
തങ്ങള്‍ക്ക് ആരോടും ക്ഷമിക്കാനില്ല എന്നാണ് മിക്കവരും കരുതുന്നത്. എന്നാല്‍ മറിച്ചാണ് എന്റെ അനുഭവം. നമുക്കെല്ലാവര്‍ക്കുംതന്നെ പലരോടും ക്ഷമിക്കേണ്ടതായുണ്ട്. വേദനകള്‍, മുറിവുകള്‍, സ്നേഹിക്കുന്നവരുടെ വേര്‍പാട്, വിഫലമായ പ്രാര്‍ത്ഥനകള്‍ എന്നിവമൂലം നമ്മുടെ ഉപബോധമനസില്‍ ദൈവത്തോടു സംഭവിച്ചുപോയ വെറുപ്പിന് നമുക്ക് നമ്മോടുതന്നെ ക്ഷമിക്കേണ്ടതുണ്ടാവാം. നമ്മുടെ മാതാപിതാക്കളോടും സഹോദരീസഹോദരന്മാരോടും ബന്ധുജനങ്ങളോടും ജീവിതപങ്കാളിയോടും നിരന്തരം ക്ഷമിക്കേണ്ടതായുണ്ട്. ദൈവത്തിലും സഭയിലും നിന്നകന്നുമാറി ജീവിക്കുന്ന മക്കളോട് മാതാപിതാക്കള്‍ക്ക് ക്ഷമിക്കേണ്ടതായുണ്ട്.
ഒരു വനിത ഒരിക്കലെന്നോടു പറയുകയുണ്ടായി ”അച്ചാ, എന്റെ മകന് മോര്‍മോണ്‍ സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സഭാവിശ്വാസമുപേക്ഷിച്ച് ഒരു സജീവ മോര്‍മോണ്‍ വിശ്വാസിയായി ജീവിക്കുന്നു. ഈ മകനോട് ക്ഷമിക്കേണ്ടതായുണ്ട് എന്ന് ഞാനൊരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ അങ്ങയുടെ പ്രഭാഷണം കേട്ടതിനുശേഷം മകനോട് ക്ഷമിക്കുന്നതിന് എനിക്കു സാധിച്ചു.” നമ്മുടെ സഹപ്രവര്‍ത്തകരോട് നമുക്ക് ക്ഷമിക്കേണ്ടതുണ്ട്. തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്കിടയിലുള്ള സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും ശ്രമകരമായ പ്രവൃത്തിയെന്നാണ് അധികാരസ്ഥാനത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
സ്നേഹത്തിന്റെ നടപടിക്രമമാണ് ക്ഷമ. മ്യൂറിയല്‍ (ങൗൃശലഹ ചല്ലൗഃ, ങമമൈരവൗലെെേ) എന്ന വ്യക്തിക്ക് ഒരിക്കല്‍ കുര്‍ബാനമധ്യേ ഒരു ദര്‍ശനം ലഭിക്കുകയുണ്ടായി.
മ്യൂറിയലിന്റെ ധ്യാനാനുഭവം
തീവ്രവേദനയാല്‍ പിടയുന്ന ഈശോയുടെ കുരിശിന്‍ചുവട്ടില്‍ ഞാന്‍ നില്‍ക്കുകയായിരുന്നു. അവിടുന്ന് കുനിഞ്ഞ് എന്നെ നോക്കി ഇപ്രകാരം പറഞ്ഞു, ‘നിന്നെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ച ഓരോ വ്യക്തിയെയും കുരിശിന്റെ ചുവട്ടിലേക്ക് കൊണ്ടുവരിക.’ സംശയത്തോടും തെല്ലു വൈമനസ്യത്തോടും ഞാന്‍ ഈശോയുടെ മുഖത്തേക്ക് നോക്കി. ഇതുകണ്ട് അവിടുന്ന് വീണ്ടും പറഞ്ഞു, ‘അവരെ എന്റെ പക്കല്‍ കൊണ്ടുവരിക. നിന്നോടു ഞാന്‍ ക്ഷമിച്ചതുപോലെ അവരോടും ക്ഷമിക്കുക.’ അപ്രകാരം ചെയ്യുവാന്‍ ഞാന്‍ ആരംഭിച്ചു.
