അവസാനനിമിഷങ്ങളില്‍ സംഭവിക്കുന്നത്… – Shalom Times Shalom Times |
Welcome to Shalom Times

അവസാനനിമിഷങ്ങളില്‍ സംഭവിക്കുന്നത്…

കടുത്ത നിരാശയിലും പരാജയഭീതിയിലുമായിരുന്നു ജോണ്‍. മനശാസ്ത്രവും വര്‍ഷങ്ങള്‍ നീണ്ട തെറാപ്പികളുമെല്ലാം ജോണിന്റെ പ്രശ്‌നത്തിനുമുമ്പില്‍ മുട്ടുമടക്കി. അശുദ്ധ ചിന്തകളും ദൈവദൂഷണവും വിശുദ്ധമായവയെ അവഹേളിക്കുന്ന ദുഷിച്ച ചിന്തകളും നിരന്തരം വേട്ടയാടുന്നു, മാനസികമായി പീഡിപ്പിക്കുന്നു എന്നതായിരുന്നു അവന്റെ പ്രശ്‌നം. ജോണുമായി സംസാരിച്ചപ്പോള്‍ അനേക വര്‍ഷങ്ങളായി ജോണ്‍ പോണോഗ്രഫിക്ക് അടിമയാണെന്ന് വ്യക്തമായി. അതേത്തുടര്‍ന്നാണ് അശുദ്ധിയുടെയും ദൈവദൂഷണത്തിന്റെയും രൂപത്തില്‍ തിന്മയുടെ ശക്തികള്‍ അവനെ അടിമയാക്കി ഭരിക്കാന്‍ ആരംഭിച്ചത്. ”കാരണം ഏതിനാല്‍ ഒരുവന്‍ തോല്പിക്കപ്പെടുന്നുവോ അതിന്റെ അടിമയാണവന്‍” (2 പത്രോസ് 2/19).
അടിസ്ഥാന കാരണം വെളിപ്പെട്ടപ്പോള്‍ ജോണിനെ അനുതാപത്തിലേക്ക് നയിക്കുകയും അവന്‍ ആത്മാര്‍ത്ഥമായി പശ്ചാത്താപിച്ച് നല്ല കുമ്പസാരം നടത്തുകയും ഇനിയും പാപം ആവര്‍ത്തിക്കില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ജോണിനുവേണ്ടി വിടുതല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ (ഉലഹശ്‌ലൃമിരല) തുടര്‍ച്ചയായി നടത്തി. തല്‍ഫലമായി ജോണ്‍ ജഡികാസക്തികളില്‍നിന്നും പൈശാചിക പീഡകളില്‍ നിന്നും ദൈവദൂഷണപരമായ ചിന്തകളില്‍നിന്നും സ്വതന്ത്രനാക്കപ്പെട്ടു. നന്മയിലും വിശുദ്ധിയിലും ക്രിസ്തുവിനോടൊപ്പം വിജയകരമായ ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് ജോണിന് ബോധ്യമായി. ദൈവത്തിലുള്ള ആനന്ദവും പ്രത്യാശയും മുമ്പോട്ട് ജീവിക്കാന്‍ അവന് കരുത്തേകി.
ലോകത്തില്‍ ആയിരിക്കുന്നിടത്തോളം മനുഷ്യസഹജമായ പ്രലോഭനങ്ങള്‍ പൂര്‍ണമായി അവസാനിക്കുന്നില്ല. മരണംവരെ അവ നമ്മെ പിന്തുടരും. ഓരോ വ്യക്തികളുടെയും പാപത്തോടുള്ള ചായ്‌വും ബലഹീനതകള്‍ക്കുമനുസൃതമായി വ്യത്യാസം ഉണ്ടാകുമെന്നുമാത്രം. തിന്മ മനുഷ്യന്റെ ബലഹീനതകളെ മുതലെടുത്ത് അവന്റെ പ്രവര്‍ത്തനമണ്ഡലമാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. നാം അത് തിരിച്ചറിഞ്ഞ് ചെറുത്തുതോല്പിക്കുകയും ബലഹീനതകള്‍ തിരിച്ചറിഞ്ഞ് അവയ്‌ക്കെതിരെ ദൈവത്തോടുചേര്‍ന്ന് പോരാടുകയും വീഴ്ചകള്‍ സംഭവിച്ചേക്കാവുന്ന സാഹചര്യങ്ങളില്‍നിന്ന് ബോധപൂര്‍വം ഒഴിഞ്ഞുമാറുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ ശത്രു ക്രമേണ നമ്മില്‍ ആധിപത്യം ഉറപ്പിച്ച് അവന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മെ ഉപയോഗിക്കുകയും ഒടുവില്‍ രക്ഷപ്പെടാന്‍ കഴിയാത്തവിധം നാം ബന്ധിക്കപ്പെടുകയും ചെയ്‌തേക്കാം. വിശുദ്ധ പത്രോസ് ഓര്‍മിപ്പിക്കുന്നു, ”നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍” (1 പത്രോസ് 5/7-9).
