എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല (1 കോറിന്തോസ് 2/9). വിശുദ്ധ ഗ്രന്ഥത്തില്‍ ആയിരക്കണക്കിന് അനുഗ്രഹവചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. നീ ഒരു അനുഗ്രഹമായിരിക്കും, നിന്റെ കുടുംബം, ദേശം അനുഗ്രഹമാക്കും, നിന്റെ മകന്‍ അനുഗ്രഹിക്കപ്പെടും, കൃഷിഭൂമി, സമ്പത്ത്, തലമുറ, ഭവനം അനുഗ്രഹിക്കപ്പെടും. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ മനസിലാക്കാനോ അനുഭവിക്കാനോ നമുക്ക് സാധിക്കാതെ വരുന്നു. യഥാര്‍ത്ഥത്തില്‍ ഈ അനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ബോധ്യവും പരിശീലനവും അത്യാവശ്യമാണ്. ഇതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്‍കിയ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.
നീ ആരോഗ്യവാനായിരിക്കട്ടെ
നീ ആരോഗ്യവാനായിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു (3 യോഹന്നാന്‍ 1:2). ഒരു വ്യക്തിക്ക് സ്വന്തം ശരീരത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. ശരീരത്തിന്റെ മാറ്റങ്ങള്‍, ആവശ്യങ്ങള്‍, എന്തൊക്കെ അതിന് കൊടുക്കാം, എന്തൊക്കെ കൊടുക്കരുത്, എങ്ങനെ അതിനെ നിയന്ത്രിക്കാം, എങ്ങനെ ആരോഗ്യകരമായി കാക്കാം, വൈറ്റമിന്‍, മിനറല്‍സ്, പ്രോട്ടീന്‍സ്… എന്തൊക്കെയാണ് വേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ശരീരത്തിന്റെ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നും അറിയണം. അര്‍ഹിക്കാത്ത സുഖങ്ങള്‍, ആഹാരം എന്നിവ അതിന് നല്‍കിയാല്‍ ഇരട്ടി സഹിക്കാതെ നാം ഇവിടുന്ന് മടങ്ങും എന്നു തോന്നുന്നില്ല. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ ഇല്ലെങ്കില്‍ ജീവിതത്തിന്റെ ഭൂരിഭാഗം സമ്പത്തും സമയവും ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരും.
ദൈവം നല്കിയ സമ്മാനം
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്പത്തി 1/1). ഒരു വ്യക്തിക്ക് താന്‍ വസിക്കുന്ന പ്രകൃതിയെകുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. പ്രകൃതിയുടെ ചലനങ്ങള്‍, സമയങ്ങള്‍, മാറ്റങ്ങള്‍, അതിന് എങ്ങനെ എന്നെ പരുവപ്പെടുത്താം. എന്റെ ശ്വാസകോശത്തിന്റെ പകുതി എന്റെ അടുത്തുനില്‍ക്കുന്ന മരമാണെന്ന് ഓര്‍മപ്പെടുത്തിയത് വിശുദ്ധ ഫ്രാന്‍സിസാണ്. പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളുടെ അനന്തരഫലം നാം അനുഭവിച്ച് തുടങ്ങിയിട്ടുണ്ടല്ലോ. കാലാവസ്ഥയുടെ മാറ്റങ്ങളനുസരിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ നമുക്ക് ബോധ്യമുണ്ടാവണം.
വിസ്മയാവഹമായ കല്പനകള്‍
അങ്ങയുടെ കല്പനകള്‍ വിസ്മയാവഹമാണ്. ഞാന്‍ അവ പാലിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 119/129). നാം ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍, അവിടുത്തെ നിയമവ്യവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം. നിയമം ലംഘിച്ചാല്‍ അത് പാപത്തിലേക്ക് നയിക്കും. പിടിക്കപ്പെട്ടില്ലെങ്കില്‍പോലും ജീവിതകാലം മുഴുവന്‍ കുറ്റബോധവും ഭയവും പേറി നടക്കേണ്ടിവരും. സഭയിലായിരിക്കുമ്പോള്‍ ക്രിസ്തുവിന്റെ നിയമങ്ങളും സഭയുടെ നിയമങ്ങളും അനുസരിച്ചേ പറ്റൂ. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാണ് എന്നതിരുവചനം നമ്മുടെയുള്ളില്‍ സദാ മുഴങ്ങട്ടെ.
സമയത്തിന് മുമ്പേ
നിശ്ചിത സമയത്തിനുമുമ്പ് ജോലി പൂര്‍ത്തിയാക്കുവിന്‍. യഥാകാലം കര്‍ത്താവ് നിങ്ങള്‍ക്ക് പ്രതിഫലം തരും (പ്രഭാഷകന്‍ 51/30). ദൈവം നമുക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം നമ്മുടെ സമയം, അതിനെക്കുറിച്ച്, അതിന്റെ ക്രമീകരണത്തെക്കുറിച്ച്, സമയക്രമത്തില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച്, ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. മൂന്നു വര്‍ഷംകൊണ്ട് യേശുനാഥന്‍ നമുക്ക് കാണിച്ചുതന്നു, എന്തൊക്കെ ചെയ്യാമെന്നും സമയത്തെങ്ങനെ തീര്‍ക്കാമെന്നും. And miles to go before I sleep and miles to go before I sleep എന്നെഴുതിവച്ച റോബര്‍ട്ട് ഫ്രോസ്റ്റിനെ നമുക്കോര്‍ക്കാം.
ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍
”ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും മനഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു” (1 തിമോത്തിയോസ് 6/9). ഒരു വ്യക്തിക്ക് തനിക്ക് ലഭിക്കുന്ന, താന്‍ സമ്പാദിക്കുന്ന സമ്പത്ത് വിനിയോഗിക്കാനുള്ള ജ്ഞാനവും പരിശീലനവും ശരിയായ ദിശയില്‍ ലഭിക്കേണ്ടിയിരിക്കുന്നു. ഇല്ലാത്തവരുമായി പങ്കുവയ്ക്കുക എന്നൊരു ഉത്തരവാദിത്വംകൂടെ ദൈവം ഭരമേല്‍പിച്ചിരിക്കുന്നു. Money should flow പണം ഒഴുകാനുള്ളതാണ്. അതിനാണ് Currency എന്നൊക്കെ പറയുന്നത്. ആ ഒഴുക്ക് ഒരിക്കലും തടസപ്പെടുത്തരുത്. അണകെട്ടുന്നതുപോലെ അത് തടഞ്ഞുനിര്‍ത്താനുള്ളതല്ല. ഒരു നദി ഒഴുകുന്നതുപോലെ അനേകരിലേക്ക് ഒഴുക്കപ്പെടേണ്ടതാണ്.
”നമുക്ക് ദൈവം അതെല്ലാം ആത്മാവ് മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍ ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍പോലും, അന്വേഷിച്ചു കണ്ടെത്തുന്നു (1 കോറിന്തോസ് 2/10).
ജോര്‍ജ് ജോസഫ്