
ഒരു വൈദികന്റെ അനുഭവം പങ്കുവയ്ക്കാം. അദ്ദേഹം നല്ല മനുഷ്യനാണോ എന്ന് ചോദിച്ചാല്‍, മനുഷ്യരുടെ മുന്നില്‍ നല്ല ആളായിരുന്നു. ആര്‍ക്കും മോശം അഭിപ്രായം ഒന്നുമില്ല. എല്ലാ രണ്ടാഴ്ചയും കൂടുമ്പോള്‍ കുമ്പസാരിക്കുന്ന വൈദികന്‍. അതിനാല്‍ത്തന്നെ, നന്മയുണ്ടെന്ന് ആരാണെങ്കിലും കരുതിപ്പോകും.
എന്നാല്‍, ഇദ്ദേഹം ‘നല്ല പിള്ള’ ചമയുന്ന ഒരാളായിരുന്നുവെന്നുമാത്രം. ഉള്ളില്‍ കപടത ഉണ്ടായിരുന്നു. ഒരു വലിയ അപകടത്തില്‍ പെട്ടപ്പോഴാണ് അദ്ദേഹത്തിന് സുബോധം ഉണ്ടായത്. സാരമായ പരിക്കുകളായിരുന്നു, തലയുടെ ഒരു ഭാഗം ചീന്തിപ്പോയി, നട്ടെല്ലിന് ക്ഷതമേറ്റു.
കോമാ(അബോധാവസ്ഥ)യിലേക്ക് നീങ്ങിത്തുടങ്ങിയ ആള്‍ കാണുന്നത് വിധിയാളനായി മുന്നില്‍ നില്‍ക്കുന്ന ഈശോയെയാണ്.
ഓരോ വീഴ്ചയും ഈശോ കൃത്യമായി പറഞ്ഞപ്പോള്‍ എതിര്‍ത്തൊന്നും പറയാതെ സമ്മതം മൂളാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.
ഈശോ അത് പറയുമ്പോള്‍ ഇന്ന കാരണം പറയാം എന്നൊക്കെ മനസ്സില്‍ കരുതിയെങ്കിലും, ആ നേരത്ത് സത്യത്തിനെതിരെ ഒന്നും പറയാന്‍ തോന്നിയില്ല.
നരകത്തീയിലേക്ക് പോവുകയെന്നതാണ് തന്റെ വിധിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അതിനോടും യെസ് പറയാനേ കഴിഞ്ഞുള്ളൂ.
അപ്പോഴാണ് ഒരു സ്ത്രീയുടെ ശബ്ദം കേട്ടത്, ”നമുക്കൊരവസാരം കൂടി ഈ മകന് നല്‍കാം, പ്രത്യേക കൃപകള്‍ നല്‍കിയാല്‍ ഇയാള്‍ ശരിയായി പ്രത്യുത്തരിച്ചാലോ…”
ഈശോ ഉടന്‍ പറഞ്ഞു, ”അമ്മേ, ഈ മകന്‍ നിന്റേതാണ്!”
ബോധാവസ്ഥയിലേക്ക് കണ്ണ് തുറന്ന ഈ വൈദികന്‍ തിരിച്ചറിഞ്ഞു, പരിശുദ്ധ അമ്മയുടെ വക്കാലത്താണ് തനിക്ക് പുതുജന്മം നല്‍കിയതെന്ന്. സുബോധവും ആരോഗ്യവും വീണ്ടെടുത്ത ആ വൈദികന്‍ ഇന്ന് ശുശ്രൂഷാരംഗത്ത് സജീവമാണ്.
ഈ വൈദികനില്‍ ഞാന്‍ കാണുന്നത് ധൂര്‍ത്ത പുത്രന്റെയും മൂത്ത പുത്രന്റെയും ഒരു മിശ്രിതം ആണ്.
എന്റെ അവസ്ഥയും വേറൊന്നല്ല. പിതാവിന്റെ ഭവനത്തില്‍ വസിച്ചുകൊണ്ടുതന്നെ അപ്പായുടെ കരുണ വെറുതെ ധൂര്‍ത്തടിക്കുകയാണ് ഞാന്‍. എന്നാല്‍ പിതാവിന്റെ സ്‌നേഹത്തെക്കുറിച്ചുള്ള ബോധത്തില്‍ ആഴപ്പെടാന്‍ നമുക്ക് ശ്രമിക്കാം.
നല്ല തീരുമാനങ്ങള്‍ എടുക്കാനും ഹൃദയംകൊണ്ട് അനുതപിക്കാനും നമുക്ക് സാധിക്കട്ടെ. പരിശുദ്ധ അമ്മയുടെ വക്കാലത്ത് നമുക്ക് ബലവും ശരണവും ആകട്ടെ. അങ്ങനെ ദൈവസ്‌നേഹത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരാവാം.
ഫാ. ജോസഫ് അലക്‌സ്