സംഭവം വള്ളംകളിയില്‍ തീര്‍ന്നില്ല! – Shalom Times Shalom Times |
Welcome to Shalom Times

സംഭവം വള്ളംകളിയില്‍ തീര്‍ന്നില്ല!

ഒരിക്കല്‍ ഞാന്‍ പ്രാര്‍ത്ഥനാകൂട്ടായ്മയിലായിരുന്ന സമയം. മനോഹരമായ ഗാനങ്ങള്‍, സ്തുതിയാരാധന എല്ലാം നടന്നുകൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു ചിന്ത. ഞാന്‍ ഇതിലെല്ലാം പങ്കെടുക്കുന്നതിനുപകരം എല്ലാം ആസ്വദിച്ച് മൗനമായി ഇരിക്കുന്നതില്‍ തെറ്റുണ്ടോ? ഈ ചോദ്യം മനസിലുയര്‍ന്ന് അല്പനേരം കഴിഞ്ഞതേയുള്ളൂ, എന്റെ കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍മയില്‍ തെളിഞ്ഞുവന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലമാണ്. അമ്മവീട്ടില്‍നിന്നാണ് പഠിക്കുന്നത്. ഒരു ദിവസം സന്ധ്യ കഴിഞ്ഞ സമയത്ത് അച്ചായന്‍ (അമ്മയുടെ പിതാവ്) അമ്മച്ചിയോട് സംസാരിക്കുന്നത് ഞാന്‍ കേട്ടു. പിറ്റേന്ന് ഒരു യാത്ര പോകുന്നതിനെക്കുറിച്ചാണ് സംസാരം. എന്റെ അമ്മയുടെ ചേച്ചിയെ വിവാഹം കഴിച്ചിരിക്കുന്നത് ചമ്പക്കുളത്തേക്കാണ്. അവിടെനിന്ന് അവരുടെ അച്ചായന്‍ വിളിച്ചിട്ടുണ്ട്. അിനാല്‍ പിറ്റേന്ന് വള്ളംകളി കാണാന്‍ അവിടെ പോകണം. ഇതുകേട്ടതേ എന്റെ മനസില്‍ ഒരു ആഗ്രഹം. എനിക്കും വള്ളംകളി കാണണം, ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ഗൗരവപ്രകൃതിയായ അച്ചായനോട് ചോദിക്കാനുള്ള ധൈര്യമില്ല. മാത്രവുമല്ല, കൊണ്ടുപോകാന്‍ യാതൊരു സാധ്യതയുമില്ലതാനും.
എങ്കിലും വിടാന്‍ പറ്റുമോ? വ്യത്യസ്തമായ ഒരു വഴിയിലൂടെ പരിശ്രമിക്കാമെന്ന് തീരുമാനിച്ചു. അവര്‍ നില്ക്കുന്നതിന്റെ അടുത്ത മുറിയിലാണ് ഞാനിരിക്കുന്നത്. അവിടെയിരുന്ന് എന്റെ സാമൂഹ്യപാഠം ടെക്സ്റ്റ് എടുത്ത് ഉറക്കെ വായന തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോഴേ അച്ചായന്‍ അമ്മച്ചിയോട് പറയുന്നത് എനിക്ക് കേള്‍ക്കാം, ”ഇതെന്തുപറ്റി, സാധാരണ പറഞ്ഞാല്‍പ്പോലും വായിക്കാത്തതാണല്ലോ?” അതുകേട്ടതോടെ എനിക്ക് ആവേശമായി. എന്റെ ആഗ്രഹംപോലെതന്നെ അച്ചായന്‍ സംഭവം ശ്രദ്ധിച്ചല്ലോ. വായന തകൃതിയായി മുന്നോട്ടുപോയി.
അല്പനേരം വായിച്ചപ്പോള്‍ പഠിപ്പിച്ച പാഠങ്ങളെല്ലാം വായിച്ചുതീര്‍ന്നു. പിന്നെ ഒന്നും നോക്കിയില്ല, പഠിപ്പിച്ചിട്ടില്ലെങ്കിലെന്താ ബാക്കിയുള്ള പാഠങ്ങളും വായനതന്നെ വായന. അപ്പോഴതാ അടുത്ത വീട്ടില്‍നിന്ന് ഒരു സ്വരം. അവിടെനിന്ന് എന്റെ സമപ്രായക്കാരനായ കൂട്ടുകാരനും ഉറക്കെ പുസ്തകം വായിക്കുകയാണ്. എനിക്ക് ആവേശം മൂത്തു. പിന്നെ മത്സരിച്ച് വായനയായി. പുസ്തകം മുഴുവന്‍ ഒരു വട്ടം വായിച്ചുകഴിഞ്ഞപ്പോള്‍ ആദ്യംമുതല്‍ വീണ്ടും വായിക്കാന്‍ തുടങ്ങി. വായന നിര്‍ത്താന്‍ ഒരു കാരണം കിട്ടുന്നുമില്ല.
അത്താഴത്തിന് അമ്മച്ചിയുടെ വിളി വന്നാലുടനെ വായന നിര്‍ത്താന്‍ കാത്തിരിക്കുകയാണ് ഞാന്‍. അല്പം കഴിഞ്ഞപ്പോള്‍ അതാ വരുന്നു അമ്മച്ചി! ”എടാ, നീ വരുന്നില്ലേ? അച്ചായന്‍ അത്താഴം കഴിക്കാന്‍ നിന്നെ അന്വേഷിക്കുന്നുണ്ട്.” അത് കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നല്ലോ ഞാനും. വായന നിര്‍ത്തി അത്താഴം കഴിക്കാനോടി. അത്താഴത്തിനിടെ അച്ചായന് അന്ന് എന്നോട് കൂടുതല്‍ വാത്സല്യം. കൂട്ടത്തില്‍ ഒരു സമ്മാനവും, അച്ചായനുമാത്രം നല്കുന്ന ‘സ്‌പെഷ്യല്‍’ മീന്‍ വറുത്തതിന്റെ ഒരു പങ്ക്! അല്പനേരം കഴിഞ്ഞതേ ഒരു ചോദ്യവും, ”എടാ, ഞാന്‍ നാളെ ചമ്പക്കുളത്തിന് പോകുന്നുണ്ട്, നീ വരുന്നുണ്ടോ?” അതുകേള്‍ക്കാന്‍വേണ്ടിയാണല്ലോ ഈ പെടാപ്പാടൊക്കെ പെട്ടത് എന്ന് ഞാന്‍ മനസ്സില്‍ കരുതി. എന്നാല്‍ അതൊന്നും ഭാവിക്കാതെ പറഞ്ഞു, ”ഞാനും വരാം അച്ചായാ!”
മറ്റ് പേരക്കുട്ടികള്‍ക്കൊന്നും കിട്ടാത്ത സൗഭാഗ്യങ്ങളാണ് അന്നെന്നെ തേടിയെത്തിയത്. പിറ്റേന്ന് ഞാന്‍ അച്ചായനൊപ്പം പോയി വള്ളംകളി കണ്ടു, ജീവിതത്തിലാദ്യമായി! പക്ഷേ സംഭവം വള്ളംകളിയില്‍ തീര്‍ന്നില്ല കേട്ടോ. അല്പനാളുകള്‍ക്കകം അപ്രാവശ്യത്തെ പരീക്ഷയെത്തി. സാമൂഹ്യപാഠത്തിന് എനിക്ക് ലഭിച്ചത് പതിവിലും വളരെ ഉയര്‍ന്ന മാര്‍ക്ക്!
ഈ സംഭവവും നേരത്തേ മനസിലുയര്‍ന്ന ചോദ്യവും തമ്മിലുള്ള ബന്ധം പതിയെ വ്യക്തമാവുകയായിരുന്നു. ഞാനും സ്തുതിയാരാധനയില്‍ പങ്കുചേരണമോ എന്നതായിരുന്നല്ലോ എന്റെ ചോദ്യം. ഈ സംഭവത്തില്‍ എന്റെ ശബ്ദം ഉയര്‍ത്തിയപ്പോള്‍ എന്തെല്ലാമാണ് സംഭവിച്ചത്?
ന്മ അച്ചായന്റെ വാത്സല്യം കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞു.
ന്മ ഞാന്‍ പറയാതെതന്നെ എന്റെ ആഗ്രഹം നിറവേറി.
ന്മ എന്റെ സ്വരം കേട്ട് കൂട്ടുകാരനും പുസ്തകമെടുത്ത് വായിച്ചു.
ന്മ അപ്രാവശ്യത്തെ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചു.
ഓരോ സ്തുതിയാരാധനയിലും ഇതുതന്നെ സംഭവിക്കുന്നുണ്ട്. ദൈവസ്‌നേഹം നമുക്ക് കൂടുതല്‍ അനുഭവിക്കാന്‍ കഴിയുന്നു, നാം പ്രാര്‍ത്ഥിച്ചില്ലെങ്കില്‍പ്പോലും നമ്മുടെ ആഗ്രഹങ്ങള്‍ നിറവേറുന്നു, നമ്മുടെ സ്തുതിപ്പ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നു, നാം അറിയാതെതന്നെ മറ്റ് കൃപകള്‍ ലഭിക്കുന്നു. ”ഉത്സവഘോഷത്തോടെ അങ്ങയെ സ്തുതിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. കര്‍ത്താവേ, അവര്‍ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തില്‍ നടക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 89/15)
ഈ ബോധ്യം ലഭിച്ചപ്പോള്‍ ഞാന്‍ പൂര്‍ണഹൃദയത്തോടെ ദൈവത്തെ സ്തുതിച്ച് ആരാധിക്കാന്‍ തുടങ്ങി, ഹല്ലേലൂയാ!

ജോജി ജോസഫ്‌