അനേകം വ്യക്തികളെ കുരിശിന്‍ചുവട്ടിലേക്ക് ഞാന്‍ കൂട്ടിക്കൊണ്ടുപോയി. നീണ്ട ഘോഷയാത്രപോലെ! ഒരു ഘട്ടമെത്തിയപ്പോള്‍ ഞാന്‍ കൊണ്ടുവരുന്നതിനാഗ്രഹിച്ച വ്യക്തി വരുവാന്‍ കൂട്ടാക്കിയില്ല. അപ്പോള്‍ ക്രൂശിതന്റെ നേര്‍ക്കുനോക്കി ഞാന്‍ സഹായം യാചിച്ചു. ഉടനടി അവിടുന്ന് കുരിശില്‍നിന്നും താഴെയിറങ്ങി. തന്റെ വിരിച്ച കരങ്ങളുമായി ആ വ്യക്തിയുടെ നേരെ ഈശോ നടന്നടുത്തു. അവള് തന്റെ മുഷ്ടി ചുരുട്ടി നാഥന്റെ നെഞ്ചത്ത് ആഞ്ഞാഞ്ഞ് ഇടിക്കുവാനാരംഭിച്ചു. ഇടി ശക്തമാകുന്നതിനനുസരിച്ച് നാഥന്റെ കരവലയം അവള്‍ക്കു ചുറ്റും കൂടുതല്‍ കൂടുതല്‍ മുറുകിത്തുടങ്ങി.
അവസാനം അവള്‍ക്ക് അവിടുത്തെ സ്നേഹത്തിനു മുമ്പില്‍ കീഴടങ്ങേണ്ടതായി വന്നു! പിന്നീട് നാഥന് ഒരു കരം അവളുടെ തോളിലും മറുകരം എന്റെ തോളിലും ഇട്ട് ഞങ്ങളിരുവരെയും കുരിശിന്റെ താഴേക്കാനയിച്ചു. കുരിശിന്റെ ചുവട്ടിലെത്തിയപ്പോള്‍ ഞങ്ങളിരുവരുടെയും കൈകള്‍ അവിടുത്തെ കൈകളില്‍ ചേര്‍ത്തുവച്ചു. ഈശോയുടെ സൗഖ്യദായകമായ സ്നേഹം ഉള്ളിലൂടെ അരിച്ചിറങ്ങുന്നത് അനുഭവിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പരിപൂര്‍ണ അനുരഞ്ജനം നടന്നു കഴിഞ്ഞപ്പോള്‍ നാഥന് വീണ്ടും കുരിശില്‍ കാണപ്പെട്ടു.
താഴേക്കുനോക്കി എല്ലാവരോടുമായി അവിടുന്ന് പുഞ്ചിരിച്ചു. പിന്നീട് ഇങ്ങനെ പറഞ്ഞു, ‘നിങ്ങളേവരെയും സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിനാണ് ഞാന്‍ കുരിശില്‍ മരിച്ചത്. നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ പുതുസൃഷ്ടികളാണ്. നിങ്ങള്‍ മാംസളമായ ഹൃദയത്തിന്റെ ഉടമകളാണ്.’ വീണ്ടും മുഖമുയര്‍ത്തി സ്വര്‍ഗത്തിലേക്കു നോക്കിയതിനുശേഷം ഈശോ ഇങ്ങനെ പറഞ്ഞു: ‘എല്ലാം പൂര്‍ത്തിയായിരിക്കുന്നു.’
ആരോടൊക്കെ ക്ഷമിക്കണം?
മുതലാളികള്‍, തൊഴിലാളികള്‍, അയല്‍ക്കാര്‍, ഇടവകാംഗങ്ങള്‍ എന്നിവരോടൊക്കെ നമുക്ക് ക്ഷമിക്കുവാന്‍ ബാക്കിനില്ക്കുന്നു. പുരോഹിതശ്രേഷ്ഠര്‍, പുരോഹിതര്‍, സന്യാസിനികള്‍, ഇടവകയിലെ ഭാരവാഹികള്‍, അല്മായ നേതാക്കള്‍ എന്നിവരോടും ക്ഷമിക്കേണ്ടതായി വന്നേക്കാം. ഒരുപക്ഷേ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, വക്കീലന്മാര്, ന്യായാധിപര്‍, അധ്യാപകര്‍ എന്നിവരും ക്ഷമിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കാം… സുഹൃത്തുക്കളും ഈ കൂട്ടത്തില്‍ കണ്ടേക്കാം…
ജീവിതത്തില്‍ നിങ്ങളെ ഏറ്റവുമധികം വേദനിപ്പിച്ച വ്യക്തി ആരാണ്? പ്രത്യേകിച്ച് ആരുടെയും പേരുകള്‍ ഓര്‍മയില്‍ തെളിയുന്നില്ലെങ്കില്‍ അതു വെളിപ്പെടുത്തിത്തരുന്നതിന് പരിശുദ്ധാത്മാവിനോട് യാചിക്കുക. നിങ്ങളെ വേദനിപ്പിച്ചവരുടെ പേരുകള്‍ ഒരു കടലാസില്‍ എഴുതിവയ്ക്കുക.
