ആരുമറിയാതെ മെഡല്‍ സ്വന്തമാക്കിയവള്‍ – Shalom Times Shalom Times |
Welcome to Shalom Times

ആരുമറിയാതെ മെഡല്‍ സ്വന്തമാക്കിയവള്‍

വിശുദ്ധ വിന്‍സെന്റിന്റെ തിരുനാളായിരുന്നു അന്ന്, 1830 ജൂലൈ 18. പതിവുപോലെ സന്യാസിനിയായ കാതറിന്‍ ഉറങ്ങാന്‍ പോയി. രാത്രി ഏതാണ്ട് 11.30 ആയിരിക്കുന്നു. അപ്പോള്‍ മിന്നുന്ന വെളുത്ത വസ്ത്രം ധരിച്ച ഒരു ചെറിയ കുട്ടി അവളെ വന്നു വിളിച്ചുണര്‍ത്തി, ”സിസ്റ്റര്‍, ചാപ്പലിലേക്ക് വരൂ, പരിശുദ്ധ കന്യക അവിടെ കാത്തിരിക്കുന്നു!” അതുകേട്ട് അവള്‍ കുട്ടിയെ പിന്തുടര്‍ന്ന് പടികളിറങ്ങി ചാപ്പലിലേക്ക് പോയി. അവന്റെ കയ്യില്‍ ഒരു മെഴുതിരി കത്തിച്ചു പിടിച്ചിരുന്നു. അത്ഭുതമെന്നു പറയട്ടെ, ഇടനാഴികളിലെയും ചാപ്പലിലെയും മെഴുതിരികളെല്ലാം തനിയെ കത്തിക്കൊണ്ടിരുന്നു അപ്പോള്‍. കാതറിന്‍ സക്രാരിക്കു മുന്‍പില്‍ മുട്ടില്‍ നിന്നു.
പട്ടുവസ്ത്രം ഉലയുന്ന ശബ്ദം കേട്ട് അവള്‍ മുകളിലേക്ക് നോക്കി. മനോഹരിയായ ഒരു സ്ത്രീ അള്‍ത്താരയുടെ പടികളിറങ്ങി വന്നു കസേരയിലിരുന്നു, ”ഇത് പരിശുദ്ധ കന്യകയാണ്!” കുട്ടിയുടെ ഉറക്കെയുള്ള സ്വരം. കാതറിന്‍ മുട്ടുകുത്തി, പരിശുദ്ധ കന്യകയുടെ മടിയില്‍ തന്റെ കൂപ്പിയ കൈകള്‍ വെച്ച് ആ കണ്ണുകളിലേക്ക് നോക്കി. അവളുടെ ജീവിതത്തിലെ ഏറ്റവും മധുരനിമിഷം. പരിശുദ്ധകന്യക അവളോട് സംസാരിച്ചു.
”എന്റെ കുഞ്ഞേ, നിനക്കായി നല്ല ദൈവം ഒരു ദൗത്യം ഏല്പിച്ചിരിക്കുന്നു,” പരിശുദ്ധ കന്യക പറഞ്ഞു. പക്ഷേ എന്താണതെന്ന് അപ്പോള്‍ പറഞ്ഞില്ല. പകരം, അടുത്ത 40 കൊല്ലത്തില്‍ ഫ്രാന്‍സ് സഹിക്കാനിരിക്കുന്നതിനെപ്പറ്റി പറഞ്ഞു. ”അള്‍ത്താരക്ക് കീഴേ വരിക, വലുതും ചെറുതുമായ കൃപകള്‍, ചോദിക്കുന്ന എല്ലാവരിലേക്കും ചൊരിയപ്പെടുന്നു.” കാതറിന്‍ അവള്‍ക്ക് ചോദിക്കാനുള്ളതെല്ലാം അമ്മയോട് ചോദിച്ചു. അമ്മ എല്ലാം കേട്ട് ശാന്തമായി മറുപടി പറഞ്ഞു, അവസാനം അമ്മ പുഞ്ചിരിച്ചു, കയ്യുയര്‍ത്തി അനുഗ്രഹിച്ചു മറഞ്ഞുപോയി. ‘കുഞ്ഞുഗൈഡ്’ അവളെ തിരിച്ചു മുറിയില്‍ എത്തിച്ചിട്ട് അപ്രത്യക്ഷനായി. ക്ലോക്കില്‍ മണി രണ്ടടിച്ചു.
