
മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തെത്തന്നെ തനിക്ക് മുമ്പും ശേഷവും എന്ന നാമകരണത്തില് വിഭജിച്ചുകൊണ്ട് മനുഷ്യപുത്രന് കടന്നുവന്നത് സാത്താന്റെ തന്ത്രത്താല്‍ വിഭജിക്കപ്പെട്ട മനുഷ്യകുലത്തെ യോജിപ്പിക്കുവാനായിരുന്നു. ആദ്യം പിതാവായ ദൈവത്തോട് തന്നിലൂടെ യോജിപ്പിക്കുവാനും പിന്നീട് സഹോദരനിലേക്ക് അത് വളര്‍ത്തുവാനും അവിടുന്ന് സ്വന്തം ശരീരവും രക്തവും വിഭജിച്ചു നല്കി. എന്നാല്‍ കുരിശില്‍ പിടയുന്ന, ത്രിത്വത്തില്‍ ഒരുവനായ, ക്രിസ്തുവിനെപ്പോലും ത്രിത്വത്തില്‍നിന്ന് വേര്പെടുത്തുവാന് ശ്രമിച്ച് സാത്താന് അവസാനതന്ത്രവും പയറ്റി. സ്നേഹപിതാവിന്റെ കരങ്ങളിലേക്ക് തന്റെ ആത്മാവിനെ ഭരമേല്പിച്ചുകൊണ്ട് പുത്രന് സാത്താനെ പൂര്‍ണമായും തകര്‍ത്തു. പിതാവ് അനുവദിച്ച എല്ലാ സഹനങ്ങളും മുഴുവനായും പരാതി കൂടാതെ ഏറ്റെടുത്തതാണ് സാത്താന് വലിയ തിരിച്ചടിയായത്.
സാത്താനെ പരാജയപ്പെടുത്തുവാനുള്ള ഏറ്റവും നല്ല മാതൃകയാണ് അവിടുന്ന് (യേശു) കുരിശില്‍ നമുക്ക് കാണിച്ചുതന്നത്. വിഭജനം വരുന്നത് പരസ്പരം മനസിലാക്കാത്തതില്നിന്നും സ്നേഹശൂന്യതയില്നിന്നും സ്വാര്‍ത്ഥതയില്‍നിന്നും സഹനം സ്വീകരിക്കാതിരിക്കുവാനുള്ള പ്രലോഭനത്തില്നിന്നുമാണെങ്കില്, മനുഷ്യപുത്രന് ജീവിച്ചു കാണിച്ച ബദല്‍ മാതൃകയില്‍ സ്നേഹിക്കുക, അപരനെ മനസിലാക്കുക, സഹനം സ്വീകരിക്കുക, വിഭജനത്തെ ചെറുക്കുക എന്നത് സ്വര്ഗരാജ്യപാതയാണ്.
‘പിതാവേ, ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. അവരോട് ക്ഷമിക്കേണമേ’ എന്ന സ്നേഹത്തിന്റെയും ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും വചനം ഉരുവിടുമ്പോള്‍ ദൈവികസ്വഭാവം അണപൊട്ടി ഒഴുകുകയാണ്. സഹനം സ്വീകരിക്കുമ്പോള്‍ സാത്താന് പരാജയപ്പെടുകയാണ്.
‘ഈ പഴം തിന്നാല്‍ നീ മരിക്കുകയില്ല പകരം ദൈവത്തെപ്പോലെയാകും’ എന്ന വിഭജനവചനം ശ്രവിക്കുമ്പോള്‍ തിരികെ നല്‍കേണ്ട ഉത്തരം ‘ഞങ്ങള്‍ക്ക് ദൈവത്തെപ്പോലെ ആകേണ്ട; പകരം ഞങ്ങള്‍ എങ്ങനെ ആകണമെന്ന് ദൈവം ആഗ്രഹിക്കുന്നുവോ അങ്ങനെ ആയാല്‍ മതി’ എന്ന് ഉള്ളില്‍ ഉയരുവാന് ഉതകുന്ന വിശ്വാസം ക്രൂശിതനായ യേശുക്രിസ്തുവില്‍ പ്രകടിപ്പിക്കുവാന്‍ നമുക്ക് സാധിക്കണം. പാപത്തിന് നമ്മില്‍ താല്പര്യം ജനിക്കുവാന്‍ ഇടയാകാത്തവിധത്തില് പ്രാര്‍ത്ഥനയുടെ ഒരു ദൈവ ഐക്യജീവിതം നാം ഗത്സമനിയില്നിന്ന് സ്വീകരിക്കണം. ‘എന്റെ ഹിതമല്ല അവിടുത്തെ ഹിതംമാത്രം’ എന്ന താക്കോല്‍വചനം. ഇതാണ് സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍. ‘ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ’ എന്ന് പറഞ്ഞ് മറിയമാണ് അത് ആദ്യം ഉപയോഗിച്ചത്. അതുവഴി ലഭിച്ചത് ക്രിസ്തുവും.