സഹായി മിക്കു – Shalom Times Shalom Times |
Welcome to Shalom Times

സഹായി മിക്കു

ഗെയിം ഡിസൈനിങ്ങ് കോഴ്‌സ് പഠിക്കണമെന്ന മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ എങ്ങനെ പണം കണ്ടെത്തും എന്ന ആധിയിലായിരുന്നു ഞാന്‍. ഏകദേശം അഞ്ചുലക്ഷം രൂപ വേണ്ടിവരും. നല്ല വിലയുള്ള കമ്പ്യൂട്ടറും വാങ്ങണം. വീടുപണി കഴിഞ്ഞ് കീശ കാലിയായിരിക്കുന്ന സമയമാണ്.
ആ സമയത്താണ് ആന്‍ മരിയ ക്രിസ്റ്റീന എഴുതിയ ‘മിക്കുവിനെപ്പോലുള്ള സഹായകരെ വിളിക്കൂ’ എന്ന ലേഖനം 2023 ആഗസ്റ്റ് ലക്കം ശാലോം മാസികയില്‍ വായിക്കാന്‍ ഇടയായത്. മിഖായേല്‍ മാലാഖയെയാണ് ലേഖിക അതില്‍ ‘മിക്കു’ എന്ന് വിളിച്ചിരുന്നത്. അതുവരെ മാലാഖമാരുടെ സഹായത്തെക്കുറിച്ച് പ്രത്യേക ധാരണയും വിശ്വാസവും ഒന്നുമില്ലാതിരുന്ന ഞാന്‍ ആ ലേഖനം വായിച്ചുകഴിഞ്ഞപ്പോള്‍ ഒന്നു
പരീക്ഷിക്കാന്‍ തീരുമാനിച്ചു. മകന്റെ പഠനം സാധ്യമാകാന്‍വേണ്ട പണം കണ്ടെത്താന്‍ സഹായിക്കണേ എന്ന് മിഖായേല്‍ മാലാഖയെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. യൂട്യൂബില്‍ പ്രചാരത്തിലുള്ള മിഖായേല്‍ മാലാഖയോടുള്ള ഒരു പ്രാര്‍ത്ഥന കേട്ട് കൂടെ പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്.
അങ്ങനെ ഒരു ദിവസം പ്രാര്‍ത്ഥനയ്ക്കുശേഷം വന്ന അടുത്ത വീഡിയോയില്‍ ഒരു സുവിശേഷകന്‍ തമാശരൂപേണ പറയുന്നത് കേട്ടു ‘കെഎസ്എഫ്ഇ ചിട്ടി നറുക്ക് (കുറി) വീഴാന്‍ പ്രാര്‍ത്ഥിക്കണേ ബ്രദറേ’ എന്ന ആവശ്യവുമായി വന്ന ആളോട് മൂന്ന് വചനഭാഗങ്ങള്‍ പറഞ്ഞു കൊടുത്തു എന്ന്. സുഭാഷിതങ്ങള്‍ 16:33, ലൂക്കാ 1:9, അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ 1:26 എന്നിവയാണ് ആ വചനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. കുറി വീണതിനെക്കുറിച്ച് ബൈബിളിലുള്ള മൂന്നു വാക്യങ്ങളാണ് ഇവ. നിങ്ങളും പരീക്ഷിച്ചുനോക്കൂ എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.
എന്തായാലും അതു കേട്ടപ്പോള്‍ എന്റെ മനസില്‍ ഒരു ലഡു പൊട്ടിയ അനുഭവം! ഞാന്‍ ഓടിപ്പോയി ആ മൂന്നു വചനഭാഗങ്ങളും കണ്ടെത്തി വായിച്ചു.
സുഭാഷിതങ്ങള്‍ 16:33 ”കാര്യങ്ങള്‍ തീരുമാനിക്കാന്‍ കുറിയിടുന്നവരുണ്ട്. അന്തിമമായ തീരുമാനം കര്‍ത്താവിന്റേതാണ്.”
ലൂക്കാ 1:9 ”പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച് ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്ക്ക് കുറി വീണു.”
അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ 1:26 ”പിന്നെ അവര്‍ കുറിയിട്ടു. മത്തിയാസിന് കുറി വീണു. പതിനൊന്ന് അപ്പസ്‌തോലന്മാരുടെകൂടെ അവന്‍ എണ്ണപ്പെടുകയും ചെയ്തു.”
അന്നുമുതല്‍ ആ വചനങ്ങള്‍ ഞാന്‍ വിശ്വസിച്ചേറ്റെടുത്ത് നൂറുപ്രാവശ്യം എഴുതി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് കെഎസ്എഫ്ഇ-യില്‍ ചിട്ടിയില്‍ ചേര്‍ന്നു. ആദ്യകുറി എനിക്കുതന്നെ വീഴണേ എന്നായിരുന്നു പ്രാര്‍ത്ഥന. മിഖായേല്‍ മാലാഖയെ കൂട്ടുപിടിച്ച് ആദ്യതവണയുടെ നറുക്കെടുപ്പിനു പോയി. പങ്കെടുക്കാന്‍ എത്തിയ മുപ്പതോളം ചിറ്റാളന്മാരില്‍ ഏക സ്ത്രീ ഞാന്‍ ആയതുകൊണ്ട് നറുക്കെടുക്കാന്‍ അവര്‍ എന്നെയാണ് ക്ഷണിച്ചത്.
”മിക്കൂ, നീതന്നെ എന്റെ ടോക്കണ്‍ എടുത്തുതരണേ” എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് കുടത്തില്‍ കിലുങ്ങിക്കൊണ്ടിരുന്ന നൂറ്റമ്പതോളം ടോക്കണുകളില്‍നിന്ന് വിറയാര്‍ന്ന കരങ്ങളുമായി ഞാന്‍ എടുത്തത് എന്റെതന്നെ ചിറ്റാള്‍ നമ്പര്‍ എഴുതിയ ടോക്കണ്‍! അല്പവിശ്വാസിയായ എനിക്ക് അതിശയം! അങ്ങനെ മകന്റെ പഠനച്ചെലവിലുള്ള തുക കണ്ടെത്തി. മിക്കുവിന് നന്ദി!
ആന്‍ മരിയയുടെ ആ ലേഖനത്തില്‍ തന്റെ കൂട്ടുകാരിക്ക് രണ്ടാമത്തെ കുഞ്ഞിനെ ലഭിക്കാന്‍വേണ്ടി മിഖായേല്‍ മാലാഖയുടെ സഹായം ലഭിച്ച കാര്യവും ഉണ്ടായിരുന്നു. എന്റെ ഒരു ബന്ധുവിന് വിവാഹശേഷം ഏഴുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ആ ലേഖനം വാട്ട്‌സ് ആപ്പില്‍ അവര്‍ക്ക് അയച്ചുകൊടുത്തത് 2023 ഡിസംബറിലാണ്. മിക്കുവിന്റെ സഹായം തേടി പ്രാര്‍ത്ഥിച്ച ആ സഹോദരി 2024 ഡിസംബറില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി, പ്രാര്‍ത്ഥിച്ച മിഖായേല്‍ മാലാഖയ്ക്ക് നന്ദി. ”അവര്‍ ദൈവത്തിന്റെ മഹനീയവും അത്ഭുതാവഹവുമായ പ്രവൃത്തികളെ സ്തുതിക്കുകയും കര്‍ത്താവിന്റെ ദൂതന്‍ തങ്ങള്‍ക്ക് പ്രത്യക്ഷപ്പെട്ടു എന്ന് മനസിലാക്കുകയും ചെയ്തു” (തോബിത് 12:22).
ശാലോം ടൈംസില്‍ ആന്‍ മരിയയുടെ ലേഖനം വായിച്ച് പരീക്ഷിക്കാന്‍ തീരുമാനിച്ച എനിക്ക് ഈ രണ്ട് അനുഗ്രഹങ്ങള്‍ ലഭിച്ചു. എന്റെ ഈ സാക്ഷ്യം വായിച്ചും മറ്റുള്ളവര്‍ വിശുദ്ധ മിഖായേലിന്റെ മാധ്യസ്ഥ്യസഹായത്തിനുള്ള സന്നദ്ധത പരീക്ഷിക്കാന്‍ തീരുമാനിച്ചാല്‍ സഹായം ഉറപ്പ്.