ഞാന്‍ അപ്പോള്‍ നോവിഷ്യറ്റിലായിരുന്നു. എങ്ങനെ തരണം ചെയ്യുമെന്നു കരുതിയ ചില സഹനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. പല വിശുദ്ധരോടും ഞാന്‍ നൊവേന നടത്തി. എന്നാല്‍ സഹനങ്ങള്‍ കൂടിവരികയാണു ചെയ്തത്. ജീവിക്കാന്‍തന്നെ ബുദ്ധിമുട്ടായി. പെട്ടെന്ന് ഉണ്ണിയീശോയുടെ വിശുദ്ധ ത്രേസ്യയോടു പ്രാര്‍ത്ഥിക്കണമെന്ന് ഒരു പ്രേരണ ലഭിച്ചു. ഈ പുണ്യവതിയുടെ പേരില്‍ ഒരു നൊവേന ഞാന്‍ ആരംഭിച്ചു. നൊവേനയുടെ അഞ്ചാം ദിവസം ഞാന്‍ വിശുദ്ധ ത്രേസ്യായെ സ്വപ്നം കണ്ടു. ഭൂമിയില്‍ ജീവിച്ചിരിക്കുന്നപോലെയാണ് കണ്ടത്.
ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്താതെ ഇപ്രകാരം പറഞ്ഞുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു:
”ഇക്കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടാ; ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുക. ഞാനും വളരെ സഹിച്ചിട്ടുണ്ട്.” എന്നാല്‍ ഞാനത് വിശ്വസിച്ചില്ല. ഞാന്‍ പറഞ്ഞു: ”നീ ഒന്നും സഹിച്ചെന്ന് എനിക്ക് തോന്നുന്നില്ല.” എന്നാല്‍ അവള്‍ വളരെ സഹിച്ചെന്ന് എനിക്കു ബോധ്യമാകുന്നവിധത്തില്‍ സംസാരിച്ചു. അവള്‍ എന്നോടു പറഞ്ഞു ”സിസ്റ്റര്‍, മൂന്നു ദിവസത്തിനുള്ളില്‍ ഈ പ്രയാസങ്ങളെല്ലാം സന്തോഷപ്രദമായി പര്യവസാനിക്കും.” എന്നാല്‍ ഞാന്‍ അവരെ വിശ്വസിക്കായ്കയാല്‍ അവള്‍ ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്തി. എന്റെ ആത്മാവ് ആനന്ദപൂരിതമായി. ഞാനവരോടു ചോദിച്ചു: ‘നീ ഒരു വിശുദ്ധയാണോ?” ”അതെ” അവള്‍ മറുപടി പറഞ്ഞു. ”ഞാന്‍ ഒരു വിശുദ്ധയാണ്. മൂന്നു ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ക്കു തീരുമാനമാകും.” ഞാന്‍ ചോദിച്ചു: ”ഏറ്റവും പ്രിയപ്പെട്ട ത്രേസ്യാ, ഞാന്‍ സ്വര്‍ഗത്തില്‍ പോകുമോ എന്ന് എന്നോടു പറയുമോ?” അവള്‍ മറുപടി പറഞ്ഞു: ”ഉവ്വ്, സഹോദരി സ്വര്‍ഗത്തില്‍ പോകും.”
”കൊച്ചുത്രേസ്യാ, നിന്നെപ്പോലെ ഞാന്‍ അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട ഒരു വിശുദ്ധയാകുമോ?” അവള്‍ പറഞ്ഞു: ”ഉവ്വ്, എന്നെപ്പോലെ നീയും ഒരു വിശുദ്ധയാകും. എന്നാല്‍ നീ കര്‍ത്താവീശോയില്‍ ആശ്രയിക്കണം.” പിന്നീട് എന്റെ അപ്പനും അമ്മയും സ്വര്‍ഗത്തില്‍ പോകുമോ എന്നു ഞാന്‍ ചോദിച്ചു. അവര്‍ പോകുമെന്ന് വിശുദ്ധ മറുപടി പറഞ്ഞു. ഞാന്‍ വീണ്ടും ചോദിച്ചു: ”എന്റെ സഹോദരിമാരും സഹോദരന്മാരും സ്വര്‍ഗത്തില്‍ പോകുമോ?” അവര്‍ക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കാന്‍ അവള്‍ ആവശ്യപ്പെട്ടു. വ്യക്തമായ ഒരു മറുപടി തന്നില്ല. അവര്‍ക്കു വളരെ പ്രാര്‍ത്ഥന ആവശ്യമാണെന്ന് എനിക്കു മനസിലായി. അതൊരു സ്വപ്നമായിരുന്നെങ്കിലും, അതിന് അതിന്റേതായ പ്രാധാന്യം ഉണ്ടായിരുന്നു.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന്