
ആ വിനോദയാത്രയിലുണ്ടായ അനുഭവം ഇന്നും മനസില്‍ തങ്ങിനില്ക്കുന്നു. 2017 ഫെബ്രുവരിമാസം. തിരുവല്ലയില്‍നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ത്തന്ന, അധ്യാപകനും കണ്‍വീനറും എന്ന നിലയില്‍ യാത്രയുടെ ഉത്തരവാദിത്വം ഞാന്‍ കര്‍ത്താവിനെ ഏല്പിച്ചു. ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി വയനാട്, ഊട്ടി എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. പകുതിയിലേറെയും പെണ്‍കുട്ടികളാണ്.
മടക്കയാത്രയില്‍ ഊട്ടിയില്‍നിന്നും മേട്ടുപ്പാളയത്തേക്കുള്ള വഴിയില്‍ ഏകദേശം 15 കിലോമീറ്റര്‍ താഴേക്ക് വന്നപ്പോള്‍ വലിയ ശബ്ദത്തോടെ ബസ് ആടിയുലയുന്നത് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. ഡ്രൈവര്‍ ബ്രേക്ക് ചവിട്ടുകയും സ്റ്റിയറിങ്ങില്‍ അമര്‍ത്തി പിടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് മുന്‍സീറ്റില്‍ ഇരുന്ന് എനിക്ക് കാണാനായത്. എല്ലാം കൈവിട്ടുപോയെന്ന് തോന്നിയ ആ ഭയാനകനിമിഷം…. പെട്ടെന്ന് എങ്ങനെയോ ബസ് നിന്നു!
ഞങ്ങള്‍ അതില്‍നിന്നും ചാടിയിറങ്ങി. അപ്പോള്‍ കണ്ട കാഴ്ച വളരെ ഭയാനകമായിരുന്നു. ഒരു വലിയ വളവിന്റെ ഒരു ഭാഗത്ത് ഏകദേശം 300 അടി താഴ്ചയുള്ള കൊക്ക. ഈ വളവിലെത്തിയപ്പോള്‍ ബസിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണം എന്ന് മനസിലായി.
ഉടന്‍തന്നെ ബസിലെ ക്ലീനര്‍ ഇറങ്ങി ടയര്‍ മാറാന്‍ നോക്കിയപ്പോള്‍ പുറകിലെ രണ്ട് ടയറുകളും കാറ്റ് പോയിരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ബസില്‍ ഒരു സ്റ്റെപ്പിനി ടയര്‍ മാത്രമേയുള്ളൂ. സമയം വൈകിട്ട് 5.45. താഴേക്ക് ഏകദേശം 35 കിലോമീറ്റര്‍ പോയാലേ മേട്ടുപ്പാളയത്ത് എത്തുകയുള്ളൂ. അവിടെ എത്തിയാലേ പുതിയ ടയര്‍ വാങ്ങാനോ പഞ്ചര്‍ ഒട്ടിക്കാനോ കഴിയൂ. അഗാധമായ കൊക്കയിലേക്ക് ബസ് മറിയാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. എന്നാല്‍ വളരെ ഇടുങ്ങിയ റോഡില്‍, ഒരു വാഹനത്തിന് സൈഡിലൂടെ പോകത്തക്കവിധത്തിലാണ് കര്‍ത്താവ് ഞങ്ങളുടെ ബസ് നിര്‍ത്താന്‍ ഇടവരുത്തിയത്. അതിനാല്‍ റോഡിലൂടെയുള്ള ഗതാഗതത്തിന് തടസം വന്നില്ല.
ഡ്രൈവര്‍ പറഞ്ഞത് ഇപ്രകാരമാണ്. ‘വലിയൊരു ശബ്ദം ഞാന്‍ കേട്ടു. സ്റ്റിയറിങ്ങ് കൈയില്‍ ഉലയുന്നതായി മനസിലാക്കിയ ഞാന്‍ സര്‍വശക്തിയുമെടുത്ത് ബ്രേക്കില്‍ ചവിട്ടി.’ രണ്ട് ടയറുകളും പഞ്ചറായ ബസിന്റെ ബ്രേക്ക് സിസ്റ്റം ഫലവത്താവുകയില്ലല്ലോ. എന്നാല്‍ ആ സമയത്ത് കര്‍ത്താവുതന്നെയായിരിക്കണം ബസിനെ ചവിട്ടിനിര്‍ത്തിയത്. കൊക്കയിലേക്ക് മറിയാതെ, ഗതാഗതം തടസപ്പെടാന്‍ അനുവദിക്കാതെ, ആര്‍ക്കും ഒരു പോറല്‍പോലുമേല്‍ക്കാതെ തമ്പുരാന്‍ വലിയ സംരക്ഷണം നല്‍കി. നിനക്ക് ഒരു അനര്‍ത്ഥവും വരികയില്ലെന്നും നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോട് കല്‍പിക്കുമെന്നുമുള്ള (സങ്കീര്‍ത്തനങ്ങള്‍ 91:10-11) ദൈവവചനത്തിന്റെ ശക്തി ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു.
ഉടന്‍തന്നെ ബസില്‍നിന്നും എല്ലാവരും ഇറങ്ങി. ടയര്‍ ശരിയാക്കാതെ മുന്‍പോട്ട് പോകാന്‍ കഴിയില്ല. ആ വഴി വന്ന വാഹനങ്ങള്‍ പലതും ഞങ്ങളെ ശ്രദ്ധിക്കാതെ കടന്നുപോയി. ചില വാഹനങ്ങള്‍ നിര്‍ത്തി വിവരം അന്വേഷിച്ച് പോയി. ഇരുട്ട് വ്യാപിക്കാന്‍ ഇനി അധിക സമയമില്ല. രാത്രിയായാല്‍ ഇത്രയും മുതിര്‍ന്ന പെണ്‍കുട്ടികളുമായി വിജനമായ സ്ഥലത്ത് എങ്ങനെ കഴിയും എന്ന ചിന്ത എന്നെ അലട്ടി. കര്‍ത്താവേ സഹായിക്കണമേ എന്ന പ്രാര്‍ത്ഥന മനസില്‍ ഉരുവിട്ടു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വാന്‍ ഡ്രൈവര്‍ ഞങ്ങളുടെ അടുക്കല്‍ നിര്‍ത്തി വിവരങ്ങള്‍ അന്വേഷിച്ചശേഷം ഇപ്രകാരം പറഞ്ഞു ‘ഞാന്‍ ഇവിടെ അടുത്തൊരു സ്ഥലംവരെ പോകുകയാണ്. തിരികെ വരുമ്പോള്‍ ടയര്‍ നന്നാക്കുന്ന ആളുടെ നമ്പര്‍ കൊണ്ടുവരാന്‍ ശ്രമിക്കാം.’ അല്‍പം കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു നമ്പറുമായി വന്നു. ആ നമ്പറില്‍ വിളിച്ച് അറിയാവുന്ന തമിഴില്‍ സംസാരിച്ചു. ഉടന്‍ വരാമെന്നായിരുന്നു ആ വ്യക്തി പറഞ്ഞത്. പക്ഷേ, എവിടെ നിന്നാണെന്നോ, എപ്പോള്‍ വരുമെന്നോ നിശ്ചയമില്ല. എങ്കിലും ഞങ്ങള്‍ കാത്തുനിന്നു. പക്ഷേ… കുറച്ചുനേരമായിട്ടും ആരെയും കാണുന്നില്ല.
വീണ്ടും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വന്നുകൊണ്ടിരിക്കയാണ് എന്ന മറുപടിയാണ് കിട്ടിയത്. അപ്പോഴേക്കും ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങി. അയാള്‍ വന്ന് ടയറുകള്‍ അഴിച്ച് പഞ്ചറൊട്ടിക്കുമ്പോഴേക്കും സമയം ഏറെ വൈകുമല്ലോ എന്ന ചിന്ത എന്നെ ഭയപ്പെടുത്തി. പെണ്‍കുട്ടികളെ മേട്ടുപ്പാളയത്തോ ഊട്ടിയിലോ എത്തിക്കാമെന്ന് കരുതിയെങ്കിലും ആ ശ്രമം ഫലം കണ്ടില്ല. അല്പനേരംകൂടി കടന്നുപോയി. പെട്ടെന്നതാ എല്ലാവരുടെയും ഹൃദയമിടിപ്പിന്റെ വേഗം കുറച്ചുകൊണ്ട് എല്ലാ സംവിധാനങ്ങളുമുള്ള ഒരു മൊബൈല്‍ പഞ്ചര്‍ യൂണിറ്റുമായി അയാള്‍ വരുന്നു! ഹൃദയം നന്ദിയും സന്തോഷവുംകൊണ്ട് തുടികൊട്ടി.
ഏകദേശം മുക്കാല്‍ മണിക്കൂര്‍കൊണ്ട് രണ്ട് ടയറുകളും ശരിയാക്കി വാഹനം സഞ്ചാരയോഗ്യമാക്കി. ആശ്വാസത്തോടെ, ആനന്ദത്തോടെ ഞങ്ങള്‍ മടക്കയാത്ര തുടര്‍ന്നു. സകലവും നിയന്ത്രിക്കുന്നവനായ കര്‍ത്താവിന്റെ കരങ്ങളില്‍ നമ്മുടെ യാത്രകളെ ഏല്‍പിക്കുമ്പോള്‍ ദൈവിക സംരക്ഷണവും ദൈവപരിപാലനയും നമ്മോട് കൂടെയുണ്ടാകും എന്ന് ഞങ്ങള്‍ അനുഭവിക്കുകയായിരുന്നു. ദൈവം നമ്മുടെ യാത്രകളെ നിയന്ത്രിക്കട്ടെ, ആനന്ദകരമാക്കട്ടെ!
ടൈറ്റസ് തോമസ്