അന്ന് ജെന്‍ ഒരു പതിമൂന്നുകാരി പെണ്‍കുട്ടി. വീട്ടില്‍വച്ച് ഒരു ന്യൂ ഏജ് അനുഭാവി ടാരറ്റ് കാര്‍ഡ് ഉപയോഗിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. അത് അവളെ വളരെയധികം ആകര്‍ഷിച്ചു. അതോടെ അവള്‍ ശക്തമായ പൈശാചിക സ്വാധീനത്തിലകപ്പെടുകയായിരുന്നു. അപ്പോഴൊന്നും മനസിലായില്ലെന്നുമാത്രം. ക്രമേണ അവളും സഹോദരിയുമെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടു. ടാരറ്റ് കാര്‍ഡ് റീഡിംഗ്, രാശിചിഹ്നങ്ങള്‍ ഉപയോഗിച്ച് ഭാവിപറയല്‍ തുടങ്ങി പലതിലേക്കും ജെന്‍ നീങ്ങി.
പറഞ്ഞുവരുന്നത് ജെന്‍ നിസയുടെ ജീവിതമാണ്. ടാരറ്റ് കാര്‍ഡ് റീഡറായി അവള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മുന്നില്‍ വരുന്നവരുടെ പഴയകാലവും അവരുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയവരുടെ സന്ദേശങ്ങളും മറ്റും പ്രവചിച്ചുകൊണ്ട് അവള്‍ പണമുണ്ടാക്കി. പക്ഷേ അതിന്റെ മറുവശത്ത് ജീവിതത്തിലുണ്ടായ തകര്‍ച്ചകള്‍ വലുതായിരുന്നു. അവളുടെ കുടുംബ ജീവിതം ആദ്യം തകര്‍ന്നു. ഏകമകള്‍ക്കാകട്ടെ നിരന്തരം അസുഖങ്ങള്‍. ഈ അനുഭവങ്ങളാണ് തന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ ജെന്നിനെ പ്രേരിപ്പിച്ചത്.
ഭാവി പറഞ്ഞതിന്റെ തിരിച്ചടികള്‍
അതിന്റെ ഫലമായി, തന്റെ പക്കല്‍ ടാരറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രവചനങ്ങള്‍ കേള്‍ക്കാനെത്തുന്ന ആളുകളുടെ ജീവിതവും അവള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പല ആളുകളും മാനസികമായും ശാരീരികമായും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. താന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഒരു നന്മയും ഉളവാക്കുന്നില്ല, മറിച്ച് വളരെ നെഗറ്റീവ് ആയൊരു ശക്തിയുടെ വലിയ സ്വാധീനം ഇതില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും അനുഭവപ്പെടുകയും ചെയ്യുന്നു എന്ന് ജെന്നിന് വ്യക്തമായി. തന്റെ മകളെക്കൂടി ഇത് വളരെ ഗൗരവമായി ബാധിക്കുന്നു എന്ന് കണ്ടപ്പോള്‍ പിന്നെ ഇത്തരം പൈശാചികപ്രവര്‍ത്തനങ്ങളില്‍നിന്ന് പുറത്തുകടക്കാനായി ശ്രമം. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല.
ജെന്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ സാത്താന്‍ പ്രകോപിതനായി. വീട്ടില്‍ സാത്താനെ പല രൂപങ്ങളില്‍ കാണാന്‍ തുടങ്ങി. ഭയംകൊണ്ട് മരവിച്ചുപോകുന്നതുപോലുള്ള അനുഭവങ്ങള്‍.
യേശുനാമംകേട്ട് വിറച്ചോടിയ സാത്താന്‍
ജീവിതം മുഴുവന്‍ തകര്‍ന്നു എന്ന് തോന്നിയ അതിഭയാനകമായ ഒരു ഘട്ടത്തില്‍ ജെന്‍ സര്‍വശക്തിയോടെ യേശുനാമം വിളിച്ചുപ്രാര്‍ത്ഥിച്ചു. അങ്ങനെയാണ് പിശാചിനെ നേരിട്ടത്. അത് ഒരു വഴിത്തിരിവായി. ദൈവം തിരികെ വിളിച്ച അനുഭവം. അതുവരെയുള്ള ജീവിതത്തില്‍ ലഭിക്കാത്ത ഒരു സമാധാനം അന്നവള്‍ അനുഭവിച്ചു.
തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം എന്താണ് പറയുന്നത് എന്നവള്‍ തിരഞ്ഞു. നിയമാവര്‍ത്തനം 18/9-11 തിരുവചനങ്ങള്‍ കണ്ടെത്തി.”നിന്റെ ദൈവമായ കര്‍ത്താവു തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്.
മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്‌നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശ വിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്.” ഈ വചനഭാഗം ജെന്നിന്റെ ജീവിതത്തില്‍ വലിയ മാനസാന്തരത്തിന് കാരണമാവുകയായിരുന്നു.
ജീവിതത്തില്‍ യേശുവിനെ കര്‍ത്താവായി സ്വീകരിക്കാന്‍ അവള്‍ തീരുമാനിച്ചു. പിന്നീടൊരിക്കലും പഴയ ജീവിതത്തിലേക്ക് അവള്‍ തിരികെ പോയില്ല. ഇന്നവള്‍ ധാരാളം ആളുകളെ ഇത്തരം പൈശാചിക സ്വാധീനത്തില്‍ നിന്നു വിടുവിക്കാനായി ലോകമെങ്ങും ശുശ്രൂഷ ചെയ്യുന്നു.
മറഞ്ഞിരിക്കുന്ന ന്യൂ ഏജ് മുഖങ്ങള്‍
നിസ്സാരമെന്ന് ആളുകള്‍ കരുതുന്ന പല ന്യൂ ഏജ് ആത്മീയ മാര്‍ഗങ്ങളും പൈശാചിക സ്വാധീനമുള്ളവയാണെന്ന് ജെന്‍ മുന്നറിയിപ്പ് നല്കുന്നു.
ടാരറ്റ് കാര്‍ഡ് റീഡിംഗ് അത്തരം ന്യൂ ഏജ് ആത്മീയതയുടെ ഒരു മാര്‍ഗമാണ്. 15-ാം നൂറ്റാണ്ടിന്റെ അവസാനത്തോളം, ഇറ്റലിയില്‍ ടെറോക്കി എന്ന കാര്‍ഡ് ഗെയിമിനായി ഉപയോഗിച്ചിരുന്ന ടാരറ്റ്, 1400-കളില്‍ ഒരു ഫ്രഞ്ച് ഒക്കള്‍ട്ടിസ്റ്റിന്റെ കൈകളില്‍ ഭാവിപറയല്‍ ഉപകരണമായി മാറി. ഈ കാര്‍ഡുകളുടെ ഉപയോഗം പൈശാചിക ശക്തികളുടെ ഇടപെടലിലേക്ക് നയിക്കപ്പെട്ടു.
ഓജോ ബോര്‍ഡ് അഥവാ വീജോ ബോര്‍ഡ് എന്ന പേരില്‍ പ്രചാരത്തിലുള്ളതും ന്യൂ ഏജ് ആത്മീയതയുടെ ഒരു മുഖംതന്നെ. അതിലൂടെ ‘ആത്മാക്കള്‍’ സംസാരിക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. പലരും ഒരു രസത്തിനായാണ് ഓജോ ബോര്‍ഡ് ഉപയോഗിച്ചുതുടങ്ങുന്നത്. അങ്ങനെ, ‘ആത്മാക്കള്‍’ അവരുമായി ബന്ധപ്പെടാന്‍ തുടങ്ങുന്നു. എന്നാല്‍ അതൊന്നും മരിച്ചുപോയവരുടെ ആത്മാക്കളല്ല, ദുഷ്ടാത്മാക്കളാണ് എന്നതാണ് വ്യത്യാസം. അതോടെ അവര്‍ പൈശാചികസ്വാധീനത്തിലകപ്പെടുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇതൊന്നും തമാശയല്ല, ജീവിതം തകര്‍ക്കുന്ന കെണികളാണ്.