അനുതപിച്ച് കുമ്പസാരിക്കാത്ത പഴയ പാപങ്ങളും വീഴ്ചകളും ചിലരെ വേട്ടയാടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരം അവസ്ഥകളെയും ദുഷ്ടാരൂപി മുതലെടുത്ത് വലിയ കുറ്റബോധത്തിലേക്കും നിരാശയിലേക്കും ഒടുവില്‍ ആത്മഹത്യാ പ്രവണതകളിലേക്കും നയിക്കാറുണ്ട്. പഴയ പാപങ്ങളും വീഴ്ചകളും ഭീകരമായ രൂപത്തില്‍ ഓര്‍മകളില്‍ നിറച്ച് വ്യക്തികളുടെ ആത്മധൈര്യം നശിപ്പിക്കും. ‘നീ വലിയ പാപിയാണ്. ദൈവം ഒരിക്കലും നിന്നോട് ക്ഷമിക്കില്ല. നിനക്ക് ഇനി രക്ഷയില്ല. അതിനാല്‍ ഇനി ജീവിക്കാന്‍ അര്‍ഹതയില്ല, ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കുക’ എന്നെല്ലാം അവന്‍ നിരന്തരം ഉള്ളില്‍ മന്ത്രിച്ചുകൊണ്ടിരിക്കും. ദൈവത്തിന്റെ കരുണയില്‍ വിശ്വസിക്കാത്തവര്‍ തിന്മയുടെ സ്വരം സ്വീകരിച്ച് കടുത്ത നിരാശയില്‍ നിപതിക്കും. തക്കസമയത്ത് ഉചിതമായ സഹായം ലഭ്യമായില്ലെങ്കില്‍ ആത്മഹത്യയില്‍ എത്തിപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് തിന്മയുടെ കാപട്യംനിറഞ്ഞ തന്ത്രമാണ്. അവന്‍ വ്യക്തിയുടെ കുറ്റബോധത്തില്‍ മറഞ്ഞിരുന്ന്, നീതിമാന്റെ കപടതയണിഞ്ഞ് ഓര്‍മകളിലൂടെ ആക്രമിച്ച് നശിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
അറിഞ്ഞോ അറിയാതെയോ ആഭിചാരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും ഒക്കള്‍ട്ട് പോലുള്ള അക്രൈസ്തവമായ നിഗൂഢ ആചാരങ്ങള്‍ നടത്തുകയോ അതിന് വിധേയമാവുകയോ ചെയ്തവരും ദുഷ്ടാരൂപികളുടെ സ്വാധീനത്തില്‍പ്പെടാന്‍ എളുപ്പമാണ്. അവരെ പീഡിപ്പിക്കുന്നതിനും അവരിലൂടെ സംസാരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും തിന്മയ്ക്ക് അധിക സ്വാതന്ത്ര്യവും സാധ്യതയും ഉണ്ട്. ഭൂതോച്ഛാടനംപോലുള്ള വിടുതല്‍ ശുശ്രൂഷകളിലൂടെ ഇവയെ തിരിച്ചറിഞ്ഞ് ബന്ധിക്കാനും വ്യക്തികളെ സ്വതന്ത്രരാക്കാനും സാധിക്കും. ആഴമായ അനുതാപവും പിശാചിനെ ഉപേക്ഷിച്ച് ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കുന്ന വിശ്വാസപ്രഖ്യാപനവും, പാപങ്ങളും ദൈവത്തെ എതിര്‍ക്കുന്ന തെറ്റായ പ്രവൃത്തികളും ഉപേക്ഷിക്കുന്ന ഉറച്ച തീരുമാനവും, തിന്മയുടെ ബന്ധനങ്ങളില്‍നിന്നും ആക്രമണങ്ങളില്‍നിന്നുമുള്ള വിടുതലിന് അത്യാവശ്യമാണ്.
ഒരാളുടെ ജീവിതത്തിന്റെ അന്ത്യനിമിഷംവരെ തിന്മ അതിന്റെ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കും. വളരെ പ്രധാനമായി മരണനിമിഷങ്ങളില്‍, ജീവിതത്തിലെ എല്ലാ അവിശ്വസ്തതകളും തെറ്റുകളും പാപങ്ങളും വീഴ്ചകളും മരണാസന്നന്റെ മുമ്പിലേക്ക് കൊണ്ടുവന്ന് നരകസൈന്യം അയാളെ കുറ്റപ്പെടുത്തും. നീ വലിയ പാപിയാണ്, ദൈവം നിന്നോട് ഒരിക്കലും ക്ഷമിക്കില്ല, നിനക്ക് രക്ഷയില്ല, നിത്യനരകമാണ് നിനക്ക് അര്‍ഹതപ്പെട്ടിരിക്കുന്നത് എന്നിങ്ങനെ ദൈവത്തെയും മരണാസന്നനെയും ദുഷിച്ച് അയാളെ നിരാശയില്‍ വീഴ്ത്താന്‍ കഠിനശ്രമം നടത്തും. ദൈവത്തിന്റെ കരുണയില്‍ ആശ്രയിക്കുന്നതില്‍നിന്നും അയാളെ തടയുകയാണ് അവന്റെ ലക്ഷ്യം. ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി നിരാശയോടെ മരിക്കാനും അതുവഴി അയാളുടെ ആത്മാവിനെ നരകത്തിനായി തട്ടിയെടുക്കാനുമുള്ള ശത്രുവിന്റെ അന്തിമ പോരാട്ടവും പരിശ്രമങ്ങളുമാണ് അവയെല്ലാം. ദൈവം നീതിമാനാകയാല്‍ അവിടുത്തെ നീതിപ്രകാരം ആത്മാവിനെ നരകത്തിലേക്ക് അയക്കണമെന്നും നരകത്തിന് അവകാശപ്പെട്ടതാണ് ഈ ആത്മാവെന്നും ദുഷ്ടനായ സാത്താന്‍ വാദിക്കും. സിയന്നയിലെ വിശുദ്ധ കാതറിന്റെ ”ദി ഡയലോഗ്’ എന്ന കൃതിയിലെ വാക്കുകള്‍ ഇതിന് ഉറപ്പേകുന്നു. ഈശോ ഒരിക്കല്‍ വിശുദ്ധ കാതറിന് ഇപ്രകാരം വെളിപ്പെടുത്തി: ‘മനുഷ്യന്റെ മരണ നിമിഷത്തില്‍… സാത്താന്യ സൈന്യം വലിയ ഭീകരതയോടും അന്ധകാരത്തോടും കൂടി അയാളുടെ അവിശ്വസ്തതകള്‍ ചൂണ്ടിക്കാണിച്ച് കഠിനമായി കുറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യും. അയാളുടെ ദൈവവിശ്വാസം നഷ്ടപ്പെടുത്തി നിരാശയില്‍ വീഴ്ത്താനും അതുവഴി നരകത്തിലേക്ക് വലിച്ചിഴക്കുന്നതിനുമാണ് അവസാനനിമിഷംവരെയുള്ള അവന്റെ ഈ പരിശ്രമം.’
