സാമ്പത്തിക പ്രതിസന്ധിയും വലതുകൈയിലെ കുറിപ്പും – Shalom Times Shalom Times |
Welcome to Shalom Times

സാമ്പത്തിക പ്രതിസന്ധിയും വലതുകൈയിലെ കുറിപ്പും

സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. മുന്‍പോട്ട് ഒരു വഴിയും ഇല്ല. കുടുംബാംഗങ്ങളുടെ കൂട്ട ആത്മഹത്യ വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറയാറുള്ളത് കൂടെക്കൂടെ നീറുന്ന ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടിരുന്നു. എന്റെ കുടുംബം എന്നാണ് അത്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതെന്നു ഓരോ നിമിഷവും ചിന്തിച്ചു ഭയപ്പെട്ടിരുന്ന നാളുകള്‍. നഴ്‌സിംഗ് പഠനം അവസാന വര്‍ഷം എത്തി നില്‍ക്കുന്നു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു നഴ്‌സിംഗ് പഠനംപോലും. പക്ഷേ ഇന്ന് അതും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ.

ബാങ്ക് ലോണും പലിശക്കാരുടെ കൊള്ളപ്പലിശയും എല്ലാം കൂടി ലക്ഷങ്ങളുടെ കടബാധ്യത. ഉറങ്ങിയിട്ട് മാസങ്ങളായി. വീട്ടില്‍ വന്നു ബഹളം വയ്ക്കുന്ന പലിശക്കാര്‍. ജപ്തിഭീഷണിയുമായി ബാങ്കിന്റെ കത്തുകള്‍. നേരിട്ടും അല്ലാതെയും അപമാനത്തിന്റെ കൊടുമുടിയില്‍ എത്തിക്കാന്‍ മുറവിളി കൂട്ടിയവര്‍. ഏതാണ്ട് 17 വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൈവം നടത്തിയ കനല്‍വഴികള്‍.

ഭയം കൊണ്ടു വീടിന്റെ ഗേറ്റ് എല്ലായ്‌പ്പോഴും പൂട്ടിയിടുമായിരുന്നു. ഇനി മുന്‍പില്‍ രണ്ട് വഴികള്‍ മാത്രം. ഒന്നുകില്‍ വീടുവില്പന അല്ലെങ്കില്‍ കൂട്ട ആത്മഹത്യ. വീട് വില്‍ക്കാന്‍ പരിശ്രമിച്ചിട്ടു ആറ് മാസമായി. വില്‍പ്പന നടക്കുന്നില്ല. നിലയില്ലാക്കയത്തില്‍ മുങ്ങുകയാണെന്ന് അറിഞ്ഞവരെല്ലാം വളരെ തുച്ഛമായ വിലക്ക് വിലപേശി. ഈശോയോട് സങ്കടം പറഞ്ഞു മടുത്തു. കരയാന്‍ കണ്ണീരില്ലാതെയായി.
ലാന്‍ഡ് ഫോണില്‍ കോള്‍ വരുമ്പോള്‍ നെഞ്ചിടിപ്പായിരുന്നു. റിസീവറില്‍ കുരിശു വരച്ചാണ് കോള്‍ എടുത്തിരുന്നത്. പലപ്പോഴും റിസീവര്‍ മാറ്റി വയ്ക്കും. കാരണം അസഭ്യം പറച്ചിലും ഭീഷണികളും തുടര്‍പരമ്പര ആയിരുന്നു. ആളുകള്‍ ഫോണില്‍ അസഭ്യം പറയുമ്പോള്‍ അല്പം മാറി നിന്നു അവര്‍ ഫോണ്‍ കോള്‍ അവസാനിപ്പിക്കുംവരെ ബൈബിള്‍ വചനങ്ങള്‍ വായിച്ചിട്ടുണ്ട്.