നാലു മാസങ്ങള്‍ക്കു ശേഷം 1830 നവംബര്‍ 27-ന് ഒരു ശനിയാഴ്ച വൈകുന്നേരം കാതറിന്‍ മറ്റു സന്യാസിനികള്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ മുമ്പ് കേട്ടതുപോലെ വസ്ത്രം ഉലയുന്ന ശബ്ദം കേട്ടു, അവളുടെ ഉള്ളില്‍ സന്തോഷം തിരതല്ലി. കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ വെള്ളവസ്ത്രം ധരിച്ച്, ഒരു ഗ്ലോബിന്റെ മുകളില്‍ വീണ്ടും പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടു.
അമ്മ കാതറിനോടു പറഞ്ഞു, ”ഞാന്‍ കാണിച്ചു തരുന്ന മാതൃകയില്‍ ഒരു മെഡല്‍ നിര്‍മ്മിക്കുക, ഇത് അണിയുന്നവര്‍, പ്രത്യേകമായി വലിയ കൃപകള്‍ സ്വന്തമാക്കും.”
കാതറിന്‍ അടുത്ത 19 മാസങ്ങള്‍ക്കുള്ളില്‍ ഒരേ ദര്‍ശനം അഞ്ച് പ്രാവശ്യം കൂടി കണ്ടു. കുമ്പസാരക്കാരനായ ഫാ. അലഡെലിനോട് മാത്രമാണ് മറ്റാരോടും വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ അവള്‍ എല്ലാ കാര്യവും പറഞ്ഞിരുന്നത്. ഫാ.അലഡെല്‍ സിസ്റ്ററുടെ പേര് വെളിപ്പെടുത്താതെ ദര്‍ശനങ്ങളെപ്പറ്റി പാരീസിലെ ആര്‍ച്ചുബിഷപ്പിനെയും മറ്റ് ചുമതലപ്പെട്ടവരെയും അറിയിച്ചു. ആര്‍ച്ച്ബിഷപ്, മെഡല്‍ അഥവാ മാതാവിന്റെ അത്ഭുതകാശുരൂപം പ്രചരിപ്പിക്കാന്‍ അനുവാദം നല്കുകയും ചെയ്തു. ദര്‍ശനങ്ങള്‍ ആധികാരികമാണോ എന്ന് വിലയിരുത്താനുള്ള കാനോനിക അന്വേഷണത്തിനു ശേഷം ആദ്യം ഫ്രാന്‍സിലും പിന്നീട് ലോകം മുഴുവനിലും അത് സംസാരവിഷയമായി. ദര്‍ശനം ലഭിച്ചത് ആര്‍ക്ക് എന്നുമാത്രം ആരുമറിഞ്ഞില്ല, അവളുടെതന്നെ സഭാസമൂഹത്തിലുള്ളവര്‍പോലും!
ഇതിനിടയില്‍ പാരീസിന് പുറത്ത്, പ്രായമായവര്‍ക്ക് വേണ്ടിയുള്ള ഒരു ശരണാലയത്തില്‍ എളിയ ജോലികള്‍ ചെയ്ത് സിസ്റ്റര്‍ കാതറിന്‍ ഒളിക്കപ്പെട്ട ജീവിതം നയിച്ചു. അടുക്കളജോലികളും അലക്കുജോലികളും വയസ്സായവരുടെ ആത്മീയ കാര്യങ്ങള്‍ ശ്രദ്ധിക്കലും എല്ലാം അവള്‍ സന്തോഷത്തോടെ ചെയ്തു. അവിടെയുള്ള ഒരാള്‍പോലും അന്ത്യകൂദാശ സ്വീകരിക്കാതെ മരിച്ചിരുന്നില്ല.