എന്നാല്‍ നമ്മുടെ ഏറ്റവും വലിയ ആശ്രയം ദൈവത്തിന്റെ അനന്തമായ കരുണയിലാണ്. കാരുണ്യവാനും സ്‌നേഹസമ്പന്നനുമായ ദൈവം നമ്മോട് ക്ഷമിക്കുകയും കരുണ കാണിക്കുകയും ഈ ജീവിതത്തിലും നിത്യതയിലും അവിടുത്തെ രക്ഷ പ്രദാനം ചെയ്ത് നമ്മെ അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. കാരണം ദൈവപുത്രനായ യേശു നമ്മുടെ സകല പാപങ്ങളുടെയും ശിക്ഷ കുരിശില്‍ ഏറ്റെടുത്ത് നമ്മുടെ മോചനത്തിന് സ്വയം വിലയായി കൊടുത്ത് നമ്മെ വീണ്ടെടുത്തിരിക്കുന്നു. അവനില്‍ വിശ്വസിക്കുകയും അവിടുത്തെ കാരുണ്യത്തില്‍ ആശ്രയിക്കുകയും അവിടുന്ന് നല്കുന്ന രക്ഷ സ്വന്തമാക്കുകയും ചെയ്യുന്ന ഏതൊരുവനും ശിക്ഷയ്ക്ക് വിധിക്കപ്പെടുകയില്ല. വിശ്വസിക്കാത്തവരാണ് ശിക്ഷിക്കപ്പെടുക. അതിനാല്‍ നുണയനും നുണയരുടെ പിതാവുമായ സാത്താന്റെ വാക്കുകളെ ഒരിക്കലും ശ്രവിക്കുകയോ സ്വീകരിക്കുകയോ ചെയ്യരുത്. അവന്‍ നമ്മുടെ ആത്മാവിനെ സ്വന്തമാക്കാന്‍ അന്ത്യനിമിഷംവരെ പോരാടും. പരിശുദ്ധ അമ്മയോടും സ്വര്‍ഗീയ സൈന്യങ്ങളോടും ചേര്‍ന്ന് അവനെതിരെ പോരാടി ക്രിസ്തുവിനോടൊപ്പം നമുക്ക് വിജയം വരിക്കണം. നിത്യമരണത്തെയും നരകത്തെയും നിത്യശിക്ഷയെയും അവിടുന്ന് കുരിശില്‍ തകര്‍ത്തിരിക്കുന്നു. യേശുവില്‍ നമുക്ക് വിജയമുണ്ട്. യേശുവിന്റെ രക്തം എല്ലാ പാപങ്ങളില്‍നിന്നും നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹന്നാന്‍ 1/7).
‘നന്മ നിറഞ്ഞ മറിയമേ’ എന്ന മരിയ സ്തുതിയില്‍ ‘ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും അപേക്ഷിക്കണമേ’ എന്ന് നാം പ്രാര്‍ത്ഥിക്കുന്നത് അന്ത്യനിമിഷങ്ങളിലെ പൈശാചികപോരാട്ടത്തില്‍ പരിശുദ്ധ അമ്മയുടെ സഹായം ലഭ്യമാകുന്നതിനുവേണ്ടിക്കൂടിയാണ്. അതിനാല്‍ പരിശുദ്ധ അമ്മയോട് കൂടുതല്‍ തീക്ഷ്ണതയോടെ നമുക്കു പ്രാര്‍ത്ഥിക്കാം. സ്വര്‍ഗീയ സൈന്യം പരിശുദ്ധ അമ്മയുടെ നേതൃത്വത്തില്‍ നമുക്കരികിലെത്തി നരകസൈന്യത്തെ തോല്പിച്ചോടിച്ചിരിക്കും. മാത്രമല്ല, മാലാഖമാരുടെയും വിശുദ്ധരുടെയും അകമ്പടിയോടെ പരിശുദ്ധ അമ്മ നമ്മെ ഈശോയുടെ അടുത്തേക്ക് ആനയിക്കുകയും ചെയ്യും.
നന്മ നിറഞ്ഞ മിറയമേ സ്വസ്തി…
കടപ്പാട്: മോണ്‍സിഞ്ഞോര്‍
സ്റ്റീഫന്‍ റോസെറ്റി