വലതുകൈയിലെ കുറിപ്പ്
12 സെന്റ് സ്ഥലവും 3000 സ്‌ക്വയര്‍ ഫീറ്റിനോടടുത്ത രണ്ടു നില വീടും ഉണ്ടായിരുന്നു. ഇരുപത്തിയഞ്ച് ലക്ഷമെങ്കിലും കിട്ടാന്‍ ഈശോയോട് കരഞ്ഞു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എന്നും സഹായത്തിനായി ഓടിച്ചെല്ലാറുള്ളത് ഈശോയുടെ തിരുഹൃദയ രൂപത്തിന് മുന്‍പില്‍ ആയിരുന്നു. 25 ലക്ഷം എന്ന് ചെറിയ കുറിപ്പ് എഴുതി ഈശോയുടെ തുറന്നിരിക്കുന്ന വലതുകൈയ്ക്കുള്ളില്‍ ഒട്ടിച്ചുവച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പത്രപരസ്യം വസ്തുവില്‍പ്പനക്കായി നല്‍കി. പരസ്യം കണ്ടു കുറെ പേര്‍ വിളിച്ചു. ഒരു വ്യക്തി മാത്രം 25 ലക്ഷം നല്‍കാമെന്നു സമ്മതിച്ചു. 10 ലക്ഷം ആദ്യമേ ബാങ്കില്‍ അടച്ചാല്‍ മാത്രമേ വീടിന്റെ ആധാരം തിരിച്ചെടുക്കാന്‍ കഴിയുകയുള്ളു. അതിനും ആ വ്യക്തി തയ്യാറായി. ഈശോയുടെ തിരുഹൃദയ രൂപത്തില്‍ തുറന്ന കൈകളില്‍ എഴുതി വച്ച തുക ഈശോ അദ്ദേഹത്തിലൂടെ ക്രമീകരിച്ചു തന്നു

എല്ലാം വിറ്റ് ഒന്നുമില്ലാതെ പടിയിറങ്ങുമ്പോള്‍ ഈശോയോട് ഒരു ആഗ്രഹം മാത്രമേ പറഞ്ഞുള്ളൂ…. ഏതെങ്കിലും ദൈവാലയത്തിന് തൊട്ടടുത്ത് ഒരു ഭവനം തരണമേ എന്ന്… ഈശോ ആ പ്രാര്‍ത്ഥനയും സ്വീകരിച്ചു. ദൈവാലയത്തിന് തൊട്ടുമുന്‍പിലായി അഞ്ച് സെന്റ് സ്ഥലം ക്രമീകരിച്ചു നല്‍കി. നഷ്ടപ്പെട്ടതിനെക്കാള്‍ മനോഹരമായ ഭവനം പിന്നീട് ഒരുക്കിത്തരികയും ചെയ്തു. വീടിന് ‘ഗിഫ്റ്റ് ഓഫ് ഗോഡ്’ എന്ന് പേര് നല്‍കി. ”നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എന്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം” (പുറപ്പാട് 33:17).

എന്തുകൊണ്ട് എനിക്ക് കഷ്ടതകള്‍?
എന്തുകൊണ്ട് എനിക്ക് മാത്രം ഇത്രയേറെ കഷ്ടതകള്‍ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി നമ്മളില്‍ ആരുണ്ട്? ഗോതമ്പുമണികള്‍ ആകാന്‍ വിളിക്കപ്പെട്ടവരാണ് നാമെങ്കില്‍ അവിടുന്ന് നമ്മുടെ മേല്‍ മെതിവണ്ടി കയറ്റി ഇറക്കും. ഗോതമ്പു പാറ്റി തോലും പൊടിയും എല്ലാം കളഞ്ഞു ശേഖരിക്കുന്നത് കളപ്പുരകളില്‍ ആണ്. വീണ്ടും അതിനു രൂപ മാറ്റങ്ങള്‍ വരുത്താന്‍ തുടര്‍ന്നും ഉടയ്ക്കപ്പെടുന്നു. ഭക്ഷണമായി മാറ്റാന്‍ പിന്നെയും രൂപാന്തരപ്പെടുത്തുന്നു. അതു കഴിക്കുന്നവര്‍ക്ക് സംതൃപ്തി ലഭിക്കുന്നു. തുടരെത്തുടരെ ഉടയപ്പെട്ട് രൂപാന്തരം പ്രാപിക്കുന്ന ഗോതമ്പുമണികള്‍ ഒരുനാള്‍ അനേകര്‍ക്കു ആശ്വാസവും സംതൃപ്തിയും നല്‍കുന്നത് പോലെ ജീവിതത്തിന്റെ ഞെരുക്കങ്ങള്‍ ഓരോ മനുഷ്യാത്മാവിനെയും അനേകര്‍ക്ക് ആശ്വാസമാകാന്‍ പര്യാപ്തമാക്കുന്നു.