ന്യൂമറോളജി – ‘മാലാഖമാരുടെ സംഖ്യകള്‍’ എന്ന പേരിലാണ് പ്രചരിക്കുന്നത്. മാലാഖമാര്‍ പ്രത്യേക സന്ദേശങ്ങള്‍ സംഖ്യകളിലൂടെ അയക്കുന്നു എന്ന കെണിയാണ് ഇവിടെ ഉപയോഗിക്കുക. ഇന്ന് നിങ്ങള്‍ ഈ സംഖ്യ കാണുകയാണെങ്കില്‍ മാലാഖമാര്‍ ഈ സന്ദേശം നല്കുന്നു എന്നെല്ലാം പറഞ്ഞു ആളുകളെ വ്യാജ ഉപദേഷ്ടാക്കള്‍ കബളിപ്പിക്കുന്നുണ്ട്. യൂട്യൂബിലും മറ്റ് നവ മാധ്യമങ്ങളിലും ഇത്തരം വ്യാജപ്രവാചകര്‍ ഇന്ന് വളരെയേറെയാണ്.
‘ലോ ഓഫ് അട്രാക്ഷന്‍’ എന്ന പേരിലും ദൈവിക വെളിപാടുകള്‍ കിട്ടിയെന്ന പേരിലും ധാരാളം ആളുകള്‍ ക്രിസ്ത്യന്‍ ഓണ്‍ലൈന്‍ ചാനലുകളിലൂടെ വ്യാജസന്ദേശങ്ങള്‍ നല്കുന്നു. അവര്‍ ബൈബിള്‍ വാക്യങ്ങള്‍ വളച്ചൊടിക്കുകയും ദൈവത്തിന്റെ പേരില്‍ പ്രവചനങ്ങള്‍ നടത്തുകയും ചെയ്യുന്നു.
നവയുഗ ഊര്‍ജ്ജ ചികില്‍സ എന്ന പേരില്‍ റെയ്കി പോലുള്ള വ്യാജ രോഗശാന്തി രീതി ഒരു ന്യൂ ഏജ് ആത്മീയതയാണ്. റെയ്കി പ്രാക്ടീഷണര്‍മാര്‍ ആളുകളുടെ മേല്‍ കൈകള്‍ വെച്ചുകൊണ്ട് തങ്ങളുടെ ഊര്‍ജ്ജം കൈമാറ്റം ചെയ്യുന്നു എന്നാണ് പറയുന്നത്. ഇങ്ങനെ ഊര്‍ജമാറ്റം നടക്കുമ്പോള്‍ രോഗം സുഖപ്പെടുമെന്ന് അവര്‍ പറയുന്നു. ഒരിക്കലും അവര്‍ ദൈവനാമം ഉരുവിടുകയില്ല. ദൂരെയുള്ള രോഗികളെ കാണാതെ തന്നെ ഊര്‍ജം അയച്ച് സുഖപ്പെടുത്താന്‍ തങ്ങള്‍ക്കു സാധിക്കും എന്നാണവര്‍ പറയുന്നത്. തങ്ങളെത്തന്നെ ദൈവമാക്കുന്ന ഒരു പ്രവണതയാണ് ഇതില്‍ കാണുന്നത്. ഈ ചികിത്സാരീതിയെക്കുറിച്ച് ഒട്ടേറെ ക്രൈസ്തവപുരോഹിതര്‍ ഇന്ന് മുന്നറിയിപ്പ് നല്കുന്നുണ്ട്.
ന്യൂ ഏജ് ആത്മീയത ഇന്ന് ടിവി പരിപാടികളിലും സംഗീതത്തിലും സിനിമയിലും സജീവമാണ്. രാശിചിഹ്നങ്ങള്‍ (ദീറശമര ടശഴി)െ, ഗെയിമുകള്‍ തുടങ്ങി കൊച്ചുകുട്ടികളുടെ കാര്‍ട്ടൂണില്‍വരെ ഇത്തരം സ്വാധീനം കടന്നുവരുന്നു. അതിനാല്‍ത്തന്നെ എന്ത് കാണുന്നു, കേള്‍ക്കുന്നു എന്നത് വളരെ പ്രധാനമാണ്. ഇത്തരം കെണികളില്‍ വീഴാതിരിക്കാന്‍ പ്രത്യേകശ്രദ്ധ ആവശ്യമത്രേ.
