വര്‍ഷങ്ങള്‍ക്കു മുന്‍പ് വേളാങ്കണ്ണി ദൈവാലയത്തില്‍ പോകാന്‍ അവസരം ലഭിച്ചു. അവിടെ ചെന്നപ്പോള്‍ കുറെ ചേട്ടന്മാര് വട്ടത്തിലിരുന്ന് ജപമാല ചൊല്ലുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ കൈയിലുണ്ടായിരുന്ന വളരെ നീളം കൂടിയ ഒരു ജപമാലയാണ്. എല്ലാവരും ആ ജപമാലയില്‍ പിടിച്ചാണ് ജപമാല ചൊല്ലിയിരുന്നത്. ചോദിച്ചറിഞ്ഞപ്പോള്‍ മനസ്സിലായി ആയിരം മണി ജപമാലയാണെന്ന്, ഇരുപത് ജപമാലയുടെ സംഗ്രഹം.
അപ്പോള്‍മുതല്‍ മനസ്സില്‍ ഒരു ആഗ്രഹം, ‘ഇതുപോലൊരെണ്ണം എനിക്ക് കിട്ടിയിരുന്നെങ്കില്‍….’ തിരക്കിട്ട അന്വേഷണത്തിനിടക്ക് ഏകദേശം ആറ് മാസങ്ങള്‍ കടന്നുപോയി. എവിടെയും കിട്ടാനില്ല. ഹൃദയത്തില്‍ വല്ലാത്ത വിഷമം.
അപ്പോഴാണ് ഓര്‍ത്തത്, ഒരു പരാതി അങ്ങ് ഹൈ കമാന്‍ഡില്‍ കൊടുത്താലോ?
നേരെ മാതാവിന്റെ രൂപത്തിന് മുന്നിലേക്ക് പോയി.
‘ദേ അമ്മേ ഇങ്ങോട്ടുനോക്കിയേ, ഒന്നും രണ്ടും അല്ല ആറ് മാസമായി ഞാന്‍ ഒരു ജപമാലക്കു വേണ്ടി നടക്കുന്നു. വേളാങ്കണ്ണിയില്‍ ഉള്ളവര്‍ക്കുമാത്രമേ ഇതൊക്കെ കൊടുക്കൂ?
അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി. കണ്ണുകള്‍ എന്നോട് ചോദിക്കുന്നതുപോലെ… ”അത്രയും ജപമാല തനിച്ചിരുന്ന് ചൊല്ലുമോ?”
”പിന്നെന്താ, എനിക്ക് പറ്റും. ഇനി ചൊല്ലിയില്ലെങ്കിലും എനിക്ക് അതുപോലെ ഒരെണ്ണം വേണം. വെളുത്ത മുല്ലപ്പൂപോലെ ഉള്ള മണികള്‍ കൊണ്ട്,” ഞാനും വിട്ടില്ല.
എവിടെയോ തിരക്കിലായിരുന്ന ഈശോ കയറി വന്നു: ‘എന്താ അമ്മയും മോളും കൂടി ഒരു സമ്മേളനം?’
ഞാന്‍ നിശബ്ദയായി. ആറ് മാസം ഞാന്‍ അലഞ്ഞതൊന്നും അറിഞ്ഞിട്ടേ ഇല്ലാന്നുള്ള മട്ടില്‍ ആണ് ഈശോയുടെ ചോദ്യം. ഇതിനൊക്കെ ഞാന്‍ എന്തിന് മറുപടി പറയണം?
അമ്മ ഈശോയോടു പറഞ്ഞു. ”നമ്മുടെ കൊച്ചിന് ഒരു ആയിരം മണി ജപമാല വേണം. ഇന്നത്തെ പരാതി അതാണ്.”
ഈശോ ചെറുപുഞ്ചിരിയോടെ എന്നെ നോക്കി: ”ആറ് മാസം ആയി വാവേ ഞാന്‍ നിനക്ക് അത് ഉണ്ടാക്കി തരാന്‍ ഓടി നടക്കുന്നു.”
ശ്ശെടാ, വെറുതെ ഈശോയെ തെറ്റിദ്ധരിച്ചു.
