കുമ്പസാരിപ്പിച്ചത് ആ ദൃശ്യം! – Shalom Times Shalom Times |
Welcome to Shalom Times

കുമ്പസാരിപ്പിച്ചത് ആ ദൃശ്യം!

ഏറെ നിരാശയോടുകൂടിയാണ് ധ്യാനകേന്ദ്രത്തിലെ നിത്യാരാധന ചാപ്പലില്‍ പോയിരുന്നത്. കുമ്പസാരത്തിന്റെ അര്‍ത്ഥശൂന്യതയായിരുന്നു മനസുനിറയെ. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോള്‍ കുമ്പസാരിക്കുക, ഏറ്റുപറഞ്ഞ പാപങ്ങള്‍തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക. ഇങ്ങനെയുള്ള കുമ്പസാരംതന്നെ നിര്‍ത്തേണ്ട കാലമായില്ലേ എന്നുപോലും ചിന്തിച്ചു. പെട്ടെന്നാണ് യുദ്ധമുഖത്ത് പരിക്കേറ്റ് ചികിത്സയിലായിരിക്കുന്ന പട്ടാളക്കാരെ കാണാന്‍ സര്‍വ്വസൈന്യാധിപന്‍ വരുന്ന ദൃശ്യം മനസില്‍ തെളിഞ്ഞത്.

ഈ ഭടന്മാര്‍ക്ക് പരിക്കേറ്റത് അവര്‍ യുദ്ധരംഗത്ത് ആയിരുന്നതുകൊണ്ടാണ്. ഭവനത്തിലോ വിനോദസഞ്ചാരകേന്ദ്രത്തിലോ ആയിരുന്നെങ്കില്‍ അവര്‍ക്ക് പരിക്ക് ഏല്‍ക്കുമായിരുന്നില്ല. ഇതുപോലെ പാപത്തിനെതിരായ പോരാട്ടത്തില്‍ ഓരോ വിശ്വാസിയും യുദ്ധമുഖത്താണ്. അതുകൊണ്ടുതന്നെ പരിക്കേല്‍ക്കുക സ്വാഭാവികമാണ്. ”ആകയാല്‍ മനോധൈര്യം അസ്തമിച്ച് നിങ്ങള്‍ തളര്‍ന്നുപോകാതിരിക്കാന്‍വേണ്ടി അവന്‍ തന്നെ എതിര്‍ത്ത പാപികളില്‍നിന്നും എത്രമാത്രം സഹിച്ചെന്ന് ചിന്തിക്കുവിന്‍. പാപത്തിന് എതിരായിട്ടുള്ള സമരത്തില്‍ നിങ്ങള്‍ക്ക് ഇനിയും രക്തം ചൊരിയേണ്ടി വന്നിട്ടില്ല” (ഹെബ്രായര്‍ 12:3-4).

പരിക്കേറ്റ പോരാളിയെ കാണാന്‍ സൈന്യാധിപന്‍ വരുമ്പോള്‍ അവനുണ്ടാകുന്ന സന്തോഷം വലുതായിരിക്കും. മാത്രമല്ല ഇനിയൊരു പോരാട്ടത്തില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കാനും ആ ഭടന്മാര്‍ക്ക് സൈന്യാധിപന്റെ സന്ദര്‍ശനം ഉത്തേജനം പകരും. ഇപ്രകാരം പാപത്തോടുള്ള പോരാട്ടത്തില്‍ പരിക്കേറ്റ ഓരോ വിശ്വാസിയും കുമ്പസാരക്കൂടാകുന്ന ചികിത്സാകേന്ദ്രത്തെ സമീപിക്കണം. സര്‍വസൈന്യാധിപനായ കര്‍ത്താവ് അവിടെവച്ച് അവനെ കാണും. അതേ ചികിത്സാകേന്ദ്രത്തില്‍നിന്നും അവന് സൗഖ്യവും സ്വീകരിക്കാന്‍ സാധിക്കും.

മാത്യു ഫ്രാന്‍സിസ്