കരിമ്പുതണ്ട് ചതച്ചു എടുക്കുന്ന നീര് അനേകരുടെ ദാഹം ശമിപ്പിക്കുന്നത് പോലെ, ഗോതമ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണവസ്തുക്കള്‍ വിശപ്പ് ശമിപ്പിക്കുന്നത് പോലെ, നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ സഹനങ്ങള്‍ അനേകര്‍ക്ക് ആശ്വാസവും ധൈര്യവും നല്‍കുന്നു. ഭൗതിക ജീവിതം വിജയിക്കാനായി നാം തിയറി പഠിച്ചു പരീക്ഷകള്‍ എഴുതുന്നു. ആത്മീയ ജീവിതത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആണ് വിജയത്തിലേക്കു നയിക്കുന്നത്.

ഈശോയുടെ കരങ്ങളില്‍…
കുശവന്‍ തന്റെ ആലയിലേക്ക് മണ്ണ് കൊണ്ടുവരുന്നതിനു മുന്‍പു തന്നെ ഏതു വിധത്തിലുള്ള പാത്രമാണ് ഉണ്ടാക്കേണ്ടതെന്നു തീരുമാനിച്ചിരിക്കും. ഒരേ തരം മണ്ണ് എല്ലാ വിധ പാത്രനിര്‍മ്മാണങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല. ശേഖരിച്ച ശേഷം കുഴച്ചെടുക്കുന്ന മണ്ണ് കുശവന്‍ ആഗ്രഹിച്ച രൂപം ലഭിക്കാന്‍ ചക്രത്തില്‍ ഇട്ടു കറക്കുന്നു. കറങ്ങുന്നത് കുശവന്റെ ഇരുകൈകളിലൂടെയും ആണ്. ആഗ്രഹിച്ച രൂപം ലഭിച്ചില്ലെങ്കില്‍ വീണ്ടും ഉടച്ചു പണിയുന്നു. സഹനചക്രത്തിന്റെ പരകോടിയില്‍ കറങ്ങുമ്പോഴും നാമാകുന്ന പാത്രങ്ങളെ മെനയുന്ന ഈശോയുടെ കരങ്ങളിലാണ് നാം.

ഉണങ്ങാന്‍ അനുവദിച്ച ശേഷം പാത്രം ചൂളയില്‍ വയ്ക്കുന്നു, ദൃഢത കൈവരിക്കാന്‍ വേണ്ടി. ഒടുവില്‍ അലങ്കാരത്തിനായി ചിത്രങ്ങളും ചായങ്ങളും ചേര്‍ക്കുന്നു. കളിമണ്ണായിരുന്നപ്പോള്‍ വില ഇല്ലാതിരുന്നെങ്കിലും രൂപമാറ്റം സംഭവിക്കുമ്പോള്‍ മൂല്യമുള്ളതായി തീരുന്നു. ആരും പരിഗണിക്കാതെ കിടന്ന കളിമണ്ണായ നമ്മുടെ ജീവിതങ്ങളെ ഈശോയുടെ കരങ്ങളില്‍ സമര്‍പ്പിച്ചാല്‍ വിലയുള്ള മനോഹരമായ പാത്രങ്ങളായി അവന്‍ പണിയും. അത് ആര്‍ക്ക്, എന്ത് വിലയ്ക്ക് കൊടുക്കണം എന്ന് അവനറിയാം.

സാമ്പത്തിക പ്രതിസന്ധികളും അപമാനഭാരവും നിറഞ്ഞ വഴികളിലൂടെ ദൈവം കരം പിടിച്ചു നടത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ വേദനയില്‍ ഉള്ള അനേകരെ പലവിധത്തില്‍ ആശ്വസിപ്പിക്കാന്‍ ദൈവം തന്റെ കൈകളില്‍ വഴങ്ങുന്ന ആയുധമാക്കി എന്നെ മാറ്റി.
സഹനങ്ങള്‍ ദൈവത്തിനു പ്രീതികരമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് ഒരു ആത്മാവ് കടന്നുപോകുന്ന ഏറ്റവും വലിയ ആത്മീയ സഹനം. ”നിന്റെ സഹനം മറ്റുള്ള ആത്മാക്കള്‍ക്ക് പ്രയോജനപ്പെടും. നിന്റെ ദീര്‍ഘസഹനം അവര്‍ക്ക് എന്റെ തിരുമനസ്സ് സ്വീകരിക്കാനുള്ള വെളിച്ചവും ശക്തിയും നല്‍കും.” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 68)

ആന്‍ മരിയ ക്രിസ്റ്റീന