ലാം ഓര്‍മ്മയുണര്‍ത്താനും ആ ലിവറി സഹായകമായിരുന്നു.

പീറ്റര്‍ ആ ലിവറി ഉപയോഗിച്ച് കളി തുടങ്ങി. വളരെ പെട്ടന്നു തന്നെ അത് അനേകം കളിക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചു. അതിനാല്‍ത്തന്നെ അതിന് ആരാധകര്‍ വര്‍ദ്ധിച്ചു. തുടക്കത്തില്‍ പീറ്റര്‍ മാത്രം ഉപയോഗിച്ച ആ ലിവറി ധാരാളം ആളുകള്‍ വാങ്ങി ഉപയോഗിച്ച് തുടങ്ങി. അത് കളിയുടെ ഭാഗമായി മാറി. ”നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍” (1 കോറിന്തോസ് 10/31) എന്ന വചനം ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു പീറ്റര്‍.

പീറ്റര്‍ സെബാസ്റ്റ്യന്‍ ലെഹ്‌ടോണന്‍ എന്ന പീറ്ററിന്റെ കഥ നമ്മോട് പറയുന്നത് സുവിശേഷവത്കരണം എവിടെയും എപ്പോഴും സാധ്യമാകുമെന്നാണ്. അത് ഒരു കമ്പ്യൂട്ടര്‍ വീഡിയോ ഗെയിമിലാണെങ്കിലും.

ദിവ്യബലിയര്‍പ്പിക്കാന്‍ 120 കിലോമീറ്റര്‍
പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പീറ്റര്‍ ലെഹ്‌ടോണന്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നത്. ലൂഥറന്‍ വിശ്വാസികളാല്‍ നിറഞ്ഞതായിരുന്നു നാന്താലി എന്ന അദ്ദേഹത്തിന്റെ ജന്മസ്ഥലം. മാമ്മോദീസായും വിവാഹവും മൃതസംസ്‌കാരവുമെല്ലാം ചെയ്തിരുന്നത് പ്രാദേശിക ലൂഥറന്‍ സമൂഹമായിരുന്നു. വളരെ പരിമിതമായി മാത്രമേ കത്തോലിക്കാ വിശ്വാസികള്‍ അവിടെ ഉണ്ടായിരുന്നുള്ളു. നാന്താലി എന്ന സ്ഥലത്തു നിന്ന് അടുത്തുള്ള കത്തോലിക്കാ ദൈവാലയത്തിലേക്ക് 120 കിലോമീറ്റര്‍ ദൂരമുണ്ട്. മാസത്തില്‍ ഒരിക്കല്‍ മാത്രമേ അവിടെ വിശുദ്ധ കുര്‍ബ്ബാന ഉണ്ടാവുകയുളള്ളൂ. എങ്കിലും അദ്ദേഹം ഉറച്ച കത്തോലിക്കാ വിശ്വാസിയാണ്. മാത്രമല്ല, തന്റെ വിശ്വാസം മറ്റെല്ലാവരിലേക്കും എത്തിക്കുന്നതിനായി അദ്ദേഹം പരിശ്രമിക്കുകയും ചെയ്യുന്നു.

ദിവ്യകാരുണ്യത്തിലെ ഈശോയെ ഞാന്‍ അധികമായി ‘മിസ്സ്’ ചെയ്യുന്നു.എങ്കിലും പരിശുദ്ധാത്മാവ് എന്നോട് വിശ്വാസത്തില്‍ ആഴമായി നിലനില്‍ക്കാന്‍ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്, പീറ്റര്‍ ലെഹ്‌ടോണന്‍ പറയുന്നു. ഒരു നടന്‍ കൂടിയാണ് പീറ്റര്‍.

‘ഓപ്പുസ് ദേയി’എന്ന കത്തോലിക്കാ സംഘടനയുടെ സ്ഥാപകനും സ്പാനിഷ് പുരോഹിതനുമായ വിശുദ്ധ ജോസ് മരിയ എസ്‌ക്രീവയുടെ ഗ്രന്ഥങ്ങളില്‍നിന്നാണ് പീ റ്റര്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നത്. വിശുദ്ധന്റെ ആദ്ധ്യാത്മിക രചനകള്‍ നിരന്തരം വായിച്ച് കൂടുതല്‍ വിശുദ്ധിയില്‍ വളരാന്‍ പീറ്റര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മാറുന്ന ലോകത്തില്‍, മാറുന്ന ജീവിത സാഹചര്യങ്ങളില്‍ ദൈവത്തെ മറന്ന് ജീവിക്കാതെ അവിടുത്തെ മുറുകെ പിടിച്ചുകൊണ്ട് മറ്റുള്ളവരിലേക്കും അവിടുത്തെ പകരുന്നവരായി മുന്നേറാം.
”നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍”(കൊളോസോസ് 3/23 ).

ജിന്‍സ് ജോസഫ്