അന്ന് കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ദിവസമായിരുന്നു. പതിവിലുമേറെ കുഞ്ഞുങ്ങള്‍ വിശുദ്ധ കുര്‍ബാനയ്ക്ക് എത്തിയിട്ടുണ്ട്. പ്രസംഗസമയത്ത് ഒരു വിരുതന്‍ അള്‍ത്താരയുടെ അരുകില്‍ വച്ചിരിക്കുന്ന ഉണ്ണീശോയെ കാണാനായി പോയി. ഉയരത്തിലായതിനാല്‍ അവന് തനിയെ കാണാനായില്ല. അതിനാല്‍ ഉണ്ണീശോയുടെ പീഠത്തിനരികെ കുറെനേരം വട്ടംചവുട്ടി നിന്നിട്ട് അവിടെയുള്ള ക്രിസ്മസ് ട്രീയില്‍നിന്നും ചെറിയൊരു ചുവന്ന നക്ഷത്രവും കൈക്കലാക്കി തിരികെ പോന്നു.
വിശുദ്ധ കുര്‍ബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് അതെന്റെ സുഹൃത്തിന്റെ മകനായിരുന്നുവെന്ന് മനസിലായത്. ഞാന്‍ അദ്ദേഹത്തോട് ”ആ നക്ഷത്രത്തിന്റെ പൈസ നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടേക്കണ”മെന്ന് തമാശയായി പറഞ്ഞു. ഞാനിതു പറയുമ്പോഴാണ് അദ്ദേഹം ഈ സംഭവം അറിയുന്നതുതന്നെ.
പിന്നീട് ഞാന്‍ അല്പം ഉറക്കെ ആത്മഗതം ചെയ്തു, ”അവര്‍ പൈസ നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടിരിക്കുമോ?” അതു കേട്ടപ്പോള്‍ എന്റെ ഭാര്യ പറഞ്ഞു, ”കുഞ്ഞുങ്ങളുടെ ഇത്തരം വികൃതികളൊക്കെ ഈശോയ്ക്ക് ഇഷ്ടമായിരിക്കും. അതിനിപ്പം നേര്‍ച്ച ഇട്ടില്ലെങ്കിലും കുഴപ്പമില്ല.”
അതു ശരിയാണല്ലോ എന്ന് അപ്പോള്‍ എനിക്കും തോന്നി. ഒരു കുഞ്ഞ് ഉണ്ണിയീശോയെ കാണാന്‍ പോയിട്ട് അവിടെനിന്നും അവനിഷ്ടപ്പെട്ട സാധനം എടുത്തുകൊണ്ടു പോരുന്നതിന് കണക്കുവച്ച് ശിക്ഷിക്കുന്നവനൊന്നുമല്ല നമ്മുടെ ദൈവം. എന്നാല്‍ പ്രശ്‌നം പാപമോ ശാപമോ ഒന്നുമല്ല. അവിടെ അലങ്കരിച്ചു വച്ചിരുന്ന വസ്തു, അതിന്റെ ഉടമസ്ഥന്റെ അനുവാദമില്ലാതെയാണല്ലോ എടുത്തത്. അങ്ങനെ ചെയ്തത് ശിശുവായാലും മുതിര്‍ന്നവരായാലും തെറ്റുതന്നെയാണ്. സാധനത്തിന്റെ മൂല്യം കുറവാണോ കൂടുതലാണോ എന്നതിനെക്കാളും അര്‍ഹതയില്ലാത്തതിനെ അനുമതിയില്ലാതെ സ്വന്തമാക്കി എന്നതാണ് അതിന്റെ ശരികേട്.
സംശയനിവാരണമെന്നോണം ഞാന്‍ ഭാര്യയോടു വീണ്ടും ചോദിച്ചു. ”അതിന്റെ വില നല്കുന്നതാണോ നല്കാതിരിക്കുന്നതാണോ നല്ലത്?” ഭാര്യ പറഞ്ഞു: ”അതിന്റെ വില നല്കണമെന്ന കാര്യത്തില്‍ സംശയമില്ല. ഞാന്‍ പറഞ്ഞത്, ആ കുഞ്ഞിന്റെ നിഷ്‌കളങ്കതയെ ദൈവം ശിക്ഷിക്കില്ല എന്നാണ്.” അമ്മമനസിന്റെ ആ വാത്സല്യനിറവിനോട് എനിക്കും യോജിപ്പാണ്. എന്നാല്‍ കുഞ്ഞിന്റെ നിഷ്‌കളങ്കതയില്‍നിന്നും വരുന്ന വീഴ്ചയ്ക്ക് പരിഹാരം ചെയ്യാനുള്ള അറിവും ബോധവും കുഞ്ഞിനില്ലാത്തതിനാല്‍ അതിന്റെ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുണ്ടെന്നാണ് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത്.
”അവന്റെ പുത്രന്മാര്‍ തവണവച്ച് നിശ്ചിത ദിവസങ്ങളില്‍ തങ്ങളുടെ വീടുകളില്‍ വിരുന്നുസല്‍ക്കാരങ്ങള്‍ നടത്തുകയും തങ്ങളുടെ മൂന്ന് സഹോദരിമാരെയും അതിനു ക്ഷണിച്ചുവരുത്തുകയും ചെയ്യുക പതിവായിരുന്നു. സല്‍ക്കാരദിനങ്ങള്‍ കഴിയുമ്പോള്‍ പുത്രന്മാര്‍ പാപം ചെയ്ത് ദൈവത്തിന്റെ അപ്രീതിക്ക് പാത്രമായിട്ടുണ്ടാകും എന്നു വിചാരിച്ച് ജോബ് അവരെ വിളിച്ചുവരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ് ഓരോ പുത്രനുംവേണ്ടി ദഹനബലി അര്‍പ്പിക്കുകയും ചെയ്യുമായിരുന്നു” (ജോബ് 1/4-5).
മക്കളെ നീതിയിലും വിശുദ്ധിയിലും വിവേകത്തിലും വളര്‍ത്തുകയെന്നത് ജ്ഞാനിയായ പിതാവിന്റെ കര്‍ത്തവ്യമാണ്. മക്കള്‍ അറിവില്ലാതെ ചെയ്യുന്ന തെറ്റുകള്‍ക്കുപോലും പരിഹാരമനുഷ്ഠിക്കുക എന്നത് ഉത്തമനായ പിതാവിന്റെ ഉചിതമായ പ്രവൃത്തിയുമാണ്. ശിശുവിന്റെ നിഷ്‌കളങ്കതയെ ശിക്ഷിക്കാത്ത ദൈവം ഉത്തരവാദിത്വപ്പെട്ടവരുടെ ഉചിതമായ പരിഹാരപ്രവൃത്തികളില്‍ സംപ്രീതനാകുന്നവനുമല്ലേ?
ബിജു ഡാനിയേല്‍
ശാലോമില്‍ പ്ലാനിംഗ് ആന്‍ഡ് ഔട്ട്‌റീച്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാനേജരായി ശുശ്രൂഷ ചെയ്യുന്ന ബിജു തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവകാംഗമാണ്. അധ്യാപികയായ സിജുവാണ് ഭാര്യ. മക്കള്‍: അര്‍ച്ചന, അലക്‌സി, ആഷെര്‍.