തേപ്പ്‌ ആഴത്തില്‍ ധ്യാനിക്കേണ്ട വാക്ക്‌ – Shalom Times Shalom Times |
Welcome to Shalom Times

തേപ്പ്‌ ആഴത്തില്‍ ധ്യാനിക്കേണ്ട വാക്ക്‌

അവന്റെ സ്റ്റാറ്റസുകളിലെവിടെയോ ഒരു തേപ്പിന്റെ മണം…. ഉടനെ അങ്ങോട്ടൊരു മെസ്സേജിട്ടു, ”എവിടുന്നേലും പണി കിട്ടിയോടാ?”’
കിട്ടിയ മറുപടി തിരിച്ചൊരു ചോദ്യമായിരുന്നു, ”എപ്പോഴാ ഫ്രീയാവാ?”
പറയാന്‍ തോന്നിക്കുന്ന നേരങ്ങളില്‍ ചെവി കൊടുക്കാന്‍ കഴിയാതിരിക്കുകയും പിന്നീട് കേള്‍ക്കാന്‍ തയ്യാറായി ചെന്ന നേരങ്ങളില്‍ അവര്‍ക്കത് പറയാന്‍ തോന്നാതിരിക്കുകയും ചെയ്ത ചില മുന്‍കാല അനുഭവങ്ങള്‍ ഓര്‍മ്മ വന്നു. ”സഹോദരനോ സ്‌നേഹിതനോവേണ്ടി ധനം നഷ്ടപ്പെടുത്താന്‍ മടിക്കരുത്; കല്ലിനടിയിലിരുന്ന് അത് തുരുമ്പിച്ച് നഷ്ടപ്പെടാതിരിക്കട്ടെ.” (പ്രഭാഷകന്‍ 29/10). അതിനാല്‍ അപ്പോഴുണ്ടായിരുന്ന കുഞ്ഞിത്തിരക്കുകളെ മാറ്റിനിര്‍ത്തി അവനു തിരിച്ചെഴുതി, ”നീ പറഞ്ഞോടാ, ഞാനിപ്പോള്‍ ഫ്രീയാണ്.”
അയച്ച മെസ്സേജിന്റെ രണ്ടു ടിക്കുകള്‍ ഉജാലയില്‍ മുങ്ങിയിട്ടും മറുപടി വരാന്‍ ഇത്തിരി താമസം.
കാര്യം അപ്പോള്‍ ഗുരുതരമാണ്. മുറിവിന്റെ ആഴം കൂടുന്തോറും പറഞ്ഞുതുടങ്ങാനുള്ള സമയം നീളും.
വൈകിയില്ല. മേശപ്പുറത്തിരുന്ന മൊബൈലില്‍ അവന്റെ വിളി വന്നു. ”…എന്നാലും അവളങ്ങനെ ചെയ്യുമെന്ന് കരുതിയില്ല… നാല് കൊല്ലമായി തുടങ്ങിയിട്ട്…”
‘തേപ്പുകഥ’യുടെ ചുരുളുകള്‍ ഒന്നൊന്നായി അഴിഞ്ഞു വീണു. ഏറെ നേരത്തെ സംസാരത്തിനിടെ അവന്‍ പറഞ്ഞു നിര്‍ത്തിയ വാക്കുകള്‍, ”അവളെ നേരിട്ട് കാണുന്നുണ്ട്…” എന്നായിരുന്നു. ”എന്റെ ആത്മാവില്‍ കയ്പ് നിറഞ്ഞപ്പോള്‍, എന്റെ ഹൃദയത്തിന് മുറിവേറ്റപ്പോള്‍, ഞാന്‍ മൂഢനും അജ്ഞനുമായിരുന്നു” (സങ്കീര്‍ത്തനങ്ങള്‍ 73/21). പക്ഷേ പിന്നെയും സംസാരം നീണ്ടു… ഒടുവില്‍, ”എനിക്ക് കുഴപ്പമില്ല… ഞാനവളോട് ഒരു വഴക്കിനും പോവുന്നില്ല…” എന്നായി. ”ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 34/18).
