മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് മനസിലാക്കാനാവാത്തത്രയും ഉന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെയാണ് നാം നമ്മുടെ നിസാരത മനസിലാക്കുന്നത്. മറിയം ദൈവത്തെ കണ്ടു. തന്മൂലം അവള്‍ക്ക് അഹങ്കരിക്കുക അസാധ്യമായിരുന്നു. ഉണ്ണിയേശുവിനെ ദൈവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നത് മറിയത്തിന്റെ എളിമയുടെ തിളങ്ങുന്ന ഉദാഹരണമാണ്. സ്വര്‍ഗരാജ്ഞിയായിരുന്നിട്ടും ആരും അവളെ ശ്രദ്ധിക്കുന്നില്ല. ശിമയോന്‍ ശിശുവിനെ കരങ്ങളിലേന്തി അവന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതെല്ലാം തനിക്കറിവുണ്ടെന്നു പറഞ്ഞ് അവള്‍ അദ്ദേഹത്തെ തടസപ്പെടുത്തുന്നില്ല. അവള്‍ നിശബ്ദയായിരുന്നതേയുള്ളൂ. നമ്മുടെ പെരുമാറ്റരീതിയില്‍നിന്ന് എത്ര വ്യത്യാസം!
നമ്മുടെ സുകൃതങ്ങള്‍, കഴിവുകള്‍, ലോകത്തിലെ വലിയവരുമായി നമുക്കുള്ള ബന്ധങ്ങള്‍, നമ്മുടെ നേട്ടങ്ങള്‍ എന്നുവേണ്ട, നമുക്ക് അല്പം മികവ് വരുത്തുന്ന എന്തിനെയും പ്രദര്‍ശിപ്പിക്കാന്‍ നാം എത്ര ഉത്സുകരാണ്! അധ്യാത്മികതയുള്ളവരില്‍പ്പോലും എത്ര ചുരുക്കം പേരാണ് അജ്ഞാതരായിരിക്കാനും ഒന്നുമില്ലായ്മയായി പരിഗണിക്കപ്പെടാനും സന്നദ്ധരാവുക. നമ്മെക്കാള്‍ താണവരെന്നു നാം കരുതുന്നവര്‍ നമ്മെ ഉപദേശിക്കാന്‍ എത്ര ചുരുക്കമായേ നാം അനുവദിക്കാറുള്ളൂ!
മറ്റുള്ളവരെ വിമര്‍ശിക്കാന്‍ നാം എത്രമാത്രം സന്നദ്ധരാണ്! മറിയത്തിന്റെ ‘സ്‌തോത്രഗീതം’ മറ്റൊരു പാഠംകൂടി നമ്മെ പഠിപ്പിക്കുന്നു. ദൈവം തനിക്കുവേണ്ടി ചെയ്തവയെല്ലാം മറിയം മനസിലാക്കി. അതെല്ലാം ദൈവത്തെ മഹത്വപ്പെടുത്താന്‍ അവള്‍ക്ക് പ്രേരകമായിരുന്നു. ‘നമ്മുടെ സുകൃതങ്ങളുടെ പേരില്‍ ഊറ്റംകൊള്ളാതെ നമ്മില്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തെ മഹത്വപ്പെടുത്തുക’ എന്നതാണ് എളിമയുടെ മാതൃക എന്ന് വിശുദ്ധ ബെനഡിക്റ്റ് നമ്മെ ഓര്‍മിപ്പിക്കുന്നു.
ഫാ. ചാക്കോ ബര്‍ണാര്‍ഡ് സി.ആര്‍