1842 വരെ 10 കൊല്ലത്തിനുള്ളില്‍ 250 മില്യണ്‍ മെഡലുകളാണ് ഉണ്ടാക്കിയത്. പിന്നീട് എണ്ണാന്‍ കഴിയാത്തത്ര. 1842-ല്‍ അല്‍ഫോന്‍സ് റാറ്റിസ്‌ബോണിന്റെ മാനസാന്തരം മെഡലിന്റെ പ്രസിദ്ധി ലോകമെങ്ങും എത്തിച്ചു.
അവസാന ദര്‍ശനത്തിനു ശേഷം പരിശുദ്ധ അമ്മ കാതറിനോട് പറഞ്ഞു, ”ഇനി നീയെന്നെ കാണുകയില്ല, പക്ഷേ നിന്റെ പ്രാര്‍ത്ഥനകളില്‍ എന്റെ സ്വരം കേള്‍ക്കും.” ആ വാഗ്ദാനം അവളുടെ ജീവിതത്തില്‍ മുഴുവന്‍ വലിയ ആശ്വാസമായി. എല്ലാ കാര്യങ്ങളിലും ദൈവഹിതം നിറവേറ്റുന്നതിലായിരുന്നു അവളുടെ ശ്രദ്ധ. എളിമയിലും മറയ്ക്കപ്പെട്ടും തന്റെ ജീവിതം പ്രാര്‍ത്ഥനയിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ദൈവത്തിനു സമര്‍പ്പിച്ച് അവള്‍ കഴിഞ്ഞു കൂടി.
1876-ല്‍ മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് ദര്‍ശനങ്ങളുടെ ആധികാരികതയില്‍ ആര്‍ക്കും സംശയമില്ലാതിരിക്കാന്‍ വേണ്ടി പരിശുദ്ധ കന്യകയുടെ നിര്‍ദ്ദേശപ്രകാരം, തനിക്കായിരുന്നു ദര്‍ശനങ്ങള്‍ ലഭിച്ചതെന്ന് അവള്‍ വെളിപ്പെടുത്തിയത്. 1947 ജൂലൈ 27-ന് ഈ സന്യാസിനിയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനിടയില്‍ പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ വിശേഷിപ്പിച്ചത് saint of silence എന്നായിരുന്നു. നിശ്ശബ്ദതയുടെ ഈ വിശുദ്ധയാണ് വിശുദ്ധ കാതറിന്‍ ലബോറെ.
1806 മെയ് 2-നാണ് ഫ്രാന്‍സിലെ ബര്‍ഗണ്ടിയിലെ ചെറിയ ഗ്രാമത്തില്‍ കാതറിന്‍ ലബോറെ ജനിച്ചത്. അറിയപ്പെടുന്ന കര്‍ഷകനായ പീറ്റര്‍ ലബോറയുടെയും മുന്‍ സ്‌കൂള്‍ അദ്ധ്യാപികയായ മേരി ലൂയിസിന്റെയും 11 മക്കളില്‍ ഒമ്പതാമത്തവള്‍. ഒന്‍പതാമത്തെ വയസ്സില്‍ അവള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടു. അമ്മയുടെ മുറിയിലുള്ള പരിശുദ്ധ അമ്മയുടെ രൂപത്തെ കസേരയില്‍ കയറി നിന്ന് കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടവള്‍ പറഞ്ഞു, ”പരിശുദ്ധ കന്യകേ, അങ്ങാണ് ഇനിയെന്റെ അമ്മ.”
കാതറിന് 12 വയസ്സുള്ളപ്പോള്‍ മൂത്ത ചേച്ചി ‘ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി’ സന്യാസസഭയില്‍ ചേര്‍ന്നു. വീട് നോക്കേണ്ട ജോലി അവള്‍ക്കായി. പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 10 കിലോമീറ്റര്‍ താണ്ടി അവള്‍ എല്ലാ പ്രഭാതത്തിലും വിശുദ്ധ ബലിയില്‍ പങ്കെടുത്തു. ഇടയ്ക്ക് അടുത്തുള്ള ചാപ്പലിലും പോയി പ്രാര്‍ത്ഥിക്കും. ഒരിക്കല്‍ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുടെ ഒരു മഠം സന്ദര്‍ശിക്കവേ, സഭാസ്ഥാപകനായ വിന്‍സെന്റ് ഡി പോളിന്റെ ചിത്രം കണ്ടു. അപ്പോഴാണ് അവള്‍ തിരിച്ചറിഞ്ഞത്, ഇതേ ആളാണ് ഒരിക്കല്‍ സ്വപ്‌നത്തില്‍ ”നീ എന്റെ അടുക്കലേക്ക് സന്തോഷത്തോടെ വരും. ദൈവത്തിന് നിന്നെക്കുറിച്ചൊരു പദ്ധതിയുണ്ട്” എന്ന് പറഞ്ഞതെന്ന്.
വിവാഹാലോചനകള്‍ ഒരുപാട് വന്നെങ്കിലും എല്ലാം അവള്‍ നിരസിച്ചു. ഒരു കന്യാസ്ത്രീ ആകാന്‍ അവള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അപ്പന്‍ അതിന് എതിരായിരുന്നെങ്കിലും അവസാനം സമ്മതം കൊടുത്തു. അങ്ങനെ 1829-ല്‍ അവള്‍ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സമൂഹത്തില്‍ ചേര്‍ന്നു. ദരിദ്രരോടു ചേര്‍ന്ന് അവള്‍ പ്രവര്‍ത്തിച്ചു, എഴുതാനും വായിക്കാനും പഠിച്ചു, ഈശോയോടുള്ള അടുപ്പത്തില്‍ വളര്‍ന്നു. 1830-ല്‍ നൊവിഷ്യേറ്റില്‍ പ്രവേശിച്ചു. ആ വര്‍ഷംതന്നെയാണ് മെഡല്‍ അവള്‍ക്ക് വെളിപ്പെടുത്തപ്പെട്ടതും. പിന്നീട് മറയ്ക്കപ്പെട്ട ജീവിതമാണല്ലോ അവള്‍ നയിച്ചിരുന്നത്. വീണ്ടും വര്‍ഷങ്ങളോളം നീണ്ട വിശുദ്ധജീവിതം.
1876 ഡിസംബര്‍ 31, അവള്‍ക്ക് അന്ത്യകൂദാശ നല്‍കപ്പെട്ടു. സന്തോഷവും ശാന്തതയും ആയിരുന്നു ആ മുഖത്ത്. മരിക്കാന്‍ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു, ”ഞാന്‍ നമ്മുടെ കര്‍ത്താവിന്റെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ വിന്‍സെന്റിന്റെയും അടുത്തേക്കല്ലേ പോകുന്നത്!”
1933-ല്‍ പുറത്തെടുത്തപ്പോഴും കാതറിന്റെ ശരീരം ജീര്‍ണ്ണിക്കാതെ കാണപ്പെട്ടു. ഇന്നും പാരീസില്‍, പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് അത്ഭുതമെഡലിന്റെ രൂപരേഖ പറഞ്ഞു കൊടുത്ത ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുടെ ചാപ്പലില്‍ അവളുടെ ശരീരം മനോഹരമായി സൂക്ഷിച്ചിട്ടുണ്ട്.

ജില്‍സ ജോയ്