ദേഷ്യം മാറ്റുന്ന മരുന്ന് – Shalom Times Shalom Times |
Welcome to Shalom Times

ദേഷ്യം മാറ്റുന്ന മരുന്ന്

”എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേ അവന്‍ ചൂടാവും. ഒരു കാര്യം അവനെ പറഞ്ഞുമനസിലാക്കാന്‍ എത്ര വിഷമമാണെന്നോ?” ഒരു കൂട്ടുകാരി അവളുടെ സഹോദരനെക്കുറിച്ച് പറഞ്ഞ കാര്യം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്. അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അവളോട് ആശ്വാസവാക്ക് പറഞ്ഞെങ്കിലും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്? അവന്റെ ദേഷ്യം മാറ്റണമേ എന്നാണോ അതോ വേറെന്തെങ്കിലുമാണോ… ഒരു ഊഹവും കിട്ടിയില്ല.

അങ്ങനെയിരിക്കേയാണ് ചില ഓര്‍മ്മകള്‍ മനസിലെത്തിയത്. ഡിഗ്രി പഠനത്തിന്റെ സമയം. അന്ന് ഒരു ക്യാംപസ് സെലക്ഷന്‍ പ്രോഗ്രാമിനായി ഞങ്ങളുടെ കോളേജില്‍നിന്ന് ഞാനുള്‍പ്പെടെ ഒരു വലിയ സംഘം വിദ്യാര്‍ത്ഥികള്‍ പോയി. അവിടെ ജോലിയും തുടര്‍പഠനസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന വിവിധ കമ്പനികള്‍ ഞങ്ങളെ തെല്ലൊന്നമ്പരപ്പിക്കുകതന്നെ ചെയ്തു. ഒരു രസത്തിനെന്നോണമാണ് ഒരു കമ്പനിയുടെ ഫസ്റ്റ് ലൈന്‍ സെലക്ഷനായി ക്യൂവില്‍ നിന്നത്. അവര്‍ ആദ്യം പറഞ്ഞത് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ‘സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍’ ചെയ്യാനാണ്. പിന്നത്തെ ചോദ്യങ്ങള്‍ വന്നു, ”നിങ്ങളുടെ ഏറ്റവും നല്ല ഗുണവും ദോഷവും പറയുക.” അന്ന് പറഞ്ഞ ഗുണം എന്താണെന്ന് അത്ര ഓര്‍മ്മയില്ലെങ്കിലും ദോഷമെന്താണെന്ന് പറഞ്ഞത് ഓര്‍മ്മയില്‍ നന്നായി തെളിഞ്ഞുനില്‍ക്കുന്നു, ”ഞാന്‍ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ്!”

ഉടന്‍ വന്നു അടുത്ത ചോദ്യം, ”അതെന്താണ് അങ്ങനെ പറഞ്ഞത്?” വിശദീകരിക്കാന്‍ അല്പംപോലും ആലോചിക്കേണ്ടിവന്നില്ല. ”എനിക്ക് പല സുഹൃത്തുക്കളെയും അതുകാരണം നഷ്ടപ്പെട്ടിട്ടുണ്ട്.” എന്തായാലും അതോടെ അവര്‍ എന്നെ അടുത്ത ലെവലിലേക്ക് തെരഞ്ഞെടുത്തത് എന്നെ സന്തോഷിപ്പിച്ചു.
ഈ സംഭവം മനസിലേക്ക് വന്നതോടെ കൂട്ടുകാരി അവളുടെ സഹോദരനെക്കുറിച്ച് പറഞ്ഞതുപോലെയായിരുന്നല്ലോ എന്റെ അവസ്ഥയും എന്ന് തോന്നിപ്പോയി. പെട്ടെന്ന് ദേഷ്യം വരും. ചിലപ്പോള്‍ അത് ദേഷ്യമായിത്തന്നെ പ്രകടിപ്പിക്കും. അതിന് സാധിച്ചില്ലെങ്കില്‍ കരയും, അതായിരുന്നു പതിവ്. അന്ന് മറ്റുള്ളവര്‍ക്ക് എത്ര വലിയ വിഷമമാണ് ഞാന്‍നിമിത്തം ഉണ്ടായിട്ടുണ്ടാവുക! എന്നാല്‍ ഇപ്പോള്‍ ആ പഴയ ദേഷ്യമൊക്കെ എവിടെപ്പോയി? ഒരിക്കലും ദേഷ്യം വരാറില്ലെന്നല്ല. പക്ഷേ അനാവശ്യമായ കോപം നല്ലവണ്ണം മാറിയിട്ടുണ്ട്.