”എന്നിട്ട് എന്തായി?” ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
”കുറച്ചുദിവസംകൂടി കാത്തിരിക്കൂ”
ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് ഞാന്‍ പറഞ്ഞു, ”രണ്ടു പേരോടും കൂടെ പറയാ. കുറച്ചു ദിവസം കഴിഞ്ഞു നമ്മള് ദുബായിലേക്ക് പോവേണ്ടതാ. ജോലി ഇനി അവിടെ ആണല്ലോ. ഇതില്ലാതെ ഞാന്‍ പോണില്ല, മറക്കണ്ട”
ഈശോയും മാതാവും മുഖത്തോട് മുഖം നോക്കി.
കാനായിലെ കല്യാണത്തിന് അമ്മ പറഞ്ഞ ഡയലോഗ് ഒന്ന് എഡിറ്റ് ചെയ്ത് ഈശോയോട് പറഞ്ഞു എന്ന് തോന്നുന്നു,
”മോനേ അവള് പറയുന്നത് നീ ചെയ്യുക.”
ഹൈ കമാന്‍ഡ് വിധി അല്ലേ… ഞാന്‍ ഹാപ്പി.
2013 സെപ്റ്റംബര്‍ 1. രാവിലെ പരിശുദ്ധ കുര്‍ബ്ബാന കഴിഞ്ഞ് വീട്ടിലെത്തി. വരാന്തയില്‍ ഇരുന്നു പത്രം വായിക്കുകയാണ്. അതാ ഒരു കടയുടെ ഉദ്ഘാടനം! റോസറി ഷോപ് ആണ്. തൃശൂര്‍ പുത്തന്‍പള്ളിക്കു സമീപം ക്വീന്‍ മേരി റോസറി ഷോപ്. പെട്ടെന്ന് ബാഗ് എടുത്ത് ഇറങ്ങി. കടയില്‍ ചെന്നു. അല്ഫോന്സാചേച്ചിയെ അന്നാണ് പരിചയപ്പെടുന്നത്.
”ഒരു ആയിരം മണി ജപമാല കെട്ടിത്ത രാമോ? ഏഴ് ദിവസം കഴിഞ്ഞാല്‍ പ്രവാസലോകത്തേക്കു പോവുകയാണ്” ഞാന്‍ ചോദിച്ചു.
എന്തായാലും തിരക്ക് പിടിച്ചാണെങ്കിലും ചെയ്തു തരാം എന്ന് ചേച്ചി സമ്മതിച്ചു. മുത്തുകള്‍ സെലക്ട് ചെയ്തോളാന്‍ പറഞ്ഞു. മുല്ലപ്പൂ നിറമുള്ള മദര്‍ പേള്‍ എന്ന മണികള്തന്നെ ഞാന്‍ സെലക്ട് ചെയ്തു. മനോഹരമായി ഒരു ആയിരം മണി ജപമാല പരിശുദ്ധ അമ്മയും ഈശോയും കൂടി ഒരുക്കി തന്നു. പരിശുദ്ധ അമ്മയുടെ ജനനതിരുനാളായ സെപ്റ്റംബര്‍ 8-ന് അമ്മ എനിക്ക് തന്ന സമ്മാനം. നിറകണ്ണുകളോടെ നടന്നു നീങ്ങുമ്പോള്‍ ഈശോ പറഞ്ഞത് ഞാന്‍ ഓര്‍ത്തു, ”ആറ് മാസം ആയി വാവേ, ഞാന്‍ നിനക്ക് അത് ഉണ്ടാക്കിത്തരാന്‍ ഓടി നടക്കുന്നു!”
എന്റെ ഈശോയും അമ്മയും ഇങ്ങനെയാണ്. ചങ്ക് പറിച്ചു തരും. ഒരു പൂ ചോദിച്ചാല്‍ പൂക്കാലം ഒരുക്കും. ഒരു ജപമാലയ്ക്കുവേണ്ടി ഒരു ജപമാല കട.
ഈശോയേ, ഐ ലവ് യു!
അമ്മേ, ഐ ലവ് യു!