
ആവേശം നിറഞ്ഞ ക്രിക്കറ്റ് കളിയുടെ അവസാനത്തില്‍ പന്ത് തൊട്ടടുത്തുള്ള പറമ്പില്‍ പോയി. വിജയത്തിന്റെ ആരവത്തില്‍ പന്ത് ചെന്നുവീണ സ്ഥലം ഞങ്ങള്‍ ആരും ശ്രദ്ധിച്ചില്ല. വേഗം പോയി എടുത്തതുമില്ല. കുറച്ചുനേരം നോക്കിയെങ്കിലും പുതിയ പന്തു ലഭിച്ചപ്പോള്‍ പഴയതിനെ മറന്നു. പിന്നീടങ്ങോട്ട് കൂടുതല്‍ തിരയാനോ മെനക്കടാനോ ആരും തുനിഞ്ഞില്ല.
കളിക്കിടെ ആ പറമ്പിന്റെ ഭാഗത്തേക്ക് പോയാല്‍ പഴയതിനെക്കുറിച്ച് ചിന്തിക്കും. പേരിനൊന്ന് നോക്കും. അത്രതന്നെ. സത്യത്തില്‍ ഇപ്പോള്‍ വാങ്ങിയതിനെക്കാള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതും നല്ലതുമായിരുന്നു ആദ്യത്തെ പന്ത്. പക്ഷേ ഞങ്ങള്‍ അതിനെ സൗകര്യപൂര്‍വ്വം മറന്നു. കാരണം, ഇനിയത് കിട്ടാന്‍ സാധ്യതയില്ലെന്ന് ഞങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞിരുന്നു!
പ്രിയപ്പെട്ടവരേ, നഷ്ടപ്പെട്ടുപോയ ഒരു ആത്മാവാണ് ഈ പന്ത്. നമുക്കറിയാവുന്ന പലരും, നമ്മുടെയൊപ്പം കുട്ടിക്കാലത്ത് സ്‌കൂളിലും വേദപാഠ ക്ലാസിലും അള്‍ത്താരയിലുമൊക്കെ ഉണ്ടായിരുന്ന എത്രയെത്ര വിലപിടിച്ച ആത്മാക്കളാണ്, മെല്ലെ മെല്ലെ ഇത്തരത്തില്‍ നഷ്ടമായത്? അവരെയൊന്ന് നല്ലതുപോലെ തിരയാനോ, വീണ്ടെടുക്കാനോ ചേര്‍ത്തുപിടിക്കാനോ നാം ശ്രദ്ധിച്ചിരുന്നെങ്കില്‍!
നമ്മുടെ തിരക്കുകള്‍ക്കിടയില്‍, വിജയങ്ങള്‍ക്കിടയില്‍, സുഖസൗകര്യങ്ങള്‍ക്കിടയില്‍, സ്വന്തം കാര്യങ്ങള്‍ക്കിടയില്‍, കാര്യമായി അന്വേഷിക്കാതിരുന്നതുമൂലം കളഞ്ഞുപോയ, കാണാതെപോയ അനേകം ആത്മാക്കള്‍ നമുക്കുചുറ്റും ഇല്ലേ?
നഷ്ടപ്പെട്ട ക്രിക്കറ്റ് ബോളിനെ, നഷ്ടപ്പെട്ട ഒരു ആത്മാവിനോട്, അതായത് ദൈവസ്‌നേഹത്തില്‍ നിന്നും വേര്‍പെട്ടുകഴിയുന്ന ഒരു പാവപ്പെട്ട ആത്മാവിനോട് ഉപമിച്ചല്ലോ. ദൈവപിതാവിനെ നമുക്ക് അതിന്റെ ഉടമയായും പരിഗണിക്കാം.
പന്തിനെപ്പോലെ നഷ്ടപ്പെട്ടിരിക്കുന്ന ആത്മാവ് ഇപ്രകാരമായിരിക്കും ചിന്തിക്കുക: ”അവരെന്നെ മറന്നു. ആര്‍ക്കും എന്നെ വേണ്ടാ, കര്‍ത്താവിനുപോലും. ഒരാള്‍ക്കും വേണ്ടാത്ത ഒരു പാഴ്ജന്മമാണ് ഞാന്‍. ജീവിതത്തില്‍ വെറുതെ കുറേ തല്ലുകൊണ്ട, ഒരു നശിച്ച ജന്മം ആയിരുന്നു എന്റേത്. അന്നുമില്ല സന്തോഷം, ഇന്നുമില്ല സന്തോഷം.”
പിതാവായ ദൈവത്തിന്റെ വേദന ഞാന്‍ പറയാതെതന്നെ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. ഒരാത്മാവിനുവേണ്ടി സ്വപുത്രനെപ്പോലും ഒഴിവാക്കാതെ നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പ്പിച്ചു തന്നവനാണ് അവിടുന്ന്.
ഈ ലോകത്തില്‍ ഒരാത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍പ്പോലും പിതാവായ ദൈവം തന്റെ ഏകജാതന്റെ രക്തം വിലകൊടുത്ത് ആ ആത്മാവിനെ വീണ്ടെടുക്കുമായിരുന്നു. കാരണം, ഈ ലോകം മുഴുവന്‍ ഒരുവന്‍ നേടിയാലും അതിലും മൂല്യം അവന്റെ ആത്മാവിനുണ്ട്. അതുകൊണ്ടാണ് ലോകം മുഴുവന്‍ നേടിയിട്ട് സ്വന്തം ആത്മാവിനെ നഷ്ടമാക്കിയാല്‍ അതുകൊണ്ട് അവന് എന്ത് പ്രയോജനമെന്ന് ദൈവം ചോദിക്കുന്നത്. നഷ്ടപ്പെട്ട ഒരാടിനുവേണ്ടി തൊണ്ണൂറ്റിയൊന്‍പതിനെയും മരുഭൂമിയില്‍ വിടാന്‍ തയ്യാറായവനാണ് അവിടുന്ന്.
എന്നാല്‍ ഇന്ന് ഇപ്രകാരം ആത്മാക്കള്‍ രക്ഷപ്പെടണമെങ്കില്‍ കര്‍ത്താവിന് നമ്മുടെ സഹായം വേണം. സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ നമ്മെ സൃഷ്ടിച്ച അവിടുത്തേക്ക് നഷ്ടപ്പെട്ട ആത്മാവിനെ തിരിച്ചുകൊണ്ടുവരുന്ന പ്രക്രിയയില്‍ നമ്മെ ആവശ്യമുണ്ട്. നമ്മുടെ നിരവധിയായ പാപങ്ങള്‍ കഴുകിക്കളയാനും നമ്മുടെ ആത്മാവിനെ മരണത്തില്‍ നിന്നും രക്ഷിക്കാനും ഈ പ്രവൃത്തി കാരണമാവുകയും ചെയ്യും. (വിശുദ്ധ യാക്കോബ് 5:19,20)
നഷ്ടപ്പെട്ട ആത്മാക്കളോട് യേശുവിനെക്കുറിച്ച് നിര്‍ബന്ധമായും പറയണം. ആത്മാക്കളുടെ രക്ഷക്കായുള്ള നമ്മുടെ കൊച്ചുകൊച്ചു പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഇക്കാര്യത്തില്‍ അവിടുന്ന് അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു. മാത്രമല്ല, അതിനുവേണ്ടി നമ്മെ ഒരുക്കുകയും സാഹചര്യമൊരുക്കി നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നമ്മെ അല്ലാതെതന്നെ അനുഗ്രഹിക്കുന്ന അവിടുത്തേക്ക് പ്രതിനന്ദി ആയിട്ടെങ്കിലും നാമിങ്ങനെ ചെയ്‌തേ പറ്റൂ.
ക്രിസ്തീയ ജീവിതത്തില്‍
സുവിശേഷവേല നിര്‍ബന്ധ ഘടകമാണ്. പക്ഷേ പലപ്പോഴും ഇത് നമ്മള്‍ ഗൗരവമായി കാണുന്നില്ല. ആത്മാവിന്റെ അഭിഷേകംവഴിയാണ് ഇത് സാധ്യമാവുക. അതിനാല്‍ ആത്മാവ് നിറയപ്പെടാന്‍ വേണ്ടി നമ്മള്‍ നിരന്തരം പ്രാര്‍ത്ഥിക്കുകതന്നെ വേണം. സുവിശേഷവേലയുടെ പുതിയൊരു പെന്തക്കുസ്തയ്ക്ക് വേണ്ടി അതിയായി ആഗ്രഹിക്കുകയും ചെയ്യണം. ഞാനും നിങ്ങളും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അക്ഷീണം പ്രയത്‌നിച്ചാല്‍ മാത്രമേ, സുഖലോലുപത, ജീവിതവ്യഗ്രത, മദ്യാസക്തി എന്നിവയില്‍ തകര്‍ന്നുപോയ, ഈശോയില്‍നിന്നും ‘കാണാതെപോയ’ ആ വിലപിടിപ്പുള്ള ആത്മാക്കളെ കണ്ടെത്താനും വീണ്ടും അവരെ വിശ്വാസത്തില്‍ സജീവമാക്കാനും സാധിക്കൂ.
നമുക്ക് ഇപ്പോള്‍ ചെയ്യാന്‍: ഈ സമയം കര്‍ത്താവ് ഓര്‍മ്മയില്‍ കൊണ്ടുവന്നവരെ നേടാന്‍ വേണ്ടി ഒരു പ്രാര്‍ത്ഥന, ഒരു ഓര്‍ത്തെടുക്കല്‍, നേരിയ ഒരു പരിശ്രമം – കര്‍ത്താവിന്റെ പ്രേരണയനുസരിച്ച് മറക്കാതെ ചെയ്യുക. വിശ്വസ്തരാവുക.
കാരണം, ”അടിമവേലകൊണ്ട് അവരുടെ മനം ഇടിഞ്ഞു; അവര്‍ വീണു; സഹായിക്കാനാരുമുണ്ടായില്ല. അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു. അന്ധകാരത്തില്‍നിന്നും മരണത്തിന്റെ നിഴലില്‍നിന്നും അവിടുന്ന് അവരെ പുറത്തുകൊണ്ടുവന്നു; അവരുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞു. അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്നു ചെയ്ത അത്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ!” (സങ്കീര്‍ത്തനങ്ങള്‍ 107:12-15).
ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM