ഒക്‌ടോബര്‍ 11, 1933 – വ്യാഴം – വളരെ പ്രയാസപ്പെട്ട് തിരുമണിക്കൂര്‍ ഞാന്‍ ആരംഭിച്ചു. ഒരു പ്രത്യേക അഭിവാഞ്ഛ എന്റെ ഹൃദയത്തെ പിളര്‍ന്നുകൊണ്ടിരുന്നു. ഏറ്റം ലളിതമായ പ്രാര്‍ത്ഥനപോലും മനസിലാക്കാന്‍ പറ്റാത്തവിധം എന്റെ മനസ് മന്ദീഭവിച്ചു. അങ്ങനെ പ്രാര്‍ത്ഥനയുടെ ഒരു മണിക്കൂര്‍, അല്ല മല്‍പിടുത്തത്തിന്റെ മണിക്കൂര്‍, കടന്നുപോയി. ഒരു മണിക്കൂര്‍കൂടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. എന്നാല്‍ എന്റെ ആന്തരികസഹനം കൂടിവന്നു. വലിയ വിരസതയും വരള്‍ച്ചയും എനിക്ക് അനുഭവപ്പെട്ടു. മൂന്നാമത് ഒരു മണിക്കൂര്‍കൂടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിശ്ചയിച്ചു. ഈ മണിക്കൂര്‍ യാതൊരു താങ്ങുമില്ലാതെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ശരീരം വിശ്രമത്തിനായി ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഞാന്‍ ഒരു വിധത്തിലും കീഴ്‌പ്പെട്ടില്ല. കൈകള്‍ വിരിച്ചുപിടിച്ചു. ഒരു വാക്കും ഉച്ചരിച്ചില്ലെങ്കിലും മനോധൈര്യത്തോടെ പിടിച്ചുനിന്നു. കുറച്ചുസമയത്തിനുശേഷം, എന്റെ മോതിരം ഊരിയെടുത്ത് ഈശോയോടുള്ള നിത്യഐക്യത്തിന്റെ അടയാളമായ അതിലേക്കു നോക്കാന്‍ ഞാന്‍ ഈശോയോട് ആവശ്യപ്പെട്ടു. നിത്യവ്രതവാഗ്ദാനത്തിന്റെ ദിവസം എനിക്കുണ്ടായ വികാരവായ്പുകളെ ഈശോയ്ക്കു സമര്‍പ്പിച്ചു.
കുറച്ചുസമയത്തിനുശേഷം എന്റെ ഹൃദയം സ്‌നേഹത്തിന്റെ തിരമാലയുടെ തരംഗങ്ങളാല്‍ പൂരിതമായി; ആത്മാവിന്റെ പെട്ടെന്നുള്ള പ്രവര്‍ത്തനം, ഇന്ദ്രിയങ്ങള്‍ ശാന്തമായി, എന്റെ ആത്മാവ് ദൈവസാന്നിധ്യത്താല്‍ പൂരിതമായി. എനിക്ക് ഇത്രമാത്രം അറിയാം: ഈശോയും ഞാനും മാത്രമായിരുന്നു അപ്പോള്‍.
എന്റെ നിത്യവ്രതവാഗ്ദാനം കഴിഞ്ഞ് തിരു മണിക്കൂര്‍ ആരാധന നടത്തിയപ്പോള്‍ ഈശോ പ്രത്യക്ഷപ്പെട്ടപോലെ, ഈശോ എന്റെ സമീപം നില്‍ക്കുന്നതായി ഞാന്‍ കണ്ടു.
അവിടുത്തെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടും ശരീരം മുഴുവനും മുറിവിനാല്‍ ആവരണം ചെയ്യപ്പെട്ടും നയനങ്ങള്‍ രക്തത്താലും കണ്ണീരാലും നിറഞ്ഞൊഴുകിയും വിരൂപമാക്കപ്പെട്ട മുഖം തുപ്പലുകളാല്‍ ആവൃതമായും ഈശോ എന്റെ മുമ്പില്‍ നിന്നു. അപ്പോള്‍ കര്‍ത്താവ് എന്നോടു പറഞ്ഞു: മണവാട്ടി മണവാളന് സദൃശ്യയായിരിക്കണം. ആ വാക്കുകളുടെ അര്‍ത്ഥത്തിന്റെ വ്യാപ്തി എനിക്ക് മനസിലായി. ഇവിടെ ഒരു സംശയത്തിനും ഇടമില്ലായിരുന്നു. സഹനത്തിലും എളിമയിലുമാണ് ഈശോയുമായി സാദൃശ്യം പ്രാപിക്കേണ്ടത്.
കാണുക, മനുഷ്യരോടുള്ള സ്‌നേഹം എന്നോടെന്താണ് ചെയ്തത്? എന്റെ മകളേ, വളരെ ആത്മാക്കള്‍ എനിക്കു നിരസിക്കുന്നതെല്ലാം ഞാന്‍ നിന്റെ ഹൃദയത്തില്‍ കണ്ടെത്തുന്നു. നിന്റെ ഹൃദയം എന്റെ വിശ്രമസ്ഥലമാണ്. പലപ്പോഴും പ്രാര്‍ത്ഥനയുടെ അവസാനംവരെ ഞാന്‍ വലിയ കൃപകളുമായി കാത്തുനില്‍ക്കുന്നു.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന് (268)