2025 ജൂണില്‍, ‘പ്യൂ റിസര്‍ച്ച്’ പ്രസിദ്ധീകരിച്ച പഠനത്തില്‍, 30% അമേരിക്കക്കാരും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഈ ന്യൂ ഏജ് രീതികളില്‍ ഒന്നെങ്കിലും പരിശോധിക്കുന്നുണ്ടെന്ന് കണ്ടെത്തി. ജ്യോതിഷമാണ് ഏറ്റവും പ്രചാരമുള്ളത്. തുടര്‍ന്ന് ടാരറ്റ് കാര്‍ഡുകള്‍, ഭാഗ്യം പറയുന്നവര്‍. ഈ പ്രവര്‍ത്തനങ്ങള്‍ ആത്മീയമായി അപകടകരമാണ് എന്ന് കാത്തലിക് ആന്‍സേഴ്‌സ് അപ്പോളജിസ്റ്റ് ടോം നാഷ് വിശദീകരിക്കുന്നു. ചെറുപ്പക്കാര്‍ – പ്രത്യേകിച്ച് യുവതികള്‍- ജ്യോതിഷത്തില്‍ വിശ്വസിക്കാനും ജാതകം നോക്കാനും കൂടുതല്‍ സാധ്യതയുണ്ടെന്നും പഠനം കണ്ടെത്തി.
ദൈവവിശ്വാസം ഇല്ലെങ്കില്‍
എന്ത് കുഴപ്പം?
അമേരിക്കയില്‍ ഒരു മതത്തിലും വിശ്വാസമില്ലാത്ത ിീില െവിഭാഗക്കാരാണ് ഇത്തരം മാര്‍ഗങ്ങള്‍ക്ക് അടിമകളായിരിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. മതപരമായ ചിട്ടകളില്‍നിന്ന് വേര്‍പെടുന്നവര്‍ സമാധാനവും ശാന്തിയും തേടി എത്തിപ്പെടുന്നത് ഇത്തരം വ്യാജ പ്രവാചകരുടെ അടുത്താണ്. നമ്മുടെ കൊച്ചു കേരളത്തിലുള്ള യുവതി-യുവാക്കളും ഇതേ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുവെന്നത് നാം അറിഞ്ഞിരിക്കണം. നമുക്കുള്ളിലെ ആത്മീയ ശൂന്യത നികത്താന്‍ ക്രിസ്തുവില്ലെങ്കില്‍, നമ്മള്‍ ബദലുകള്‍ തേടാന്‍ പ്രവണത കാണിക്കുമെന്ന് പ്യൂ റിസര്‍ച്ച് ഗവേഷകര്‍ ഓര്‍മ്മിപ്പിച്ചു.
വിനോദമെന്ന പേരില്‍ ഇത്തരം കാര്യങ്ങള്‍ പരീക്ഷിക്കുന്ന യുവജനങ്ങള്‍ ഇവയ്ക്ക് അടിമകളാകുന്നുവെന്ന് അമേരിക്കയിലെ പ്യൂ റിസര്‍ച്ച് 2025 മെയ്മാസത്തില്‍ പ്രസിദ്ധീകരിച്ച പഠനം തെളിയിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും തമാശയ്ക്ക് കണ്ടുതുടങ്ങുന്ന ഇത്തരം കാര്യങ്ങള്‍ പലപ്പോഴും നമ്മെ വലിയ നാശത്തില്‍ എത്തിച്ചേക്കാമെന്ന മുന്നറിയിപ്പ് ജെന്‍ നിസയും നല്കുന്നു.
ഭൗതിക ലോകത്തിനപ്പുറമുള്ള കാര്യങ്ങള്‍ അതായത് ഭൂതകാലവും ഭാവികാലവും അന്വേഷിക്കാന്‍ ശ്രമിക്കുമ്പോള്‍, അവ വഞ്ചനയുടെ അപകടകരമായ വാതിലുകളാണെന്നു പലരും തിരിച്ചറിയുന്നില്ല. ന്യൂ ഏജ് അഥവാ നവയുഗ ആത്മീയത പലര്‍ക്കും ആത്മീയ ഉന്നതിയിലേക്ക് എത്താനുള്ള വഴി ആയി തോന്നിയേക്കാം, എന്നാല്‍ പിശാചിന്റെ വലിയൊരു ഗര്‍ത്തമാണത്. ഇത്തരം കപടമാര്‍ഗങ്ങള്‍ക്കു പിന്നിലെ സത്യം തുറന്നുകാട്ടാനുള്ള ദൗത്യത്തിലാണ് ഇതില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ജെന്നിനെപ്പോലെയുള്ളവര്‍.