വൈരൂപ്യങ്ങള്‍ സുന്ദരമാക്കുന്ന ട്രിക്ക്! – Shalom Times Shalom Times |
Welcome to Shalom Times

വൈരൂപ്യങ്ങള്‍ സുന്ദരമാക്കുന്ന ട്രിക്ക്!

”നിന്റെ പാപങ്ങള്‍ എനിക്ക് കാഴ്ചവക്കുക. അത്രമാത്രം ചെയ്താല്‍ മതി, പകരം ഞാന്‍ കൃപകളുടെ സമൃദ്ധി നല്കാം. ആത്മാക്കളെ വിശുദ്ധീകരിക്കുന്ന കൃപ, ശൂന്യമായി കിടക്കുന്നതും തിന്മ വിഹരിക്കുന്നതുമായ പാഴ്ഭൂമിയില്‍ പുണ്യങ്ങള്‍ പൊട്ടിമുളപ്പിക്കുന്ന അമൂല്യകൃപകള്‍. പാപത്തിനു പകരം കൃപയും അന്ധകാരത്തിനുപകരം പ്രകാശവും രോഗത്തിനു പകരം ആരോഗ്യവും സങ്കടത്തിനുപകരം സന്തോഷവും പകരുന്ന കൈമാറ്റം.” ഫാ. മാര്‍ക് ഡാനിയേല്‍ കിര്‍ബി എന്ന ബനഡിക്ടന്‍ മിസ്റ്റിക്കിന് ഈശോ വെളിപ്പെടുത്തിയതാണ് ഇത്.

എത്ര അതിശയകരമായ എക്‌സ്‌ചേഞ്ച് ഓഫര്‍! ഇതുപോലൊരു ഓഫര്‍ നല്കാന്‍ ഈശോക്കുമാത്രമേ കഴിയൂ. വെറുതെ ഓഫര്‍ നല്കുകമാത്രമല്ല, അവിടുന്നവ യാഥാര്‍ത്ഥ്യമാക്കുകതന്നെ ചെയ്യും. അതിന് ഉദാഹരണമാണ് ജോലിസ്ഥലത്ത് വഴിവിട്ട ബന്ധത്തില്‍ കുടുങ്ങിപ്പോയ യുവാവിന്റെ അനുഭവം. ലഹരിപോലെ ആ ബന്ധം തലയ്ക്കുപിടിച്ചപ്പോള്‍ അതിലങ്ങ് മയങ്ങിവീണു. പാപത്തില്‍നിന്ന് പാപത്തിലേക്കുള്ള യാത്ര. പക്ഷേ, അവര്‍തന്നെ ‘എട്ടിന്റെ’ പണി കൊടുത്തപ്പോഴാണ് സുബോധംവരുന്നത്. എന്നാല്‍ ഉളളില്‍നിന്നും പറിച്ചെറിയുക അത്ര എളുപ്പമായിരുന്നില്ല. അത്ര ആഴത്തില്‍ വേരൂന്നിയിരുന്നു ആ ബന്ധം. പഴയ കാര്യങ്ങളും വ്യക്തിയും എപ്പോഴും ലൈവായി ഓര്‍മയിലെത്തും.

മറക്കാനാകുന്നില്ല. ഒടുവില്‍ നാട്ടിലെത്തി ധ്യാനത്തില്‍ പങ്കെടുക്കവേ ധ്യാനഗുരു പറഞ്ഞു:
”എല്ലാം ഈശോയ്ക്ക് കൊടുക്കുക. വീഴ്ചകളും അശുദ്ധിയും പാപങ്ങളുമെല്ലാം. ഓര്‍മയിലേക്ക് തള്ളിക്കയറിവരുന്നതെല്ലാം അപ്പോള്‍ത്തന്നെ ഈശോയെ ഏല്പിക്കുക. അതിനുശേഷം, ‘ഈശോയെ അങ്ങ് എന്റെ സ്‌നേഹമായിരിക്കണമേ’ എന്ന് ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക.’ പിന്നെ സംഭവിച്ചതിനെക്കുറിച്ച് യുവാവ് പറഞ്ഞതിങ്ങനെ: ‘ഇപ്പോള്‍ ഞാന്‍ ഫ്രീ ആയി. മാത്രമല്ല, പകരം എനിക്ക് ഈശോയെ കിട്ടി, ഞാന്‍ ഈശോയുടേതായി. അവിടുത്തോട് തുലനം ചെയ്യാന്‍പോലും മറ്റൊന്നിനും, മറ്റാര്‍ക്കും യോഗ്യതയില്ല.’ അദേഹത്തിന്റെ മുഖം തേജസാല്‍ പൂരിതമായി; പാപംകൊടുത്ത് പുണ്യങ്ങള്‍ സ്വന്തമാക്കിയ, മനുഷ്യനെ കൊടുത്ത് ദൈവത്തെ നേടിയവന്റെ സ്വര്‍ഗീയശോഭ…!

വെളിപാട് 3/18ല്‍ ഈശോ ഉപദേശിക്കുന്നു: ‘നീ ധനികനാകാന്‍ അഗ്‌നിശുദ്ധിവരുത്തിയ സ്വര്‍ണം എന്നോടുവാങ്ങുക; … ലജ്ജിക്കാതിരിക്കാന്‍ ശുഭ്രവസ്ത്രങ്ങള്‍ എന്നോട് വാങ്ങുക. കാഴ്ച ലഭിക്കുന്നതിന്… അഞ്ജനവും എന്നോടു വാങ്ങുക.’ നമുക്കാവശ്യമുള്ളതെല്ലാം ഈശോയില്‍നിന്ന് വാങ്ങിയാല്‍ ഈശോയുടെ തേജസില്‍ പങ്കുചേരാന്‍ കഴിയും.
അവിടുന്ന് ഫാ.കിര്‍ബിയോട് പറയുന്നുണ്ട്: ‘എന്റെ കരുണയുടെയും പരിശുദ്ധാത്മാവിന്റെ രഹസ്യപ്രവര്‍ത്തനത്തിനും സമ്മതിക്കുന്ന ആത്മാക്കളെ രക്ഷിക്കുന്നതും സുഖപ്പെടുത്തുന്നതും ജീവിപ്പിക്കുന്നതും എന്റെ പിതാവിന്റെ മുമ്പില്‍ സുന്ദരമാക്കുന്നതും എന്റെദൗത്യമാണ്.

എന്റെ കരുണാര്‍ദ്ര സ്‌നേഹത്തില്‍ വിശ്വാസമുള്ളവര്‍ക്ക് ഒന്നും നിഷേധിക്കുവാന്‍ എനിക്കാവില്ല. സ്‌നേഹമാണ് ഇതിന് എന്നെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഒരുവന്‍ തന്നോടുതന്നെ ചേര്‍ത്ത് പിടിക്കുന്ന പാപം മാരകവിഷമായി മാറുന്നു. വിശുദ്ധിയെയും നിത്യസൗഭാഗ്യത്തെയും നശിപ്പിക്കുന്ന അര്‍ബുദമാണത്.’
നമുക്ക് പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, എന്റെ പാപങ്ങളെല്ലാം ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. അവയിലൊന്നുപോലും ഞാന്‍ എന്റേതായി സൂക്ഷിക്കില്ല. അങ്ങയുടെ പുണ്യങ്ങളുടെ സമൃദ്ധി നല്കി എന്നെ അങ്ങയുടേതാക്കണമേ, ആമ്മേന്‍.