ക്ഷമയുടെ പ്രാര്‍ത്ഥന ഒമ്പതു ദിവസത്തേക്ക് ചൊല്ലണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. ഒരുപക്ഷേ ആഴ്ചകളോളമോ മാസങ്ങളോളമോ വര്‍ഷങ്ങളോളമോ ഇത് തുടരേണ്ടതായി വന്നേക്കാം. വഷളായിക്കൊണ്ടിരിക്കുന്ന രോഗത്താല്‍ വലയുന്നവര്‍ ഈ പ്രാര്‍ത്ഥന തുടര്‍ച്ചയായി ചൊല്ലുന്നതിനെപ്പറ്റി ചിന്തിക്കുക. കാരണം പല അസുഖങ്ങളുടെയും മൂലകാരണങ്ങള്‍ക്ക് വെറുപ്പ്, കാലുഷ്യം, ക്ഷമിക്കാനാവാത്ത അവസ്ഥകള്‍ എന്നിവയുമായി ബന്ധമുണ്ട്. തുടര്‍ച്ചയായി ഈ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ ആഴത്തില്‍ കുഴിച്ചുമൂടപ്പെട്ട ഓര്‍മകള്‍ സാവധാനം ഉപബോധമനസില്നിന്നും ബോധമനസിലേക്ക് കടന്നുവരുന്നു. അവയെ സാവധാനം, വരുന്ന മുറയ്ക്ക്, നാഥന്റെ സ്നേഹസാഗരത്തിലേക്ക് നിമഞ്ജനം ചെയ്യുക.
അനീതികള്‍ ക്ഷമിക്കുമ്പോള്‍ ദൈവത്തെ അനുസരിക്കുക മാത്രമാണ് നാം ചെയ്യുന്നത്. മറ്റുള്ളവര്‍ ചെയ്ത തിന്മകള് നമ്മുടെ മനോഭാവത്തെയും വികാരങ്ങളെയും പ്രവൃത്തികളെയും നിയന്ത്രിക്കുവാന്‍ നാം അനുവദിക്കുന്നില്ല. അവരുടെമേല്‍ ഉയര്‍ച്ച കൈവരിക്കുകയാണ് അപ്പോള്‍ നാം ചെയ്യുന്നത്.
ഈ സൗഖ്യപ്രക്രിയയ്ക്ക് വിധേയരാകുമ്പോള്‍ അത്ഭുതകരമായ മാറ്റങ്ങള്‍ നിങ്ങളില്‍ സംഭവിക്കും. നാഥന് നിങ്ങളുടെ ഹൃദയങ്ങളെ തുറക്കുകയും ഒരു പുതിയ ഉണര്‍വും ശക്തിയും ചൈതന്യവും പകര്‍ന്ന് ബലപ്പെടുത്തുകയും ചെയ്യും. ദൈവസ്നേഹത്തിന്റെ അത്ഭുതകരമായ ഒരു തലത്തിലേക്ക് അപ്പോള്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു.
ക്ഷമിക്കുക എന്നത് നമ്മുടെ വികാരങ്ങളെ അടിസ്ഥാനപ്പെടുത്തി ചെയ്യേണ്ടതായ ഒരു പ്രവൃത്തിയല്ല, മറിച്ച് അതൊരു തീരുമാനമാണ്. ആ തീരുമാനം നിങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ദൈവം കൂടുതല്‍ ഊര്‍ജം പകരുകയും സമയമാകുമ്പോള്‍ നിങ്ങളുടെ ബുദ്ധിയില്‍നിന്ന് ഹൃദയത്തിലേക്ക് ക്ഷമ വര്‍ഷിക്കുകയും അനായാസമായി ക്ഷമിക്കുന്നതിന് നിങ്ങളെ ഒരുക്കുകയും ചെയ്യും.
(സോഫിയ ബുക്സ് പ്രസിദ്ധീകരിച്ച ‘വിശുദ്ധ കുര്‍ബാനയിലൂടെ സൗഖ്യത്തിലേക്ക്’ എന്ന ഗ്രന്ഥത്തില്‍നിന്ന്.)
1959-ല്‍ വൈദികനായ ഫാ. റോബര്‍ട്ട് കത്തോലിക്കാ കരിസ്മാറ്റിക് നവീകരണരംഗത്ത് സജീവമായിരുന്നു. റേഡിയോ, ടെലിവിഷന്‍ മാധ്യമങ്ങളില്‍ അവതാരകനായിരുന്ന അദ്ദേഹം അന്താരാഷ്ട്രശ്രദ്ധ നേടിയ അനേകം ലഘുലേഖകളുടെയും നാല്പതിലധികം ഗ്രന്ഥങ്ങളുടെയും രചയിതാവുമാണ്. 2018 ഓഗസ്റ്റ് 6-ന് 86-ാം വയസില്‍ നിര്യാതനായി.
ഫാ. റോബര്‍ട്ട് ഡി ഗ്രാന്‍ഡിസ് SSJ