എന്റെ വിശുദ്ധ കുര്‍ബാനയും മോശയും – Shalom Times Shalom Times |
Welcome to Shalom Times

എന്റെ വിശുദ്ധ കുര്‍ബാനയും മോശയും

2004-ല്‍ ആദ്യമായി യു.എ.ഇയില്‍ വരുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ നെയ്തുകൂട്ടിക്കൊണ്ടാണ് പറന്നിറങ്ങിയത്. വര്‍ണാഭമായ വിളക്കുകളും മനോഹരമായ കെട്ടിടങ്ങളും പിന്നിട്ട് ഞാന്‍ ഒരു ബന്ധുവീട്ടില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ ഇടം അങ്ങ് ദൂരെയാണ് എന്ന് പിറ്റേന്നാണ് മനസ്സിലായത്. ഉച്ചയൂണിനുശേഷം കാറില്‍ പുറപ്പെട്ട എന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്ന കാഴ്ചകളിലൂടെ കാറിന്റെ ചക്രങ്ങള്‍ ഉരുണ്ടുകൊണ്ടിരുന്നു. റാസല്‍ ഖൈമയില്‍ ഒരു കുഗ്രാമത്തിലെ കമ്പനി വളപ്പില്‍ എത്തിയ എനിക്ക് ആശ്വാസത്തിനു വേണ്ടി ഒരു ദൈവാലയം അന്വേഷിച്ചപ്പോഴാണ് അവിടെ ദൈവാലയം ഇല്ല എന്ന് അറിയുന്നത്. ആ വാര്‍ത്ത എന്നെ വല്ലാതെ തളര്‍ത്തി. സത്യത്തില്‍ ക്രിസ്തുവില്ലാത്ത ജീവിതം എന്ത് എന്ന് എനിക്ക് കാണിച്ചു തന്ന ദിനങ്ങളായിരുന്നു ആ കാലഘട്ടം. ക്രിസ്തുവിനോടുകൂടെ ജീവിച്ചിരുന്നപ്പോള്‍ എന്നതിനെക്കാള്‍ ക്രിസ്തു ഇല്ലാത്ത ജീവിതം ഒന്നുമല്ലാതായി തീരുന്നു എന്ന് തിരിച്ചറിഞ്ഞു.

ഇന്ന് കൊറോണയെന്ന മഹാമാരി മൂലം കൂദാശകള്‍ മുടങ്ങിക്കിടക്കുമ്പോള്‍ മനസില്‍ നിറയുന്നത് അന്ന് വിശുദ്ധ കുര്‍ബാനയിലൂടെ ലഭിച്ചിരുന്ന അവര്‍ണനീയമായ അനുഭവങ്ങളാണ്. അക്കാലത്ത് മൂന്നോ നാലോ മാസം കൂടുമ്പോള്‍മാത്രമേ റാസല്‍ഖൈമയില്‍നിന്ന് ഷാര്‍ജയിലെത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ ഓരോ ദിവ്യബലിയും വളരെ ആനന്ദവും സമാധാനവും എനിക്ക് തന്നിരുന്നു. അതോടൊപ്പം എന്റെ കര്‍ത്താവിനോട് അടുത്തിരിക്കാന്‍ ലഭിക്കുന്ന ഏറ്റവും വലിയ അസുലഭ മുഹൂര്‍ത്തവുമായിരുന്നു അത്.

ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നതിനിടയില്‍ ഒരു ദിവസം എന്റെ സഹോദരന്‍ റാസല്‍ ഖൈമയിലെ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകാന്‍ ക്ഷണിച്ചു. ആ സമയത്ത് അവിടെമാത്രമെ പൊതുവായ വിശുദ്ധബലി അര്‍പ്പിച്ചിരുന്നുള്ളൂ. വളരെയധികം ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു അത്. എങ്കിലും എന്റെ പാപം തുറിച്ചു നോക്കി എന്നെ ഭയപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഞാന്‍ വല്ലാത്ത ഒരു പ്രയാസത്തിലകപ്പെട്ടതുപോലെ തോന്നി. അപ്പോഴാണ് ഡോ. ജോണിന്റെ ഒരു പ്രസംഗം കേള്‍ക്കാന്‍ ഇടയായത്. മോശ തന്റെ കോപം മാറ്റിയിട്ടല്ല ദൈവത്തെ ആരാധിച്ചത്, തന്റെ പാപാവസ്ഥയില്‍ത്തന്നെയാണ്. അതിലൂടെ അവസാനം മോശ ഏറ്റവും ശാന്തശീലനായി മാറി. ഏറ്റവും ശാന്തനായ മനുഷ്യന്‍ എന്ന് മോശയെക്കുറിച്ച് ദൈവം സാക്ഷ്യപ്പെടുത്തി. ഈ ബോധ്യം എന്നെ വിശുദ്ധ കുര്‍ബാനയ്ക്ക് ഒരുങ്ങുവാന്‍ പ്രേരിപ്പിച്ചു.

പോകുന്നതിന്റെ തലേ ദിവസം പുതിയ വെള്ളവസ്ത്രം തേച്ചുമിനുക്കി. ബലിയര്‍പ്പണത്തിനുള്ള ബലിവസ്തുക്കള്‍ എന്റെ ഹൃത്തില്‍ തയാറാക്കി കൊണ്ടിരുന്നു. പശ്ചാത്താപത്തിന്റെ കണ്ണീരുകൊണ്ട് മനം കഴുകി. പ്രഭാതത്തില്‍ യാത്രക്കിടയില്‍ ജപമാലകള്‍ ചൊല്ലി സമര്‍പ്പിക്കാനുള്ള സകലതിനെയും എല്ലാവരെയും സമര്‍പ്പിച്ച് ദൈവാലയത്തില്‍ എത്തി ചേര്‍ന്നു. സ്വഭവനത്തില്‍ എത്തിച്ചേര്‍ന്ന പ്രതീതിയായിരുന്നു അപ്പോള്‍ അനുഭവിച്ചത്. അര്‍പ്പിക്കപ്പെട്ട ബലിവേദിയില്‍നിന്നും കൃപയുടെ നീര്‍ച്ചാല്‍ അഭിഷേകമായി എന്നിലേയ്ക്ക് ഒഴുകിയിറങ്ങുന്നതായി എനിക്ക് അനുഭവപ്പെട്ടു. ദൈവകൃപ നിറഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും ഹൃദയത്തില്‍ അലയടിക്കാന്‍ തുടങ്ങി. ദൈവസാന്നിധ്യം ഞങ്ങളുടെ മുഖത്തെ പ്രശോഭിപ്പിച്ചുകൊണ്ടിരുന്നു. അതെ, ഇപ്പോള്‍ എന്നില്‍ ക്രിസ്തുവുണ്ട്. ഇനി എന്നില്‍ ക്രിസ്തുവത്രേ ജീവിക്കുന്നത്. ആ ചിന്ത മനസില്‍ നിറഞ്ഞുനിന്നു.

പരിശുദ്ധ ബലിയും കൂദാശകളും പകരുന്ന കൃപയുടെ മഹത്വം തിരിച്ചറിഞ്ഞ് ജീവിക്കാന്‍ കൃപ തരണേ കര്‍ത്താവേ…