ഫ്രാന്‍സിലെ ല റോഷല്‍ കത്തീഡ്രലില്‍ ഒരു അത്ഭുതത്തെക്കുറിച്ച് വിവരിക്കുന്ന കൈയെഴുത്തുപ്രതി ഇന്നും സൂക്ഷിക്കുന്നുണ്ട്. വളരെ ആധികാരികമായി ചരിത്രരൂപത്തില്‍ എഴുതിയിട്ടുള്ള ആ വിവരണമനുസരിച്ച് 1461-ലെ ഈസ്റ്റര്‍ദിനത്തിലായിരുന്നു വിശുദ്ധ ബര്‍ത്തലോമിയോയുടെ ദൈവാലയത്തില്‍ ഈ അത്ഭുതം നടന്നത്.
മിസിസ് ക്ഷെഅന്‍ ലെക്ലെര്‍ എന്ന സ്ത്രീയുടെ മകന്‍ ബര്‍ത്രാന്‍ദ് ഏഴാം വയസിലുണ്ടായ ഒരു വീഴ്ചയെത്തുടര്‍ന്ന് ഭാഗികമായി തളര്‍ന്നു. സംസാരശേഷിയും നഷ്ടപ്പെട്ടു. വളരെ ഹൃദയവേദനയോടെയാണ് ആ അമ്മ മകനെയുംകൊണ്ട് ദൈവാലയത്തില്‍ വന്നത്. ദിവ്യകാരുണ്യസ്വീകരണസമയത്ത് തനിക്കും വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്ന് അവന്‍ ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ കുമ്പസാരിക്കാന്‍ സാധിക്കാത്തതുകൊണ്ട് വിശുദ്ധ കുര്‍ബാന നല്കാനാവില്ലെന്ന് ആദ്യം വൈദികന്‍ പറഞ്ഞെങ്കിലും പിന്നീട് അവന്റെ കണ്ണീരോടെയുള്ള അപേക്ഷ കണ്ടപ്പോള്‍ വിശുദ്ധ കുര്‍ബാന നല്കി.
ദിവ്യകാരുണ്യം സ്വീകരിച്ചയുടന്‍ ബര്‍ത്രാന്‍ദിന്റെ ശരീരം ഏതോ അദൃശ്യശക്തിയാലെന്നവണ്ണം വിറയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് അവന്‍ എഴുന്നേറ്റ് നടന്നു, സംസാരശേഷിയും ലഭിച്ചു. കൈയെഴുത്തുപ്രതി അനുസരിച്ച് ബര്‍ത്രാന്‍ദ് ആദ്യം പറഞ്ഞത് ‘ദൈവനാമത്തിലാണ് നമ്മുടെ സഹായം’ എന്നാണ്. വിശുദ്ധ കുര്‍ബാനയെ കൂടുതല്‍ ഭയഭക്ത്യാദരവോടെ കാണാന്‍ ഈ അത്ഭുതം നമ്മെ പ്രേരിപ്പിക്കുന്നു.