മനസ് അതിന്റെ കാരണങ്ങള്‍ തേടി. പ്രധാനകാരണം മനസ് സൗഖ്യപ്പെട്ടു എന്നതുതന്നെ. കാരണം ദേഷ്യം പ്രകടിപ്പിക്കുന്നത് ഒഴിവാക്കാനായി പണ്ട് ദേഷ്യം വരുമ്പോള്‍ ഒന്നുമുതല്‍ പത്തുവരെ സാവധാനം എണ്ണാന്‍ ശ്രമിച്ചിട്ടുണ്ട്. എവിടെയോ വായിച്ച ഒരു ടിപ് ആയിരുന്നു അത്. എന്നാല്‍ വാസ്തവത്തില്‍ കോപം എങ്ങനെ നിയന്ത്രിക്കും? കോപം പ്രകടിപ്പിക്കുന്നത് ഒഴിവാക്കിയതുകൊണ്ടുമാത്രം കാര്യമില്ലല്ലോ? ഉറവിടത്തില്‍നിന്നേ അതില്ലാതായാലല്ലേ യഥാര്‍ത്ഥത്തില്‍ ആശ്വാസം ലഭിക്കുകയുള്ളൂ. അപ്പോള്‍ ദേഷ്യത്തിന്റെ ഉറവിടം കണ്ടെത്തേണ്ടിയിരിക്കുന്നു.

ഹൃദയത്തില്‍ സുഖപ്പെടാതെ കിടക്കുന്ന മുറിവുകളാണ് നമ്മുടെ ദേഷ്യത്തിന്റെ പ്രധാനകാരണം. ലഭിക്കാതെപോയ സ്‌നേഹം, അംഗീകാരം, പരിഗണന, ജീവിതസൗകര്യങ്ങള്‍ തുടങ്ങി പലതും നമ്മുടെ മനസില്‍ മുറിവുകളായി അവശേഷിക്കുന്നു. ഒരുപക്ഷേ പലരുടെയും കോപത്തിനിരയായതിന്റെ നിസഹായതയും സങ്കടവും മനസില്‍ തങ്ങിനില്‍ക്കുന്നുണ്ടാവും. അന്ന് അതിനോട് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉള്ളിലുണ്ടായ കോപം മുറിവായി നില്‍ക്കും.
നടക്കാതെപോയ ആഗ്രഹങ്ങളും നമ്മില്‍ കോപമുളവാക്കും. ”എന്റെ ആത്മാവില്‍ കയ്പുനിറഞ്ഞപ്പോള്‍, എന്റെ ഹൃദയത്തിന് മുറിവേറ്റപ്പോള്‍, ഞാന്‍ മൂഢനും അജ്ഞനുമായിരുന്നു. അങ്ങയുടെ മുമ്പില്‍ ഞാനൊരു മൃഗത്തെപ്പോലെയായിരുന്നു” (സങ്കീര്‍ത്തനങ്ങള്‍ 73/21-22) എന്ന് സങ്കീര്‍ത്തകന്‍ പറയുന്നത് എത്ര ശരി! എന്താണ് ഇതിന് പരിഹാരം? ലഭിക്കാതെപോയതെല്ലാം നേടിയെടുക്കാനാവുകയില്ലല്ലോ. പകരം സ്‌നേഹത്തിന്റെ ലേപനം ഈ മുറിവുകളില്‍ പുരട്ടുന്നപക്ഷം അവ സുഖപ്പെടും. അതാണ് ദൈവത്തിന്റെ പ്രവൃത്തി. ദൈവസ്‌നേഹം നമ്മിലേക്ക് ഒഴുകുമ്പോള്‍ അത് നമ്മെ ആന്തരികമായി സൗഖ്യപ്പെടുത്തും. ആ സ്‌നേഹം സ്വീകരിക്കുക എന്നതാണ് പ്രധാനം.

ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്, കാഴ്ചവയ്പു തിരുനാളിന് ശിഷ്യരും യേശുവുമെല്ലാം സ്വന്തം വീടുകളില്‍ അല്പനാള്‍ തങ്ങിയ സമയം. ഗുരുവേ, അങ്ങെന്താണ് ചെയ്തത് എന്ന് ശിമയോന്‍ വന്ന് അന്വേഷിച്ചപ്പോള്‍ അലസതയുണ്ടാകാതിരിക്കാന്‍ താന്‍ രണ്ടു പെട്ടി അലമാരകളുണ്ടാക്കിയതായി ഈശോ പറയുന്നു. ഈ സമയത്ത് വീട്ടില്‍ മേരിയുടെ സംരക്ഷണത്തില്‍ താമസിച്ചുകൊണ്ടിരിക്കുന്ന ബാലനായ മാര്‍ജ്യേം ഈശോയുടെ കൈയിലെ തൊലി പൊട്ടിയതിനെക്കുറിച്ച് പറയുകയാണ്. അതിന് മറുപടിയായി താന്‍ മറ്റ് ജോലികള്‍ ചെയ്തിരുന്നതിനാല്‍ കൈകൊണ്ട് അധ്വാനിക്കാതിരുന്നു എന്നും കൈകളുടെ അലസത അവയ്ക്ക് നാശമായി എന്നും പറഞ്ഞുകൊണ്ട് യേശു അലസത പാടില്ല എന്ന ഒരു ചെറു ഉപദേശം നല്കുകയാണ്. അതിനുശേഷം ചെമന്നു പൊട്ടിയിരിക്കുന്ന കൈകള്‍ മാര്‍ജ്യേമിനെ കാണിക്കുന്നു. അതുകണ്ടയുടനെ മാര്‍ജ്യേം അതില്‍ ചുംബിക്കുകയാണ് ചെയ്യുന്നത്. എനിക്ക് പരുക്കു പറ്റുമ്പോള്‍ അമ്മ (മേരി) ഇങ്ങനെയാണ് ചെയ്തിട്ടുള്ളത് എന്നവന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അപ്പോള്‍ ഈശോ പറയുന്നു ”അതെ, സ്‌നേഹം പലതും സുഖപ്പെടുത്തുന്നു.”

നമ്മുടെ ഹൃദയത്തിലെ മുറിവുകള്‍ സൗഖ്യപ്പെടുത്തുന്നത് യേശുവിന്റെ തിരുഹൃദയത്തിലെ സ്‌നേഹമാണ്. അത് പലരിലൂടെയും നമുക്ക് ലഭിക്കാനിടയാക്കുന്നതും അവിടുന്നുതന്നെ. ചിന്തകള്‍ ഇത്രത്തോളമെത്തിയപ്പോള്‍ കൂട്ടുകാരിയുടെ ദേഷ്യക്കാരന്‍ സഹോദരന്റെ കാര്യം ഓര്‍മ്മവന്നു. പിന്നെ സംശയമുണ്ടായിരുന്നില്ല. അവന്റെ കാര്യം ഓര്‍ക്കുമ്പോഴെല്ലാം ഇപ്പോള്‍ ഒന്നേ പ്രാര്‍ത്ഥിക്കാനുള്ളൂ, ‘അവന്റെ ഹൃദയത്തിലെ മുറിവുകള്‍ സുഖപ്പെടുത്തണമേ.’

നിരന്തരം മുറിവേല്‍ക്കാനിടയുള്ള സാഹചര്യങ്ങളിലാണ് നാമെല്ലാം ജീവിക്കുന്നത്. അതിനാല്‍ത്തന്നെ സൗഖ്യവും നിരന്തരം ആവശ്യമാണ്. നമുക്കിങ്ങനെ പ്രാര്‍ത്ഥിക്കാം, ഈശോയേ, അങ്ങേ തിരുഹൃദയത്തിലെ സ്‌നേഹം എന്നിലേക്കൊഴുക്കണമേ.