ജെമ്മ തന്ന മുത്തുകള്‍ – Shalom Times Shalom Times |
Welcome to Shalom Times

ജെമ്മ തന്ന മുത്തുകള്‍

”എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. പക്ഷേ ഞാന്‍ പള്ളിയില്‍ പോകാറില്ല,” ജെമ്മ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ജെമ്മ. എഴുപത്തിയഞ്ചു വയസുണ്ട്. തന്റെ രോഗത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ ഈ വാക്കുകള്‍. തുടര്‍ന്ന് ജെമ്മ പറഞ്ഞു, ”ചെറുപ്പത്തില്‍ കത്തോലിക്ക സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. പക്ഷേ പിന്നീട് ഒരിക്കലും വിശ്വാസം പരിശീലിച്ചിട്ടില്ല.”

മുപ്പത്തിരണ്ട് വര്‍ഷത്തോളമായി കുമ്പസാരിച്ചിട്ടും വിശുദ്ധ കുര്‍ബാന സ്വീകരിച്ചിട്ടും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറേസമയം അവര്‍ സംസാരിച്ചു. ഹോസ്പിറ്റലില്‍ ചാപ്ലയിന്‍ ഉണ്ട് എന്നും കുമ്പസാരിക്കാന്‍ തോന്നുകയാണെങ്കില്‍ അപ്രകാരം ചെയ്യാന്‍ സാധിക്കും എന്നും ഞാന്‍ അവരോട് പറഞ്ഞു. പിന്നീട് രണ്ട് ദിവസങ്ങള്‍ക്കുശേഷമാണ് വീണ്ടും ജെമ്മയെ കണ്ടത്. വളരെയധികം ക്ഷീണിതയായിരുന്നതിനാല്‍ പെട്ടെന്നുതന്നെ ചികിത്സ തുടങ്ങി. തലേന്ന് രാത്രി ഉറങ്ങിയിട്ടേയില്ലെന്ന് മനസിലായപ്പോള്‍ വിശ്രമിച്ചുകൊള്ളൂ എന്ന് പറഞ്ഞു.

ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരാള്‍ ആ റൂമിലേക്ക് കടന്നുവന്നു, കയ്യില്‍ വിശുദ്ധ കുര്‍ബാനയുമായി ഒരു വൈദികന്‍. എനിക്ക് വളരെയധികം സന്തോഷവും അതിശയവും തോന്നി. ജെമ്മയെ തട്ടിവിളിച്ചപ്പോള്‍ വേഗംതന്നെ ഭയഭക്തിബഹുമാനത്തോടെ അവര്‍ വിശുദ്ധ കുര്‍ബാന ഉള്‍ക്കൊണ്ടു. അതിനുമുമ്പ് അവര്‍ വിശുദ്ധ കുമ്പസാരം നടത്തിയിരുന്നു എന്നും മനസിലായി. ക്ഷീണിതയായിരുന്നതിനാല്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു. അടുത്ത ദിവസങ്ങളില്‍ താന്‍ മരണത്തിലേക്ക് കടന്നുപോകും എന്നത് വ്യക്തമായി അറിയാമെന്നതുപോലെ ആയിരുന്നു പിന്നീടുള്ള സംസാരം. എന്നാല്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന്റെ ശാന്തത ആ മുഖത്ത് ദൃശ്യമായിരുന്നു. ദൈവത്തിന്റെ അനന്തകാരുണ്യത്തിന് എങ്ങനെ നന്ദി പറയുമെന്ന് ഞാന്‍ ചിന്തിച്ചുപോയി.
നാളുകളായി ആശുപത്രികളില്‍ കിടക്കുന്നവര്‍, ശാരീരികവും മാനസികവുമായ രോഗങ്ങളാല്‍ തടവിലാക്കപ്പെട്ടവരെപ്പോലെ വീര്‍പ്പുമുട്ടുന്നവര്‍… പ്രിയപ്പെട്ടവരില്‍നിന്നും ഒറ്റപ്പെട്ടു കഴിയുന്ന ഈ മക്കള്‍ക്ക് ആശ്വാസമേകാന്‍ ദൈവസ്‌നേഹത്തിനുമാത്രമേ സാധിക്കൂ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജെമ്മയുടെ അവസാനനാളുകളില്‍ നടന്ന ഈ സംഭവം.

ഇപ്രകാരമുള്ള രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളെയും ആതുരാലയങ്ങളെയും നോക്കി നമ്മുടെ കര്‍ത്താവ് ഇന്നും വചനങ്ങളിലൂടെ വിളിച്ചു പറയുന്നുണ്ട്. നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞ് കൊയ്ത്തിനു പാകമായിരിക്കുന്നു. കൊയ്യുന്നവന് കൂലി കിട്ടുകയും അവന്‍ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സന്തോഷിക്കുന്നു (യോഹന്നാന്‍ 4/35-36).

രോഗികളായി നിസ്സഹായരാകുമ്പോഴാണ് പലരും ദൈവത്തിനുവേണ്ടി ദാഹിക്കുന്നതും വിശക്കുന്നതും. ആത്മീയതയുടെ പ്രാധാന്യം ഏറ്റവുമധികം വ്യക്തമാകുന്ന സമയമാണ് രോഗാവസ്ഥ. ആ സമയത്ത് അവരുടെ ശരീരത്തെ ശുശ്രൂഷിക്കുന്നതോടൊപ്പം ആത്മാവിനുവേണ്ടിയും നാം അധ്വാനിക്കണം.

അവരുടെ പേരുകള്‍ ജീവന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെടുന്നതിനായി നമ്മെക്കൊണ്ട് സാധിക്കുന്നത് നാം ചെയ്യണം. അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരുപക്ഷേ നിസ്സാരങ്ങളായി നമുക്ക് തോന്നിയേക്കാം. ചിലര്‍ക്ക് ഒരു വൈദികനോട് ഒന്ന് സംസാരിക്കണം, ഒന്ന് കുമ്പസാരിക്കണം എന്നൊക്കെയായിരിക്കും ആഗ്രഹം. അത് നിറവേറ്റിക്കൊടുക്കാം.

ഓപ്പറേഷന് മുന്‍പ് ഒരു പുരോഹിതന്റെ പ്രാര്‍ഥന വാങ്ങണം, തിരക്കുള്ള സ്വന്തം മക്കളുടെ സ്വരം ഒന്ന് കേള്‍ക്കണം, വേദനിപ്പിച്ചവര്‍ക്ക് ക്ഷമയുടെ ഒരു അവസാനവാക്ക് നല്കണം… ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളെന്ന് നമുക്ക് തോന്നിയേക്കാവുന്ന വലിയ കാര്യങ്ങള്‍ക്കായി അവര്‍ക്ക് അല്പം സമയം കൊടുക്കാം. അതിലൂടെ ആയിരിക്കും ഒരുപക്ഷേ അവരുടെ രക്ഷയും സന്തോഷവും പൂര്‍ണ്ണമാകുന്നത്. നാം ജീവിക്കുന്ന, ജോലി ചെയ്യുന്ന ഇടങ്ങള്‍ ഇങ്ങനെ രക്ഷപെടുന്നവരെയും സൗഖ്യപ്പെടുന്നവരെയും രോഗത്തെയോ മറ്റ് പ്രശ്‌നങ്ങളെയോ സന്തോഷത്തോടെ സഹിക്കുവാന്‍ ശക്തി നേടിയവരെയുംകൊണ്ട് നിറയുന്നത് കാണുവാന്‍ ദൈവം നമ്മെ അനുഗ്രഹിക്കും.

ആന്‍സി ജോമോന്‍