
2020-ലെ ഒരു ദിവസം. ഉച്ചക്ക് 12 മണി കഴിഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു പ്രേരണ കടന്നുവന്നു, ‘എത്രയും വേഗം മാതാവിന്റെ തിരുസ്വരൂപം പ്രത്യേകം എടുത്തുവച്ച് ജപമാല ചൊല്ലുക.’സാധാരണയായി അങ്ങനെ തോന്നിയാല്‍ അതിന് അത്ര പ്രാധാന്യം കൊടുക്കാത്ത ഞാന്‍ അന്ന് വേഗംതന്നെ മക്കളെയും കൂട്ടി മാതാവിന്റെ മുന്പില് തിരികള്‍ കത്തിച്ചു ജപമാല ചൊല്ലി. ആദ്യ ത്തെ രഹസ്യം ഭര്‍ത്താവിനായി പ്രത്യേകം സമര്‍പ്പിച്ചു. ജപമാല പൂര്‍ത്തിയാക്കി എഴുന്നേറ്റതും ഭര്‍ത്താവിന്റെ ഫോണ്‍കോള്‍. അദ്ദേഹം അന്ന് ഖത്തറില്‍ ആണ് ജോലിചെയ്തിരുന്നത്. സാധാരണയായി അദ്ദേഹം വിളിക്കുന്ന സമയം കഴിഞ്ഞിരുന്നു. അതിനാല്‍, കോള്‍ എടുത്തതും ഞാന്‍ ചോദിച്ചു എന്താണ് ഇന്ന് വിളിക്കാന്‍ വൈകിയതെന്ന്.
അദ്ദേഹം പറഞ്ഞു, ”ഇനിയും ഒരിക്കലും നമ്മള് സംസാരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല, മരണം മുന്നില്‍ കണ്ട നിമിഷങ്ങളാണ് കടന്നുപോയത്!” തുടര്‍ന്ന് കാര്യം വിശദീകരിച്ചു, പതിവുപോലെ അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ കാറിലായിരുന്നു യാത്ര. ഹൈവേയിലൂടെ അതിവേഗതയില്‍ പോവുകയായിരുന്ന കാറില്‍ അദ്ദേഹവും ഡ്രൈവറുംമാത്രം. പെട്ടെന്ന് ഒരു നിമിഷത്തില്‍ എതിര്‍ദിശയില്‍ വരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു ട്രാക്ക് മാറി ഇവരുടെ വാഹനത്തിന്റെ അടുത്തേക്ക് അമിതവേഗതയില്‍ വരുന്നതാണ് കണ്ടത്. ഇടിച്ചു എന്ന് തോന്നിപ്പിക്കും വിധം അടുത്തെത്തിയ നിമിഷത്തില്‍ ആ വാഹ നം തെന്നിമാറിയതുപോലെ വഴി മാറി പോയി. വലിയൊരു അപകടത്തില്‍നിന്ന് തലനാരിഴയ്ക്കുള്ള രക്ഷപ്പെടല്‍! അതുകേട്ടപ്പോള്‍ അതിരറ്റ സന്തോഷത്താല്‍ എനിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. അതിനുശേഷം പ്രാര്‍ത്ഥിക്കാനായി മനസ്സില്‍ ലഭിക്കുന്ന ഓരോ പ്രേരണയും അവഗണിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ഷൈമ ലിന്റോ