പുതിയ കാലത്തെ പ്രണയനൈരാശ്യത്തിന് പറയുന്ന മനോഹരമായ വാക്കുകളിലൊന്ന്, ‘തേപ്പ്.’ ആരാണ് ആ വാക്ക് കൊണ്ടുവന്നതെന്നറിയില്ല. കണ്ടാല്‍ തീര്‍ച്ചയായും അവനൊരു കൈകൊടുക്കണം. കാരണം അത്രമേല്‍ ആഴത്തോടെ ധ്യാനിക്കാവുന്ന വാക്കാണത്. തേയ്ക്കപ്പെടുന്ന രണ്ടിടങ്ങള്‍. ഒന്ന് ഇസ്തിരിയിടുന്ന വസ്ത്രങ്ങള്‍. മറ്റൊന്ന് ചുമരുകള്‍. രണ്ടും തേയ്ക്കപ്പെട്ടു കഴിയുമ്പോള്‍ സംഭവിക്കുന്നൊരു മാറ്റമുണ്ട്; കൂടുതല്‍ ഭംഗിയാകുന്നു. ചുളിഞ്ഞ ഷര്‍ട്ടും മുഷിഞ്ഞ ചുവരും. രണ്ടും മനോഹരങ്ങളാവുകയാണ് ചെയ്യുന്നത്. തിരിച്ചറിവാണത്. തേയ്ക്കപ്പെടുന്ന ഇടങ്ങള്‍ മനോഹരമാവുന്നുവെന്ന ആഴമുള്ള തിരിച്ചറിവ്. ”മുറിപ്പെടുത്തുന്ന താഡനങ്ങള്‍ ദുശ്ശീലങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നു. കനത്ത അടി മനസ്സിന്റെ ഉള്ളറകളെ ശുചിയാക്കുന്നു” (സുഭാഷിതങ്ങള്‍ 20/30). ഒന്ന് മാറിനിന്ന് നോക്കാനും ഒരല്‍പം കാത്തിരിക്കാനും കഴിയണമെന്നു മാത്രമേയുള്ളൂ.
ഈ കുറിപ്പ് ചുരുക്കുകയാണ്, ഒരു കൊച്ച് ഉപമയോടെ… ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ…
പോകേണ്ടത് എറണാകുളത്തേക്കാണ്. ബസൊന്ന് മാറിക്കയറിയെന്നു കരുതുക. കുറച്ച് ദൂരം പിന്നിടുമ്പോഴാണ് നിങ്ങളതറിയുന്നത്. ചെയ്യാവുന്നത് ഇത്രയേയുള്ളൂ. ശാന്തമായി ആ ബസില്‍ നിന്നിറങ്ങുക. നിങ്ങള്‍ക്ക് പോകേണ്ട ബസ് കണ്ടെത്തുക. അതിനു പകരം വിഷമം കൊണ്ട് ആദ്യം കയറിയ ബസ് തല്ലിപ്പൊളിക്കാന്‍ നിന്നാല്‍ എന്ത് കാര്യം. നിങ്ങളുടെയും ഒപ്പം ആ ബസില്‍ പോകേണ്ട മറ്റാരുടെയൊക്കെയോ മുന്നോട്ടുള്ള യാത്രകളെ മുടക്കുമെന്നു മാത്രം. വഴി തെറ്റിപ്പോയി എന്ന് കരുതി, കഴിഞ്ഞതിനെയോര്‍ത്ത് പിന്നീടുള്ള സമയം മുഴുവന്‍, വിഷമിച്ചിരുന്നിട്ടും കാര്യമില്ല. മുന്‍പോട്ടുള്ള യാത്ര മുടങ്ങുകയേയുള്ളൂ, അതിപ്പോള്‍ യാത്രയുടെ കാര്യമാണെങ്കിലും ജീവിതത്തിന്റെ കാര്യമാണെങ്കിലും. ദൈവത്തില്‍ ആശ്രയിച്ച് വീണ്ടും തുടങ്ങുക. ”ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകനെപ്പോലെ ചിറകടിച്ചുയരും…” (ഏശയ്യാ 40/31).

ഫാ. റിന്റോ പയ്യപ്പിള്ളി